മാംസ നിബദ്ധമല്ലാത്ത ലെസ്ബിയന്‍ പ്രണയം; അവരെഴുതിയ കത്തുകളുടെ ഇന്നത്തെ വില 37 ലക്ഷം രൂപ

HIGHLIGHTS
  • സിമോന്‍ ദ് ബുവ്വെ നോവലിസ്റ്റ് വയലറ്റ് ലഡക്കിന് എഴുതിയ കത്തുകൾ
simone-de-beauvoir
വയലറ്റ് ലഡക്ക്, സിമോന്‍ ദ് ബുവ്വെ (ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ)
SHARE

അവര്‍ അന്യോന്യം സ്നേഹിച്ചു. ബഹുമാനിച്ചു. വിശ്വസിച്ചു. എന്നാല്‍ അവരുടെ ശരീരങ്ങള്‍ തമ്മിലടുത്തില്ല. ഒരാള്‍ തന്നെത്തന്നെ മറ്റേയാള്‍ക്ക് സമ്പൂര്‍ണമായി സമര്‍പ്പിച്ചെങ്കിലും ശരീരത്തെ മാറ്റിനിര്‍ത്തി മനസ്സിനെ വാരിപ്പുണര്‍ന്നു മറ്റേയാള്‍. ലളിതമായിരുന്നു അവരുടെ ബന്ധം; സങ്കീര്‍ണവും. ആവേശകരമായിരുന്നു അടുപ്പം; നിസ്സംഗവും. അവരുടെ ബന്ധം അവരില്ലാത്ത ഭൂമിയില്‍ പാഠപുസ്തകമായി വായിക്കപ്പെടുന്നു. അവരുടെ ശരീരവും മനസ്സും അനാവരണം ചെയ്യപ്പെടുന്നു. അവര്‍ വാഴ്ത്തപ്പെട്ടവര്‍; എന്തെന്നാല്‍ അവര്‍ പരസ്പരം ചോദ്യം ചെയ്യാതെ സ്നേഹിച്ചു. അവര്‍ക്കു ലഭിച്ചത് അനശ്വരത; മരണത്തിനുശേഷവും ഓര്‍മിക്കപ്പെടുന്നതിലൂടെ, വായിക്കപ്പെടുന്നതിലൂടെ. അവരുടെ കഥകള്‍ മാത്രമല്ല അവരെക്കുറിച്ചുള്ള കഥകളും. 

സ്ത്രീകള്‍ പരസ്പരം സ്േനഹിക്കുന്നതു വിലക്കിയ കാലത്തു ജീവിച്ച രണ്ടു പേരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. ഫ്രഞ്ച് ചിന്തകയും ഫെമിനിസ്റ്റുമായ സിമോന്‍ ദ് ബുവ്വെയും നോവലിസ്റ്റ് വയലറ്റ് ലഡക്കും. അവര്‍ സ്ത്രീകളെക്കുറിച്ചെഴുതി. അവരുടെ അസംതൃപ്തമായ മോഹങ്ങളെക്കുറിച്ച്. വികാരപാരവശ്യങ്ങളെക്കുറിച്ച്. സ്ത്രീകളുടെ സ്നേഹവും വികാരങ്ങളും അടിച്ചമര്‍ത്താനുള്ളതല്ലെന്ന് ഉറച്ചു വിശ്വസിച്ച അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീകളുടെ പരസ്പര സ്നേഹത്തിന്റെ മനോഹാരിതയെക്കുറിച്ചും തീവ്രതയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തി. ഫെമിനിസത്തെ എഴുത്തിലും ചിന്തയിലും സ്ഥാപിച്ചു. ലെസ്ബിയനിസം വിലക്കപ്പെട്ടതല്ലെന്നു പ്രഖ്യാപിച്ചു. അവരുടെ സംഭാവനകള്‍ ലോകം അംഗീകരിച്ചെങ്കിലും അവര്‍ തമ്മിലുള്ള ബന്ധമാണ് ഇപ്പോഴത്തെ ചര്‍ച്ച. ഇതുവരെ പുറത്തുവരാതിരുന്ന 297 കത്തുകളിലൂടെ പങ്കുവച്ച വികാരങ്ങള്‍. 1945 നും 1972 നും ഇടയില്‍ എഴുതിയത്. രണ്ടു സ്ത്രീകളുടെ വിലക്കപ്പെട്ടതെങ്കിലും വിശ്വം ജയിച്ച പ്രണയകഥയുടെ തെളിവായ കത്തുകള്‍ കഴിഞ്ഞ ദിവസം ലേലത്തില്‍ പോയത് 37 ലക്ഷം രൂപയ്ക്ക്. 

1945 ലാണ് ബുവ്വെ ലഡക്കിനെ ആദ്യം കാണുന്നത്. ആദ്യകാഴ്ചയിൽ തന്നെ ലഡക് ബുവ്വെയോടുള്ള ശാരീരികാകർഷണം മറച്ചുവച്ചില്ല. എന്നാൽ ലെഡക്കിന് എഴുതിയ കത്തിൽ അവരുടെ താൽപര്യത്തോടു പ്രതികരിക്കാൻ തനിക്കുള്ള വിമുഖത ബുവ്വെ വ്യക്തമാക്കി.

ഞാൻ ഒട്ടും താൽപര്യം കാണിക്കാതിരുന്നിട്ടും നീ അയച്ച കത്ത് എന്റെ ഹൃദയത്തെ സ്പർശിച്ചു. ആത്മകഥാപരമായ നോവലും. എന്റെ വിശ്വസ്തതയെക്കുറിച്ചു നീ പറഞ്ഞു. എന്നാൽ നിന്റെ വിശ്വസ്തത എന്നെ അത്ഭുതപ്പെടുത്തുന്നു. പരസ്പര സ്നേഹത്താലും വിശ്വാസത്താലും നമ്മുടെ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകാം. ആരെങ്കിലും ഒരാൾക്ക് നമ്മൾ വിലപ്പെട്ടവരാകുന്നത് നല്ലതുതന്നെ. നീ ഒരിക്കലും നിന്റെ മൂല്യം തിരിച്ചറിഞ്ഞിട്ടില്ല. എന്നെക്കുറിച്ചോർത്ത് നീ പേടിക്കുകയേ വേണ്ട. നിന്റെ സ്നേഹവും ബഹുമാനവും എന്നില്‍ സുരക്ഷിതം: ബുവ്വെയുടെ കത്ത് അവരുടെ ശരീര ബാഹ്യമായ സ്നേഹത്തിന്റെ പ്രകടന പത്രിക കൂടിയായി. 

താൻ സ്നേഹിക്കുന്നതുപോലെ ബുവ്വെ  തന്നെ തിരിച്ചുസ്നേഹിക്കുന്നില്ല എന്നു ലഡക്കിനു തോന്നിയിരുന്നു. തിരസ്കാരം അവര്‍ തിരിച്ചറിഞ്ഞിരുന്നു. 

എന്റെ മോഹങ്ങൾ വെറുതെയാണെന്നു നീ പറയുന്നതു ശരിയല്ല. ആ അഭിപ്രായവുമായി എനിക്കൊരിക്കലും യോജിക്കാനാവില്ല– ലഡക് ബുവ്വെയ്ക്ക് എഴുതി. മനസ്സുപോലെ അവരുടെ ശരീരങ്ങളും ഒരുമിച്ചില്ലെങ്കിലും പതിറ്റാണ്ടുകളോളം അവരുടെ ബന്ധം തുടർന്നു.

ഞാൻ പരിചയപ്പെട്ട ഏറ്റവും മികച്ച സ്ത്രീകളിൽ ഒരാൾ എന്നാണ് ലഡക്കിനെക്കുറിച്ച് ബുവ്വെ പറഞ്ഞിരുന്നത്. യുഎസ്, ഇറ്റലി, ഗ്രീസ്, റഷ്യ.  ഐസ്‍ലൻഡ്... എവിടെയൊക്കെപ്പോയാലും ബുവ്വെ ലഡക്കിന് കത്തെഴുതുന്നതു മുടക്കിയില്ല. എവിടെയൊക്കെ. ആരോടൊക്കെ ആയിരുന്നാലും അവരുടെ മനസ്സില്‍ അവരിരുവരും സുരക്ഷിതര്‍; അവരുടെ സ്നേഹവും. 

റാവേജസ് എന്ന പുസ്തകം എഴുതിയ കാലത്ത് ബുവ്വെ നിരന്തരമായി ലെഡക്കിനെ പ്രചോദിപ്പിച്ചു. ഞാൻ നിന്നോടൊത്തുണ്ട് എന്ന പലവട്ടം അവർ  ഓർമിപ്പിച്ചു. സ്ത്രീയുടെ ഏറ്റവും ആത്മാർഥമായ തുറന്നെഴുത്ത് എന്നു വിശേഷിപ്പിക്കാവുന്ന റാവേജസ് തുടക്കത്തിൽ പ്രസിദ്ധീകരിക്കാൻ ആരും തയാറായില്ല. പുതിയ പ്രസാധകരെ കണ്ടെത്താൻ സഹായിക്കാമെന്ന് ബുവ്വെ വാക്കുകൊടുക്കുന്നുണ്ട്. ഒടുവിൽ 1955 ൽ ചില ഭാഗങ്ങൾ നീക്കം ചെയ്ത റാവേജസ് പ്രസിദ്ധീകരിച്ചു. അപ്പോഴേക്കും ലഡക് അവശയായി. ആറു മാസക്കാലം പുനരധിവാസകേന്ദ്രത്തിൽ അവർ കഴിച്ചുകൂട്ടി. അതിനുള്ള പണം അയച്ചുകൊടുത്തത് ബുവ്വെ. ആഹ്ലാദത്തിന്റെ കാലത്തു മാത്രമല്ല, ആശങ്കയുടെ കാലത്തും താന്‍ കൂടെയുണ്ടെന്ന ഉറപ്പ്. 

1964 ആയപ്പോഴാണ് പ്രശസ്തിയും അംഗീകാരവും ലഡക്കിനെ തേടിയെത്തിയത്. ബുവ്വെയുടെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച റാവേജസ് ലോകം കൈനീട്ടി സ്വീകരിച്ചു. പുസ്തകം മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്തു. എന്നാൽ തനിക്ക് അംഗീകാരം കിട്ടേണ്ടിയിരുന്നത് 20 വർഷം മുൻപ് യൗവനത്തില്‍ ആയിരുന്നെങ്കിൽ എന്ന് ലെഡക് പരിഭവം പറഞ്ഞു. എട്ടു വർഷത്തിനു ശേഷം സ്തനാർബുദും ബാധിച്ച് ലഡക് യാത്രയായി. കൂട്ടുകാരിയുടെ സ്നേഹനിര്‍ഭരമായ ഓര്‍മകളുമായി. 

പതിറ്റാണ്ടുകൾ കഴിഞ്ഞ് 2000–ൽ മാത്രമാണ് റാവേജസ് പൂര്‍ണരൂപത്തില്‍ ലോകം വായിച്ചത്. ലഡക്ക് എഴുതിയ അതേ രൂപത്തിൽ, ഒരു വാക്കു പോലും സെൻസർ ചെയ്യാതെ. ബുവ്വെയുടെ സെക്കന്‍ഡ് സെക്സ് പോലെ ലഡക്കിന്റെ റാവേജസും ഫെമിനിസത്തിന്റെ മാഗ്നകാര്‍ട്ടയായി അംഗീകാരം നേടി.  2012 ൽ പുസ്തകം പൂർണമായി ഇംഗ്ലിഷിലും എത്തി. 

സാഹിത്യത്തിനു പുറത്ത് സിനിമയിലും ബുവ്വെ-ലഡക് ബന്ധം പ്രമേയമായി. 2014 –ൽ പുറത്തിറങ്ങിയ വയലറ്റ് എന്ന ലെസ്ബിയന്‍ സിനിമയുടെ പ്രമേയം ബുവ്വെയുടെയും ലെഡക്കിന്റെയും മാംസനിബദ്ധമല്ലാത്ത പ്രണയമായിരുന്നു. ഇതുവരെ അഭ്യൂഹങ്ങളുടെയും സംശയത്തിന്റെയും മറയിലൂടെ മാത്രമായിരുന്നു അവരുടെ ബന്ധത്തെ ലോകം കണ്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന 297 കത്തുകളില്‍ സ്നേഹിക്കാന്‍ കൊതിച്ച രണ്ടു സ്ത്രീകളുടെ ആത്മസ്പര്‍ശമുണ്ട്. വിലക്കുകളുടെ മറികടക്കുന്ന വിശ്വസ്നേഹത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങള്‍. 

English Summary: Simone De Beauvoir's private letters to author Violette Leduc sold at auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;