ADVERTISEMENT

അമിതാധികാരപ്രയോഗത്തിന് ഭരണകൂടങ്ങൾക്ക് അവസരമൊരുക്കുന്നതാണ് കോവിഡ് കാലഘട്ടമെങ്കിലും മനുഷ്യർക്ക് ജീവിതപാഠമായി പലതും ഉൾക്കൊള്ളാനും ഇതേ കോവിഡ് അവസരമൊരുക്കിയിട്ടുണ്ടെന്ന് കവി കെ. സച്ചിദാനന്ദൻ. മൂന്നു കാര്യങ്ങളാണ് അതിൽ പ്രധാനമായി എടുത്തുപറയേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒന്ന്– പല കാര്യങ്ങളും ജീവിതത്തിൽ അത്ര അത്യാവശ്യമായിരുന്നില്ലെന്ന് കോവിഡ് കാലത്ത് നാം തിരിച്ചറിയുന്നു. ഭക്ഷണത്തിലായാലും വസ്ത്രത്തിലായാലും. ഇതിലെല്ലാം ഗാന്ധിയൻ രീതി സാധ്യമാണെന്ന് നാം തിരിച്ചറിഞ്ഞു. ഗാന്ധിജി പറഞ്ഞതുപോലെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, അത്യാർത്തിക്കുള്ളതു ഭൂമിയിലില്ല. രണ്ട്–വെർച്വൽ ജീവിതം യാഥാർഥ്യമായി. സാങ്കേതികത മനുഷ്യനെ കൂടുതൽ അടുപ്പിച്ചു.  മൂന്ന്–ഹ്യൂമനിസ്റ്റ് കാലഘട്ടം പോസ്റ്റ് ഹ്യൂമനിസത്തിന് വഴിമാറിയിരിക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ ലോകസങ്കൽപത്തിൽനിന്ന് നാം മാറുന്നു. ബഷീർ പറഞ്ഞതുപോലെ ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ലെന്ന് തിരിച്ചറിയുകയാണ്. നാം ഇല്ലെങ്കിലും മരങ്ങൾ പൂക്കും, പുഴകൾ ഒഴുകും. മലകൾ നിലനിൽക്കും. ചുരുക്കം പേരുടെ ലാഭത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതു ഇനി നിർത്താം.

 

Satchidanandan-book-1

കോവിഡ് മനുഷ്യരാശിയെ വിനയം പഠിപ്പിച്ചു. പ്രകൃതിയുടെ ചില രീതികൾ തെറ്റിച്ചതാണ് നമ്മളെ ഈ നിലയിലേക്കെത്തിച്ചത്. പ്രകൃതി നിശ്ചയിച്ച സൈക്കിൾ തെറ്റിക്കുന്നതിന്റെ പ്രതിഫലം. മനുഷ്യൻ പ്രകൃതിയുടെ ചക്രവർത്തിയല്ലെന്നും പഠിച്ചു. ഇതുവഴി 2020ൽനിന്നും പല പാഠങ്ങളും നാം പഠിക്കേണ്ടതുണ്ട്. എന്നാൽ മനുഷ്യനെ അത്ര വിശ്വാസമില്ല. എങ്കിലും ചെറിയ പാഠങ്ങളെങ്കിലും പഠിക്കും. 2021ലേക്ക് പ്രത്യാശയോടെ കടക്കാൻ അതു സഹായിക്കുമെന്നുറപ്പാണ്– സച്ചിദാനന്ദൻ പറഞ്ഞു. 

 

Satchidanandan-book

കോവിഡ് കാലത്തിന്റെ തുടക്കത്തിൽ യാത്രകൾ അവസാനിച്ച് ഡൽഹിയിലെ വീട്ടിൽ ഒതുങ്ങിയ സച്ചിദാനന്ദൻ പല എഴുത്തുപദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. ‌‌അതിൽ പലതും നടപ്പാക്കിവരുന്നു. ഭക്തകവിതകളുടെ പരിഭാഷയായിരുന്നു അതിൽ പ്രധാനം. അതൊരു പരമ്പരയായാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ കബീർ കവിതകൾ പൂർത്തിയാക്കി ഉടൻ പുസ്തകമായി വരും. തുടർന്ന് കന്നഡയിലെ വചനകവിതകളുടെ പരിഭാഷയും ഇറങ്ങും. ബസവണ്ണ, അക്കമഹാദേവി, അല്ലാമ പ്രഭു, ദാസിമയ്യാ എന്നീ കവികളുടെ അമ്പതോളം കവിതകളാണ് ഈ സമാഹാരത്തിൽ. അടുത്തത് പഞ്ചാബി സൂഫി കവി ബുള്ളേഷായുടെ കവിതകളുടെ പരിങാഷയാണ്. 75 കവിതകളായാൽ പുസ്തകമാക്കും. പിന്നെ തുക്കാറാമിലേക്ക് കടക്കും. 

 

ജൂൺ മുതൽ സച്ചിദാനന്ദൻ കേരളത്തിലായിരുന്നു. മൂത്ത മകളുടെ അടുത്തുവന്നു താമസിച്ചു. ആ സമയത്ത് ഡൽഹിയിലെ സ്ഥിതി വളരെ മോശവുമായിരുന്നു. ഡൽഹിയിലെ വീട്ടിലെ ലൈബ്രറി ഇല്ലാതെ വീടായി തോന്നാൽ പ്രയാസമായി. അതോടെ ഒക്ടോബറിൽ തിരിച്ചുപോന്നു. ഇളയ മകൾ ഡൽഹിയിൽതന്നെ താമസിക്കുന്നു. അവിടെയല്ലാതെ എവിടെയും പോകാൻ പുറത്തിറങ്ങാറില്ല. പാർക്കിൽപോലും ആൾത്തിരക്കു കുറയുന്ന സമയത്താണ് പോകുന്നത്.  

 

സച്ചിദാനന്ദനെ സംബന്ധിച്ചിടത്തോളം കോവിഡ് പുതിയൊരു ചിട്ട ജീവിതത്തിൽ കൊണ്ടുവന്നു. പകലെന്നോ പാതിരാത്രിയെന്നോ വ്യത്യാസമില്ലാതെ തുടർന്ന യാത്ര നിലച്ചു. അത് ആരോഗ്യത്തെയും സഹായിക്കുന്നു. ലക്ഷ്യമിട്ട പല ജോലികളും തീർക്കാനായി. വൈകുന്നേരങ്ങൾ സൂം മീറ്റിങ്ങുകൾക്കായി നീക്കിവയ്ക്കുന്നു. ജയ്പൂർ ഫെസ്റ്റിവലിലെ രണ്ട് സെഷനുകളിൽ പങ്കെടുത്തു.

 

ഈ കോവിഡ് കാലത്തുതന്നെയാണ് സച്ചിദാനന്ദൻ 2 സുപ്രധാന കവിതാസമാഹാരങ്ങൾ എഡിറ്റ് ചെയ്തതും. അമേരിക്കയിലെ ഇന്ത്യൻ കവി മിഷി ചാവ്‌ലയുമായി ചേർന്നാണ് രണ്ടും പൂർത്തിയാക്കിയിരിക്കുന്നത്. 6 ഭൂഖണ്ഡങ്ങളിുലെ 35 രാജ്യങ്ങളിൽനിന്നായി 113 കവികളുടെ 300 കോവിഡ് കാല കവിതകളുമായാണ് ആദ്യസമാഹാരം തയാറാക്കിയത്. ‘സിങ്ങിങ് ഇൻ ദി ഡാർക്ക്’ എന്ന പേരിൽ പെൻഗ്വിൻ അതു മനോഹരമായി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കോവിഡ് കാലഘത്തിനിടയിലാണ് അവരത് 3 മാസം കൊണ്ട് പ്രസിദ്ധീകരിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. രണ്ടാമത്തേത് പരസ്ഥിതി കവിതകളുടെ സമാഹാരമാണ്. പ്രകൃതിയിൽനിന്ന് മനുഷ്യന് പലതും പഠിക്കാനുണ്ടെന്ന ഓർഡമപ്പെടുത്തലും മനുഷ്യനെ വീണ്ടും പ്രകൃതിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന മുന്നൂറോളം കവിതളാണ് ഈ സമാഹാരത്തിലുണ്ടാവുക. ‘ഗ്രീനിങ് ദി എർത്ത്’ എന്ന പേരിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പുസ്തകം അവസാനഘട്ടത്തിലാണ്. 

 

ഇതോടൊടൊപ്പം നേരത്തെ ചെയ്ത പല കാര്യങ്ങളും നടക്കുന്നുമുണ്ട്. സാഹിത്യോൽസവങ്ങളിൽ പങ്കെടുക്കുന്നു, കവിതാവായന, പ്രഭാഷണങ്ങൾ എല്ലാം നടക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരിശീലനപരിപാടിയിലും ക്ലാസ് എടുത്തു. തന്റെ കവിതാഭാഗം പാഠ്യവിഷയമായി വരുന്ന ക്ലാസുകളിലെ വിദ്യാർഥികൾ സംശയനിവാരണത്തിനും മറ്റും വിളിക്കുന്നതും കൂടിവരുന്നുണ്ട്. വാട്സാപിലും മറ്റും വരെ ഈ ആശയവിനിമയം നടക്കുന്നുണ്ട്. പുതിയ പല പ്ലാറ്റ്ഫോമുകളും വന്നുതുടങ്ങിയതോടെ മാർച്ചിനുശേഷം കൂടുതൽ പരിപാടികളിൽ പങ്കെടുത്തതായണ് അദ്ദേഹത്തിന്റെ അനുഭവം. 

 

ഒന്നോ രണ്ടോ വീഡിയോ ക്ലാസുകൾ ദിവസവും ചെയ്യേണ്ടിവരുന്നു. യാത്രയുടെ സമയം ലാഭിക്കാനായതോടെ അതുകൂടി ഇതിലേക്ക് പ്രയോജനപ്പെടുത്താനായി. അതേസമയം നേരിൽക്കണ്ട് സംസാരിക്കുന്നതിലെ ഊഷ്മളത നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യവുമുണ്ട്. എന്നാൽ മാനസികസംഘർഷത്തിലേക്ക് വഴിതുറക്കാവുന്ന കാലഘട്ടത്തെ കവി സ്വയം മാറ്റിയെടുക്കുകയാണ്–ഈ എഴുത്തിലൂടെയും സർഗാത്മക ഇടപെടലുകളിലൂടെയും. ഡി. വിജയമോഹൻ, സുഗതകുമാരി, ഹിന്ദികവി മംഗളേഷ് ദബ്രാൾ തുടങ്ങിയവരുടെ വിയോഗം സച്ചിദാനന്ദന് കോവിഡ് കാലത്തെ തീരാത്ത വേദനകളാണ്. 

 

English Summary: Poet K Satchidanandan on his experiences in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com