നഷ്ടപ്രണയത്തിന്റെ തേങ്ങല്‍ നിരന്തരമായി മുഴങ്ങുന്ന കവിതകള്‍ എന്ന് സുഗതകുമാരിക്കവിതകളെ പുകഴ്ത്തിയും ഇകഴ്ത്തിയും പറയുന്നവരുണ്ട്. പ്രത്യേകിച്ച് ‘കൃഷ്ണ, നീയെന്നെ അറിയില്ല’ തുടങ്ങിയ കവിതകള്‍. അവയെക്കുറിച്ച് കവയിത്രി തന്നെ വിശദീകരിച്ചിട്ടുമുണ്ട്:
‘എല്ലാ പ്രണയവും നഷ്ടപ്രണയമാണ് എന്നെനിക്കു തോന്നുന്നു. മനുഷ്യരുടേതായ ഒരു പ്രണയവും ആത്യന്തികമായ സൗഖ്യമോ ശാന്തിയോ നല്‍കുകയില്ല.’
ഒരു ചെറുപൂവില്‍ ഒതുങ്ങുമതിന്‍ ചിരി
കടലിലും കൊള്ളില്ലതിന്റെ കണ്ണീര്‍
ഇതുകൊണ്ടാണ് പണ്ടൊരിക്കല്‍ തുളസീദാസിന്റെ പ്രിയതമ ചോദിച്ചത്: ഈ സ്നേഹം ഈശ്വരനോടായിരുന്നുവെങ്കില്‍ എന്നേ മോക്ഷം കിട്ടുമായിരുന്നില്ലേ എന്ന്.
പൂര്‍ണതയുടെ പ്രതീകമായാണ് ശ്രീകൃഷ്ണനെ സുഗതകുമാരി അവതരിപ്പിച്ചിട്ടുള്ളത്; ആ പൂര്‍ണതയ്ക്കു നേരേ കൈനീട്ടുന്ന അപൂര്‍ണതയുടെ സന്തതികളായി കാമുകിമാരെയും. രാധ അല്ലെങ്കില്‍ മീര അവരുടെ മിക്ക കവിതകളിലും പ്രത്യക്ഷമായും പരോക്ഷമായും കടന്നുവരുന്നുണ്ട്; അനശ്വര പ്രേമത്തിന്റെ നേര്‍ക്കു കൈനീട്ടുന്ന ഭാരതീയ സ്ത്രീത്വത്തിന്റെ നിത്യപ്രതീകമായി.
തീരെ ദരിദ്രമെന്‍ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളില്‍
കാല്‍ക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലില്‍ ചുവപ്പു ചാര്‍ത്തുന്ന രാധ
ആ വലംതോളത്തു ചാരിനിന്നൊപ്പമ-
ക്കോലക്കുഴല്‍ പഠിക്കുന്ന രാധ
കണ്ണീര്‍ നിറഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമാ സൂര്യനെപ്പാവമാം
ഭൂമിയെപ്പോല്‍ വലംവച്ച രാധ
ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തേടലാകുന്നു ജന്‍മം.
വരണ്ടുകിടക്കുന്ന ഭൂമി പോലെ സ്നേഹത്തിന്റെ മഴ സ്വപ്നം കാണുന്ന ഹൃദയമാണ് രാധയുടേത്, മീരയുടേത്. സ്നേഹം സ്വപ്നം മാത്രമാകുന്ന മനസ്സുകളുടെ പ്രതിനിധികളാണവര്‍. ഒരിറ്റു മഴ പോലും വീഴാത്ത മരുഭൂമിയാണവരുടെ മനസ്സ്. എങ്കിലും ഏതു മരുഭൂമിക്കും മിന്നലണിഞ്ഞ കാര്‍മേഘത്തെ സ്വപ്നം കാണാനവകാശമുണ്ടല്ലോ. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ‘കൃഷ്ണ, നീയെന്നെയറിയില്ല’ എന്ന കവിത.
കൃഷ്ണ, നീയറിയുമോ എന്നെ എന്ന് ആലംബമറ്റ് ചോദിക്കുന്ന ഗോപിക, തന്നെ കൃഷ്ണന്‍ ഒരിക്കലും തിരിച്ചറിയില്ല എന്ന ബോധ്യം മനസ്സില്‍ പേറുന്നവളാണ്; എന്നാല്‍ കൃഷ്ണ പ്രണയത്താല്‍ ഉരുകിത്തിളയ്ക്കുന്നവളും. സദാസമയവും കൃഷ്ണന്റെ രൂപം മനസ്സില്‍ വച്ചാരാധിക്കുന്ന പാവവും. ഇവിടെയമ്പാടി തന്നൊരു കോണില്‍ എന്ന ആദ്യത്തെ വരി മുതല്‍ നിറയുന്നത് ആരോരുമല്ലാത്ത ഒരു പാവം മാനവഹൃദയത്തിന്റെ അടങ്ങാത്ത തേങ്ങലാണ്. മറ്റു ഗോപികമാരെല്ലാം കൃഷ്ണനെ പിന്തുടരുകയും അദ്ദേഹത്തിനു ചുറ്റും ആലോലമാലോലമിളകി ആടിയുലയുകയും ചെയ്യുമ്പോള്‍ വീട്ടില്‍ ഒരിക്കലും തീരാത്ത ജോലികളില്‍ മുഴുകി കഴിയുകയാണ് കവിതയിലെ ഗോപിക. നൃത്തം ചെയ്യാന്‍ അവര്‍ പോയിട്ടില്ല. പ്രണയ പരിഭവങ്ങള്‍ കാമുകന്റെ കാതില്‍ ഓതിയിട്ടില്ല. ഒരാള്‍ക്കൂട്ടത്തിലും ഒരിക്കലും ചെന്നുനിന്നിട്ടുമില്ല. അതുകൊണ്ടാണ് അവര്‍ ഓരോ ശ്വാസത്തിലും നീയെന്നെയറിയുമോ എന്ന് കരച്ചില്‍പോലുള്ള സ്വരത്തില്‍ ചോദിക്കുന്നതും. മഥുരയ്ക്ക് കൃഷ്ണന്‍ യാത്രയാകുമ്പോള്‍പോലും യാത്രയാക്കാന്‍ കൂട്ടംകൂടിയവരില്‍ ഗോപികയില്ല. അവര്‍
വീട്ടിലാണ്. വീട്ടിലെ നൂറുകൂട്ടം പണികളില്‍ ജന്‍മം തന്നെ തളച്ച പാവം. കൃഷ്ണനെ തനിക്ക് ഒന്നു കാണാന്‍പോലുമാകുന്നില്ലല്ലോ എന്നു പരിതപിക്കുന്ന ആ ഗോപികയുടെ വീടിനു മുന്നില്‍ ഒടുവില്‍ രഥം നില്‍ക്കുന്നു. കരുണയാല്‍ ആകെ തളര്‍ന്ന, ദിവ്യമായ മുഖം ആരോരുമറിയാത്ത ഗോപികയ്ക്കു നേരേ തിരിയുന്നു- കൃഷ്ണ നീയറിയുമോ എന്നെ.... എന്ന ചോദ്യത്തില്‍ സ്വന്തം പ്രണയം തിരിച്ചറിയപ്പെടുമോ എന്നു സങ്കടപ്പെടുന്ന എല്ലാ ഹൃദയങ്ങളുടെയും നിസ്സഹായതയുണ്ട്. യഥാര്‍ഥ പ്രണയം തിരിച്ചറിയപ്പെടും എന്ന ആശ്വാസവും ആത്മവിശ്വാസവുമുണ്ട്.
രാവിതുമായും, വീണ്ടും
പുലരി ചിരിച്ചെത്തും
പാഴ്മഞ്ഞിന്‍ പുറകിലായ്
പൂക്കാലമല്ലേ ദേവീ
എന്ന ശുഭപ്രതീക്ഷ മറ്റു കവിതകളിലും കവയത്രി പങ്കുവച്ചിട്ടുണ്ട്.
കാരണമറിയാത്ത വേദന ഉള്ളില്‍ പേറുമ്പോഴും, എന്തിനോ ഉഴറുന്ന മനസ്സ് നീറിനില്‍ക്കുമ്പോഴും, വിടരാന്‍ കൊതിക്കുന്ന പ്രഭാതത്തിന്റെ നിറവും നിനവും പൂത്തുനില്‍ക്കുന്നുണ്ട് സുഗതകുമാരിക്കവിതകളില്‍. ആ കവിതകളോട്, ആര്‍ദ്രമായ ആ മനസ്സിനോട് ‘ ഗോപികാദണ്ഡക’ ത്തില്‍ അയ്യപ്പപ്പണിക്കര്‍ എഴുതിയതില്‍ കൂടുതലൊന്നും എഴുതാനുമില്ല.
അറിയുന്നു ഗോപികേ നിന്നെ ഞാന്‍, നീ നിന്നെ അറിയുന്നതേക്കാളുമധികമായ്....
നീയില്ലയെങ്കില്‍, നിന്‍ വ്രതഭക്തിയില്ലെങ്കില്‍
ഈ ശ്യാമകൃഷ്ണന്‍ വെറും കരിക്കട്ട
എന്നറിയുന്നു ഞാന്‍ വീണ്ടുമറിയുന്നു ഞാന്‍...
എന്നു മറുപടി പറയുന്നതു മലയാളമാണ്; കൈരളിയാണ്. അതുതന്നെയാണ് സുഗതകുമാരിക്കവിതകള്‍ക്ക് നല്‍കാവുന്ന ഏറ്റവും ധന്യമായ കൃതജ്ഞതയും.
English Summary: Sugathakumari's poems with love as a theme