ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടിനാൽ നട്ടംതിരിഞ്ഞപ്പോൾ അയാൾ തന്റെ സുഹൃത്തിനെ സമീപിച്ചു. സുഹൃത്തു നൽകിയ 500 രൂപയുമായി പുറത്തിറങ്ങിയപ്പോൾ ഒരു യാചകസ്ത്രീയെ കണ്ടു. അവരുടെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ചോദിച്ചു: ഒരു ദിവസം ഭിക്ഷയെടുത്താൽ എത്ര രൂപ കിട്ടും? അവർ പറഞ്ഞു, പത്തു രൂപ! ‘ഞാനൊരു 500 രൂപ തന്നാൽ നിങ്ങൾക്കു കുറച്ചു ദിവസം ഭക്ഷണം കഴിക്കാൻ തികയില്ലേ?’ സന്തോഷം കൊണ്ട് അവർ കരയാൻ തുടങ്ങി. സുഹൃത്തു നൽകിയ പണം ആ സ്ത്രീക്കു നൽകി അയാൾ നടന്നകന്നു.

വിരലുകൾ നഷ്ടപ്പെട്ടവന്റെ ദുഃഖം കൈകൾ നഷ്ടപ്പെടുന്നവനെ കാണുന്നതുവരെ മാത്രമാണ്. ആ കാഴ്ചയിൽ അയാൾ തന്റെ നഷ്ടപ്പെടാത്ത കൈകളെയോർത്തു കൃതാർഥനാകും. നഷ്ടങ്ങളും നേട്ടങ്ങളും ആപേക്ഷികമാണ്. താരതമ്യങ്ങൾക്കനുസരിച്ച് നഷ്ടം നേട്ടവും നേട്ടം നഷ്ടവുമാകും. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാൻ കഴിയാത്തവർ അകലെയുള്ള ആനന്ദാനുഭൂതികൾ തേടിയിറങ്ങും. ആ യാത്രയിലാകും തന്നെക്കാൾ ദുരവസ്ഥയിൽ കഴിയുന്നവരുടെ നേർച്ചിത്രം വ്യക്തമാകുക.

മറ്റുള്ളവരുടെ സാഹചര്യങ്ങൾ കണ്ടറിയുമ്പോൾ മാത്രം സ്വന്തം അവസ്ഥയെ ബഹുമാനിക്കുന്നവർക്ക് ഒരിക്കലും ആത്മസംതൃപ്തിയുണ്ടാകില്ല. എന്നും പരിഭവങ്ങളുടെയും പരാതികളുടെയും ലോകത്തായിരിക്കും അവരുടെ ജീവിതം. ഉള്ളതുകൊണ്ടു ജീവിക്കാൻ അറിയുന്നവർക്കു മാത്രമേ, നഷ്ടങ്ങൾക്കിടയിലും പിടിച്ചുനിൽക്കാൻ കഴിയൂ.

സമ്പന്നതയിൽനിന്നും ആധിക്യത്തിൽനിന്നും ആർക്കും ഒന്നും നൽകാൻ കഴിയില്ല. ‘സമ്പാദിച്ചതു മതി’ എന്ന് സംതൃപ്തരാകുന്ന ആരും ഉണ്ടാകില്ല. ഇനിയും വേണം എന്ന വരുമാന ചിന്തകളിലൂടെയാകും ഭൂരിഭാഗം പേരുടെയും യാത്ര. നൽകാൻ തയാറാകുന്നവർ തങ്ങളുടെ ഇല്ലായ്മയിൽനിന്നു നൽകുന്നവരാണ്. ഒന്നുമില്ലാത്തവരായിരിക്കും എല്ലാം ഉള്ളവരെക്കാൾ നൽകാൻ മനസ്സു കാണിക്കുന്നത്. ഇതുംകൂടി കൊടുത്താൽ ഇനിയൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിട്ടും കൊടുക്കാൻ തയാറാകുന്നവരെ വിളിക്കേണ്ട പേരാണ് രക്ഷകർ.

English Summary : Subhadinam - The Joy of Giving: The more you give, the more you receive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com