അവസാന നിമിഷങ്ങളിലെ തിരിച്ചറിവ് ആർക്കും ഉപകാരപ്പെടില്ല

subhadinam-what-does-it-mean-to-find-yourself
SHARE

ചിത്രകാരന് ഒരാഗ്രഹം തോന്നി, ദൈവീക തേജസ്സുള്ള ഒരാളുടെ ചിത്രം വരയ്ക്കണം. നാളുകൾ അന്വേഷിച്ചശേഷം ഒരാട്ടിടയനെ കണ്ടെത്തി. ഇടയന്റെ ദിവ്യഭാവം അതുപോലെ ഒപ്പിയെടുത്തു. അതിമനോഹരമായ ചിത്രമായിരുന്നതുകൊണ്ട് അനേകായിരം പകർപ്പുകൾ വിൽക്കപ്പെട്ടു. പ്രായമായപ്പോൾ അയാൾക്ക് വീണ്ടുമൊരാഗ്രഹം. മനുഷ്യനിലെ പൈശാചികത പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രം കൂടി വരയ്ക്കണം. അന്വേഷണം വൃദ്ധനായ ഒരു തടവുപുള്ളിയിലെത്തി. ചിത്രം വരച്ചുകഴിഞ്ഞപ്പോൾ അയാൾ തന്റെ പഴയ ചിത്രവും അതിനോടൊപ്പം ചേർത്തുവച്ചു. തടവുപുള്ളി നിർത്താതെ കരയാൻ തുടങ്ങി. ചിത്രകാരൻ ചോദിച്ചു നീ എന്തിനാണു കരയുന്നത്? അയാൾ പറഞ്ഞു: ഈ രണ്ടു ചിത്രവും എന്റേതു തന്നെയാണ്. 

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ജീവിതത്തിന്റെ സൗന്ദര്യം. ജനനം തിരഞ്ഞെടുപ്പല്ല, മരണം തിരഞ്ഞെടുപ്പാകാനും പാടില്ല. അതിനിടയിലുള്ള ജീവിതം വിധിപോലെ വന്നു ചേരുന്നതാകരുത്. സ്വയം തീരുമാനിച്ച് നടപ്പിൽ വരുത്തുന്നതാകണം. അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന പാതകളും രൂപപ്പെടുത്തുന്ന പദ്ധതികളുമാണ് ദിനവൃത്താന്തങ്ങൾ ക്രമീകരിക്കുന്നത്. ഏതു പരിസരത്തു ജീവിക്കുന്നു, എന്തിനോട് ആഭിമുഖ്യം പുലർത്തുന്നു, എന്തിന്റെ പിറകെ സഞ്ചരിക്കുന്നു തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കുള്ളിൽ നിന്നാണു ജീവിതത്തിന്റെ നടപ്പാതകൾ രൂപംകൊള്ളുന്നത്. നിർബന്ധങ്ങളിലൂടെ സഞ്ചരിച്ചു എന്നത് ന്യായീകരണം മാത്രമാണ്. 

നടന്നവഴികളെക്കുറിച്ചുള്ള പശ്ചാത്താപം എത്ര നേരത്തേ ഉണ്ടാകുന്നുവോ അത്രയും നേരത്തേ നടക്കാനുള്ള വഴികളിൽ വെളിച്ചം ലഭിക്കും. അവസാന നിമിഷങ്ങളിലെ തിരിച്ചറിവ് ആർക്കും ഉപകാരപ്പെടില്ല. തെറ്റിയ വഴികളിൽ നിന്നു ചിലപ്പോൾ തിരിഞ്ഞു നടക്കേണ്ടിവരും, ചിലപ്പോൾ മാറിനടന്നാൽ മതിയാകും. ഏതായാലും തിരഞ്ഞെടുക്കാനും തിരുത്താനും സമയം വേണം. തിരിച്ചറിയാൻ വൈകിയാൽ തിരുത്താനാകാത്തവിധം തളർന്നിട്ടുണ്ടാകും. 

English Summary : Subhadinam - What does it mean to find yourself?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;