ഒന്നിലും ഒരാനന്ദവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ...

subhadinam-what-does-it-mean-to-live-a-happy-life
SHARE

ഒരിക്കലൊരു മാലാഖയ്ക്കു മനുഷ്യരെ പരിചയപ്പെടണമെന്നു തോന്നി. ഭൂമിയിലെത്തിയപ്പോൾ കണ്ട ആദ്യ മനുഷ്യന് മാലാഖ തന്റെ ദിവ്യശക്തി ഉപയോഗിച്ച് ഒരു കല്ലു സ്വർണമാക്കി നൽകി. ‘ഒരു കല്ലുകൂടി സ്വർണമാക്കിത്തരുമോ?’ – മനുഷ്യൻ ചോദിച്ചു. മാലാഖ ഒന്നും മിണ്ടാതെ മുന്നോട്ടുനീങ്ങി. മറ്റൊരു മനുഷ്യനെ കണ്ടു. അയാൾക്കും ഒരു കല്ലു സ്വർണമാക്കി നൽകി. ‘എനിക്ക് ആ പാറക്കെട്ടു സ്വർണമാക്കി നൽകാമോ?’ – അയാൾ ചോദിച്ചു. അവിടന്നും സ്ഥലം വിട്ട മാലാഖ യാത്രയ്ക്കിടെ മറ്റൊരാളെ കണ്ടു. ഒരു കല്ലു സ്വർണമാക്കി നൽകി. അയാൾ ഒന്നും മിണ്ടിയില്ല. അത്യാഗ്രഹിയല്ലെന്നു കണ്ട് മാലാഖ ഒരു സ്വർണക്കല്ലു കൂടി നൽകി. അപ്പോൾ അയാൾ ചോദിച്ചു – കല്ലു സ്വർണമാക്കുന്ന വിദ്യ പഠിപ്പിക്കാമോ?

സംതൃപ്തമാകാത്ത മനസ്സ് സമ്പാദ്യങ്ങൾ തേടി അലഞ്ഞുകൊണ്ടിരിക്കും. പുറത്തുനിന്നു ലഭിക്കുന്ന നേട്ടങ്ങളിലാണ് ജീവിതത്തിന്റെ ഉള്ളടക്കമെന്നു തെറ്റിദ്ധരിക്കുന്നവർക്ക് സമൃദ്ധിയിലൂടെ സമാധാനം കിട്ടില്ല. മനസ്സ് എന്തിലെങ്കിലും തൃപ്തമാകണം; എവിടെയെങ്കിലും സ്വസ്ഥമാകണം. ഒന്നിലും ഒരാനന്ദവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെ സ്വന്തമായ താളം കണ്ടെത്താൻ ബുദ്ധിമുട്ടും. ആഗ്രഹങ്ങളുടെ അടിമകളായവർ അനഭിലഷണീയ വഴികളിലൂടെയും അവയ്ക്കു പിന്നാലെ സഞ്ചരിക്കും.

സൗജന്യമായി ഇര ലഭിക്കുന്നതിനെക്കാൾ നല്ലത് സ്വയം ഇരപിടിക്കാൻ പഠിക്കുന്നതാണ്. പക്ഷേ, ഉപജീവനത്തിനു വേണ്ടി ഇരപിടിക്കുന്നതും ഉള്ളതു മുഴുവൻ സ്വന്തമാക്കാൻ ഇറങ്ങുന്നതും തമ്മിൽ മനോഭാവത്തിലും ഉദ്ദേശ്യത്തിലും വ്യത്യാസമുണ്ട്. വരം സമ്പാദിക്കുന്നവർക്കു പങ്കുവയ്ക്കാനുള്ള വകതിരിവു കൂടി ഉണ്ടാകുമ്പോഴാണ് പ്രാഗല്ഭ്യം പ്രയോജനകരമാകുന്നത്. ഒരു നിമിഷത്തെ അദ്ഭുതം കൊണ്ട് ജീവിതം മാറാൻ കാത്തിരിക്കുന്നവരെല്ലാം സ്വന്തം സാധ്യതകൾ തിരിച്ചറിയാതെ തുരുമ്പെടുത്തു തീരുകയേയുള്ളൂ.

English Summary : Subhadinam - What does it mean to live a happy life?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;