കാറ്റിന്റെ ദിശയ്ക്കനുസരിച്ചു സ്വഭാവമാറ്റം വരുത്തുന്നവരെ ആരു വിശ്വസിക്കാൻ?

subhadinam-faithfulness-and-loyality
SHARE

വ്യാപാരി ചന്തയിൽനിന്ന് ഏറ്റവും നല്ല കുതിരയെ നോക്കി വാങ്ങി. വീട്ടിലെത്തി വേലക്കാരൻ പരിശോധിച്ചപ്പോൾ ജീനിക്കുള്ളിൽ നിറയെ രത്നങ്ങൾ! അയാൾ സന്തോഷത്തോടെ വിവരം വ്യാപാരിയോടു പറഞ്ഞെങ്കിലും അദ്ദേഹം സന്തോഷിച്ചില്ല. വേലക്കാരന്റെ വാക്കുകൾ അവഗണിച്ച് വ്യാപാരി അവ കുതിരവിൽപനക്കാരനു തിരിച്ചു നൽകാൻ തീരുമാനിച്ചു. ചന്തയിലെത്തി അവ കൈമാറിയപ്പോൾ വിൽപനക്കാരനു സന്തോഷമായി. പകരം, ഇഷ്ടമുള്ള ഒരു രത്നം എടുത്തുകൊള്ളാൻ അയാൾ വ്യാപാരിയോടു പറഞ്ഞു. പലതവണ നിർബന്ധിച്ചപ്പോൾ വ്യാപാരി പറഞ്ഞു – ഈ സഞ്ചി ഇവിടെ എത്തിച്ചപ്പോൾ ഞാൻ എന്റേതായി രണ്ടു രത്നങ്ങൾ സൂക്ഷിച്ചിരുന്നു. പരിഭ്രാന്തനായ വിൽപനക്കാരൻ രത്നങ്ങൾ മുഴുവൻ പരിശോധിച്ചു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു മനസ്സിലായ അയാൾ അദ്ഭുതത്തോടെ ചോദിച്ചു – ഏതു രത്നങ്ങളാണു നിങ്ങൾ സൂക്ഷിച്ചത്? വ്യാപാരി പറഞ്ഞു – സത്യസന്ധതയും ആത്മാഭിമാനവും.

ഒരാൾ തനിക്കു നൽകിയിരിക്കുന്ന വിലയെന്തെന്ന് അറിയാൻ അയാൾ നടത്തുന്ന വിട്ടുവീഴ്ചകൾ പരിശോധിച്ചാൽ മതി. എല്ലാ സന്ധിചേരലിലും സ്വന്തമെന്നു കരുതുന്ന ചില കാര്യങ്ങൾ പണയം വയ്ക്കേണ്ടി വരും. എന്തിനുവേണ്ടി പണയം വയ്ക്കുന്നു എന്നതും എന്തു പണയം വയ്ക്കുന്നു എന്നതും കൂട്ടിച്ചേർത്തു വായിക്കുമ്പോൾ മതിപ്പുവില തെളിയും. പണത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും ഒത്തുതീർപ്പുകൾക്കു തയാറാകുന്നവർക്ക് താങ്ങുവില പോലും ഉണ്ടാകില്ല. കാറ്റിന്റെ ദിശയ്ക്കനുസരിച്ചു സ്വഭാവമാറ്റം വരുത്തുന്നവരെ ആരു വിശ്വസിക്കാൻ? ചില കാര്യങ്ങൾ നേടുന്നതു കൊണ്ട് വില നഷ്ടപ്പെടുകയേയുള്ളൂ; ചില കാര്യങ്ങൾ നഷ്ടപ്പെടുത്തിയാൽ വില കൂടുകയും ചെയ്യും. പ്രലോഭനങ്ങളോടുള്ള പ്രതികരണം വ്യക്തിയുടെ മൂല്യമളക്കും. ഒരാളുടെ സ്വഭാവദാർഢ്യമറിയാൻ അയാൾ എന്തിലാണ് മയങ്ങിവീഴുന്നത് എന്നറിഞ്ഞാൽ മതി. സ്വന്തം ദൗർബല്യങ്ങളെ മറികടക്കുക എന്നതാണ് വില നഷ്ടപ്പെടാതെ ജീവിക്കാനുള്ള എളുപ്പവഴി. 

English Summary : Subhadinam - The Importance of Faithfulness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;