ADVERTISEMENT

ഏക് ദിൻ കാ സുൽത്താൻ എന്നു കേൾക്കാത്തവരായി പഴയ സുൽത്താന്മാർ മാത്രമേ ഉണ്ടാവൂ. 1945ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി – ഉറുദു സിനിമയുടെ പേരാണത്. മിനർവ മൂവിടോൺ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് സോറബ് മോദി. സുൽത്താൻ ഭരണാധികാരിയാണ്. ഏക് ദിൻ കാ സുൽത്താൻ ഒരേയൊരു ദിവസത്തേക്കുള്ള ഭരണാധികാരി. പഞ്ചായത്ത് രാജ്, നഗരപാലിക എന്നൊക്കെ പേരിട്ട് തദ്ദേശ സ്വയംഭരണം പല തലങ്ങളിൽ നിരന്നപ്പോൾ കേരളത്തിൽ ഏക് ദിൻ കാ സുൽത്താൻ സ്റ്റൈൽ ഭരണം സർവസാധാരണമായി.

കക്ഷികളെയും സ്വതന്ത്രരെയും വിമതരെയുമൊക്കെ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ഭരണത്തിൽ സുൽത്താന്റെ കസേരയിൽ ഇരിക്കുന്നയാൾ കസേര തന്നെ നേരെ ചൊവ്വേ കാണുന്നതിനു മുൻപ് തവണ വ്യവസ്ഥയിൽ മാറുന്നു; മാറിയില്ലെങ്കിൽ മാറ്റുന്നു.ആദ്യത്തെ മൂന്നു മാസം ഒരാൾ. പിന്നത്തെ മൂന്നു മാസം മറ്റൊരാൾ. അതുകഴിഞ്ഞു വീണ്ടുമൊരു നായകൻ. ഒരു വർഷവും അതിൽ കൂടുതലും കിട്ടുന്ന സുൽത്താന്മാർ ഭാഗ്യവാന്മാർ. അവർക്കു സ്വന്തം തദ്ദേശഭരണ മേഖല മുഴുവനൊന്നു കാണാൻ സമയം കിട്ടിയില്ലെങ്കിൽപോലും അധ്യക്ഷക്കസേരയിലെ മൂട്ടയെയെങ്കിലും അടുത്തറിയാൻ അവസരം ലഭിക്കും.

തദ്ദേശ സ്വയംഭരണം ഇങ്ങനെ ആഴ്ച–മാസക്കണക്കിൽ വീതം വയ്ക്കുന്നതുകൊണ്ട് എവിടെയെങ്കിലും ഭരണം മര്യാദയ്ക്കു നടക്കുന്നുണ്ടോ സർ?

പഞ്ചായത്തിന്റെയും നഗരസഭയുടെയുമൊക്കെ എലുകകൾ അധ്യക്ഷനോ അധ്യക്ഷയോ തിരിച്ചറിയും മുൻപു കാലാവധി തീരുന്നു. അടുത്ത ഏക് ദിൻ കാ സുൽത്താൻ കയറിവരുന്നു. അഥവാ സുൽത്താന്റെ സ്ത്രീരൂപം സുൽത്താന. കസേരകളിയിൽ ലിംഗനീതിക്കു മാത്രം തടസ്സമില്ല. ലോകത്ത് ഏറ്റവും കുറഞ്ഞ കാലം ഭരണം നടത്തിയ രാജാവിനെ അപ്പുക്കുട്ടൻ ഓർത്തുപോകുന്നു.

അദ്ദേഹത്തിന്റെ പേര് ഇംഗ്ലിഷിൽ പറഞ്ഞാൽ ലൂയി അന്റോയിൻ. സംഭവം ഫ്രാൻസിലായതിനാൽ ഫ്രഞ്ച് ഭാഷയിൽ പറയുമ്പോൾ പേരിന്റെ രണ്ടാം ഭാഗം ഒന്ത്വൻ എന്നോ മറ്റോ ആകും. നമുക്കു തൽക്കാലം ലൂയി രാജാവ് എന്നു പറയാം.

ഫ്രാൻസിലെ ചാൾസ് പത്താമൻ രാജാവിന്റെ മൂത്ത മകനായിരുന്നു കക്ഷി. 1830ൽ ചാൾസ് രാജാവിനു സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. അപ്പോൾ രാജാധികാരം നമ്മുടെ ലൂയിയുടെ തലയിൽ വന്നുവീണു. കഷ്ടിച്ച് 20 മിനിറ്റേ ലൂയി രാജാവ് സിംഹാസനത്തിലിരുന്നുള്ളൂ. 19 മിനിറ്റ് ആലോചിക്കാനെടുത്തു. 20–ാം മിനിറ്റിൽ സ്ഥാനമൊഴിയുന്ന പ്രഖ്യാപനത്തിൽ ഒപ്പിട്ട് സിംഹാസനം വിട്ടു.അങ്ങനെ, ലൂയി രാജാവ് ഏക് ദിൻ കാ സുൽത്താൻമാരുടെ രക്ഷാധികാരിയായിത്തീർന്നു.

മാസംമാസം പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമൊക്കെ അധികാരം വച്ചുമാറുന്ന ലോക്കൽ ജനാധിപത്യത്തിൽ, നിവൃത്തിയുണ്ടെങ്കിൽ അവർ കസേരയിൽ ഇരിക്കാതിരിക്കുന്നതാണ് നന്ന്. 

പകരം, നമ്മുടെ 20 മിനിറ്റ് കഥയിലെ ബഹുമാനപ്പെട്ട ലൂയിയുടെ ചിത്രം കസേരയിൽ വയ്ക്കാം; ഒരു മാലയിടുന്നതും നന്ന്!

English Summary : Tharagalil Column by Panachi - 2020 Kerala local body elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com