ADVERTISEMENT

പന്ത്രണ്ട് വയസ്സ് പ്രായം. പാറിപ്പറന്നു നടക്കേണ്ട കാലം. പന്ത്രണ്ടു തികഞ്ഞ് പതിമൂന്നിലേക്കു കയറിയ പിറന്നാൾ ദിനത്തിലാണ് ഗീതാബക്ഷി എന്ന പെൺകുട്ടിക്ക് അവളുടെ അച്ഛനെ നഷ്ടമാകുന്നത്. അച്ഛനെ മരണം തട്ടിയെടുത്തതിന്റെ വേദന തീരും മുന്‍പേ അവൾ തിരിച്ചറിയുന്നു, അച്ഛന്റേതായിരുന്നതെല്ലാം, ഇന്നലെ വരെ തന്റെ സ്വന്തമെന്നു കരുതിയതൊക്കെയും തനിക്ക് അന്യമായിക്കഴിഞ്ഞെന്ന്.

 

അവധിക്കാലത്ത് അച്ഛനൊപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബോംബെയിലെ വീട്, കളിച്ചും ചിരിച്ചും കൂടെയുണ്ടായിരുന്ന ചേച്ചി, അടുത്ത അവധിക്ക് തിരിച്ചുചെല്ലുമ്പോൾ കളിക്കാനായി എടുത്തുസൂക്ഷിച്ചുവച്ച പാവകൾ, നെയിൽ പോളിഷുകൾ... ഒന്നും പിന്നീട് ഒരിക്കൽകൂടി കാണാൻ കഴിഞ്ഞില്ല അവൾക്ക്.

 

malayalam-journalist-author-geetha-bakshi
ഗീതാ ബക്ഷി

ഔറംഗാബാദ് എന്ന വടക്കേ ഇന്ത്യൻ നഗരത്തിൽ ജനിച്ചു വളർന്നു ബോംബെയിലേക്ക് ജീവിതം പറിച്ചു നട്ട ഡോ. മാധവ് റാവ് ബക്ഷിയുടെയും കോട്ടയം പനച്ചിക്കാട് സ്വദേശി കെ.ആർ. പങ്കജാക്ഷികുട്ടിയമ്മയുടെയും മകളാണ് ഗീതാ ബക്ഷി.

 

തന്റെ ദുഃഖം ഉള്ളിൽ മൂടി ആ പെൺകുട്ടി വളർന്നു. ഗീതാബക്ഷിയുടെ തന്നെ ഭാഷയിൽ പറ‍ഞ്ഞാൽ ‘ചില കനലുകൾ നമ്മൾ അങ്ങ് മൂടിയിടും, അല്ലെങ്കിൽ കാല് വെന്തിട്ട് മുന്നോട്ട് നടക്കാൻ കഴിയാതെ പോകും’. സുഹൃത്തുക്കൾക്കിടയിലും സമൂഹത്തിനു മുന്നിലും ഏറ്റവും സന്തോഷവതിയായി ചിരിച്ചുകളിച്ചു നടക്കുമ്പോഴും ഉള്ളിൽ മൂടിയ ചാരത്തിനുള്ളിൽ ഒരു കനൽ സദാ എരിഞ്ഞുകൊണ്ടിരുന്നു. എന്നെങ്കിലും ഒരിക്കൽ തന്റെ ചേച്ചി തന്നെ അന്വേഷിച്ചു വരുമെന്ന് പ്രതീക്ഷിച്ചു.

manorama-books-thai-book-cover

 

അച്ഛന്റെ ആദ്യ വിവാഹത്തിലെ മകൾ, സ്മിതാ ബക്ഷി. എല്ലാ അവധിക്കാലത്തും ഒന്നിച്ചുണ്ടായിരുന്ന ചേച്ചി. അച്ഛന്റെ മരണശേഷം എവിടെയെന്നു പോലും അറിയില്ല. മറാത്തി ഗീതയ്ക്ക് വശമില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന ഒരു എട്ടാം ക്ലാസ്സുകാരിക്ക് സാധ്യമാകുന്ന ഇംഗ്ലിഷിൽ കത്തുകൾ എഴുതി നോക്കി. ഒന്നിനും മറുപടി കിട്ടിയില്ല. ഗീത വലുതായി, വിവാഹിതയായി, മൂന്ന് കുട്ടികളുടെ അമ്മയായി. ഗീത ബക്ഷി എന്ന പേരും അഡ്രസ്സും അവർ നിലനിർത്തി; എന്നെങ്കിലും ഒരിക്കൽ ചേച്ചി തന്നെ തേടി വരുമെന്ന പ്രതീക്ഷയിൽ. പിരിയുന്ന കാലത്ത് സ്മിതാ ബക്ഷി മെഡിസിന് പഠിക്കുകയായിരുന്നു. അവർക്ക് നാട്ടിലെ അഡ്രസ്സ് അറിയാമായിരുന്നു. സാമ്പത്തികമായി നല്ല സ്ഥിതിയിൽ ആയിരുന്നു. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഒരിക്കൽ പോലും ചേച്ചി, തന്റെ തായി, എന്തുകൊണ്ട് തന്നെ അന്വേഷിച്ചില്ല എന്ന ചിന്ത ഗീതയുടെ ഉള്ളിലെ ഭാരം കൂട്ടി. അവർ ചേച്ചിയെ തേടിയിറങ്ങി.

 

1978 ൽ തനിക്ക് നഷ്ടപ്പെട്ട ചേച്ചിയെ 32 വർഷങ്ങൾക്കു ശേഷം ഗീത അന്വേഷിച്ചു കണ്ടെത്തുന്നു. അവിടെ ഗീതയെ കാത്തിരുന്നത് ജീവിതത്തിൽ ഇനിയൊരിക്കൽ കൂടി ഓർക്കാൻ പോലും ആഗ്രഹിക്കാത്ത മറ്റൊരധ്യായം. ആ കണ്ടെത്തലിനു ശേഷമെന്ത്? അതാണ് ഗീതബക്ഷിയുടെ ‘തായി’ എന്ന പുസ്തകം പറയുന്നത്. മറാത്തിയിൽ തായി എന്നാൽ ചേച്ചി എന്നർഥം. 

 

കഥയെ വെല്ലുന്ന ജീവിതം കൂട്ടിച്ചേർക്കലുകളില്ലാതെ പകർത്തിയെഴുതിയ ഗീതാ ബക്ഷി പുസ്തകത്തെകുറിച്ച് പറയുന്നതിങ്ങനെ–

 

‘ഇത് എന്റെ ജീവിതമാണ്. അങ്ങനെ ഉറപ്പിച്ചു പറയാമോ? ഇത് ഔറംഗാബാദ് എന്ന വടക്കേ ഇന്ത്യൻ നഗരത്തിൽ ജനിച്ചു വളർന്നു ബോംബെയിലേക്ക് ജീവിതം പറിച്ചു നട്ട ഡോ. മാധവ് റാവ്  ബക്ഷിയുടെയും കോട്ടയത്തെ പനച്ചിക്കാട് എന്ന കുഗ്രാമത്തിൽനിന്നു ജോലി തേടി അവിടെ എത്തിപ്പെട്ട കെ. ആർ. പങ്കജാക്ഷിക്കുട്ടിയമ്മ എന്ന പെൺകിടാവിന്റെയും കൂടി കഥയാണ്. യാതൊരു ചേർച്ചയും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഇല്ലാത്ത ഇവർ സ്നേഹത്തിന്റെ മാത്രം ഇഴയടുപ്പത്തിൽ ഉയർത്തിയ കുഞ്ഞുകുടുംബത്തിന്റെയും, ഒരുകൊടുങ്കാറ്റിൽ ചിതറിപ്പോയ ആ കുടുംബത്തിന്റെ ദുരന്തത്തിന്റെയും കഥയാണ്. രണ്ട് കരകളിലായി പിരിഞ്ഞു പോയ രണ്ട് സഹോദരിമാരുടെയും കഥയാണ്. എന്റെയും എന്റെ തായിയുടെയും കഥ. ഞാൻ ഇതിൽ ഒന്നും ‘എഴുതി’യിട്ടില്ല. രേഖപ്പെടുത്തുകയായിരുന്നു. ഈ കണ്ണുനീരൊന്നും ഒരിക്കലും കൺപീലി വരെപോലും എത്തിച്ചിട്ടില്ല. ഉള്ളിലേക്ക് ആവാഹിച്ചിട്ടേ ഉള്ളു.’

 

ഒറ്റയിരിപ്പിൽ എഴുതിത്തീർത്ത ആത്മകഥ രണ്ടാമത് ഒന്നുകൂടി വായിച്ച് പൂർത്തിയാക്കാനുള്ള കരുത്തില്ല ഗീതാബക്ഷിക്ക്. ‘ആത്മകഥയുടെ രണ്ടാംഭാഗം പ്രൂഫ് റീഡിങ്ങിന് പോലും ഞാൻ വായിച്ചിട്ടില്ല. എനിക്ക് ഇനി സങ്കടപ്പെടാൻ വയ്യ’ എന്നു പറഞ്ഞ് സ്വതസിദ്ധമായ ചിരിയോടെ ഗീതബക്ഷി സംഭാഷണം അവസാനിപ്പിച്ചു. ശേഷം പുസ്തകത്തിൽ. മനോരമ ബുക്സാണ് പ്രസാധകർ. ഈ മാസം തന്നെ പുസ്തകം വായനക്കാരുടെ കൈകളിൽ എത്തും.

 

English Summary: Writer Geetha Bakshi talks about her book Thayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com