നന്ദി പത്രാധിപരേ, എന്റെ മരണവാർത്ത പ്രസിദ്ധീകരിച്ചതിന് !

HIGHLIGHTS
  • കേസരിയുടെ തെറ്റായ മരണവാർത്ത പ്രസിദ്ധീകരിച്ച കഥ
kesari-balakrishna-pillai-s-sixtieth-death-anniversary
കേസരി എ. ബാലകൃഷ്ണപിള്ള
SHARE

പ്രമുഖ സാഹിത്യനിരൂപകനും പത്രാധിപരും ചരിത്രകാരനുമായ കേസരി എ. ബാലകൃഷ്ണപിള്ള വിടപറഞ്ഞിട്ട് ഇന്ന് 60 വർഷം. 

ജീവിച്ചിരിക്കുമ്പോൾ സ്വന്തം മരണവാർത്ത പത്രത്തിൽ വായിക്കാനുള്ള അപൂർവ ഭാഗ്യം കിട്ടിയ പത്രാധിപരാണ് കേസരി എ. ബാലകൃഷ്ണപിള്ള. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പൗരധ്വനി’ പത്രമാണ് ആദ്യം തെറ്റായ മരണവാർത്ത റിപ്പോർട്ടു ചെയ്തത്. 

ഒരു പത്രവാർത്ത തെറ്റായി വായിച്ചതിൽനിന്നാണ് അബദ്ധങ്ങളുടെ തുടക്കമെന്ന് പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ എഴുതിയിട്ടുണ്ട്. 1944 ഏപ്രിലിൽ, ‘എ. ബാലകൃഷ്ണപിള്ള വ്യാപൃതനായിരിക്കുന്നു : കേരളചരിത്രരചനയിൽ’ എന്ന തലക്കെട്ടിൽ കേസരിയെപ്പറ്റി ഒരു മലയാളപത്രത്തിൽ വാർത്ത പ്രത്യക്ഷപ്പെട്ടു. അക്കാലത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ പൊന്നറ ശ്രീധർ അതു ‘എ. ബാലകൃഷ്ണപിള്ള നിര്യാതനായിരിക്കുന്നു’ എന്നു തെറ്റായി വായിച്ചു. മാത്രമല്ല യോഗം കൂടി അനുശോചനപ്രമേയം പാസ്സാക്കുകയും ചെയ്തു. ആ വാർത്താകുറിപ്പ് കിട്ടിയപ്പോഴാകാം ‘പൗരധ്വനി’ കേസരിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ചത്. മുഖപ്രസംഗം വരെ എഴുതി ‘പൗരധ്വനി’ കേസരിയോടുള്ള ആദരവു പ്രകടിപ്പിച്ചു. ‘പൗരധ്വനി’യിലെ വാർത്ത കണ്ട മറ്റു ചില മലയാള പത്രങ്ങൾ യഥാർഥ വസ്തുത അന്വേഷിക്കാതെ പിറ്റേ ദിവസം മരണവാർത്ത കൊടുത്തു. അപ്പോഴേയ്ക്കും കേസരി ജീവിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കിയ ‘പൗരധ്വനി’ ക്ഷമാപണക്കുറിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. തുടർന്നു മറ്റു പത്രങ്ങളും ക്ഷമാപണം ആവർത്തിച്ചു. 

സ്വന്തം മരണവാർത്ത വായിക്കാനിടയായ കേസരിയുടെ പ്രതികരണം എന്തായിരുന്നു? പത്രാധിപർക്കു നന്ദി പറയുകയാണ് വാസ്തവത്തിൽ അദ്ദേഹം ചെയ്തത്–‘‘തന്റെ സ്വന്തം മരണവാർത്തയും തന്റെ മരണശേഷം തന്നെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വായിക്കുന്നതിനു വളരെ അപൂർവമായി മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ. പ്രായേണ അദ്യഷ്ടപൂർവമായ ഈ അനുഭവം എനിക്കുണ്ടാക്കിത്തന്നതിനും എന്നെക്കുറിച്ചു താങ്കളുടെ നല്ല അഭിപ്രായത്തിനും താങ്കളോടു ഞാൻ കൃതജ്ഞനായിരിക്കുന്നു’’. കേസരിയുടെ മഹത്വം വെളിവാക്കുന്ന ഈ പ്രതികരണം പറവൂർ ശിവൻ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജവാർത്ത പ്രസിദ്ധീകരിച്ചു പതിനാറു വർഷങ്ങൾക്കു ശേഷം 1960 ഡിസംബർ 18 നായിരുന്നു കേസരിയുടെ യഥാർഥ മരണം.

English Summary : Kesari Balakrishna Pillai's 60th Death Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;