ADVERTISEMENT

യാചകർക്കും അലഞ്ഞുതിരിയുന്നവർക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതു തന്റെ നിയോഗമായി കണക്കാക്കിയാണ് അയാൾ ചെയ്യുന്നത്. ഒരുദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ ഹോട്ടലുകളിൽ കയറി മിച്ചംവന്ന ഭക്ഷണം ശേഖരിച്ചാണു വിതരണം നടത്തിയത്. ഭക്ഷണ വിതരണം കഴിഞ്ഞ് ബാക്കി വന്നതുമായി അയാൾ വീട്ടിലെത്തി. മക്കൾ രണ്ടുപേരും ഓടിയെത്തി അയാളുടെ കയ്യിലുണ്ടായിരുന്ന പൊതി തട്ടിയെടുത്ത് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. രണ്ടുപേരെയും തടഞ്ഞു നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു: പ്രാർഥിച്ചതിനുശേഷം കഴിക്കൂ. 

സമ്പാദിച്ചവനു മാത്രമേ സമ്പാദ്യത്തിന്റെ വിലയറിയൂ. ഉപയോഗിക്കുന്നവർക്കു രുചിയും ഗന്ധവും മാത്രമേ മനസ്സിലാകൂ. ഓരോ ചില്ലിക്കാശിനും പിന്നിലെ വിയർപ്പിന്റെ വില അതു കൈവശമാക്കിയവനു മാത്രം മനസ്സിലാകുന്നതാണ്. നഷ്‌ടമായവയെക്കുറിച്ച് വിലപിക്കുന്നത് സ്വന്തമാക്കിയിരുന്നവൻ മാത്രമാണ്. സൗജന്യമായി ലഭിക്കുന്നതൊന്നും ആത്യന്തികമായി സൗജന്യമല്ല എന്ന തിരിച്ചറിവാണ് ആളിനെയും അധ്വാനത്തെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്നത്. വില നൽകാതെ നമുക്കു ലഭിക്കുന്നതിന്റെ വിലയും മറ്റാരോ നൽകിയിട്ടുണ്ട്; പണമായിട്ടോ, പ്രവൃത്തിയായിട്ടോ. പണം മുടക്കാതെ ലഭിച്ചവയെല്ലാം പാരിതോഷികങ്ങളുടെ പട്ടികയിൽപ്പെടുത്തി മറന്നുകളയാൻ ഉള്ളവയല്ല. അവയിൽ ആരുടെയെങ്കിലുമൊക്കെ കരുതലുണ്ടാകും, കഠിനാധ്വാനമുണ്ടാകും. 

കണ്ണീരോ കനിവോ ഉണ്ടാകും. കൈകൂപ്പി തലകുനിച്ച് വാങ്ങേണ്ടവ പിടിച്ചുപറിച്ച് ഓടരുത്. സ്വീകരിക്കുന്ന രീതി, നൽകപ്പെടുന്ന വസ്തുവിനോടും നൽകുന്ന ആളിനോടുമുള്ള ആദരമാണ്. എന്തും അതർഹിക്കുന്ന ബഹുമാനത്തോടും സ്വീകാര്യതയോടും കൂടി കൈപ്പറ്റാൻ പഠിക്കുക എന്നതാണു പെരുമാറ്റ മര്യാദകളിൽ ആദ്യം പഠിക്കേണ്ട പാഠം. പണംകൊടുത്തു വാങ്ങി എന്ന അഹങ്കാരം നിലയ്‌ക്കുന്നത് പണം കൊടുത്താലും അവ ലഭിക്കാതെ വരുമ്പോഴാണ്. 

അധികം വരുന്നതെങ്കിലും പങ്കുവയ്ക്കാൻ എല്ലാവരും മനസ്സുകാണിച്ചിരുന്നെങ്കിൽ എല്ലാവർക്കും ആവശ്യത്തിനുള്ളത് ഉണ്ടാകുമായിരുന്നു.

English Summary : Subhadinam - People don't value on free gifts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com