ADVERTISEMENT

പുരുഷന്മാരുടെ മടുപ്പും ശൂന്യതയും മാറ്റാൻ ചില നല്ല ജോലികളുണ്ട്- പാത്രം കഴുകുക, ജനാലകളിലെയും തറയിലെയും മറ്റും പൊടിതുടയ്ക്കുക, അലക്കിയ തുണി തോരിയിടുക, ഉണങ്ങിയവ മടക്കിവയ്ക്കുക എന്നിവയാണ് ഈ ജോലികൾ. പുരുഷന്മാരായാലും സ്ത്രീകളായാലും സാഹിത്യവായനക്കാരുണ്ടെങ്കിൽ വിവർത്തനമാണ് ഉചിതം. വിവർത്തനം നിശ്ചലമായ മനസ്സിനെ ഉൽസാഹിയാക്കുന്ന കലയാണ്. ക്രീയേറ്റീവായി ചെയ്യാൻ ഒന്നുമില്ലെന്ന നൈരാശ്യം പിടികൂടുമ്പോഴൊക്കെ ഞാൻ ഇഷ്ട കൃതികൾ അങ്ങിങ്ങു വിവർത്തനം ചെയ്തു നോക്കാൻ ശ്രമിച്ചിട്ടുണ്ട്. വാക്കുകൾക്കും വാക്യങ്ങൾക്കുമായുള്ള തിരച്ചിൽ നമ്മുടെ ധിഷണയെയും ഭാവനയെയും സമൃദ്ധമാക്കുന്നു.

വിവർത്തനകൃതികൾ വായിക്കുമ്പോൾ ലഭിക്കുന്ന പ്രത്യേക ലഹരിയെക്കുറിച്ചു പറയേണ്ടതില്ലല്ലോ. മാതൃഭാഷയിലെ  രചനകൾ ആസ്വദിക്കുന്നതിലും വലിയ ജിജ്ഞാസയാണ് ഇതരഭാഷാകൃതിയുടെ വിവർത്തനം ഉണർത്തുന്നത്. അതിലെ അന്തരീഷമുണ്ടാക്കുന്ന അപരിചിതത്വം തന്നെയാണു പ്രധാനമെന്നു തോന്നുന്നു. വായനക്കാരനു ശരിക്കും ഗ്രഹിക്കാനാവാത്ത ഒട്ടേറെക്കാര്യങ്ങൾ അവിടെയുണ്ടാകും. 

 

ഒരിക്കൽ എന്റെ സുഹൃത്ത് ഷേക്സ്പീയർ സോണിറ്റുകൾ ചിലതു തിരഞ്ഞെടുത്ത് വിവർത്തനം ചെയ്യാൻ തുടങ്ങി. ലളിതമെന്നു തോന്നിയ വാക്കു പോലും നമ്മുടെ കയ്യിൽനിൽക്കാതെ ചോർന്നുപോകുന്നത് അപ്പോൾ കണ്ടു. വായനയിൽ നാമറിഞ്ഞുവെന്നു തോന്നിയ വരികൾ വരെ വിവർത്തനം ചെയ്യുമ്പോൾ അന്യരെപ്പോലെ പെരുമാറും. കവി നിർമിച്ച ഘടന ഒന്നും ഇളക്കാതെ അതിനെ മറ്റൊരു ഭാഷയുടെ കാലത്തിലേക്കു പറിച്ചുനടാനാകുമോ? സാധ്യമല്ലെന്നതാണു യാഥാർഥ്യമെങ്കിലും നാം ആ ജോലി തുടർന്നുകൊണ്ടേയിരിക്കും. കാരണം മനുഷ്യർ പരസ്പരം അറിയാനും പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു. അതിലെ ജയപരാജയങ്ങൾ അവരുടെ മോഹത്തെ ഇല്ലാതാക്കുന്നില്ല. അപൂർണമായെങ്കിലും ആ മോഹസാക്ഷാത്കാരത്തിനായുള്ള പരിശ്രമങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യാഭിനിവേശത്തിന്റെ ഭാഗമാണ്.

സാഹിത്യാസ്വാദനവും മൊഴിമാറ്റവും രണ്ടു വ്യത്യസ്ത മേഖലകളാണ്. നല്ല ആസ്വാദകൻ നല്ല വിവർത്തകനാണമെന്നില്ല. നല്ല വിവർത്തകൻ കൃതിയെ ആസ്വദിക്കണമെന്നുമില്ല. ചില പ്രശസ്ത നിരൂപകർ വിവർത്തനത്തിനൊപ്പമാണ് ആ കൃതിയുടെ ആദ്യ വായന നടത്തുക. ആശയപരമായ ചില താൽപര്യങ്ങളാകാം ചിലരെ വിവർത്തകരാക്കുക. എഴുത്തുകാരായ ചിലർ തങ്ങളെ ഏറ്റവും സ്വാധീനിച്ച ഇതരഭാഷയിലെ ചിലരെ സ്വന്തം ഭാഷയിലേക്കു കൊണ്ടുവരാറുണ്ട്. ഇതിനെല്ലാമുപരി വിവർത്തനം ജോലിയായി സ്വീകരിച്ചവരുടെ നിര വേറെയും.

 

ezhuthumesha-sachidanandan
സച്ചിദാനന്ദൻ

സാഹിത്യവിവർത്തനങ്ങളിൽ ഏറ്റവും പ്രധാനം മറ്റൊരു എഴുത്തുകാരനുള്ളിൽ കയറിയിരുന്ന് അയാളുടെ വാക്കുകൾ എടുത്തുനോക്കി അതിനു തുല്യമായവ പകരം കണ്ടെത്തുന്ന അധ്വാനത്തിന്റെ ഹരം തന്നെയാണ്. ഉചിതമായ പരിഭാഷയുടെ ഇടപെടൽ കൃതിയുടെ ചക്രവാളങ്ങളെ വിസ്തൃതമാക്കും. കൃതിക്കു പുതിയ ജന്മം നൽകും. അതിനാൽ പരിഭാഷകൻ അഭിരുചിയുടെ തുറന്ന ലോകം കൊണ്ടുവരുന്ന ആളാണ്. സ്വാതന്ത്ര്യമാണ് അയാൾ വാഗ്ദാനം ചെയ്യുന്നത്.

ezhuthumesha-kadammanitta-ramakrishnan
കടമ്മനിട്ട

 

ezhuthumesha-vinayachandran-d
ഡി. വിനയചന്ദ്രൻ

ചിലപ്പോൾ പരിഭാഷകൾ നന്നാവാതെ പോകും. വായനാക്ഷമത ഇല്ലെന്ന പരാതി പല മലയാള വിവർത്തനങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ വിവർത്തനത്തിലെ ന്യൂനതകൾ എത്ര കണ്ടു പരിഹരിച്ചാലും വായനാക്ഷമത ഉണ്ടാകണമെന്നില്ല. കാരണം ഏതൊരു വിവർത്തനഗ്രന്ഥത്തിനും അതിന്റെ അപരിചിതത്വവും അന്യതയും ഉണ്ടാകും. ഇത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഉചിതവുമല്ല. ആദ്യകാല ബൈബിൾ വിവർത്തനങ്ങളിലെ പല പ്രയോഗങ്ങളും മലയാളശൈലിയിൽ ആയിരുന്നില്ല. എന്നിട്ടും അവ പിന്നീടു നമ്മുടെ ഭാഷയുടെ ഭാഗമായി മാറി. ചിലർ ഗദ്യ കവിതകൾ വരെ മലയാള വൃത്തമോ പ്രാസമോ ഉപയോഗിച്ച് പരിഭാഷപ്പെടുത്താറുണ്ട്. അങ്ങനെ മലയാളിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നതോടെ പരിഭാഷ പരാജയപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്. ഗദ്യത്തിലും ഇങ്ങനെ മലയാളിത്തത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും വികലമായിത്തീരാറുണ്ട്.

 

ezhuthumesha-garcia-marquez-1
ഗബ്രിയേൽ ഗാർസിയ മാർക്കേസ്

നന്നായാലും ഇല്ലെങ്കിലും എന്റെ വായനയുടെ തുടക്കകാലത്തു പരിഭാഷകൾ നല്കിയതു വിചിത്രവും വിസ്മയകരവുമായ അനുഭവങ്ങളായിരുന്നു. ഏറ്റവും മോശം പരിഭാഷയും കൃതിയുടെ സത്യത്തെ പകർന്നുനല്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിനാൽ പരിഭാഷയിൽ നഷ്ടമാകുന്നതാണു കവിത എന്ന പരാതി എനിക്കില്ല. പരിഭാഷയിലൂടെ ഭാവനയുടെ ചക്രവാളങ്ങൾ വികസിതമാകുകയാണു ചെയ്യുന്നത്. ഭാഷാസഞ്ചാരങ്ങളോടു വിമുഖമായിരിക്കാൻ ഒരിക്കലും നല്ല കൃതിക്കു സാധിക്കുകയില്ല. അത് അതിരുകൾ കടക്കാൻ വെമ്പുന്നു. എന്നാൽ അതിനു യോഗ്യമായ സാംസ്കാരിക അന്തരീക്ഷം അതതു ഭാഷകളിൽ ഉണ്ടായിവരണമെന്നു മാത്രം. 

 

ഞാൻ വിദ്യാർഥിയായിരുന്ന കാലത്ത്, സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ നെരൂദ കവിതകൾ എത്ര ആവേശത്തോടെയാണു വായിച്ചത്. പിന്നീട് നെരൂദയുടെ ഇംഗ്ലിഷ് വിവർത്തനങ്ങൾ വായിച്ചപ്പോഴും മലയാള വിവർത്തനങ്ങൾ ഓർമയിലേക്കു വന്നുകൊണ്ടിരുന്നു. വി.പി. ശിവകുമാറും മറ്റും ലാറ്റിനമേരിക്കൻ കഥകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. മാർക്കേസിന്റെ പ്രസിദ്ധമായ കഥ ആഫ്റ്റർനൂൺ സിയസ്റ്റയുടെ വിവർത്തനം എത്രയോ വട്ടം വായിച്ചു.  അക്കാലത്തെ മറ്റൊരു നല്ല അനുഭവം ഒക്ടോവിയോപാസിന്റെ സൺസ്റ്റോൺ എന്ന ദീർഘകാവ്യത്തിനു സൂര്യശില എന്ന പേരിൽ കമ്മനിട്ട നടത്തിയ പരിഭാഷയാണ്. ഡി. വിനയചന്ദ്രൻ ലോർകയുടെ ചില കവിതകൾ പരിഭാഷപ്പെടുത്തി ജലം കൊണ്ടു മുറിവേറ്റവൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.  എന്തെല്ലാം കുറവുണ്ടെങ്കിലും ആ കവിതകൾ ആദ്യമായി വായിക്കുന്ന വ്യക്തിക്കുമേൽ ആ പരിഭാഷകളുടെ സ്വാധീനം വിപുലമായിരുന്നു. എന്റെ സ്നേഹിതനായ കവി പറയാറുണ്ട്, കവിതയിൽ അയാളെ സ്വാധീനിച്ചതു വള്ളത്തോളോ എഴുത്തച്ഛനോ അല്ല, നെരൂദയാണ് എന്ന്. ഇതിൽ അസാധാരണമായി ഒന്നുമില്ല. ഏതു ഭാഷയിലെയും ഭാവുകത്വ പരിണാമങ്ങൾക്കു വിവർത്തനം നിർണായകമാകാറുണ്ട്.

 

ഞാൻ മൂലമറ്റത്തു താമസിച്ചു പഠിച്ചിരുന്ന കാലത്ത് ഒരു സ്നേഹിതൻ എനിക്ക് ടഗോറിന്റെ ഗീതാഞ്ജലിയുടെ ഗദ്യമലയാള വിവർത്തനം സമ്മാനിച്ചു. എന്തൊരു ഗംഭീരമായ അനുഭവമായിരുന്നു ആ വായന. ഗീതാഞ്ജലിയുടെ ഭാവാന്തരീക്ഷത്തിനു സമാനമായ ഒന്നും ഞാൻ അതേവരെ വായിച്ചിരുന്നില്ല. പിന്നീട് ടഗോറിന്റെ ഇംഗ്ലിഷ് പരിഭാഷ വായിച്ചപ്പോൾ അതു മറ്റൊരു അനുഭവമായി. ഒരു കൃതി തന്നെ പല ഭാഷയിൽ വായിക്കുന്നതിന്റെ രസം പറഞ്ഞാൽ തീരില്ല. ഏകാന്തതയുടെ നൂറു വർഷങ്ങൾ ഞാൻ മലയാളത്തിലാണ് ആദ്യം വായിച്ചത്. പിന്നീട് അത് ഇംഗ്ലിഷിൽ വായിച്ചപ്പോൾ സത്യത്തിൽ അതു മറ്റൊരു പുസ്തകം പോലെ തോന്നി. അവിടെ ആദ്യവായന ‘ദേജാവു’ പോലെയാണ് തോന്നിയത്.

 

ഗബ്രിയേൽ ഗാർസിയ മാർക്കേസ് തന്റെ സ്വാധീനങ്ങളെപ്പറ്റി പറയുമ്പോൾ, പരാമർശിക്കുന്ന ഇതരഭാഷാ കൃതികളെല്ലാം സ്പാനിഷിലേക്കു വിവർത്തനം ചെയ്തവയായിരുന്നു. കാഫ്കയുടെ Metamorphosis  അദ്ദേഹം സ്പാനിഷ് വിവർത്തനമാണു വായിച്ചത്. ഇംഗ്ലിഷ് എഴുത്തുകാരനായ വില്യം ഫോക്നറുടെ എല്ലാ കൃതികളും സ്പാനിഷിലാണു വായിച്ചത്. ഫോക്നറുടെ അസൽ കൃതികൾ പിന്നീട് മാർക്കേസിന് വായിക്കാൻ കഴിഞ്ഞോ എന്ന് അറിയില്ല. പക്ഷേ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മറ്റൊരു ഗംഭീര അനുഭവമായിത്തീർന്നിട്ടുണ്ടാവണം.

 

സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ കാലത്ത് എഴുത്തുവിലക്കു നേരിട്ട എഴുത്തുകാരിൽ പലരും അവരുടെ ഡിപ്രഷനെ നേരിട്ടത് വിവർത്തനങ്ങൾ ചെയ്തായിരുന്നു. പാസ്റ്റർനാക്ക് ഇങ്ങനെ ഷേക്സ്പീയർ വിവർത്തനം ചെയ്തു. ഹാംലെറ്റ് എന്ന കഥാപാത്രത്തിന്റെ സ്വാധീനം ഡോ. ഷിവാഗോയുടെ കഥാപാത്രരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഷിവാഗോ എഴുതിയ കവിതകളിലൊന്ന് ഹാംലെറ്റിന്റെ സന്നിഗ്ധതകളെക്കുറിച്ചായിരുന്നു.

 

അൽബേനിയൻ എഴുത്തുകാരനായ ഇസ്മായിൽ കദാരെ തന്റെ ഏറ്റവും വലിയ സാഹിത്യപ്രചോദനമായി പറഞ്ഞത് ലേഡി മാക്ബത്ത് ആണെന്നതു കൂടി ഇവിടെ ഓർക്കാം. കാരണം  കദാരെ ലേഡി മാക്ബത്ത് വായിച്ചത് അൽബേനിയൻ ഭാഷയിലായിരുന്നു. കദാരെയുടെ കൃതികളുടെ പരിഭാഷാചരിത്രവും അറിഞ്ഞിരിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകൾ ആദ്യം ഫ്രഞ്ചിലേക്കാണു പരിഭാഷപ്പെടുത്തിയത്. പിന്നീട് ഫ്രഞ്ചിൽനിന്ന് ഇംഗ്ലിഷിലേക്കു വന്നു. ഇപ്പോൾ കദാരെ മലയാളത്തിലും ലഭ്യമാണ്. കദാരെയുടെ നോവലുകൾ ഫ്രഞ്ചിൽനിന്ന് ഇംഗ്ലിഷിൽ ആക്കിയത് ഡേവിഡ് ബെല്ലോസ് ആണ്. വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ജോർജ് പെരക്കിന്റെ ലൈഫ് എ യൂസേഴ്സ് മാനുവൽ അടക്കം മുഖ്യ രചനകൾ ഇംഗ്ലിഷിലാക്കിയതും ഡേവിഡ് ബെല്ലോസാണ്. പ്രിൻസ്റ്റൺ സർവകലാശാലയിലെ വിവർത്തന വിഭാഗം ഡയറക്ടറായിരിക്കെ അദ്ദേഹം വിവർത്തനകലയെക്കുറിച്ച് Is That A Fish In Your Ear (2011) എന്ന മനോഹരമായ പുസ്തകവും എഴുതി. പദാനുപദവിവർത്തനം, സ്വതന്ത്രവിവർത്തനം തുടങ്ങിയ, വിവർത്തനം സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകൾ വിശദമായി പരിശോധിക്കുന്ന ഈ കൃതിയിൽ, ലോകത്തിൽ ഏറ്റവും വിവർത്തനം നടക്കുന്ന ഭാഷകളെക്കുറിച്ച് പറയുമ്പോൾ യുനെസ്കോയുടെ കണക്കുകൾ ഉദ്ധരിച്ച് തമിഴും മലയാളവും കൂടി അദ്ദേഹം പരാമർശിക്കുന്നുണ്ട്.

 

English Summary: Translation frees your mind, from boredom

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com