ADVERTISEMENT

അക്ഷരങ്ങൾ എഴുതാനും ചേർത്തുവായിക്കാനും പഠിപ്പിച്ചതിൽ തീർന്നതല്ല, വാഗീശ്വരിയമ്മ നൽകിയ ഭാഷാപരിശീലനം. പുസ്തകങ്ങളെ ബഹുമാനിക്കാനും സ്നേഹിക്കാനുംകൂടി ആശാട്ടി എന്നെ പഠിപ്പിച്ചു. അവരുടെ തുരുമ്പിച്ച ഇരുമ്പുപെട്ടിയിൽ പല വലിപ്പത്തിലും വർണങ്ങളിലുമുള്ള പുസ്തകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതെല്ലാം മറിച്ചുനോക്കി, യാതൊന്നും മനസ്സിലാകാതിരുന്നിട്ടും! വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ പിന്നെയും സൂക്ഷിക്കുന്നതിലെ യുക്തി അന്നെനിക്കു ബോധ്യപ്പെട്ടില്ല. നാരായണഗുരു, കുമാരനാശാൻ, ചങ്ങമ്പുഴ എന്നിവരുടെ കൃതികൾ മനപ്പാഠമാക്കിയിട്ടുള്ള വാഗീശ്വരിയമ്മ എന്റെ സന്ദേഹങ്ങൾ നിസ്സാരമായി തീർത്തുതന്നു. 

 

‘കുട്ടീ, നമ്മുടെ കൊളത്തിൽ ചെന്നുനോക്ക്. അതീന്ന് എന്തുമാത്രം വെള്ളമാണ് നമ്മള് ദിവസോം കോരിയെടുക്കുന്നത് ! എന്നാലും അത്രേം വെള്ളം അവിടെ പിന്നേം ഉണ്ടാവും.  പുസ്തകം വായിക്കുമ്പോ നമുക്ക് ഓരോ കാര്യങ്ങൾ മനസ്സിലാകും. എത്ര പ്രാവശ്യം വായിച്ചാലും അതീന്ന് പുതിയ കാര്യങ്ങൾ കിട്ടിക്കൊണ്ടിരിക്കും.’ ഈ ഉപമ കേട്ടതിൽപിന്നെ എന്നിലെ ബാല ഹൃദയത്തിൽ പുസ്തകങ്ങളുടെ നേരേ വിശേഷാൽ ആകർഷണമുണ്ടായി. 

 

അന്നൊക്കെ പട്ടണത്തിൽ എനിക്കറിയാവുന്നതായി മൂന്നു പുസ്തകശാലകൾ പ്രവർത്തിച്ചിരുന്നു- വിദ്യാരംഭം, പ്രഭാത് ബുക്ക് ഹൗസ്, എൻബിഎസ്. ഈ സ്ഥാപനങ്ങളിൽ നേരേ കടന്നുചെല്ലാനും പുസ്തകങ്ങൾ  മറിച്ചും മണത്തും നോക്കാനുമുള്ള സ്വാതന്ത്ര്യം ഭാഗ്യവശാൽ എനിക്കു  ലഭിച്ചു. സഹപാഠിയായ ബാബുരാജിന്റെ അച്ഛനായിരുന്നു വിദ്യാരംഭത്തിൽ മാനേജർ. പ്രഭാത് ബുക്ക് ഹൗസ് നോക്കിനടത്തിയ കുമാർജിയുടെ മകൻ ബാബു കൂട്ടുകാരനും. എസ്ഡിവിയിലെ പ്രിയപ്പെട്ട ഗുരുനാഥൻ കല്ലേലി രാഘവൻ പിള്ളസാർ എല്ലാ വൈകുന്നേരങ്ങളിലും എൻബിഎസിൽ ഇരിപ്പുണ്ടാവും. അദ്ദേഹത്തോടു സംസാരിക്കാനെന്ന വ്യാജേന ഞാൻ അതിനുള്ളിൽ കയറും.  എന്റെ സൗജന്യവായനയെ മേൽപറഞ്ഞ സ്ഥാപനങ്ങളെല്ലാം ഉദാരപൂർവം കണ്ടില്ലെന്നു വച്ചു. ഒരു നരിന്ത് ചെറുക്കൻ ഇത്തിരിനേരം മറിച്ചുനോക്കിയാൽ മങ്ങിപ്പോകുന്നതല്ല അച്ചടിമഷി എന്നൊരു വിശാലചിന്ത അവിടങ്ങളിലെ ജീവനക്കാരും പുലർത്തി. പുതുക്കെ പതുക്കെ കുറെയേറെ സാഹിത്യകാരന്മാരും ശീർഷകങ്ങളും ഉള്ളിൽ ശേഖരിക്കപ്പെട്ടു. വായിക്കാനുള്ള കൊതിയോടൊപ്പം വാങ്ങിക്കാനുള്ള മോഹവും വളർന്നു.

 

ജീവിതത്തിലാദ്യമായി വിലകൊടുത്തു വാങ്ങിയ പുസ്തകം ഇന്നും ഓർമയിലുണ്ട് - ‘ശ്രീബുദ്ധകഥകൾ’, വില ഒരു രൂപ. അഞ്ചുരൂപയുംകൊണ്ട് ഡബിൾഡക്കർ ചെരുപ്പു വാങ്ങാൻ പോയവനെ സംബന്ധിച്ചിടത്തോളം ‘ശ്രീബുദ്ധകഥകൾ’ വളരെ ‘വിലപിടിച്ച’ പുസ്തകമായിരുന്നു. വഴിയിൽവച്ചുതന്നെ വായിച്ചുതുടങ്ങി. വീട്ടിലെത്തിയതേ അതിനൊരു പുറംചട്ട ഇട്ടുകൊടുത്തു, തൊട്ടു മുഷിയാൻ പാടില്ല! പാഠപുസ്തകങ്ങളുടെ മുകളിൽ ‘ശ്രീബുദ്ധകഥകൾ’ അങ്ങനെ രാജപദവിയോടെ വിളങ്ങി. ക്ഷമ ഒട്ടും ഉണ്ടായില്ല, ഉറങ്ങുന്നതിനു മുമ്പായി പുസ്തകം മുഴുവനും വായിച്ചുതീർത്തു. എന്നിട്ടും മതി വന്നില്ല. എല്ലാവരും ഉറക്കംപിടിച്ചപ്പോൾ ഇരുട്ടിലൂടെ മെല്ലെ ഇഴഞ്ഞുചെന്ന് പുസ്തകം പിന്നെയും എടുത്തുനോക്കി. പാളികളില്ലാത്ത ജനലിലൂടെ ഉള്ളിലെത്തിയ നിലാവിലേക്ക് ചരിച്ചു പിടിച്ചുകൊണ്ട് വായിക്കാൻ ശ്രമിച്ചു. എത്ര സത്യം, വാഗീശ്വരിയമ്മ പറഞ്ഞ വാക്കുകൾ ! ആകെ എഴുപത്തിരണ്ടു പേജുകളേയുള്ളൂ. പക്ഷേ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല. ! മിശറുകടി വകവയ്ക്കാതെ കരിങ്ങാട്ടമരത്തിൽ പിടിച്ചുകയറിയതിനും കരിങ്ങാട്ടക്കായകൾ പൊട്ടിച്ചതിനും ത്രിവേണിമുക്കിലെ പച്ചമരുന്നുകടയിൽ കൊണ്ടുപോയി വിറ്റതിനും ഒരു സദ്ഫലം 

ഉണ്ടായിരിക്കുന്നു.

 

പത്താംവയസ്സിൽ ശ്രീബുദ്ധകഥകളിൽ തുടങ്ങിയ പുസ്തകശേഖരണക്കമ്പം മാർകസ് ജെ.മൂർ എഴുതിയ ‘ദി ബട്ടർഫ്ലൈ ഇഫക്ടി’ൽ എത്തിയിട്ടും വീര്യം കുറഞ്ഞിട്ടില്ല. ഇങ്ങനെ വന്നുകൂട്ടിയ പുസ്തകങ്ങളിൽ വലിയൊരു ശതമാനവും പതിറ്റാണ്ടുകളുടെ പ്രാരബ്ധങ്ങൾക്കു നടുവിൽ എവിടെയൊക്കെയോ 

നഷ്ടപ്പെട്ടുകഴിഞ്ഞു! കുസാറ്റിൽ ജീവിച്ച ഏഴു വർഷത്തിനിടയിൽ വാങ്ങിച്ചുകൂട്ടിയ നാനൂറോളം പുസ്തകങ്ങളെ ആരോ റദ്ദീമാൽ വിഭാഗത്തിൽ ഉൾപ്പെടുത്തി. അവ എടുത്തു കൊണ്ടുപോകാനുള്ള സന്നാഹങ്ങളുമായി ചെന്നപ്പോൾ ഒഴിഞ്ഞുകിടന്ന ഭിത്തിയലമാര എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു. പൊട്ടിത്തകർന്ന ചങ്കിനെ ഒട്ടിച്ചെടുക്കാൻ മുന്നൂറു മില്ലി ലിറ്റർ രാസലായനി തികയാതെ വന്നു. ഭാരതപര്യടനത്തിനിടയിൽ ദില്ലിയിലെയും കൊൽക്കത്തയിലെയും അഴുക്കുപുരണ്ട ഗലികളിൽനിന്നു ശേഖരിച്ച പഴയ പുസ്തകങ്ങൾ നാട്ടിലെത്തിക്കാൻ പെട്ടികളോ ബാഗുകളോ ഉണ്ടായിരുന്നില്ല. പിഞ്ചിത്തുടങ്ങിയ ജമുക്കാളത്തിൽ കോരി നിറച്ചിട്ടും തീരാതെവന്നവയെ വാരിക്കെട്ടാൻ ഉടുമുണ്ടുപോലും അഴിച്ചു. ചിരിയും കണ്ണീരും കലർന്ന പുസ്തകക്കഥകൾ ഇനിയും എത്രയോ ബാക്കികിടക്കുന്നു.

 

കുടുംബജീവിതം തുടങ്ങിയതിനുശേഷം ഏഴിടങ്ങളിലായി മാറിമാറി താമസിച്ചു. വാടക വീടുകളിൽനിന്നു വാടക വീടുകളിലേക്കുള്ള ചരക്ക് നീക്കങ്ങളിലെ ക്ലേശപൂർണമായ വെല്ലുവിളി, എന്നും പുസ്തകങ്ങളായിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി നവഗ്രഹ ലെയിനിലെ മുപ്പത്തിയൊന്നാം നമ്പർ വീട്ടിലെ ടെറസിൽ ടർപോളിനിൽ പൊതിഞ്ഞു സൂക്ഷിച്ച പുസ്തകങ്ങൾക്ക് മാന്യമായ ഒരിടം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ വീട്ടിലെ കോവണിച്ചുവട്ടിൽ ചാക്കിൽ കെട്ടിയ അജ്ഞാത മൃതദേഹങ്ങൾപോലെ അവ ചീർത്തുകിടക്കുന്നു, തള്ളാനും വയ്യ, കൊള്ളാനും! ഇതിനെപ്പറ്റി ഫേസ്ബുക്കിൽ എഴുതിയപ്പോൾ അവയെ ഏറ്റെടുക്കാൻ സന്നദ്ധരായി ഒത്തിരി മിത്രങ്ങൾ മുന്നോട്ടുവന്നു. പക്ഷേ, സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽപോലും സ്വന്തം കുഞ്ഞുങ്ങളെ കൈവിടാൻ ഒരച്ഛനും മനസു വരില്ലല്ലോ! അങ്ങനെയൊരു ധർമസങ്കടത്തിൽ ഞാനും അകപ്പെട്ടിരിക്കുന്നു. ഈ ജ്ഞാനകൂപത്തിൽനിന്നും ഇതിനകം എത്രയോ ഞാൻ കോരിക്കുടിച്ചു. പക്ഷേ, വാഗീശ്വരിയമ്മ പറഞ്ഞതുപോലെ അതിൽ അത്രതന്നെ  പിന്നെയും തുളുമ്പി നിൽക്കുന്നു. എന്റെ ദാഹം ശമിക്കുന്നില്ല, പാനപാത്രം ഒഴിയുന്നുമില്ല !

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

 

English Summary: Dr. Madhu Vasudevan writing about Books and Reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com