ADVERTISEMENT

‘മഴയത്ത് ചെറിയ കുട്ടി’ എന്നൊരു കവിതയെഴുതിയിട്ടുണ്ട് സുഗതകുമാരി; മഴവെള്ളപ്പാച്ചിലിൽ പെട്ട ഉറുമ്പുകളെ തന്റെ പൂവിരൽത്തുമ്പാലെടുത്തു രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പറ്റി. പക്ഷേ കാറ്റിരമ്പി മഴ കനക്കെ, ഒന്നിനുപുറകേയൊന്നായി ഒരുനൂറു കുഞ്ഞുറുമ്പുകൾ ഒഴുക്കിൽപ്പെട്ടുവരവേ, പാവം കുട്ടി നിസ്സഹായയായിപ്പോകുന്നു. കുഞ്ഞനുറുമ്പുകൾ ഒഴുകിപ്പോകുന്നതും നോക്കി അവൾ മഴനനഞ്ഞുംകൊണ്ട് വിതുമ്പിനിൽക്കുന്നു. ആ പെൺകുഞ്ഞിന്റെ വിതുമ്പലിലുണ്ട് സുഗതകുമാരിയുടെ കവിതയും ജീവിതവും.

ഭൂമിയിലെ പുല്ലും പുഴുവും പൊടിയുറുമ്പും മുതൽ മരവും മലയും മനുഷ്യനും വരെയെത്തുന്ന സമസ്തജാലങ്ങളോടുമുള്ള കരുണയും കരുതലുമുണ്ട് ആ കവിതയിലും ജീവിതത്തിലും. ഏതോ ആധുനികജീവി പുച്ഛത്തോടെ ശിരസ്സിൽവച്ചുകൊടുത്ത മരക്കവിയെന്ന പരിഹാസത്തെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിൽ മുതൽ പെൺസങ്കടങ്ങൾക്ക് അത്താണിയായ അഭയയുടെ സൃഷ്ടിയിൽവരെ തെളിഞ്ഞുനിൽക്കുന്നു ഗാന്ധിജിയിൽനിന്നു പകർന്നെടുത്തതെന്ന് കവി തന്നെ പറയുന്ന ആ കരുണയും കരുതലും.

അച്ഛൻ കൊളുത്തിയ വിളക്ക്

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അച്ഛൻ ബോധേശ്വരനായിരുന്നു സുഗതകുമാരിയുടെയും സഹോദരിമാരുടെയും ആദ്യ ഗുരുവും വഴികാട്ടിയും. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ശിഷ്യനായിരുന്നു നെയ്യാറ്റിൻകര താഴമംഗലത്ത് കേശവപിളള എന്ന ബോധേശ്വരൻ. അമ്മ ആറൻമുള സ്വദേശിനി വി.കെ.കാർത്ത്യായനി തിരുവനന്തപുരം വിമൻസ് കോളജിലെ സംസ്കൃതം പ്രഫസർ. അക്ഷരമുറയ്ക്കുംമുമ്പേ സുഗതയും സഹോദരിമാരായ ഹൃദയകുമാരിയും സുജാതദേവിയും കവിതയുടെ വെളിച്ചമറിഞ്ഞിരുന്നു. 

തെറ്റിയാൽ തിരുത്തണം, ടീച്ചറെയും

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ടു മൂന്നാംക്ലാസിലേക്കായിരുന്നു സുഗതകുമാരിയുടെ പ്രവേശനം. സ്കൂളിൽ ചേരാനെത്തിയപ്പോൾ കുട്ടിയുടെ സാമർഥ്യം മനസ്സിലാക്കിയ ഹെഡ്മിസ്ട്രസാണ് ഒന്നാം ക്ലാസിനു പകരം മൂന്നാം ക്ലാസിലേക്കു വിട്ടത്. അന്നൊരിക്കൽ ക്ലാസിൽ ടീച്ചർ ഒരു രാമായണഭാഗം പഠിപ്പിക്കുമ്പോൾ ഒരു ശ്ലോകം തെറ്റിപ്പോയി. ഒട്ടും മടിക്കാതെ സുഗത ടീച്ചറെ തിരുത്തി. മൂന്നു വയസ്സുമുതൽ മുത്തശ്ശി പഠിപ്പിച്ച രാമായണം ഹൃദിസ്ഥമായിരുന്നു സുഗതയ്ക്ക്. തെറ്റിനെ ചൂണ്ടിക്കാട്ടാനുള്ള ആർജവം – അതാരുടേതായാലും– അന്നു മുതൽ ഒപ്പമുണ്ട്. 

കവി ശ്രീകുമാർ!

malayalam-poet-and-activist-sugathakumari-photo

യൂണിവേഴ്സിറ്റി കോളജിൽ ഫിലോസഫി പഠിക്കുന്ന കാലത്തും കവിതയെഴുത്ത് കാര്യമായിത്തന്നെയുണ്ടായിരുന്നു. പക്ഷേ അത് ശ്രീകുമാർ എന്ന പേരിലായിരുന്നു. സ്കൂളിൽ വച്ച് ഒരു കവിതയെഴുതിയപ്പോൾ അത് എവിടെനിന്നു പകർത്തിയതാണ് എന്നൊരു ടീച്ചർ ചോദിച്ചു. അതിനു ശേഷം കവിതകൾ മറ്റാരെയും കാണിച്ചിരുന്നില്ല. തിരിച്ചറിയാതിരിക്കാൻ പേരുംമാറ്റി. അതിനെപ്പറ്റി സുഗതകുമാരി പിൽക്കാലത്തു പറ‍ഞ്ഞു: 

‘എന്താണ് നല്ല കവിതയെന്ന് അപ്പോഴേ എനിക്കു മനസ്സിലായിരുന്നു. എന്റെ കവിതകൾ തീരെ പോരാ എന്ന അപകർഷതയുണ്ടായിരുന്നു. പിന്നെ കോളജിലെ കളിയാക്കലുകളും മറ്റും ഓർത്ത് ധൈര്യക്കുറവും. അച്ഛന്റെ പെങ്ങളുടെ മകൻ എന്നെക്കാളും രണ്ടുവയസ്സിനിളപ്പമുള്ള ശ്രീകുമാറിന്റെ പേരിലാണ് കവിതകൾ അയച്ചത്. കമ്യൂണിക്കേഷനൊക്കെ അവനാണു വരുന്നത്. ആറുരൂപ പ്രതിഫലത്തിൽ നാലുരൂപയേ അവൻ തരുമായിരുന്നുള്ളൂ. രണ്ടുരൂപ ഇടനിലക്കാരന്റെ കമ്മിഷൻ! ഒരിക്കൽ ഒരു കൈയബദ്ധം പറ്റി ശ്രീകുമാർ എന്നപേരിലുള്ള കവിത മാതൃഭൂമിയിലും അതേ കവിത ബി.സുഗതകുമാരി എന്നു കോളജ് മാഗസിനിലും ഒന്നിച്ചു വന്നു.

ചേച്ചി എന്റെ നോട്ട്ബുക്കിൽനിന്നു കീറിയെടുത്തു കോളജ് മാഗസിനു കൊടുത്തതാണ്. കോളജിലെ കുട്ടികൾ ഇതു രണ്ടുംകൂടി മാതൃഭൂമി പത്രാധിപർ എൻ.വി.കൃഷ്ണവാരിയർക്ക് അയച്ചു. വിശദീകരണം ചോദിച്ചപ്പോൾ ഞാൻ മാപ്പു പറഞ്ഞു. എൻവി ഞാൻ സുഹൃത്ത് ബോധേശ്വരന്റെ മകളാണെന്നു മനസ്സിലാക്കി. പിന്നെ ശ്രീകുമാറെന്ന പേരിലയച്ച കവിത അദ്ദേഹം സുഗതകുമാരിയുടേതു തന്നെയാക്കി.’

സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ഒരു കവിതാ മൽസരത്തിൽ ശ്രീകുമാർ എന്ന പേരിൽത്തന്നെ സുഗത കവിതയയച്ചു. അതിന് ഒന്നാം സമ്മാനവും കിട്ടി. വിധികർത്താക്കളിലൊരാൾ ബോധേശ്വരനായിരുന്നു. പക്ഷേ താൻകൂടി ചേർന്നു വിജയിയായി തിരഞ്ഞെടുത്ത ‘ശ്രീകുമാർ’ മകളാണെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. അതറിഞ്ഞ നിമിഷംതന്നെ ബോധേശ്വരൻ ആ വിധിപ്രഖ്യാപനം തിരുത്തി. താൻ വിധികർത്താവായിരിക്കെ മകൾക്ക് ഒന്നാം സമ്മാനം നൽകുന്നതു ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

Sugathakumari

‘മരക്കവി’

ഭർത്താവ് ഡോ. കെ.വേലായുധൻ നായർക്കൊപ്പമുള്ള ഡൽഹി ജീവിതകാലത്താണ് പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ സുഗതകുമാരിയുടെ ശ്രദ്ധയിൽപെട്ടത്. ഡൽഹിയിലേക്കുള്ള യാത്രകൾക്കിടെ, മലനിരകളിലെ കാട് വെട്ടിവെളുപ്പിക്കുന്നതും തീയിട്ടുചുടുന്നതും കണ്ടു വേദന തോന്നിയിരുന്നു. കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ സൈലന്റ് വാലി പ്രശ്നം ചൂടുപിടിച്ചുവരികയാണ്. എം.കെ.പ്രസാദ്, പ്രഫ. ജോൺസി ജേക്കബ്, ഡോ. സതീഷ്ചന്ദ്രന്‍ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സൈലന്റ് വാലി സംരക്ഷണ സമിതി പ്രവർത്തനം തുടങ്ങിയിരുന്നു.

സുഗതകുമാരിയും അവർക്കൊപ്പം കൂടി. അയ്യപ്പപ്പണിക്കർ, ഒഎൻവി, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയവരടക്കം എഴുത്തുകാരുടെ ഒരു നിര തന്നെ സൈലന്റ് വാലിക്കായി രംഗത്തെത്തി. അവരെ ‘മരക്കവികൾ’ എന്ന പരിഹാസവുമായാണ് പദ്ധതി അനുകൂലികൾ നേരിട്ടത്. പക്ഷേ ഭൂമിക്ക് മനുഷ്യനെപ്പോലെ പ്രധാനമാണ് മരങ്ങളുമെന്ന തിരിച്ചറിവിൽ ആ വിളിയെ അംഗീകാരമായാണ് സുഗതകുമാരിയടക്കമുള്ള കവികൾ സ്വീകരിച്ചത്. ആ ഇച്ഛാശക്തിക്കു മുന്നിൽ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

പിന്നെ പ്രകൃതിക്കു മുറിവേറ്റിടത്തെല്ലാം കേരളം സുഗതകുമാരിയെക്കണ്ടു. പ്രകൃതിസ്നേഹിയായ ആക്ടിവിസ്റ്റ് എന്നതിനപ്പുറം ഒരമ്മയുടെ വേവലാതിയോടെയാണ് അവർ മുറിവേറ്റ മലകള്‍ക്കും മുറിച്ചുനീക്കപ്പെട്ട മരങ്ങൾക്കും വേണ്ടി ഒച്ചയുയർത്തിയത്. പിന്നീട് അതിരപ്പിള്ളി പദ്ധതിക്കെതിരെയും അട്ടപ്പാടിയിലെ കഞ്ചാവ് കൃഷിക്കെതിരെയും പാലക്കാട്ട് ഒലിപ്പാറയിലെ മരംവെട്ടിനെതിരെയും ആറന്മുള വിമാനത്താവളത്തിനെതിരെയുമൊക്കെ സുഗതകുമാരിയും പ്രകൃതി സംരക്ഷണ സമിതിയും പ്രതിരോധമുയർത്തി.

പലപ്പോഴും വികസനവിരോധിയെന്ന് ആക്ഷേപിക്കപ്പെട്ടു. ഒലിപ്പാറയിൽ മരംവെട്ടു തടയാനെത്തിയപ്പോൾ മാരകായുധങ്ങളുമായി വളഞ്ഞ അക്രമികൾ സമരസംഘത്തിലുള്ളവരെ മർദിച്ചു. ഇതിനൊക്കെ കയ്യേറ്റക്കാർക്ക് ചില രാഷ്ട്രീയക്കാരുടെയടക്കം പിന്തുണയുമുണ്ടായി. എന്നിട്ടും സുഗതകുമാരി പിന്നോട്ടു പോയില്ല. അതേസമയം, അക്രമമരുതെന്ന് അവർ തനിക്കൊപ്പമുള്ളവരോടു കർശനമായിപ്പറഞ്ഞു. കാരണം അക്രമത്തെ അഹിംസ കൊണ്ടു നേരിട്ട ഗാന്ധിജിയായിരുന്നു അവരുടെ മാർഗദീപം.

‘എനിക്കു രണ്ടാളേ ഗുരുക്കൻമാർ’ എന്ന കവിതയിൽ സുഗതകുമാരിയെഴുതി:

malayalam-poet-and-activist-sugathakumari-article-image

‘‘ഒളിപ്പോരെന്തെന്നെന്നെ പഠിപ്പിച്ചീലവർ,
തിളച്ചവെയിലത്തേ പയറ്റിയിട്ടുള്ളൂ’’

അഭയമാകുന്നതാണ് അമ്മ

1985 ലാണ്. തിരുവനന്തപുരത്തെ മാനസിക രോഗാശുപത്രിയുടെ ശോച്യാവസ്ഥയറിഞ്ഞ് അവിടെയെത്തിയ സുഗതകുമാരി കണ്ടത് ഒരു നരകം. അങ്ങനെയാണ് മനസ്സിടറിപ്പോയവരും അനാഥരും തെരുവിലേക്കു വലിച്ചറിയപ്പെട്ടവരുമായ സ്ത്രീകൾക്കായി അഭയ തുടങ്ങിയത്. മനോരോഗാശുപത്രികളുടെ നവീകരണത്തിനായി നിരന്തരം സമരം ചെയ്ത് മാനസികാരോഗ്യനയം രൂപീകരിക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കി. ഇന്ന് നിരാലംബരായ നിരവധിപ്പേർക്ക് അഭയമാണ് അഭയ. ആരുമില്ലാത്ത സ്ത്രീകൾ, പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പെൺകുട്ടികൾ, അനാഥരായ കുഞ്ഞുങ്ങൾ എന്നിങ്ങനെ ധാരാളം പേർ അഭയയുടെ തണലിലുണ്ട്.

അഭയഗ്രാമം, കർമ, മിത്ര, ശ്രദ്ധാഭവനം, ബോധി, അഭയബാല, പകൽവീട് എന്നിങ്ങനെ അഭയയുടെ കീഴിൽ പല വിഭാഗങ്ങളുണ്ട്. നിരാലംബർക്ക് ആശ്രയസ്ഥാനമൊരുക്കുക മാത്രമല്ല സുഗതകുമാരി ചെയ്തത്. പെണ്ണിനു നേരേ ക്രൗര്യത്തിന്റെ കൂർനഖങ്ങൾ നീണ്ടിടത്തെല്ലാം അവരെത്തി. ഇരകളായവരെ നെഞ്ചോടുചേർത്തു, അക്രമത്തിനെതിരെ ശബ്ദമുയർത്തി. ആ ഒച്ചകേട്ടാണ് പലപ്പോഴും പൊതുസമൂഹം അതിന്റെ സുഖനിദ്രയിൽനിന്നുണർന്നതും ഇരകൾക്കൊപ്പം നിന്നതും.

സൂര്യനെല്ലിയും വിതുരയും മുതൽ വാളയാർ വരെയുള്ള കേസുകൾ അതിനുദാഹരണം. പെണ്ണ് പീഡിപ്പിക്കപ്പെടുന്നത് പിശാചസമൂഹത്തിലാണെന്ന് സുഗതകുമാരി വേദനയോടെ പറഞ്ഞിട്ടുണ്ട് പലവട്ടം. ‘മലയാളിയെപ്പറ്റി എനിക്ക് ഒരു അഭിമാനവുമില്ല. അവനവന്റെ കുടിവെള്ളം സംരക്ഷിക്കാനറിയാത്തവർ, ഭാഷ സംരക്ഷിക്കാനറിയാത്തവർ, പെൺമക്കളെ സംരക്ഷിക്കാനറിയാത്തവർ. സ്വർണത്തിന്റെയും സാരിയുടെയും പരസ്യങ്ങളുടെയും പിറകേ പോകുന്നവർ. വർഗീയതയെ മുമ്പെങ്ങുമില്ലാത്തവിധം വരിക്കുന്നവർ...’ എന്ന വാക്കുകളിലുണ്ട് ആ വേദന. 

1200-sugathakumari

ഒപ്പമുണ്ടായിരുന്നു, ഗാന്ധി എന്നൊരാളുടെ ശബ്ദം

അംഗീകാരങ്ങളു‌ടെയും പദവികളുടെയും പ്രലോഭനങ്ങൾ ചുറ്റും നിന്നപ്പോഴൊക്കെ അതിൽനിന്നു ദയയില്ലാതെ മുഖംതിരിച്ചിട്ടുണ്ട് സുഗതകുമാരി. പാർട്ടിയിൽ ചേരാൻ കോൺഗ്രസും സിപിഐയും ക്ഷണിച്ചതിനെപ്പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് അവർ. ‘എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽനിന്നു മൽസരിക്കണമെന്നു വല്ലാത്ത നിർബന്ധമുണ്ടായി. ഓരോ ദിവസവും ഓരോരുത്തർ വന്നു നിർബന്ധിക്കും. ഒടുവിൽ ഞാൻ ആന്റണിക്കു കത്തെഴുതി: ‘‘എന്നെ പാർട്ടിയിൽ ചേർത്താൽ നിങ്ങളുടെ ആദ്യത്തെ അബ്കാരി ലേലത്തിന് എന്നെ നിങ്ങൾക്കു പുറത്താക്കേണ്ടി വരും. ഗാന്ധി എന്നൊരാളുടെ ശബ്ദം കോൺഗ്രസിനെ ഓർമിപ്പിച്ചുകൊണ്ടിരിക്കാൻ എന്നെപ്പോലൊരാൾ പുറത്തു വേണം. അതു ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം തുടരും.’’ ആന്റണി മറുപടി എഴുതി:‘‘ ഈ തിരസ്കാരം നിങ്ങളുടെ വ്യക്തിത്വത്തിനു ശോഭയേറ്റുന്നു’’ പിന്നീട് സിപിഐയും ക്ഷണിച്ചിരുന്നു.

ശരികേടെന്നു തോന്നുന്ന സന്ദർഭങ്ങളിൽ വീട്ടുവീഴ്ചയില്ലാതെ അതു പറഞ്ഞിട്ടുമുണ്ട് അവർ. മീന കന്ദസ്വാമിയുടെ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു സുഗതകുമാരി പറഞ്ഞത് അതിൽ ഗാന്ധിജിയെ നിന്ദിക്കുന്ന കവിതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്. അതിനെതിരെ മീനയടക്കം പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പക്ഷേ തന്റെ നിലപാടിൽ ഉറച്ചുനിന്നു സുഗതകുമാരി. 

മനുഷ്യനോടു മാത്രമല്ല, മണ്ണിനോടും പ്രകൃതിയോടും കരുണയുള്ളവരാകണമെന്ന് ഈ കെട്ട കാലത്തും നമ്മെ നിരന്തരം ഓർമിപ്പിച്ചിരുന്നു സുഗതകുമാരി; തന്റെ കവിതയിലൂടെയും കർമത്തിലൂടെയും. കാരണം ചുറ്റുമുള്ള നിരാലംബ ജീവിതങ്ങളെ നോക്കി, ഏകാന്തമായൊരു സങ്കടമഴ നന‍ഞ്ഞു വിതുമ്പി നിൽക്കുന്ന ആ കുഞ്ഞുപെൺകൊടി എന്നുമുണ്ടായിരുന്നു അവരുടെയുള്ളിൽ.

മഴയൊരായിരം പെയ്തു മറഞ്ഞു
​വരിവരിയായുറുമ്പുകളെന്നും
കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു
ചെറിയകുട്ടി മഴ നനഞ്ഞുംകൊ-
ണ്ടവിടെത്തന്നെ പകച്ചു നില്‍ക്കുന്നു...

English Summary: Life of Poet and Activist Sugathakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com