ADVERTISEMENT

ഇന്നസെന്റ് എന്നു കേൾക്കുമ്പോൾ തന്നെ മലയാളികളായ സിനിമാപ്രേമികളുടെ മനസ്സിൽ ഒരു ഇളംചിരി വിടരും. എന്നാൽ ‘ചിരിക്കു പിന്നിൽ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ വായിക്കുമ്പോഴാണ് അഭ്രപാളിയിലെ തമാശകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഇന്നസെന്റിന്റെ യഥാർഥമുഖവും സങ്കടങ്ങളും വായനക്കാരുടെ മുന്നിൽ തെളിയുന്നത്. ഉള്ളുരുകുന്ന കഥകൾ നർമരസത്തോടെ പറയുന്ന ഇന്നസെന്റിനെ ‘എഴുതാത്ത ബഷീർ’ എന്നാണ് ചലച്ചിത്രസംവിധായകനായ സത്യൻ അന്തിക്കാട് വിശേഷിപ്പിക്കുന്നത്. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെപോലെ ജീവിതത്തിലെ അനുഭവതീഷ്ണത ഇന്നസെന്റിന്റെ  കഥപറച്ചിലിൽ പ്രകടമാകുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിശേഷണം. ആത്മകഥ രചനക്കിടെ ഇന്നസെന്റ് പറയുന്നതു നോക്കൂ.

 

literature-channel-athmakathayanam-series-actor-innocent-family
ഇന്നസെന്റ് ഭാര്യ ആലീസിനൊപ്പം

‘അനുഭവക്കുറിപ്പുകളിൽ എന്റെ പരാജിതമായ  ബാല്യകൗമാരങ്ങളുണ്ട്; പലവേഷങ്ങൾ കെട്ടിയുള്ള അലച്ചിലുണ്ട്, അവയ്ക്കിടയിൽ കണ്ടുമുട്ടിയ വിചിത്രരായ മനുഷ്യരും അവരുടെ ജീവിതവുമുണ്ട്. രാഷ്ട്രീയവും  കച്ചവടവും നാടുവിടലും പിട്ടിണിയുമുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള എന്റെ കടന്നുപോകലുണ്ട്. ഇരിങ്ങാലക്കുടയിലെയും ദാവൺഗരെയിലെയും മദിരാശിയിലെയും മനുഷ്യരും കാഴ്ചകളുമുണ്ട്. വഴിനടത്തിയ വെളിച്ചങ്ങളും അനുഭവങ്ങളിൽ നിന്നൂറിയ ദർശനങ്ങളുമുണ്ട്. ഇവയൊക്കെചേർന്നാണ് എന്നെ ഇന്നത്തെ ഇന്നസെന്റാക്കിയത്. ചിരിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ ഇതൊന്നും കണ്ടെന്നു വരില്ല എന്നു പറഞ്ഞ് അദ്ദേഹം ഹൃദയസ്പൃക്കായ ഒരനുഭവം വിവരിക്കുന്നുണ്ട്.

literature-channel-athmakathayanam-series-actor-innocent-image-movie-clip-ramjirao-speeking
റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ നിന്ന്

 

‘റാംജിറാവ് സ്പീക്കിങ് എന്ന സിനിമ റിലീസായ കാലം. ഞാനും ആലീസും മോനും കൂടി തൃശൂരിൽ സിനിമയ്ക്കു കയറി. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾമാത്രം   ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ. ചിരിക്കുപകരം എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണി കിടന്നത്. പരിഹസിക്കപ്പെട്ടത്. ഉടുതുണിക്ക്  മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്.  അതോർത്തപ്പോൾ ആ ഇരുട്ടിൽ, അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്ന് ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ, ആരും  അത് കണ്ടില്ല.’ 

literature-channel-athmakathayanam-series-actor-innocent-image

 

literature-channel-athmakathayanam-series-actor-innocent-image-movie-clip-dr-pashupathi

സിനിമയിൽ അവസരം കിട്ടാനായി അലഞ്ഞുനടന്ന ഇന്നസെന്റ് അനുഭവിച്ച പ്രയാസങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. ഏതു സങ്കടക്കടലിൽ  മുങ്ങിച്ചാകാൻ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയിൽ എനിക്ക് പിടിത്തം കിട്ടാറുണ്ട്. മരണത്തിനും ഭ്രാന്തിനും ഇടയിലെ  കടലിടുക്കുകൾ ഞാൻ കടന്നുപോന്നത് അങ്ങനെയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.  

 

പഠിപ്പിന്റെയും പരീക്ഷയുടെയും ലോകത്ത് എന്നും പിൻബഞ്ചിലായിരുന്നു ഇന്നസെന്റിന്റെ സ്ഥാനം. എല്ലാ ക്ലാസുകളിലും ഏറ്റവും ബുദ്ധികുറഞ്ഞവനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എട്ടാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും ജീവിതാനുഭവങ്ങളുടെ കാര്യത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയതായി ആത്മകഥാ വായനയിൽ ബോധ്യപ്പെടും. സ്കൂൾ പരീക്ഷകളിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ജീവിതത്തിലെ പൊള്ളുന്ന പരീക്ഷണങ്ങളെ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. പഠിപ്പും വരുമാനവുമില്ലാതെ അലഞ്ഞു നടക്കുന്ന കാലത്ത് അദ്ദേഹത്തിനു കൈമുതലായി ഉണ്ടായിരുന്നത് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുമാത്രമായിരുന്നു. ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും  ചെറു സദസ്സുകളിലും ഫലിതം പറഞ്ഞും കേൾവിക്കാർ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കിയും നാളുകൾ നീക്കിയ അദ്ദേഹം ഉപജീവനത്തിനായി പല തൊഴിലുകളും പരീക്ഷിച്ചു. തീപ്പെട്ടി കമ്പനി, സ്റ്റേഷനറി കട, സിമന്റ് ഏജൻസി, വോളിബോൾ ടീം മാനേജർ.. അങ്ങനെ പലതും. 

 

കർണാടകയിലെ ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി ഉടമയായിരുന്ന ഇന്നസെന്റ് അവസാനം കടത്തിൽ മുങ്ങി ആരും അറിയാതെ രാത്രി  നാട്ടിലേക്കു മടങ്ങുകയായിരുന്നു. തീപ്പെട്ടി കമ്പനിയിലേക്കുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ശിവകാശിക്കു പോകുമ്പോഴാണ് മദിരാശിയിലും കോടമ്പാക്കത്തും കറങ്ങുന്നതും സിനിമ തലയ്ക്കു പിടിക്കുന്നതും. ചെറിയ വേഷങ്ങളിലൂടെ  മലയാള സിനിമയിലെ താരമായി വളർന്ന ഇന്നസെന്റ് മഴവിൽക്കാവടി, രാംജിറാവു സ്പീക്കിങ്, കിലുക്കം, ദേവാസുരം, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലർ, മനസ്സിനക്കരെ... തുടങ്ങി എത്രയെത്ര സിനിമകളിലൂടെയാണ് പ്രേക്ഷകരുടെ ഹരമായി മാറിയത്. 

 

മനുഷ്യനിൽ നിന്നും ജീവിതത്തിൽ നിന്നും പഠിക്കാൻ തന്നെ പഠിപ്പിച്ച പിതാവ് തെക്കേത്തല വറീതിനാണ്  ഇന്നസെന്റ് ആത്മകഥ സമർപ്പിക്കുന്നത്. അപ്പനായിരുന്നു അദ്ദേഹത്തിന്റെ വഴിയും വിളക്കും വെളിച്ചവും. ഏതു പ്രതിസന്ധിയേയും  പൊട്ടിച്ചിരിയോടെ നേരിട്ട അപ്പനെ സ്വന്തം ജീവിതത്തിൽ പകർത്തിയപ്പോഴായിരിക്കും ഇന്നസെന്റ് ചിരിയുടെ ആൾരൂപമായത്. ആ ചിരി സിനിമയുടെ രസച്ചരടായത്. ചിരിക്കുപിന്നിലെ കഥകൾ ആസ്വാദ്യകരമായത്.

∙∙∙∙

ഇന്നസെന്റ്

ജനനം: 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിൽ

പിതാവ്: തെക്കേത്തല വറീത്

മാതാവ് : മാർഗലീത്ത

ഭാര്യ : ആലീസ് 

മകൻ : സോണറ്റ്

 

സിനിമാ നടൻ, നിർമാതാവ്, ചാലക്കുടി എംപി എന്നീ നിലകളിൽ പ്രസിദ്ധനാണ് ഇന്നസെന്റ്. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോൺബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. നൃത്തശാലയാണ് അഭിനയിച്ച ആദ്യസിനിമ. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്നു ശത്രു കംബൈൻസ് എന്ന സിനിമ നിർമാണ കമ്പനി നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി. മഴവിൽക്കാവടി എന്ന സിനിമയിലെ അഭിനയത്തിന്  സംസ്ഥാന അവാർഡ് ലഭിച്ചു. ഏറെക്കാലം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം അർബുദ രോഗത്തിൽ നിന്നു മുക്തനായി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമാണ്. 

 

‍പ്രധാന കൃതികൾ: ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ദൈവത്തെ ശല്യപ്പെടുത്തരുത്, കാൻസർ വാർഡിലെ ചിരി, ചിരിക്കു പിന്നിൽ

 

English Summary : Atmakathayanam Column : Innocent, Indian film actor and politician

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com