ADVERTISEMENT

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു – ഒരാൾ എപ്പോഴാണ് തന്റെ തെറ്റുകളെക്കുറിച്ച് അനുതപിക്കേണ്ടത്? ഗുരു പറഞ്ഞു: മരിക്കുന്നതിന്റെ തലേന്ന്. ശിഷ്യന്റെ സംശയം തീർന്നില്ല – അതിന് നമ്മൾ എപ്പോൾ മരിക്കുമെന്ന് എങ്ങനെ അറിയും? ഗുരു പറഞ്ഞു: അതറിയില്ലെങ്കിൽ പിന്നെ ഒറ്റ മാർഗമേയുള്ളൂ; എപ്പോഴും അനുതപിക്കുക!

ചെയ്ത തെറ്റിനെക്കാൾ വലിയ തെറ്റാണ് ചെയ്തതിനെക്കുറിച്ചു വീണ്ടുവിചാരമില്ലാതിരിക്കുക എന്നത്. ആദ്യ തെറ്റു സ്വാഭാവികം; ആവർത്തിക്കപ്പെടുന്ന തെറ്റു മനഃപൂർവം. അപരാധമാണെന്നറിഞ്ഞിട്ടും തുടരേണ്ടിവരുന്നതാണ് തിരുത്താനാകാത്ത തെറ്റ്. 

തെറ്റിലും ശരിയിലും ആപേക്ഷികത ഉണ്ടാകാം. അതു കണ്ടെത്തണമെങ്കിൽ പോലും പ്രവൃത്തികളെക്കുറിച്ചു വിചിന്തനം നടത്തണം. സ്വന്തം ശരികളും അപരന്റെ തെറ്റുകളും കണ്ടെത്താനുള്ള സ്വാഭാവിക പ്രവണതയ്ക്കിടയിൽ സ്വന്തം തെറ്റുകളെക്കുറിച്ചു ചിന്തിക്കണമെങ്കിൽ പോലും അസാധാരണ ധൈര്യം വേണം. തിരുത്താനും തിരിച്ചുവരാനും അതിലധികമായ ഇച്ഛാശക്തിയും ഉണ്ടാകണം.

പശ്ചാത്താപം മാത്രമേ പ്രായശ്ചിത്തത്തിലേക്കു നയിക്കൂ. ഉള്ളുരുകുമ്പോൾ മാത്രമേ, ഉള്ളം വിശുദ്ധമാകൂ. സ്വയം വിചിന്തനത്തിനും വിലയിരുത്തലിനും എല്ലാവരും തയാറായിരുന്നെങ്കിൽ ആരും ആരെയും കുറ്റപ്പെടുത്താതെ സ്വയം നന്നായേനെ. വാക്കുകളുടെയും പ്രവൃത്തികളുടെയും തത്സമയ അവലോകനം സ്വകാര്യമായെങ്കിലും നടത്താനുള്ള സന്നദ്ധതയിലൂടെയാണ് വിശുദ്ധർ രൂപപ്പെടുന്നത്. 

അന്ത്യനിമിഷം എപ്പോഴെന്നറിഞ്ഞാൽ അവസാന കർമമെങ്കിലും ശ്രേഷ്ഠമാക്കാൻ എല്ലാവരും ശ്രമിച്ചേനെ. എന്നാൽ, അതിലും നല്ലതല്ലേ, അവസാനം എപ്പോൾ വേണമെങ്കിലും ആകാമെന്നു തിരിച്ചറിഞ്ഞ് ഓരോ കർമവും ശ്രേഷ്ഠമാക്കുന്നത്. 

subhadinam-the-importance-of-correcting-mistakes-emoji
Representative Image: Photo Credit : Arun P Sidharthan / Shutterstock,com

ഒരു തെറ്റും ചെയ്തിട്ടില്ല എന്നത് അഹങ്കാരിയുടെ അവകാശവാദമാണ്; ചെയ്ത തെറ്റു തിരുത്തില്ല എന്നത് ദുരഭിമാനികളുടെ ദുർവാശിയും. പിഴവുകൾ മനസ്സിലാക്കാനും മാറ്റം വരുത്താനും തയാറാകുന്നവരെക്കാൾ വലിയവരായി മറ്റാരുണ്ട്? ലോകം ബഹുമാനിക്കാൻ ഒരു വാചകം പറഞ്ഞാൽ മതി – എനിക്കു തെറ്റു പറ്റി, ഞാൻ തിരുത്താം.

English Summary : Subhadinam - The importance of correcting mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com