ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെപ്പറ്റി ആരോടും പറയരുത്

ezhuthumesha-1
SHARE

പോയ വർഷം വായിച്ച മികച്ച പുസ്തകങ്ങളുടെ പട്ടിക തയാറാക്കണം എന്നോർത്തിരുന്നു. പക്ഷേ ഇതേ കോളത്തിൽ പിന്നോട്ടു പോയാൽ പലപ്പോഴായി ഞാൻ രസിച്ച പുസ്തകങ്ങൾ പരാമർശിച്ചിട്ടുണ്ട് അതിലുള്ളതും ഇല്ലാത്തതും നോക്കി പട്ടികയുണ്ടാക്കാൻ വയ്യ. മറ്റൊരു കാര്യം സ്വകാര്യപ്രശ്നമാണ്. പൊതുവേ എന്റെ ഇഷ്ടങ്ങളെപ്പറ്റി പറയുമ്പോൾ സങ്കോചമുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വായന ഞാൻ കുറേക്കാലത്തേക്ക് ഏറ്റവും സ്വകാര്യമായി കൊണ്ടുനടന്ന് ആനന്ദിക്കാറുണ്ട്. ആരോടും പറയാതെ. ഈ എഴുത്തുകാരനെ അല്ലെങ്കിൽ എഴുത്തുകാരിയെ ഞാൻ മാത്രമേ വായിച്ച് ആസ്വദിച്ചിട്ടുള്ളു എന്ന മിഥ്യയിൽ സ്വയം മറന്ന്. വലിയ രസമുള്ള കാര്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത് രഹസ്യമായി കൊണ്ടുനടക്കുകയെന്നത്. ഇതിനർഥം അതേപ്പറ്റി ഒരിക്കലും പറയില്ലെന്നല്ല. പുതിയ ഇഷ്ടം വരുന്നതു വരെ അതു രഹസ്യമായി തുടരും

ഈ വർഷം പലപ്പോഴായി പലരും നല്ല വായനയ്ക്കായുള്ള ശുപാർശകൾ തേടിയിരുന്നു. ഈ വിഷയത്തിൽ, പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പു രീതിയിൽ തിയറി ഒന്നുമില്ല. നല്ലതെന്നു കേൾക്കുന്ന എന്തും പരീക്ഷിക്കുന്ന ആളാണു ഞാൻ. മിക്കവാറും വായനയ്ക്കിടെ ചില സൂചനകൾ വച്ചാണു ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു തിരഞ്ഞുപോകാറുള്ളത്. 

കയ്യിൽക്കിട്ടുന്നതു വായിക്കുകയാണു പ്രായോഗികം. തനിക്കു വായിക്കാൻ യോഗ്യമായ പുസ്തകം വരുന്നതുവരെ കാത്തിരിക്കാമെന്നു കരുതുന്നത് ഉചിതമല്ല. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ വായനയിൽ അമിതമായി ഇടപെടരുത്. അവർക്കുമേൽ ഗംഭീരമെന്നു നാം കരുതുന്ന അഭിരുചി അടിച്ചേൽപിക്കരുത്. നമ്മളുടെ ആശയങ്ങളിൽ മറ്റുള്ളവർക്ക് ഒരു കാര്യവുമില്ല. എന്നാലും മനുഷ്യർ ചിൽഡ്രൻസ് ലിറ്ററേച്ചർ തിരഞ്ഞു നടക്കുന്നത് അവസാനിപ്പിക്കില്ല. 

നല്ല പുസ്തകത്തിനു പ്രായഭേദമില്ല എന്നാണ് എന്റെ അനുഭവം എങ്കിലും കുട്ടികൾ ലൈബ്രറിയിൽ ചെല്ലുമ്പോൾ ചില പുസ്തകങ്ങൾ അവർക്കു കൊടുക്കാറില്ല. കുട്ടികൾ പക്ഷേ അതും സംഘടിപ്പിച്ചു വായിക്കും. അതിനാൽ നിയന്ത്രണങ്ങൾ നമ്മുടെ ഒരു സമാധാനത്തിനു കൊണ്ടുനടക്കാമെന്നേയുള്ളു. എന്റെ മാതാപിതാക്കൾ ഞാൻ വായിക്കുന്നത് എന്താണെന്ന് ഒരിക്കലും അന്വേഷിച്ചിരുന്നില്ല. പക്ഷേ ശിക്ഷണം വേണ്ടത്ര കിട്ടാത്തതുകൊണ്ടാവാം ചിലപ്പോൾ വേണ്ടത്ര സാഹിത്യസംസ്കാരം എനിക്കില്ല എന്നു തോന്നാറുണ്ട്. ചില ശ്ളോകങ്ങൾ അറിയില്ല. കഥകളി ശീലമില്ല. വൃത്തം വശമില്ല. അങ്ങനെ ചില പോരായ്മകൾ ഉണ്ട്. 

ഞാൻ കോളജിൽ പഠിക്കുമ്പോൾ ബഷീറിനെപ്പറ്റി സ്ഥിരമായി പറയുകയും എഴുതുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട എന്റെ പിതാവ്, മലയാളത്തിൽ വേറെയും എഴുത്തുകാർ ഉണ്ട്, കേട്ടോ എന്നൊരു കമന്റ് മാത്രം പറഞ്ഞു രംഗം വിട്ടത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഇടപെടലുകൾ ഇമ്മട്ടിലേ പാടുള്ളു എന്നാണ് എന്റെ അഭിപ്രായം. 

ezhuthumesha-2
ബഷീർ

ചില പുസ്തകങ്ങളുടെ ഭാഷ വായനയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കില്ല. പാലൈസ് പോലെയായിരിക്കും അവ. വായനാക്ഷമത എന്നു നാം പറയുന്ന ഈ വിശേഷം പൊതുവേ കൊള്ളാം എങ്കിലും സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുകയാണെങ്കിൽ, അതു വായനക്കാരെ കാത്തിരിക്കുന്ന കെണി കൂടിയാണ്. ലാളിത്യവും സ്ഥൂലതയും തമ്മിൽ തെറ്റിദ്ധരിക്കുന്നിടത്താണു പ്രശ്നം ഉദിക്കുന്നത്. ചില പുസ്തകങ്ങൾ നാം വായിച്ച് ഉപേക്ഷിക്കും. മറ്റു ചിലതു വായിച്ചു പിന്തുടരും. ഇത് സാഹിത്യത്തിലെ വളരെ പ്രധാനപ്പെട്ട രണ്ടു മാർഗങ്ങളാണ്.

ആർക്കും വായിച്ചുരസിക്കാവുന്ന ഇതരഭാഷാ പുസ്തകങ്ങളെക്കുറിച്ചു പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ നിർദേശിക്കുന്ന എഴുത്തുകാരിൽ ആദ്യം മോപ്പസാങ്ങും ചെക്കോവും ടഗോറും ആണു വരിക. ഏതു പ്രായക്കാർക്കും ചേർന്ന എഴുത്തുകാരാണ് ഇവർ. ഇവരാരും ഇംഗ്ലിഷിലല്ല എഴുതിയതെങ്കിലും പരിഭാഷകളിൽ ഈ എഴുത്തുകാർ അസാധാരണമാംവിധം ഹൃദ്യമാണ്. ലോർക്ക പറഞ്ഞതുപോലെ കാറ്റും പുല്ലും മണ്ണും സംസാരിക്കുന്നതും അറിയാനാവും. ഇവരെ ഇഷ്ടപ്പെടുന്നവരെ ടോൾസ്റ്റോയിയും ദെസ്തോവസ്കിയും ബുദ്ധിമുട്ടിക്കില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യയിലെ ജനപ്രിയ വാരികകളിലാണു ദെസ്തോവസ്കിയുടെ നോവലുകൾ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നത്. വായനാക്ഷമത ഇല്ലെങ്കിൽ അതു സാധ്യമല്ലല്ലോ. 

ezhuthumesha-4

മധ്യകാല ഇംഗ്ലിഷ് ഇപ്പോൾ വായിച്ചുമനസ്സിലാക്കാൻ പ്രയാസമുണ്ടെന്നത് ഒഴിച്ചാൽ ഷേക്സ്പിയറുടെ നാടകാഖ്യാനങ്ങളും വലിയ ഹരമാണുണ്ടാക്കുക. ചെറുപ്പത്തിൽ വായിച്ച മാക്ബത്തിന്റെ അൽബേനിയൻ പരിഭാഷയാണു തന്റെ ഏറ്റവും സ്വാധീനിച്ച പുസ്തകം എന്ന് ഇസ്മായിൽ കദാരെ പറയാനുള്ള കാരണം അതാവാം. കദാരെക്ക് ഇംഗ്ലിഷ് വശമില്ലാത്തതിനാൽ അദ്ദേഹം ഒരിക്കലും ഷേക്സ്പീയർ എഴുതിയ ഭാഷയിൽ മാക്ബത്ത് വായിച്ചതുമില്ല. 

എനിക്കു തോന്നുന്നത്, വായനയിലായും എഴുത്തിലായും നാം നമ്മുടെ instinct വിശ്വസിക്കണമെന്നാണ്. തോന്നുന്നപോലെ ചെയ്യൂ എന്നു പറയുന്നതിന്റെ പൊരുൾ അതാണ്. യുക്തി കൊണ്ടോ സിദ്ധാന്തം കൊണ്ടോ കലയെയും സാഹിത്യത്തെയും വശീകരിക്കാൻ നോക്കിയാൽ അടിതെറ്റാൻ സാധ്യതയുണ്ട്. 

ഇതൊരു പ്രതിവാര എഴുത്തായതിനാൽ

പ്രതിവാര പംക്തികളെക്കുറിച്ചു വിചാരിക്കുമ്പോഴെല്ലാം എന്റെ വിചാരങ്ങളിൽ ആദ്യം വരുന്നത്, ഒരു നോവലിലെ കഥാപാത്രമെഴുതിയ പംക്തിയാണ്. ഓർഹൻ പമുക്കിന്റെ ദ് ബ്ലാക്ബുക്ക് എന്ന നോവലിൽ ജലാൽ എന്നയാൾ ദിനപത്രത്തിൽ എഴുതുന്ന പ്രതിവാര കോളമാണത്. കോളം പ്രസിദ്ധീകരിക്കുന്ന ദിവസം ഇസ്തംബുളിലെ തെരുവിൽ ആളുകൾ പത്രം വാങ്ങാൻ ക്യൂ നിൽക്കും. ട്രാമിലും ബോട്ടിലുമിരുന്ന് ആളുകൾ ജലാലിന്റെ കോളമാണ് ആദ്യം വായിക്കുക. ഇസ്തംബുളിലെ കല്ലുകൾ പാകിയ പുരാതന നടപ്പാതകളോടു ചേർന്നുള്ള ബെഞ്ചുകളിൽ ഇരുന്നു ജലാലിന്റെ കോളം ചർച്ച ചെയ്യുന്നവരെ കാണാം. ബ്ലാക് ബുക്കിലെ കഥാഗതിയിൽ മിസ്റ്ററിയുടെ കേന്ദ്രം ജലാലാണ്. തന്റെ ഭാര്യയായ റൂയയെ കാണാതായതിന്റെ പരിഭ്രാന്തിയിൽ നിൽക്കുന്ന ഗായപ് എന്ന അഭിഭാഷകൻ അവളുടെ അർധ സഹോദരനായ ജലാലിന്റെ ഫ്ലാറ്റിലെത്തുന്നു. അയാളെയും അവിടെ കാണാനില്ല. ഇരുവരും തിരോധാനം ചെയ്തതായി താമസിയാതെ അയാൾക്കു മനസ്സിലാകുന്നു. ജലാലിന്റെ അപാർട്ട്മെന്റിൽ രഹസ്യമായി പ്രവേശിക്കുന്ന ഗായപ് അയാളുടെ എഴുത്തുമുറിയിലെ കടലാസ്സുകൾക്കിടയിൽ അവരുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും സൂചന കിട്ടുമോ എന്നു തിരയുന്നു. ജലാലിന്റെ ഐഡന്റിറ്റി സ്വീകരിച്ച് തുടർന്നുള്ള ആഴ്ചകളിൽ കോളമെഴുതുന്നത് ഗായപാണ്. 1960 കളിലെ തുർക്കിയിലെ സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തിലുള്ള ബ്ലാക്ക് ബുക്കിലെ മറ്റൊരു സാന്നിധ്യം റൂമിയുടെ മസ്നവിയാണ്. 

ezhuthumesha-3
ഓർഹൻ പമുക്ക്. PHOTO: AFP / OZAN KOSE

പത്രമാസികകളിലെ പംക്തികൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒരു വലിയ ഹരമായിരുന്നു. എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലം കലാകൗമുദി വാരികയുടെ ഐഡന്റിറ്റിയായിരുന്നു. കൃഷ്ണൻനായരുടെ വിയോഗത്തിനുശേഷവും അദ്ദേഹത്തിന്റെ പേരിൽ ആ പംക്തി തുടരുന്നതിന്റെ ഭാവനാപരമായ സാധ്യത ഞാൻ ഒരിക്കൽ സങ്കൽപിച്ചു. നഷ്ടപ്പെട്ടുപോയ മറ്റൊരു കോളം എം.പി. നാരായണപിള്ളയുടേതായിരുന്നു. തന്റെ വിചിത്രമായ ലോജിക് ഉപയോഗിച്ചു സമകാലിക രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതാക്കളെയും സംബന്ധിച്ച് അദ്ദേഹം ആഴ്ച തോറും വ്യത്യസ്തമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. 

കഴിഞ്ഞ നൂറ്റാണ്ടിലെ സാംസ്കാരിക മണ്ഡലങ്ങളിൽ അച്ചടിമാധ്യമങ്ങളിലെ പംക്തികൾക്ക് ഉണ്ടായിരുന്ന മാസ്മരികത ഇപ്പോൾ നഷ്ടമായിട്ടുണ്ട്. 

പക്ഷേ നോവൽ വായനയ്ക്കിടെ പാമുക്കിന്റെ കഥാപാത്രത്തിന്റെ കോളമെഴുത്ത് ഉണ്ടാക്കിയ ഗൂഢമായ അനുഭൂതികൾ മാഞ്ഞുപോയിട്ടില്ല. ജലാലിന്റെ അപ്പാർട്ട്മെന്റിൽ രാത്രിതോറും ഗായപ് ഇരുന്നെഴുതുന്നത് ജലാലോ റൂയയോ എപ്പോഴെങ്കിലും മടങ്ങിവരുമെന്നു കരുതിയാണ്. ആ കാത്തിരിപ്പിനിടെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കാനുള്ള ത്വരയിൽനിന്നാണ് എഴുത്ത് ഉണ്ടാകുന്നത്. അതിലൂടെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്നും തോന്നും. ഓരോ ആഴ്ചയിലും എവിടെയോ ഇരിക്കുന്ന ഒരു വ്യക്തിക്കു മാത്രം മനസ്സിലാകുന്ന ചില കോഡുകൾ ഈ എഴുത്തിൽ സംഭവിക്കുന്നുണ്ടെന്നാണു ഗായപ് വിചാരിക്കുന്നത്. ജലാൽ എഴുതിയതിൽ തനിക്കുള്ള സിഗ്നലുകൾ അയാൾ തിരയുന്നു. ഇസ്തംബുൾ നഗരം തന്നെയും അടയാളങ്ങളുടെ വലിയ ഒരു ഗാലക്സിയായി മാറുന്നതാണു നാം അപ്പോൾ കാണുന്നത്.

എഴുതാനുള്ള വ്യഗ്രത കൊണ്ട് നോക്കുമ്പോൾ കണ്ണാടിയിൽ കാണുന്നത് എഴുതാതിരിക്കാനുള്ള സമ്മർദത്തിന്റെ പ്രതിബിംബമാണ്. ചില വാക്യങ്ങൾ എഴുതി മായ്ക്കുന്നു. അടുത്ത ക്ഷണം പുതിയ വാക്യങ്ങൾ വരുന്നു. ഒന്നും എഴുതാത്ത ജീവിതം ഒരിക്കൽ ഞാൻ സങ്കൽപിച്ചിരുന്നു. അതു ഭയാനകവും വേദനാജനകവുമായി തോന്നി. ഒരു മനുഷ്യന്റെ അഹന്തയെ വിലാപങ്ങളായി മാറ്റുകയാണു ഭാഷ ചെയ്യുന്നത്. ഓസ്ട്രിയൻ ജേണലിസ്റ്റും നോവലിസ്റ്റുമായ ജോസഫ് റോത്ത് പാരിസ് നഗരത്തിൽ താമസിച്ച് വിവിധ പത്രമാസികകൾക്കു കോളമെഴുതിയാണു ജീവിച്ചത്. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കാത്ത അലയുന്ന ജൂതനായിരുന്നു അയാൾ. സ്ഥിരമായി ഹോട്ടൽ മുറികളിൽ താമസിക്കാനായിരുന്നു ഇഷ്ടം. ഹോട്ടൽമുറിയിലെ വാസങ്ങളെക്കുറിച്ചു മാത്രം റോത്ത് വിശദമായി എഴുതിയിട്ടുണ്ട്. പാരിസ് നഗരം ഉണർത്തിയ അപാരമായ അടുപ്പത്തിന്റെ വിവശതകളെപ്പറ്റി റോത്ത് എഴുതിയ ലേഖനങ്ങൾ വൈറ്റ് സിറ്റീസ് എന്ന പേരിലാണു പിന്നീടു പ്രസിദ്ധീകരിച്ചത്. 

English Summary: English Summary : Ezhuthumesha Column written by Ajay P Mangattu, Don't tell others about your favourite book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;