ADVERTISEMENT

സിരകളിൽ സംഗീതം കൊണ്ടുനടക്കുന്ന രാജ്യങ്ങളിൽ ആസ്ഥാന സംഗീതജ്ഞൻ എന്നൊരു പദവിയുണ്ട്. ബ്രിട്ടനിൽ 17–ാം നൂറ്റാണ്ടു മുതൽ രാജസദസ്സിലൊരു സംഗീതജ്ഞനുണ്ടായിരുന്നു. നമ്മുടെ നാട്ടിലുമുണ്ടായിരുന്നു കൊട്ടാരം വിദ്വാന്മാർ. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ സംഗീത മാന്ത്രികൻ ടാൻസനുണ്ടായിരുന്നു. നാത്‌സി പാതകങ്ങൾക്കു ചുക്കാൻ പിടിച്ച ഹിറ്റ്ലർക്കുപോലുമുണ്ടായിരുന്നുവത്രെ സംഗീത പ്രേമം. ഉറച്ച നാത്‌സിയാണെങ്കിൽ ഗായകർക്കും മറ്റും സർക്കാർ ജോലി നൽകുന്ന നയമുണ്ടായിരുന്നു ഹിറ്റ്ലർക്ക്.

ചോരയിൽ കാലുറപ്പിച്ചു നിൽക്കുന്ന ഭരണ വ്യവസ്ഥയോട് ആത്മാവിൽ സംഗീതമുള്ളവർ എങ്ങനെ യോജിക്കും എന്ന ചോദ്യം ന്യായം. വയറ്റിപ്പിഴപ്പിനു സ്ഥകാല ഭേദമില്ലെന്നും പറയാം. നമ്മുടെ നാട്ടിൽ ഡോളർ കടത്തിൽപ്പെട്ട ഒരു ഉന്നതന്റെ കഥ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഉന്നത നിർദേശപ്രകാരം ഒരു സ്ത്രീയും പുരുഷനുംകൂടി നാലാം നിലയിലെ ഫ്ലാറ്റിലേക്കു കയറിച്ചെല്ലുമ്പോൾ അദ്ദേഹം ഗസൽ ആസ്വദിച്ചങ്ങനെയിരിക്കുകയായിരുന്നത്രെ. ഗസലിനു ഡോളറെന്നോ ഇന്ത്യൻ രൂപയെന്നോ വകതിരിവില്ലായിരിക്കാം. 

ഉന്നതൻ പാടുകയായിരുന്നില്ല, ഗസൽ ആസ്വദിക്കുക മാത്രമായിരുന്നു എന്നതു വലിയൊരു ആശ്വാസവും പ്രതീക്ഷയുമായാണ് അപ്പുക്കുട്ടൻ കാണുന്നത്. 

അടിസ്ഥാനപരമായി, പ്രണയത്തിന്റെയും വിരഹത്തിന്റെയും സംഗീതമാണ് ഗസൽ. പണത്തോടുള്ള പ്രണയം, അതു കൈവിട്ടു പോകുമ്പോഴുള്ള വിരഹം എന്നിവ ഗസലിൽ ലയിപ്പിക്കാനാവുമോ എന്നറിയില്ല. തടവുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജയിലുകളിൽ രാവിലെ ആറുമണി മുതൽ രാത്രി എട്ടുവരെ എഫ്എം റേഡിയോയിൽനിന്നുള്ള പാട്ടു കേൾപ്പിക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിങ്ജി തീരുമാനിച്ചതോടെ കേരളം സംഗീതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.  

ഡോളർ കച്ചവടത്തിനിറങ്ങിയ ഉന്നതൻ ഗസൽ കേട്ടുപോന്നിരുന്നത് മാനസിക പിരിമുറക്കം കുറയ്ക്കാനാവാം എന്നൊരു ന്യായവും തെളിഞ്ഞുവരുന്നു. ഉയരത്തിലുള്ള ഒരു ഫ്ലാറ്റിൽ ഇടപാടു നടത്തുമ്പോഴാണോ ഒരാൾ ഉന്നതനാകുന്നത് എന്ന ചോദ്യത്തിന് ഔന്നത്യമില്ലെന്നു പറയാനും വയ്യ. 

English Summary : Tharanagalil -  Jail DGP has directed to play FM Radio in states’ prisons from morning 6 am to 8 pm in the evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com