പേക്കിനാവുകളിൽ പോലും നാം കാണാത്തത്ര ശൂന്യമായ വർഷം : കൽപറ്റ നാരായണൻ

HIGHLIGHTS
  • കോവിഡ് കാലം നമ്മുടെ ജീവിതത്തെ, ചുറ്റുപാടുകളെ സ്വാധീനിച്ചതെങ്ങനെ?
poet-kalpetta-narayanan-malayalam-profile-image
കൽപറ്റ നാരായണൻ
SHARE

അധമങ്ങളിൽ അധമമായ വർഷമാണു കഴിയുന്നത്‌. എഴുത്തുകാരൻ അനീസ് സലിം പറഞ്ഞതു പോലെ ‘മീനസ്റ്റ്‌ ഇയർ’. നഗര, ഗ്രാമ അതിരുകളിൽ ‘നന്ദി, വീണ്ടും വരിക’ എന്നു കാണാറില്ലേ ? വർഷാതിർത്തിയിൽ അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഇക്കുറി നമ്മളതു പിഴുതെടുത്തു കത്തിച്ചുകളയുമായിരുന്നു. ഇതുപോലൊരു കൊല്ലത്തിലൂടെ വീണ്ടും കടന്നുപോകാനോ? 

ഇത്ര ശൂന്യമായ വർഷം പേക്കിനാവുകളിൽ പോലും നാം പരിചയിച്ചിരുന്നില്ല. സീറോ തൊഴിലിടങ്ങൾ, സീറോ വിദ്യാലയങ്ങൾ, സീറോ ആഘോഷങ്ങൾ, സീറോ തെരുവുകൾ, സീറോ വൈകുന്നേരങ്ങൾ, സീറോ യാത്ര, സീറോ സമൂഹം, സീറോ ജീവിതം... സീറോ രാഷ്ട്രീയമെന്നു പറയാൻ മാത്രം നമ്മൾ സമ്മതിച്ചില്ല. മനുഷ്യരെക്കാൾ വോട്ടർമാരുള്ള കേരളം കോവിഡിനെ പുല്ലുപോലെ കരുതി. തിരഞ്ഞെടുപ്പിനെ ആവേശത്തോടെ ഏറ്റെടുത്തു.  

വിദ്യാഭ്യാസം പൂർണമായി നടന്നില്ലെങ്കിലും പരീക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു ‘പരീക്ഷാകേന്ദ്രീകൃത വിദ്യാഭ്യാസ കേരളം’ ശഠിക്കുന്നതായും കേൾക്കുന്നു. ‘ശാരീരിക അകൽച്ച പാലിച്ച് സമൂഹത്തെ നിലനിർത്തുക’ എന്ന ശരിയായ മുദ്രാവാക്യത്തിനു പകരം ‘സാമൂഹിക അകലം പാലിക്കുക’ എന്ന, മറ്റൊരു കാലവും പൊറുക്കാത്ത പിന്തിരിപ്പൻ മുദ്രാവാക്യം പ്രചരിപ്പിക്കാൻ സർക്കാരും ജനതയും മുന്നോട്ടുവന്നു. എവിടെങ്കിലും തൊട്ടാൽ കൈ കഴുകേണ്ട വെള്ളവും സോപ്പും പുറത്തും അകത്തും വച്ചു. മുഖം മറച്ചു മാത്രം സംസാരിച്ചു, വീടുകളിൽ ട്രെഞ്ചുകളിലെന്ന പോലെ കയറിക്കിടന്നു. വാതിലിന്റെ ധർമം കിളിവാതിൽ നിർവഹിച്ചു. പുഞ്ചിരിക്കും കള്ളച്ചിരിക്കും അവധി കിട്ടി. സ്വാർഥതയ്ക്ക് അന്തസ്സു തിരിച്ചുകിട്ടി. നാടു മുഴുവൻ കർഫ്യൂ. അധികാരത്തിനു പരമാധികാരം. പഴുതടച്ച അടിയന്തരാവസ്ഥ. ഏതു ദുർനിയമവും നടപ്പാക്കാം. ഭരിക്കുന്നെങ്കിൽ കോവിഡ്കാലത്തു ഭരിക്കണം; വരുംകാല ഭരണകൂടങ്ങൾ നഷ്ടദുഃഖത്തോടെ നെടുവീർപ്പിടും ! 

പൗരത്വ ബില്ലിനെതിരെ ആളിത്തുടങ്ങിയ പ്രതിഷേധാഗ്നി കോവിഡിൽ കെട്ടു. നീതിനിഷേധങ്ങൾ കൈനീട്ടി സ്വീകരിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസനയം ഒരു കരടുമില്ലാതെ പുറത്തിറങ്ങി. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന അഭയാർഥിപ്രവാഹങ്ങൾ. പലയിടങ്ങളിലും കൊടുംപട്ടിണി... മരണം അവിടവിടെ കൊടിനാട്ടി ജനതയെ വിറപ്പിച്ചു. ഓക്സിജനല്ലാതെ മരുന്നൊന്നും കൈവശമില്ലെങ്കിലും ഐഎംഎ ജീവിതത്തിന്റെ നിയന്ത്രണച്ചുമതലയേറ്റു. 

ആരോഗ്യമന്ത്രിയായി ‘മുഖ്യ’മന്ത്രി. ആരോഗ്യധനം സർവധനാൽ പ്രധാനം എന്നായി. കുറ്റം പറയരുതല്ലോ, കേരളത്തിലെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ആത്മാർഥമായി പ്രവർത്തിച്ചു. 

നിരോധനാജ്ഞയെ ദുഃഖങ്ങൾ മാത്രം വിലവച്ചില്ല. എസ്‌പിബി മുതൽ സുഗതകുമാരി വരെ മലയാളിക്കു മനസ്സുണ്ടാക്കിയ മഹാസാന്നിധ്യങ്ങൾ നഷ്ടമായി. കോവിഡ് വർഷത്തിലെ മരണങ്ങൾ പോലെ അനാഥമായവ മുൻപു നാം അറിഞ്ഞിട്ടില്ല. റോഡപകടങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും കൊലപാതകങ്ങളും ആത്മഹത്യകളും കുറവായിരുന്നില്ല. ദുരഭിമാനക്കൊലയുടെ കള്ളിപോലും ഒഴിഞ്ഞുകിടന്നില്ല. 

സ്വജനപക്ഷപാതം പോലെയുള്ള ദുരാരോപണങ്ങൾക്കൊന്നും ഒരടിസ്ഥാനവുമില്ലെന്ന്‌ കൊടുവള്ളിയിൽ പാർട്ടി തെളിയിച്ചു. ‘സാധുവായ’ സ്വതന്ത്ര സ്ഥാനാർഥിക്കു വേണ്ടി മുഴുവൻ പാർട്ടി വോട്ടുകളും മറിച്ചു. സമ്പൂർണ സാക്ഷരത എന്നുപറയുംപോലെ സമ്പൂർണ നിസ്വാർഥത ! 

നൂതന സാങ്കേതികവിദ്യയുടെ ഏജന്റിനെപ്പോലെയാണു കോവിഡ് പ്രവർത്തിച്ചത്‌. മൊബൈൽ, ഇന്റർനെറ്റ് പോലുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ്, ആവശ്യമായ ഗ്രൗണ്ട് വർക്ക് ചെയ്ത ശേഷം മാത്രമാണ്, ഭൂമിയിലേക്കു വന്നത്. ഇവയൊന്നും കൂടാതെ അതിജീവിക്കാനാവാത്ത അവസ്ഥയുണ്ടാക്കിയ ശേഷം വെർച്വൽ സ്പേസിലേക്കു മനുഷ്യരെ ആട്ടിത്തെളിച്ചു. ‘ഈ ഫോണില്ലായിരുന്നെങ്കിൽ ചുറ്റിപ്പോകുമായിരുന്നു’ എന്നു പറയാത്ത ഒറ്റ വീടുമില്ല. മദ്യപിക്കാൻ വരെ ഫോൺ അനിവാര്യമായി. യുട്യൂബ് ഷെഫുകൾ അടുക്കളകളെ നിയന്ത്രിച്ചു. ഈ വീട്ടുതടങ്കലിലിരുന്നാണ്‌ ആളുകൾ നെറ്റിന്റെ സാധ്യതകൾ ഒന്നൊന്നായി കണ്ടെത്തിയത്. പത്തു വർഷം പിന്നിട്ടാലെത്താത്തിടത്തു കോവിഡ് കാരണം നമ്മളെത്തി. സാങ്കേതികമായി നമ്മളിപ്പോൾ രണ്ടായിരത്തി മുപ്പതിലോ നാൽപതിലോ ആണ്. 

ശരാശരി പുസ്തകമായ ‘പ്ലേഗി’നെ കോവിഡ് ബെസ്റ്റ് സെല്ലറാക്കി എന്നു മരിയോ വാർഗസ് യോസ. യാത്ര മുടങ്ങിയ സഞ്ചാരികൾ യാത്രാപുസ്തകങ്ങളിൽ സഞ്ചരിച്ചു. സാഹസികത മുടങ്ങിയവർ ഡിറ്റക്ടീവ് നോവലുകൾ വായിച്ചു. വാതിലുകൾ തുറക്കുന്നതിനു പകരം ആളുകൾ പുസ്തകങ്ങൾ തുറന്നു. പ്രത്യാശാപുസ്തങ്ങളുടെയും ആത്മീയപുസ്തകങ്ങളുടെയും ചെലവു വർധിച്ചു. 

കോവിഡ് ഇഫക്ടുകൾ തീരുന്നില്ല. മാസ്ക് കാരണം നഖം കടിക്കുന്ന സ്വഭാവം മാറിയെന്ന് എന്റെയൊരു കൂട്ടുകാരി. പൊടി അലർജിയുള്ളവർ രക്ഷപ്പെട്ടു. കോവിഡിന്റെ പ്രാമാണ്യത്തിൽ മറ്റു രോഗങ്ങളെല്ലാം അവഗണിക്കപ്പെട്ടു. ബൈക്കിന്റെയും കാറുകളുടെയും ചെലവു വർധിച്ചു. ബ്രസീൽ പ്രസിഡന്റ് ബൊൽസൊനാരോയും യുഎസ് പ്രസിഡന്റ് ട്രംപും കോമാളികളായി. 

ഈ കോവിഡന്ധകാരത്തിന്റെ ടണലിലൂടെ കാണുന്ന പ്രകാശം ഡൽഹിയിലെ കർഷക കലാപസ്ഥലത്തു നിന്നുള്ളതാണ്‌. തണുപ്പിലും എതിർപ്പിലും തളരാതെ നിൽക്കുന്ന, അധികാരം ഉദ്ദേശിക്കാത്ത, അവകാശങ്ങൾ മാത്രം ചോദിക്കുന്ന, ജീവത്യാഗങ്ങളാൽ പാവനമായ ഈ സമരം ഈ വർഷത്തെ ചരിത്രപരമാക്കുന്നു.

English Summary: Kalpatta Narayanan writes on his experiences in 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
;