ADVERTISEMENT

ജി.ശങ്കരപ്പിള്ള അനുസ്മരണത്തോടനുബന്ധിച്ച് യൂജിൻ അയണസ്കായുടെ ‘കാണ്ടാമൃഗം’ നാടകം അവതരിപ്പിച്ച് സ്കൂൾ ഓഫ് ഡ്രാമ. ജനുവരി 6, 7, 8 തീയതികളിൽ വൈകിട്ട് 06.30ന് സ്കൂൾ ഓഫ് ഡ്രാമ ക്യാംപസ് തിയറ്ററിലാണു നാടകം.സ്കൂൾ ഓഫ് ഡ്രാമ അസി.പ്രഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് ഡീനുമായ ഡോ. എസ്.സുനിലാണ് നാടകം സംവിധാനം ചെയ്‌തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 6, 7 തിയതികളിലെ അവതരണങ്ങൾ പൊതുജനങ്ങൾക്കും 8ലെ രംഗാവതരണം വിദ്യാർഥികൾ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർക്കു വേണ്ടിയുമാണ്.  സമകാലിക ഇന്ത്യൻ സാഹചര്യത്തോട് ചേർത്തുവച്ചുകൊണ്ട്  അവതരിപ്പിക്കപ്പെടുന്ന ഈ നാടകം ഫാഷിസത്തിനെതിരെ സംസാരിക്കുന്നു. പൗരത്വ ബില്ലും കർഷക സമരവും ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ‘കാണ്ടാമൃഗം’ നാടകം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാവുകയാണ്. ഡിസംബർ രണ്ടാം വാരം റിഹേഴ്സൽ ആരംഭിച്ച നാടകം ഫൈനൽ സെമസ്റ്റർ വിദ്യാർഥികളുടെ പഠനത്തിന്റെ ഭാഗം കൂടിയാണ്.

 

ലോക നാടക വേദിയിലെ ആധുനിക ക്ലാസ്സിക്കുകളിൽ പ്രധാനപ്പെട്ട കൃതിയാണ്  1959ൽ എഴുതപ്പെട്ട അയണസ്കോയുടെ കാണ്ടാമൃഗം.  ഫാഷിസത്തിലേക്കുള്ള മനുഷ്യരുടെ മാറ്റമായാണ് ഈ കൃതി കൂടുതൽ വായിക്കപ്പെട്ടിരിക്കുന്നത്. യുദ്ധാനന്തര അവാൻദ് ഗാർദ് നാടക വേദിയിൽ ‘അസംബന്ധ നാടകം’ പരിചയപ്പെടുത്തിയ ‘മാർട്ടിൻ എസ്‌ലിൻ’ സ്വപ്നത്തിന്റെ ആവിഷ്കാരമായി ഈ കൃതിയെ പഠിക്കുന്നുണ്ട്.  സമീപകാല ഇന്ത്യൻ രാഷ്ട്രീയ ജീവിതാനുഭവങ്ങളെ, പൗരസ്ത്യ നാടകവേദിയുടെ ചരിത്രത്തിലെ ഇങ്ങേ അറ്റത്ത് നിന്നുകൊണ്ട് വ്യാഖ്യാനിക്കാനാണ് ഈ അവതരണം ശ്രമിക്കുന്നത്. ജനുവരി 7ന് രാത്രി 8.15ന് മറ്റൊരു നാടകം പി.എം.താജിന്റെ ‘പ്രിയപ്പെട്ട അവിവാഹിത’ തിയറ്റർ കലക്ടിവ് അവതരിപ്പിക്കുന്നുണ്ട്.

 

ജനുവരി 8ന് സ്കൂൾ ഓഫ് ഡ്രാമ പൂർവ വിദ്യാർഥി സംഗമവും പ്രഫ. ജി ശങ്കരപ്പിള്ള, പ്രഫ. രാമാനുജം, പ്രഫ.  വയലാ വാസുദേവൻ പിള്ള, ജോസ് ചിറമ്മൽ, സഫ്ദർ ഹാശ്മി  , അഹമ്മദ് മുസ്‌ലിം എന്നിവരുടെ അനുസ്മരണ പ്രഭാഷണവും പ്രഫ. രാമാനുജം, പ്രഫ. വയലാ വാസുദേവൻ പിള്ള, കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ ഛായാ ചിത്ര അനാച്ഛാദനവും നടക്കും. വകുപ്പ് അധ്യക്ഷൻ  ഡോ. ശ്രീജിത്ത് രമണന്റെ അധ്യക്ഷതയിൽ കൂടുന്ന  ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല പിവിസി ഡോ.എം. നാസർ, മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഷൈജൻ ഡേവിസ്, ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, ശ്യാമ പ്രസാദ്, വി.കെ.പ്രകാശ്, സജാസ് റഹ്മാൻ, നാടക സംവിധായകരായ  ജയസൂര്യ, നരിപ്പറ്റ രാജു, സന്ധ്യ രാജേന്ദ്രൻ, സുവീരൻ,  പ്രശാന്ത് നാരായണൻ, നടൻ വെട്ടുക്കിളി പ്രകാശ്, അറയ്ക്കൽ നന്ദകുമാർ, ബിന്ദു.വി.ആർ, ഡോ.സബീന ഹമീദ് പി, ഡോ.ഷിബു എസ്. കൊട്ടാരം, വിനോദ്  വി.എൻ, നജ്മുൽ ഷാഹി, ഡോ. മണികണ്ഠൻ, കെ, ആശ സുവർണരേഖ തുടങ്ങിയവർ പങ്കെടുക്കും.

 

English Summary: Rhinoceros Play by Eugene Ionesco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com