വാക്കുകളുടെ മായാജാലം, വായനയുടെ ഉന്മാദം

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • ഇതാണ് കഥ എന്നു മനസ്സിൽ തോന്നിപ്പിക്കുന്ന കഥാകൃത്ത്, വിവേക് ചന്ദ്രൻ
vivek chandran
വിവേക് ചന്ദ്രൻ
SHARE

വാക്കുകളാലും ആശയങ്ങളാലും മായാജാലം തീർക്കുന്നയാളാണ് ഈ എഴുത്തുകാരൻ. വളരെക്കുറച്ചു കഥകളേ എഴുതിയിട്ടുള്ളൂവെങ്കിലും വായിച്ചാൽ ഇതാണു കഥ എന്നു മനസ്സിൽ തോന്നിപ്പിക്കുന്നത്ര ശക്തിയുള്ള സർഗാത്മകതയുടെ ഉടമ. വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും വായനയുടെ കൊതിപ്പിക്കുന്ന സ്വാദു നിറഞ്ഞവയാണ്. അതീത യാഥാർഥ്യങ്ങളുടെയും ഭ്രമകൽപനകളുടെയും വിചിത്ര ചേരുവയാൽ വായനക്കാരെ ത്രസിപ്പിക്കുമ്പോഴും സമകാലീന രാഷ്ട്രീയത്തിന്റെയും സാമൂഹികാവസ്ഥയുടെയും സൂക്ഷ്മ അടരുകളും വിവേകിന്റെ കഥകളിൽ ഉൾച്ചേർന്നിരിക്കുന്നു. 

‘നഗരം എന്നതു നാവുകളാൽ കൂട്ടിയോജിക്കപ്പെടാത്ത ഒരുപറ്റം ഒഴുകുന്ന തലച്ചോറു’കളാണെന്നും ‘ജയിൽ എന്നതു നാവുകളാൽ നിരന്തരം കൂട്ടിയോജിക്കപ്പെട്ട ഒരുപറ്റം നിശ്ചലമായ തലച്ചോറു’കളാണെന്നും ‘പ്രഭാതത്തിന്റെ മണ’ത്തിൽ വിവേക് എഴുതുന്നു. നഗരം എന്നതു വലിയൊരു ജയിൽ ആയി മാറിയ കാലമാണിത്. കഥയിലെ മാന്ത്രികനെപ്പോലെ ഒരാൾ നമ്മുടെയൊക്കെ ജീവിതത്തിൽ, നമ്മുടെ അനുമതിയില്ലാതെ നിരന്തരം ഇടപെട്ട് അതു പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും പല അടരുകൾ ആ കഥയിൽ ഉൾച്ചേർന്നിരിക്കുന്നതായി സൂക്ഷ്മവായനയിൽ മനസ്സിലാകുന്നു. എഴുത്തുകാരന്റെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാമോ?

കൃത്യമായ വായനയാണ് അത്. 2014ലാണ് ‘പ്രഭാതത്തിന്റെ മണം’ എന്ന എന്റെ ആദ്യത്തെ കഥയെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. അതിനുകാരണം ആ കാലത്തു വളരെ തീക്ഷ്ണമായി അനുഭവപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് ഒരു വലിയ ജാലവിദ്യക്കാരൻ രംഗപ്രവേശം ചെയ്യുന്ന കാലമായിരുന്നു അത്. ആ മാന്ത്രികൻ നമ്മളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജാലം നമ്മുടെ ഓർമകളെ പതിയെ മായ്ച്ചുകളഞ്ഞ് അതിലേക്കു പുതിയ ചരിത്രത്തെ നിറയ്ക്കുന്നതാണ്. ഏകാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ട്രെയിറ്റ് ആണത്. പാഠപുസ്തകം മുതൽ സമൂഹ മാധ്യമങ്ങൾ വരെ ഒരു ശരാശരി മനുഷ്യൻ ഇടപെടുന്ന എല്ലാ ഇടങ്ങളിലും എത്രയോ വർഷങ്ങളായി അതു നടക്കുന്നുണ്ട്. കാൾമാർക്സിനെക്കുറിച്ചും മുഗൾ രാജവംശത്തെക്കുറിച്ചും വിദ്യാലയത്തിൽ ഞാൻ പഠിച്ച ചരിത്ര പാഠപുസ്തകമല്ല നാലുവർഷത്തിനു ശേഷം അതേ ക്ലാസിൽ എത്തുന്ന എന്റെ അനിയൻ പഠിക്കുന്നത്. ഈ ഒരു അവസ്ഥയെ ഒരു അലിഗറിയായി അവതരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു ആ കഥ.

‘താളം മുറിക്കാതെ തുള്ളുമ്പോൾ തറയിൽ നിന്നും കാൽവണ്ണയിലൂടെ തുടയിലേക്ക്, അവിടെ നിന്നും അരക്കെട്ടിലൂടെ നെഞ്ചിലേക്ക്, പിന്നെ തോളിലൂടെ കൈത്തണ്ടയിൽ നിന്നും ചുരുട്ടിയ മുഷ്ടിയിലേക്ക്, ഊർജം പ്രസരിച്ചു തുടങ്ങി. മുഴുവൻ ശരീരവും തമ്മിൽ ബന്ധിപ്പിച്ചെടുത്ത് ചാലുകീറി ഒഴുക്കിയ കരുത്ത് ചുരുട്ടിയ ഉള്ളംകൈയിൽ കുരുങ്ങിക്കിടന്നു’. ‘സമരൻ ഗണപതി’ എന്ന കഥയുടെ ആരംഭത്തിൽ വിവേക് എഴുതിയ ഈ വാക്കുകൾ ഒരു സമർഥനായ ഒരു എയ്റോസ്പേസ് എൻജിനീയറുടെ കൃത്യത ഉൾക്കൊള്ളുന്നതാണ്. വിവേകിന്റെ കഥകളുടെ വായനയിൽ പലയിടത്തും ഇത്തരം ശാസ്ത്ര കൃത്യത അനുഭവപ്പെട്ടു. പഠനവിഷയവും പിന്നീടുള്ള തൊഴിൽ മേഖലയും വിവേകിന്റെ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

“കവലയിൽ നിന്നേച്ച് ഇടതുകണ്ണ് പൊത്തിപ്പിടിച്ചപ്പോൾ കോടയ്ക്കിടയിലൂടെ അങ്ങു ദൂരെ വാട്ടർ ടാങ്കിന്റെ പാൽപ്പാട നിറത്തിലുള്ള വട്ടത്തല കണ്ടു.” എന്ന ‘വന്യ’ത്തിലെ വരി  വായിച്ചിട്ട് സി.എസ്. സലീൽ എന്ന എഡിറ്ററാണ് എന്റെ കഥകളിൽ സമയവും ഇടവും തമ്മിൽ ആവർത്തിച്ച് വരുന്ന ഈ ഇടപെടലിനെക്കുറിച്ച് ആദ്യം പറയുന്നത്. സ്ഥലകാല സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന ബഹുസ്വരമായ ഒരു ഘടനയാണു പൊതുവേ എന്റെ കഥകൾക്ക് എന്ന് ഒരിക്കൽ എൻ. ശശിധരൻ മാഷ് പറയുമ്പോഴാണു ഞാനും അതിനെക്കുറിച്ചു ഗൗരവത്തോടെ ആലോചിച്ചു തുടങ്ങുന്നത്. സങ്കീർണ്ണമായ ഭൗതിക പ്രക്രിയകളെ ഒരു വരി ഇക്വേഷനായി മനസ്സിലാക്കാനുള്ള ട്രെയിനിങ് സത്യത്തിൽ എൻജിനീനീയറിങ് വിദ്യാഭ്യാസത്തിൽ നിന്ന് എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ സംഭവങ്ങളെ ഒരടി പിന്നോട്ടു മാറിനിന്ന് abstract ആയി കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി സ്വാഭാവികമായി എഴുത്തിൽ വന്നുകൂടിയിട്ടുണ്ട് എന്നിപ്പോൾ ബോധ്യപ്പെടുന്നു.

സുബോധത്തിന്റെയും ഭ്രാന്തിന്റെയും നേർത്ത നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരാണു വിവേകിന്റെ മിക്ക കഥാപാത്രങ്ങളുമെന്നു തോന്നിയിട്ടുണ്ട്. സമരൻ ഗണപതിയായാലും മാന്ത്രികനായാലും ഭൂമി ശൈത്യനായാലും ജോക്കുട്ടനായാലും രാധിക ആയാലും ആദമായാലും അവരിൽ സുബോധത്തിനു മേൽ ഭ്രമകൽപനകളുടെ പിടിമുറുക്കം ശക്തമാണ്. തങ്ങളുടെ വന്യ കൽപനകളുടെ തടവുകാരായി വിധിയോടു പൊരുതുന്നവരാണ് അവരെന്നാണു മനസ്സിലാകുന്നത്. നായക കഥാപാത്രങ്ങളെ മനസ്സു കശക്കി ഞെരിക്കുന്ന ഇത്തരം സംഘർഷങ്ങൾക്കു വിട്ടുകൊടുത്തതെന്തുകൊണ്ടാണ്? അവരിലൂടെ വിവേക് പറയാൻ ശ്രമിക്കുന്നതെന്താണ്?

vanyam

സ്വയം പ്രകാശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓരോ കഥകളും. ഞാൻ വളരെ വ്യക്തിപരമായ സ്‌പേസിൽ നിന്നുകൊണ്ട് കഥയെഴുതുന്ന ആളാണ്. അതുകൊണ്ടു തന്നെ അടുത്തൊരു സുഹൃത്തിനോടു പോലും പങ്കുവയ്ക്കാൻ സാധിക്കാത്തത്രയും സ്വകാര്യമായ ചിന്തകളും ഭീതികളും നഷ്ടബോധവും മറ്റും അബോധമായി കഥകളിൽ വന്നുപോകാറുണ്ട്. പുറമേക്കു വളരെ പ്രസാദാത്മകമായ ജീവിതം നയിക്കുമ്പോഴും സങ്കീർണ്ണവും വിഭ്രാമാത്മകവുമായ കഥകൾ രൂപപ്പെടുത്താൻ സഹായിക്കുന്നതു ജീവിതം പുറമേ ശാന്തമായിരിക്കുമ്പോഴും അതിന്റെ സൂക്ഷ്മമായ അടരുകളിൽ പ്രക്ഷുബ്ധതയുണ്ട് എന്ന തിരിച്ചറിവാണ്. മനസ്സാണ് എന്റെ കഥകളിലെ മുഖ്യകഥാപാത്രം. ഒട്ടൊക്കെ ഏകാന്തമായ ഒരു ജീവിതമാണ് എന്റേത്. അതുകൊണ്ടുതന്നെ ഞാൻ എഴുതുന്ന കഥാപാത്രങ്ങളും അകത്തേക്കു നോക്കി ജീവിച്ചുപുലരുന്നവർ ആയിപ്പോകുന്നു.

ഞങ്ങൾക്ക് പിന്നിലെ ആകാശത്ത് അമ്പിളി തണുത്ത വെയിൽ തൂവി നിൽപുണ്ടായിരുന്നു (ഭൂമി), അപ്പോഴേക്കും സൂര്യൻ പടിഞ്ഞാറുള്ള ആകാശക്കാടിന് തീ കൊളുത്തി സ്ഥലം വിടും (എകനാഥൻ), പഴുത്ത ജാമുൻ കറ ഒട്ടുന്ന ചെരുപ്പുകൾ (മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്)... എന്നിങ്ങനെയുള്ള പ്രകൃതി വർണനകൾ വിവേകിന്റെ മിക്ക കഥകളിലും ശക്തമായ സാന്നിധ്യമാണ്. കഥകളിലെ മനുഷ്യരുടെ മനസ്സുകളുടെ ഭാവമാറ്റങ്ങൾക്കൊപ്പം മാറിമറയുന്ന ഋതുക്കൾ. പ്രകൃതി എത്ര വലിയ സ്വാധീനമാണ്?

പ്രകൃതിയെ വർണ്ണിക്കുക എന്നതിലുപരി കഥാസന്ദർഭങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ ആ സമയത്തെ കഥാപാത്രങ്ങളുടെ കാഴ്ച/സ്പർശന അനുഭവങ്ങളെ വായനക്കാരിൽ ചെന്നു തൊടാൻ പാകത്തിലുള്ള ഇമേജറികളായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതൊക്കെ. “നെടുങ്കൻ മരങ്ങളുടെ ഇലവട്ടം നിഴലു വന്നു മൂടി ഇരുട്ടായ വഴീലൂടെ പമ്മിപ്പതുങ്ങി ഞങ്ങടെ ബസ്സ് വളവു കയറുവായിരുന്നേ, പൊടുന്നനെ ഒരു തിരിവേൽ വെച്ച് കിട്ടിയ പഴച്ചക്കയുടെ മണം നാവിനെ തരിപ്പിച്ചു കളഞ്ഞു.’’ എന്നെഴുതുന്നതു യാദൃശ്ചികമായി പാറിവന്ന ഒരു മണം ആദ്യം മനസ്സിൽ ചിത്രമായി, ശേഷം അതു ഭക്ഷിക്കാനുള്ള കൊതിയായി, രൂപാന്തരം പ്രാപിക്കുന്നതു വായനക്കാരൻ/രി അനുഭവിക്കും എന്ന പ്രതീക്ഷയിലാണ്. കഥയുടെ ആത്മാവിരിക്കുന്നത് അതു പകർന്നുതരുന്ന ഇത്തരം കുറച്ച് അനുഭവങ്ങളിലാണ് എന്നുറച്ചു വിശ്വസിക്കുന്നു.

ഭാവന കൊണ്ട് പൊള്ളിക്കുന്നയാൾ - ഒറ്റവാക്കിൽ വിവേകിനെ അങ്ങനെ വിശേഷിപ്പിക്കാം. ഇരുതല മൂർച്ചയുള്ള വാളു പോലത്തെ ബിംബ കൽപനകൾ. എങ്ങനെ വായിച്ചാലും ചോര പൊടിയുമെന്നുറപ്പ്. ഭ്രമക്കാഴ്ചകളുടെ പെരുങ്കളിയാട്ടമാണ് ഓരോ കഥകളും. അങ്ങേയറ്റം മൗലികമായതും അതേസമയം ഏറെ ശക്തവും മനോഹരമായതുമായ ഈ എഴുത്തു ശൈലി രൂപപ്പെടുത്തിയതെങ്ങനെ?

ഈ പറഞ്ഞ വലിയ വിശേഷണങ്ങൾക്കു പിന്നിലെ സ്നേഹത്തെ പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു. അപ്പോഴും ഒരു കഥയെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ നിൽക്കുന്ന തുച്ഛമായ ഇടത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഒരുപാടു സമയം എടുത്താണ് ഓരോ കഥകളും രൂപപ്പെടുത്തുന്നത്. അത്രയും കാലം എഴുതാനും തിരുത്താനും ഒക്കെയുള്ള ‘കിക്ക്’ നിലനിൽക്കുമ്പോൾ മാത്രമേ ഒരു കഥ പ്രസിദ്ധീകരണത്തിന് അയയ്ക്കാൻ തോന്നാറുള്ളൂ. എഴുത്തിലെ മൗലികതയിലേക്കു വരികയാണെങ്കിൽ എന്റെ കഥാപാത്രങ്ങൾക്കു ഞാനറിയുന്ന ആരുടെയും അംശം പ്രത്യക്ഷത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വിചിത്രരായ മനുഷ്യരെ നിരീക്ഷിക്കാനുള്ള താൽപര്യം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. മുൻപു പാലക്കാട് ടൗണിലൂടെ അലഞ്ഞുനടന്നിരുന്ന മനസ്സിന് സുഖമില്ലാത്ത ഒരാളുണ്ടായിരുന്നു, ഞാനയാളെ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹം നഗരത്തിലെ ചുവരുകളിലൊക്കെ മൂന്നക്ഷരമുള്ള വാക്കുകൾ സാമാന്യം നല്ല കൈപ്പടയിൽ അക്ഷരത്തെറ്റുകളോടെ എഴുതിയിയിട്ടുകൊണ്ടിരുന്നു. ഒരിക്കൽ മലമ്പുഴ അണക്കെട്ടിന്റെ മതിലിൽ ഒരു സാധാരണ മനുഷ്യന് എത്താത്തത്രയും ഉയരത്തിൽ ഈ കൈപ്പടയിലുള്ള വാക്കുകൾ കണ്ടപ്പോൾ അത്ഭുതം തോന്നി. സത്യത്തിൽ ആ മനുഷ്യൻ സഞ്ചരിച്ച ദൂരങ്ങൾ സ്വയം അടയാളപ്പെടുത്തുന്ന രീതിയാണ് ആ ചുവരെഴുത്ത് എന്നപ്പോൾ തോന്നി. കഥകളിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ഒരൽപം പോലും എനിക്കു പരിചയമില്ല. അതുകൊണ്ടു തന്നെയാണ് എനിക്ക് അവരുടെ ജീവിതത്തിൽ സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്നത്. ഉദാഹരണത്തിന് ഭൂമി മുപ്പുരവാസനാൽ പീഡിപ്പിക്കപ്പെടുമ്പോൾ അത് അത്രയും തീവ്രതയോടെ ഗ്രാഫിക് ആയി അവതരിപ്പിക്കാൻ എനിക്കു സാധിക്കുന്നതു യഥാർത്ഥ ജീവിതത്തിൽ ഭൂമിക്ക് ഒരു മാതൃക ഇല്ലാത്തതുകൊണ്ടു കൂടിയാണ്.

vivek-chandran

കുട്ടിക്കാലം, വായന, എഴുത്ത്?

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. സ്കൂളധ്യാപികയായ അമ്മ സ്കൂളിലെ പുസ്തകശേഖരത്തിൽ നിന്നു പതിവായി എടുത്തുകൊണ്ടുത്തന്നിരുന്ന പുസ്തകങ്ങളിലൂടെയാണു വായന തുടങ്ങുന്നത്. എന്നാൽ ക്രിക്കറ്റോ പുസ്തകമോ എന്നൊരു തിരഞ്ഞെടുപ്പ് ഒഴിവുവേളകളിലെ ഓരോ നിമിഷവും നിലനിന്നിരുന്നതിനാൽ കയ്യിൽ കിട്ടിയ പുസ്തകങ്ങൾ ഒരുപാടു സമയമെടുത്താണു വായിച്ചു തീർന്നിരുന്നത്. കുറച്ചുകൂടി മുതിർന്നപ്പോൾ അച്ഛൻ സഹകരണസംഘത്തിൽ നിന്നു തവണവ്യവസ്ഥയിൽ വാങ്ങിച്ചു സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലേക്കു കൈനീണ്ടു. ആ പ്രായത്തിൽ, ആദ്യപേജുകളിൽ വലിയ ഉദ്വേഗമൊന്നും ജനിപ്പിക്കാതിരുന്ന റഷ്യൻ/ബംഗാളി തർജമ നോവലുകൾക്കിടയിൽ നിന്നുമാണു പൊടുന്നനെയൊരു ദിവസം എംടിയുടെ പുസ്തകങ്ങൾ കയ്യിൽ കിട്ടുന്നത്. എന്നെ ആദ്യമായി സ്വാധീനത്തിൽ പെടുത്തിയ നോവൽ ‘പാതിരാവും പകൽവെളിച്ചവും’ ആണ്. പിന്നെ സി.വി.ശ്രീരാമന്റെയും വൈശാഖന്റെയും കഥകൾ അന്നു വായിച്ച് ഇഷ്ടപ്പെട്ടതായി ഓർക്കുന്നുണ്ട്. ഏകദേശം ആ കാലത്താണ് അച്ഛൻ എംഫിലിന് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ചേരുന്നത്. അന്നു പതിവായി കോയമ്പത്തൂർ യാത്ര കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ കയ്യിൽ സെക്കൻഡ് ഹാൻഡ്‌ പുസ്തകക്കടയിൽ നിന്നു ചെറിയ വിലയ്ക്ക് വാങ്ങിയ ഒരു പുസ്തകം ഉണ്ടാവും. അങ്ങനെയാണ് ഞാൻ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയും ട്രഷർ ഐലൻഡും സിലാസ് മാർണറും ഒക്കെ വായിക്കുന്നത്.

കുടുംബം?

അച്ഛൻ പ്രഫ. കെ. ചന്ദ്രൻ പാലക്കാട്‌ വിക്ടോറിയ കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗത്തിൽ നിന്ന് അധ്യാപകനായി വിരമിച്ചു. ഇപ്പോൾ കേരളത്തിലുടനീളമുള്ള നാടൻ കലാകാരന്മാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടുകലാകാരകൂട്ടം എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. അമ്മ ലത പുതുപ്പരിയാരം ഗവ. എൽ.പി. സ്കൂളിൽ പ്രധാനധ്യാപികയായി ജോലിനോക്കുന്നു. ഭാര്യ അശ്വതി അശോക്‌കുമാർ ‘asvi malayalam’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തിവരുന്നു. ഞാനിപ്പോൾ ഭാര്യയ്ക്കും നാലുവയസ്സുകാരി മകൾ അഗ്നികയ്ക്കും ഒപ്പം ഗോവയിലാണ് താമസം.

പഠനം, ജോലി?

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ്‌ കമ്മ്യൂണിക്കേഷനിൽ ബിരുദം, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. പഠനത്തിനു ശേഷം 5 വർഷം ജനറൽ മോട്ടോഴ്സിന്റെ ബെംഗളൂരു ടെക്ക്-സെന്ററിൽ സീനിയർ എൻജിനീയറായി ജോലി ചെയ്തു. ഇപ്പോൾ ബിറ്റ്സ്-പിലാനിയുടെ ഗോവ ക്യാംപസിൽ അധ്യാപകനായി ജോലി.

വന്യത്തിനു ശേഷം?

‘വന്യ’ത്തിനു ശേഷം വലിയ ഒരു ഇടവേളയുണ്ടായി. അൽപം നീണ്ട ഒരു വിഷാദകാലത്തിലൂടെയായിരുന്നു കടന്നുപോയത് എന്നിപ്പോൾ തിരിച്ചറിയുന്നുണ്ട്. ലോക്ഡൗൺ കാലത്തു വിദ്യാർത്ഥികളുമായി പതിവു സംവേദനത്തിനുള്ള സാധ്യത ഇല്ലാതെ വന്നതും അതിന് ആക്കം കൂട്ടി എന്നു കരുതുന്നു. പതിയെ അതിൽ നിന്നു കരകയറിയപ്പോൾ ആ കാലത്തെ പശ്ചാത്തലമാക്കി ഒരു കഥ രൂപപ്പെടുത്തി ഒരു ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്. അതു വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

vivek-chadran-2

മലയാളത്തിലെ ഇഷ്ട വാക്ക്, എഴുത്തുകാരൻ, പുസ്തകം?

കാഴ്ചയെ, ഗന്ധത്തെ, സ്പർശത്തെ ഒക്കെ അടയാളപ്പെടുത്തുന്ന വാക്കുകളോട് വലിയ പ്രതിപത്തിയുണ്ട്. ഉദാഹരണത്തിന് ജി.ആർ. ഇന്ദുഗോപൻ എപ്പോഴും പറയുന്ന ‘ഇമ്പം’ എന്ന വാക്ക് കേൾക്കാൻ വലിയ ഇഷ്ടമാണ്. എഴുത്തിൽ താൽപര്യമുള്ള ഒരുപാടു പേരുണ്ട്. പി.എഫ്. മാത്യൂസ് കഥകളിലൂടെ നിർമിക്കുന്ന അർബൻ മിത്തുകളുടെ പാശ്ചാത്തലമുള്ള കഥാപ്രപഞ്ചം വലിയ ഇഷ്ടമാണ്, എസ്.ഹരീഷ് ഭാഷയിലൂടെ രൂപപ്പെടുത്തിക്കൊണ്ടുവരുന്ന ഭൂമിശാസ്ത്രവും അവിടെ ജീവിച്ചുപുലരുന്ന മനുഷ്യരും ഓരോ വായനയിലും അത്ഭുതം നിറയ്ക്കുന്നു. ഇ.സന്തോഷ്‌കുമാറിന്റെ മിക്ക കഥകളുടെയും അടിത്തട്ടിൽ വല്ലാത്തൊരു നിശബ്ദതയുണ്ട്. ധ്യാനാത്മകമായ ഒരു തലം കൂടിയുള്ള അത്തരം കഥകൾ വലിയ സ്നേഹത്തോടെയാണു വായിച്ചുപോകാറുള്ളത്. അയ്മനം ജോണിന്റെയും കരുണാകരന്റെയും കഥകളിലും അതു കാണാം. റേയ്മണ്ട് കാർവറിന്റെ എഴുത്തിനോടുള്ള ഇഷ്ടവും സന്തോഷ്‌കുമാറിൽ നിന്നു പകർന്നുകിട്ടിയതാവണം. സി.പി. ബിജുവും എം. കമറുദ്ദീനും മനോജ്‌ ജാതവേദരും ആഖ്യാനം കൊണ്ട് അത്ഭുതപ്പെടുത്തിയവരാണ്. ഇപ്പോൾ പ്രചാരത്തിൽ വന്നുകഴിഞ്ഞ ഓഡിയോബുക്ക് എന്ന സങ്കേതത്തിൽ മുറക്കാമിയെയും ജുംബ ലാഹിരിയെയും ആലിസ് മൺറോയെയും ഒക്കെ വീണ്ടും കേൾക്കുമ്പോൾ ഇഷ്ടമാവുന്നുണ്ട്. തീക്ഷ്ണമായ ജീവിതാവസ്ഥകളെ, രാഷ്ട്രീയത്തെ, ഫാന്റസിയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന സി.അയ്യപ്പന്റെ കഥകൾ ഒരു കൈപ്പുസ്തകമായി കൊണ്ടുനടക്കാറുണ്ട്. സമകാലികരിൽ ഏറ്റവും ബഹുമാനം സുദീപ് ടി. ജോർജിന്റെ എഴുത്തിനോടാണ്‌. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് രാജൻ കാക്കനാടന്റെ ‘ഹിമവാന്റെ മുകൾത്തട്ടിൽ’ എന്ന പുസ്തകമാണ്.

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Vivek Chandran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;