ADVERTISEMENT

ക്രിസ്മസ് ട്രീയിൽ കുടുങ്ങി വൈറലായ കുഞ്ഞിമൂങ്ങ ഇനി കുട്ടിപ്പുസ്തകത്തിലെ നായിക. ന്യൂയോർക് സിറ്റിയിലെ കൂറ്റൻ ക്രിസ്മസ് ട്രീയിലകപ്പെട്ടു പ്രശസ്തയായ റോക്കി എന്ന പെൺമൂങ്ങയാണ് കുട്ടികൾക്കുള്ള പുതിയ ക്രിസ്മസ് പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമാകുന്നത്. ഭാവനാസമ്പന്നമായ കഥ വായനക്കാരിലേക്ക് എത്തുന്നതു പദ്യ രൂപത്തിൽ. അമേരിക്കൻ എഴുത്തുകാരനായ ട്രോയ് കോളോയാണ് ‘റോക്ക്ഫെല്ലർ ദ് ക്രിസ്മസ് ഔൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച കഥാപുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

 

റോക്കിയുടെ കഥ ക്രിസ്മസിനെ വരവേൽക്കുന്ന ന്യൂയോർക്കിന്റേതു കൂടിയാണ്. ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സെന്ററിൽ എല്ലാ വർഷവും നടക്കാറുള്ള വർണ്ണശബളമായ ക്രിസ്മസ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണമാണ് നോർവേ സ്പ്രൂസ് ഇനത്തിലുള്ള ക്രിസ്മസ് ട്രീ. കുന്നുകളുടെ നഗരമായ ഒനോന്റയിൽ നിന്നുമെത്തിക്കുന്ന വമ്പൻ പൈൻ മരം. ഈ വർഷത്തെ ആഘോഷങ്ങൾക്കായി റോക്ക് ഫെല്ലറിലെത്തിച്ച 75 അടി ഉയരമുള്ള മരത്തിന്റെ ചില്ലയിലാണു കള്ളവണ്ടി കയറിയ മൂങ്ങ കുടുങ്ങിയത്. മൂന്നു ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ ക്ഷീണിച്ചവശയായ പക്ഷിയെ കണ്ടെത്തിയത് ട്രീയിൽ അലങ്കാരപ്പണികൾ നടത്തിയ ജോലിക്കാരുടെ കൂട്ടം. സമൂഹ മാധ്യമങ്ങളിൽ അതിവേഗം തരംഗമായ വാർത്താതാരത്തെ സശ്രദ്ധം രക്ഷപ്പെടുത്തുകയായിരുന്നു. റോക്ക്ഫെല്ലർ സെന്ററിൽ വിരുന്നെത്തിയ അതിഥിയ്ക്കു റോക്ക്ഫെല്ലർ എന്നു പേരും വീണു. റോക്കിയെന്നു വിളിക്കുന്ന റോക്ക്ഫെല്ലർ ഇപ്പോഴുള്ളത് റാവൻസ്‌ബേർഡ് വന്യജീവിസംരക്ഷണ കേന്ദ്രത്തില്‍. 

 

വാർത്ത വൈറലായ ഉടൻ റോക്കിയുടെ കഥ പുസ്തകമാക്കാൻ തീരുമാനിക്കുകയായിരുന്നു കോളോ. റോക്ക്ഫെല്ലർ സെന്ററിലേക്കു റോക്കിയെ എത്തിച്ച സാഹചര്യങ്ങളിലാണു കഥയുടെ തുടക്കം. അച്ഛൻ മൂങ്ങയും അമ്മ മൂങ്ങയുമടങ്ങുന്ന കുടുംബത്തിൽ നിന്നു യാദൃശ്ചികമായി വേർപെട്ട റോക്കി, ഡിസംബർ മഞ്ഞു വീണ, ദീപാലംകൃതമായ ന്യൂയോർക്ക് നഗരം ചുറ്റിക്കറങ്ങുന്നു. എങ്ങോട്ടെന്നില്ലാതെയുള്ള യാത്രയ്ക്കിടെ കിട്ടിയ കൂട്ടുകാരിൽ നീട്ടിവളർത്തിയ വെളുത്ത താടിയും തോളിൽ ഭീമൻ സഞ്ചിയും കയ്യിൽ വടിയുമുള്ള ഒരു കുടവയറനുമുണ്ട്.  സാന്താ അപ്പൂപ്പൻ. സാഹസിക സഞ്ചാരത്തിനൊടുവിൽ സാന്തായുടെ സഹായത്തോടെ ക്രിസ്മസ് ദിവസം റോക്കി തിരികെ വീട്ടിൽ. മൂങ്ങാക്കൂട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭാവനയ്ക്കു വിട്ടു കഥ അവസാനിക്കുമ്പോൾ കുട്ടിവായനക്കാരിലൊരുചിരി വിടരും; സ്നേഹത്തിന്റെയും  സന്തോഷത്തിന്റെയും ക്രിസ്മസ് ചിരി.

 

കുരുക്കൊഴിഞ്ഞെങ്കിലും കൂടണഞ്ഞിട്ടില്ലാത്ത റോക്ക്ഫെല്ലറിന്റെ കഥ ബാക്കിയാണ്. ആരോഗ്യം വീണ്ടെടുത്താലുടൻ തന്നെ മൂങ്ങയെ റാവൻസ്‌ബേർഡ് വന്യജീവികേന്ദ്രത്തിൽ നിന്നു സ്വതന്ത്രയാക്കാനാണു തീരുമാനം. കഥയിലേതു പോലെ ക്രിസ്മസെത്തും മുമ്പു പ്രിയപ്പെട്ടവരുടെ അടുക്കലേയ്ക്കു റോക്കിയ്ക്കു മടങ്ങിച്ചെല്ലാനാകുമെന്നാണു പ്രതീക്ഷ. സാന്താ കനിഞ്ഞാൽ സർവ്വം ശുഭം.

 

English Summary: Rockefeller The Christmas Owl Book by T Troy Kolo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com