നമ്മുടെ ഉള്ളില്‍ത്തന്നെ അദൃശ്യമായിരുന്ന നമ്മുടെ ‘മരണ’ത്തെ കണ്ട നാളുകൾ...

karunakaran-1200
കരുണാകരൻ
SHARE

ഇന്നലെകളുടെ അനുഭവപരിസരങ്ങളിലൊന്നുമില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷം കടന്നുപോകുന്നു. ജീവൻ മുറുകെപ്പിടിച്ച് വീട്ടിലടച്ചിരിക്കുമ്പോഴും എങ്ങനെ ജീവിക്കുമെന്നോർത്ത് പതറിപ്പോയ, പിന്നെ ഇറങ്ങിനടന്നു തുടങ്ങിയ മനുഷ്യർ. കാലത്തിന്റെ പുസ്തകം മറിച്ചുനോക്കുമ്പോൾ 2020 എന്ന അധ്യായത്തിൽ ‘ബുക്മാർക്ക്’ ചെയ്തു വച്ച ചിലത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ എഴുത്തുകാർ.

2020 യിലെ ജീവിതം, വായന, എഴുത്ത് അനുഭവങ്ങൾ കരുണാകരൻ മനോരമഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു–

മരണമല്ല ഭയക്കേണ്ടത്, മറിച്ച് അര്‍ഹമായ ജീവിതം നിഷേധിക്കുന്നതാണ്

ഫെബ്രുവരി അവസാനത്തെയും മാര്‍ച്ച് ആദ്യത്തെയും ആഴ്ചകള്‍, ഈ ദിവസങ്ങളിലാണ് കുവൈത്തിലും ഈ മഹാമാരി എത്തുന്നത്. അതിന്റെ ആദ്യത്തെ തരംഗത്തില്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ കോവിഡ്‌ പോസീറ്റീവ് ആയതിനാല്‍ പരിശോധനകള്‍ക്കും പിന്നെ ഇരുപത്തിയൊന്നു ദിവസത്തെ ക്വാറന്‍റീനും പോവേണ്ടി വന്നു. പിറകെ നീണ്ടുനിന്ന ലോക്‌‍ഡൗണുകളും. ഇത് മനസ്സിനെ ആദ്യം ഉലയ്ക്കുക തന്നെ ചെയ്തു: ദിനേനയുള്ള ജീവിതചര്യയിലാണ് നമ്മള്‍ നമ്മുടെ ജീവിതം ഉണ്ടാക്കുന്നത്‌, അത് തകിടം മറിയുകയായിരുന്നു. 

യുദ്ധമോ പ്രകൃതിദുരന്തമോ ഉണ്ടാക്കുന്ന തകിടം മറിച്ചിലായിരുന്നില്ല ഇത്. ഇതില്‍ ആദ്യത്തേതിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇതുപക്ഷേ, നമ്മള്‍ നമ്മുടെ ഉള്ളില്‍ത്തന്നെ അതുവരെയും അദൃശ്യമായിരുന്ന നമ്മുടെ തന്നെ ‘മരണ’ത്തെ കാണുന്നപോലെയായിരുന്നു. രോഗിയായിക്കൊണ്ടല്ല രോഗത്തെ ഊഹിച്ചുകൊണ്ട്. എന്റെ സാധാരണ ഒരു ദിവസം തുടങ്ങുക പുലര്‍ച്ചെ നാലുമണിക്ക്‌ ഉണര്‍ന്നുകൊണ്ടാണ്, വീട്ടുജോലി ചെയ്യുക കര്‍ണാട്ടിക് മ്യൂസിക്‌ കേട്ടുകൊണ്ടും. പൊതുവേ ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍; ഒറ്റയ്ക്ക് ഇരിക്കുക എന്നല്ല, ഉള്ളില്‍ ഏകാകിയായി പാര്‍ക്കുക എന്ന അർഥത്തില്‍. അതാണ്‌ തകിടം മറിഞ്ഞത്. കുറച്ചു ദിവസം അങ്ങനെ ആ കുഴമറിച്ചിലില്‍ കഴിഞ്ഞു. പിന്നെ വായിക്കാനും എഴുതാനും തുടങ്ങി. അല്ലെങ്കില്‍, ജീവിതത്തിലും മരണത്തിലും കണ്ടെത്തുന്ന ഒന്നാണ് എഴുത്തും വായനയും. അത് നമ്മെ ജീവിതത്തെ സഹ്യമാക്കാന്‍ പ്രാപ്തമാക്കുന്നു. 

മഹാമാരിയുടെ ഈ കാലം, അതിന്റെ എല്ലാ വിപത്തുകള്‍ക്കും ഒപ്പം, ഉണ്ടാക്കിയ ഒരു മാറ്റം ലോക ജനതയെ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒരു യൂണിറ്റ് എന്നപോലെ അടുപ്പിക്കുന്നു എന്നാണ്‌. പല രാജ്യങ്ങളിലും മഹാമാരിയെ തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു മറയാക്കിയ ഭരണകൂടങ്ങള്‍ക്ക് എതിരെ മനുഷ്യര്‍ പുറത്തിറങ്ങിയത് ആലോചിച്ചു നോക്കൂ. ഇപ്പോഴും അങ്ങനെയുള്ള മനുഷ്യരുണ്ട് പുറത്ത്‌. ഹോങ്കോങ്, പെറു, ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷക സമരവും. മരണത്തെയല്ല ഭയക്കേണ്ടത് മറിച്ച് അര്‍ഹമായ ജീവിതം നിഷേധിക്കുന്നതാണ് എന്ന് ഇതു പറയുന്നു. അതും മനുഷ്യരിലുള്ള നമ്മുടെ പ്രതീക്ഷയാണ്. പിന്നെ, ശാസ്ത്രം; വിശേഷിച്ചും ജീവശാസ്ത്രവും മരുന്നുകളുടെ കണ്ടുപിടുത്തവും അത്രയും ജാഗരൂകമായ സന്ദര്‍ഭമാണ് ഇത്. ഭരണാധികാരികളെയല്ല, അവരുടെ യുദ്ധസന്നാഹത്തെയല്ല, മറിച്ച് ശാസ്ത്രത്തെയാണ് അധികനേരവും നമ്മള്‍ കേട്ടത്. 

FARMERS-PROTEST.jpg.image
ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിലെ കർഷക സമര വേദിയിൽനിന്ന്. ചിത്രം : രാഹുൽ. ആർ. പട്ടം∙ മനോരമ

ലോകം മുഴുവനും, കോവിഡ്‌ -19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ രംഗത്ത് ഓരോ സമൂഹവും ആര്‍ജ്ജിച്ച സ്വാശ്രയത്വമായിരുന്നു ആദ്യം പരിശോധിക്കപ്പെട്ടത്. ആരോഗ്യമുള്ള ഒരു സമൂഹമായിരിക്കാന്‍ ഓരോ സമൂഹത്തിനുമുള്ള ശേഷിയും തങ്ങളുടെ ആരോഗ്യത്തെ ഒരു സാമൂഹിക ആവശ്യമായി ഭരണകൂടങ്ങള്‍ കാണുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൗരസമൂഹത്തിനുള്ള അവകാശവും പരീക്ഷിക്കപ്പെട്ടു. ഇത്  രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും ഭരണനേതൃത്വങ്ങളെയും മനസ്സിലാക്കാനും ഉപകരിച്ചു. മുമ്പൊരിക്കലും ഉണ്ടാവാത്തവിധം ആരോഗ്യരംഗത്ത്‌ കൂടുതല്‍ സമയവും സമ്പത്തും ചെലവഴിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം നിലവില്‍ വരികയായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് മറ്റൊന്ന് ഞാന്‍ കണ്ടത് മനുഷ്യരെ കരുതലില്‍ എടുക്കുന്ന ഒരു വായനാസംസ്കാരം പല ‘പോര്‍ട്ടലുകളും’ ഈ കാലത്ത്  മുമ്പോട്ടു വച്ചു എന്നാണ്‌. പൊതു ഇടങ്ങളില്‍നിന്നു പിന്മാറേണ്ടി വന്ന പൗരനെ, ജനാധിപത്യത്തിന്റെ ഓര്‍മയിലേക്കെത്തിക്കുവാനും ഭരണകൂടങ്ങളുടെ പ്രതിപക്ഷത്തു നിര്‍ത്താനും ഈ വായനാ സംസ്കാരം ശ്രദ്ധിക്കുന്നു. ഇതും ശ്രദ്ധേയമായിരുന്നു.  

ദിവസങ്ങളുടെ അടിതെറ്റല്‍ വായനയെയും ബാധിച്ചു

മനസ്സില്‍ത്തങ്ങി നില്‍ക്കുന്ന പുസ്തകങ്ങളും വായനയും അധികമുണ്ടായില്ല. നേരത്തേ പറഞ്ഞപോലെ ദിവസങ്ങളുടെ അടിതെറ്റല്‍ വായനയെയും ബാധിച്ചു. എങ്കിലും വായിച്ച ചില പുസ്തകങ്ങള്‍ പറയാം, Bartleby & Co., (Enrique Vila-Matas), Normal People (Sally Rooney), Flaubert's Parrot ( Julian Barnes ), Girl, Woman, Other ( Bernardine Evaristo), പിന്നെ Peter Handke യുടെ ചില പുസ്തകങ്ങളുടെ വീണ്ടും വായന, വിശേഷിച്ചും Kaspar എന്ന നാടകം. നോവലുകളില്‍ Bartleby & Co. ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ്. ഒരിക്കല്‍ എഴുതുകയും പിന്നീട് ഒരിക്കലും എഴുതാതിരിക്കുകയും ചെയ്യുന്ന എഴുത്തുകാരെ കുറിച്ചുള്ള കഥയാണ് അത്. എന്നാല്‍, നിയതമായ ഒരു കഥ ഇല്ല. വാസ്തവത്തില്‍, ഒരു തരം ലിസ്റ്റിങ് മാത്രമാണ് ഈ നോവല്‍;  എഴുത്തുകാര്‍ അവരുടെ ലഘു ജീവചരിത്രം, അവരുടെ എഴുത്തിന്റെ രീതി അങ്ങനെയാണ്.  ഇതില്‍ ജീവിച്ചിരുന്ന എഴുത്തുകാര്‍ ഉണ്ട്, പിന്നെ ഫിക്‌ഷനല്‍ എഴുത്തുകാരും. ഈ പുസ്തകം എഴുതുന്നതും അങ്ങനെ ഒരാളാണ്. വില്ലാ മത്താസ് എനിക്കിഷ്ടമുള്ള ഒരെഴുത്തുകാരനാണ്. ഭാവനയിലെ ഒരു ഗ്രേ ഏരിയയിലാണ് അയാളുടെ കഥകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. 

book-2020

അതുപോലെ, എഴുത്തില്‍ രൂപപരമായ പരീക്ഷണങ്ങള്‍ നടത്താറുള്ള  Bernardine Evaristoയുടെ ബുക്കര്‍ പ്രൈസ്‌ കിട്ടിയ Girl, Woman, Other, ഇതും ഇഷ്ടപ്പെട്ടു. ലണ്ടനിലേക്ക് കുടിയേറിയ ആഫ്രിക്കന്‍ വംശജരായ സ്ത്രീകളുടെ കഥ പറയുന്ന നോവലാണ്.  വായനയിലും എഴുത്തിലും വഴിവിട്ട സഞ്ചാരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകങ്ങള്‍, ഈ എഴുത്തുകാര്‍ ഇഷ്ടപ്പെട്ടേക്കാം. 

മലയാളം പുസ്തകങ്ങളില്‍ വീണ്ടും വായിക്കാന്‍ എടുത്തത് ഒന്ന് ആനന്ദിന്‍റെ നോവെല്ലകളായിരുന്നു. പിന്നെ എംടി യുടെ കഥകളും. ആനന്ദിന്‍റെ കൃതികളിലേക്ക്, വിശേഷിച്ചും നോവെല്ലകളിലേക്കുള്ള യാത്ര, രണ്ടു വിധത്തില്‍ എന്നെ ആകര്‍ഷിക്കാറുണ്ട്. ഒന്ന്, തന്റെ ഇതിവൃത്തത്തെ വായനക്കാരുടെ സ്വന്തമാക്കാന്‍ വിസമ്മതിക്കുന്ന തരത്തിൽ ആ എഴുത്ത് പുലര്‍ത്തുന്ന ഭാഷാപരമായ അകലമാണ്. മറ്റൊന്ന്, ആനന്ദ്‌ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ കാലം ഓരോ വിധത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത്, ഓരോ ദശകത്തിലും ആ കഥകളിലെ അടിസ്ഥാനപരമായ ആവശ്യം വായനയില്‍ മറ്റൊരു വിധത്തില്‍ ഉന്നയിക്കപ്പെടുന്നു.. 

MT-Anand

എംടി യുടെ കഥകളുടെ വായനയില്‍ ഞാന്‍ കണ്ടെത്തുന്ന ഒരാഹ്ലാദം അതിലെ പ്രകൃതിയാണ്. ഇപ്പോള്‍ ഏറെയും അതില്ല, അതിലെ മനുഷ്യരും അതുപോലെ ഇല്ല. എന്‍റെ അച്ഛന്‍റെ നാടാണ് എംടിയുടെ നാടും. കഥപറച്ചിലിനും കഥ-എഴുത്തിനും ഇടയിലെ ഒരു സ്പേസ് ആണ് എംടി ഉണ്ടാക്കുന്നതെന്നു തോന്നും അവയുടെ സ്ട്രക്ചര്‍ ആലോചിക്കുമ്പോള്‍.. 

വര്‍ഷങ്ങളുടെ പരിഗണനയിലല്ല, ജീവിതത്തിലെ ദിവസങ്ങളിലാണ് എഴുത്ത് നടക്കുന്നത്

കഴിഞ്ഞ വര്‍ഷങ്ങളില്‍ എഴുതിക്കൊണ്ടിരുന്ന പുതിയ നോവല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി പ്രസാധനത്തിന് നല്‍കി. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒ.വി.വിജയന്‍റെ ജീവിതത്തിലെ ഒരു പിരീഡ് ഭാവന ചെയ്യുകയാണ്.  മിത്തും രാഷ്ട്രീയവും കലരുന്ന കഥയാണ്. ഇതിനിടയില്‍ രണ്ടോ മൂന്നോ കഥകളും എഴുതി. എഴുത്ത് ജീവിതത്തിന്‍റെ ഉറുപ്പ് പോലെ പിന്തുടരുന്നു. അല്ലെങ്കില്‍, വര്‍ഷങ്ങളുടെ പരിഗണനയിലല്ല ജീവിതത്തിലെ ദിവസങ്ങളിലാണ് എഴുത്ത് നടക്കുന്നത്, ചെറിയ ചെറിയ കാലടികളുടെ വലിയ സഞ്ചാരം പോലെ.  

English Summary: Writer Karunakaran on his life, writing and book reading in 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;