കൃത്രിമ നിറക്കൂട്ടുകളിലൊന്നായ പ്രഷ്യൻ ബ്ലൂവിൽനിന്ന് 1782 ൽ ആകസ്മികമായി പിറന്ന ഉപോൽപന്നമാണു സയനൈഡ്. ജർമനിയിൽ സയനൈഡിന്റെ വിളിപ്പേർ ബ്ലൂ ആസിഡ് എന്നായിരുന്നു.
ജർമൻ ശാസ്ത്രജ്ഞനായ കാൾ വിൽഹം ഷീൽ, തന്റെ ലാബിൽ ഒരു ദിവസം സൾഫ്യൂരിക് ആസിഡിന്റെ പാടയുള്ള സ്പൂണിൽ വച്ച് പ്രഷ്യൻ ബ്ലൂ ചൂടാക്കിയപ്പോഴാണു ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വിഷം പിറന്നത്. ഈ പുതിയ രാസവസ്തു രണ്ടു നൂറ്റാണ്ടിനകം ലോകമെങ്ങും വ്യാവസായികാവശ്യങ്ങൾക്കു പുറമേ ഔഷധനിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന നിർണായക രാസഘടകമായിത്തീർന്നു. അതേസമയം ലോകമെങ്ങും ഒരു ഭയങ്കര വിഷമായും സയനൈഡിന്റെ ഉപയോഗം പടർന്നു.
1920 കളുടെ തുടക്കത്തിൽ ജർമനിയിൽ വികസിപ്പിച്ചെടുത്ത സയനൈഡ് അധിഷ്ഠിത രാസവളമാണു സൈക്ലോൺ–ബി. നാത്സികൾ 11 ലക്ഷം പേരെ കൊന്നൊടുക്കാൻ ഗ്യാസ് ചേംബറുകളിൽ ഉപയോഗിച്ചത് സൈക്ലോൺ–ബിയായിരുന്നു. സയനൈഡ് 28 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ ആവിയാകും. ബദാമിന്റെ നേർത്ത ഗന്ധം അപ്പോഴുണ്ടാകും. ഗ്യാംസ് ചേംബറുകൾക്ക് ഈ ഗന്ധമായിരുന്നു.
സൈക്ലോൺ–ബിയുടെ പൂർവരൂപമായ സൈക്ലോൺ–എ കലിഫോർണിയയിലെ തോട്ടങ്ങളിലാണു രാസവളമായി ഉപയോഗിച്ചത്. മെക്സിക്കൻ കുടിയേറ്റക്കാർ തിങ്ങിനിറഞ്ഞ ട്രെയിനുകളെ അണുവിമുക്തമാക്കാൻ അമേരിക്കയിൽ വ്യാപകമായി സൈക്ലോൺ–എ പ്രയോഗിച്ചിരുന്നു. അതിനാൽ അക്കാലത്തെ ട്രെയിനുകളുടെ കംപാർട്ടുമെന്റുകളുടെ പാളികളിൽ നീലനിറം പരന്നിരുന്നു. ഓഷ്റ്റ്വിറ്റ്സിലെ കെട്ടിടാവശിഷ്ടങ്ങളിൽ ഇപ്പോഴും നീല നിറം കാണാം.
‘പ്രഷ്യൻ ബ്ലൂ’ യൂറോപ്യൻ ചിത്രകാരന്മാരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു. മാലാഖമാർക്കും കന്യാമറിയത്തിന്റെ വസ്ത്രത്തിനും നൽകിയത് ഈ കടുംനീലയായിരുന്നു. കലയുടെ നീലയിൽനിന്ന് വംശഹത്യയുടെ നീലയിലേക്കുള്ള പരിവർത്തനങ്ങൾ ശാസ്ത്രലോകത്തെ എല്ലാ വലിയ കണ്ടുപിടിത്തങ്ങളെയും വേട്ടയായിട്ടുണ്ട്.

അന്തരീക്ഷത്തിലെ നൈട്രജനിൽനിന്നു രാസവളം നിർമിക്കാനുള്ള വിദ്യ കണ്ടുപിടിച്ചത് ജൂതവംശജനായ ജർമൻ കെമിസ്റ്റ് ഫ്രിറ്റ്സ് ഹേബറാണ്. കാർഷികോപാദനമേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഇത് ഉണ്ടാക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായതു നൈട്രജനിൽനിന്ന് അമോണിയ വേർതിരിച്ചെടുക്കാനുള്ള 1907ലെ സാങ്കേതികവിദ്യയുടെ പ്രയോഗം മൂലമാണ്. എന്നാൽ ലോകത്തെ പട്ടിണിമരണങ്ങളിൽനിന്നു രക്ഷിക്കാൻ നിമിത്തമായ ഹേബർ തന്നെയാണു മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രാസായുധം കണ്ടുപിടിച്ചതും. ഒന്നാം ലോകയുദ്ധത്തിൽ ജർമനി പ്രയോഗിച്ച ക്ലോറിൻ വിഷവാതകം നിർമിക്കുക മാത്രമല്ല യുദ്ധക്കളത്തിൽ അതു പ്രയോഗിക്കാൻ ഹേബർ തന്നെ നേരിട്ടു നേതൃത്വം നൽകുകയും ചെയ്തു. ട്രഞ്ചുകളിൽ ആയിരക്കണക്കിനു പട്ടാളക്കാർ കൂട്ടത്തോടെ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കാൻ ഇടയാക്കിയ രാസായുധത്തിന്റെ പൈശാചികത കണ്ട് ഹേബറുടെ ഭാര്യ ക്ലാര ഇമ്മർവാൾ സ്വയം വെടിവച്ചു ജീവനൊടുക്കി. ജർമൻ സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ ആദ്യ സ്ത്രീയായിരുന്നു അവർ. പക്ഷേ ഹേബർ ഒരിക്കലും രാസായുധത്തിന്റെ പേരിൽ പശ്ചാത്തപിച്ചില്ല.
1918ൽ ഹേബർക്കു രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചെങ്കിലും അദ്ദേഹത്തെ പിന്നീടു സഖ്യകക്ഷികൾ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയുണ്ടായി. ജൂതവംശജനായിരുന്നുവെങ്കിലും ക്രിസ്തുമതം സ്വീകരിച്ച ഹേബർ ഉറച്ച ജർമൻ ദേശാഭിമാനിയായിരുന്നു. എന്നിട്ടും നാത്സികൾ അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. കടൽവെള്ളത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാനുള്ള ഗവേഷണം പരാജയപ്പെട്ടതിന്റെയും ജർമനിയിൽനിന്നു പലായനം ചെയ്യേണ്ടിവന്നതിന്റെയും നൈരാശ്യത്തിലാണു ഹേബർ അന്ത്യനാളുകൾ കഴിച്ചുകൂട്ടിയത്. അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം ഗ്യാസ് ചേംബറുകളിൽ ഇല്ലാതായി.
ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും ധൈഷണികാന്വേഷണങ്ങളുടെയും പരിധിയും പരിമിതിയും പ്രമേയമാക്കി സ്പാനിഷ് നോവലിസ്റ്റ് ബെഞ്ചമിൻ ലാബറ്റൂ എഴുതിയ When We Cease To Understand the World എന്ന കൃതിയിൽ ലോകത്തിന്റെ ഗതി മാറ്റിമറിച്ച ശാസ്ത്രജ്ഞരുടെ പ്രക്ഷുബ്ധജീവിതമാണ് ആവിഷ്കരിക്കുന്നത്. ഓക്സിജൻ കണ്ടുപിടിച്ച കാൾ വിൽഹം ഷീൽ തന്നെയാണു ജീവവായു കവർന്നെടുക്കുന്ന സയനൈഡിന്റെ സൃഷ്ടിക്കും കാരണമായത്. രാസവള സാങ്കേതികവിദ്യ വികസിപ്പിച്ച ഫ്രിറ്റ്സ് ഹൈബർ തന്നെ വിഷവാതകങ്ങളുടെ നിർമിതിക്കും കാരണമായി. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻ സൈന്യത്തിന്റെ രഹസ്യസന്ദേശങ്ങൾ വായിച്ചെടുക്കാനുള്ള വിദ്യ ബ്രിട്ടിഷ് സൈന്യത്തിനു പകർന്നു നൽകിയ അലൻ ടൂറിങ് മഹാപ്രതിഭയായിട്ടും സ്വവർഗാനുരാഗിയായതിനാൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. അക്കാലത്തു സ്വവർഗാനുരാഗം ബ്രിട്ടനിൽ കുറ്റകരമായിരുന്നു. ഒടുവിൽ സയനൈഡ് കുത്തിവച്ച ആപ്പിൾ കഴിച്ചാണ് ടൂറിങ് മരിച്ചത്. ടൂറിങ് ജീവനൊടുക്കിയതല്ല, ബ്രിട്ടിഷ് രഹസ്യപൊലീസ് അദ്ദേഹത്തെ കൊന്നതാണെന്നും കരുതുന്നവരുണ്ട്. അസാമാന്യ പ്രതിഭാശാലികളായ ചില മനുഷ്യർക്കു സ്വന്തം പ്രതിഭയുടെ ഭാരം താങ്ങാനാവില്ല. വിജയങ്ങൾക്കു മുന്നിലും അത് ആസ്വദിക്കാനാവാത്ത അവസ്ഥയിൽ കാലുവെന്ത നായയെ പോലെ പായുകയാവും അവർ. ഗണിതശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രോതൻഡീക്, വെർനർ ഹൈസൻബർഗ്, ഇർവിൻ ഷ്രോഡിഗർ എന്നിവരാണ് ഈ നോവലിൽ കഥാപാത്രങ്ങളാകുന്ന മറ്റു പ്രധാന വിശ്വപ്രതിഭകൾ.

എപിലോഗ് കഴിഞ്ഞശേഷം നൈറ്റ് ഗാർഡനർ എന്ന ആറ് അധ്യായങ്ങളുള്ള ഒരു ഭാഗം ഈ നോവലിലുണ്ട്. ചിലെയിൽ യുറോപ്യൻ കുടിയേറ്റക്കാർ നിർമിച്ച ഒരു മലയോര പട്ടണത്തിൽ മകൾക്കൊപ്പം താമസിക്കുന്ന ഒരാളാണ് ഈ ഭാഗത്തെ ആഖ്യാതാവ്. ഇതു നോവലിസ്റ്റ് തന്നെയാകാം. വേനലവധിക്കു മാത്രം ആളുകൾ വരുന്ന ഒരിടമാണ് ആ പട്ടണം. സഞ്ചാരികളും സന്ദർശകരും കഴിഞ്ഞാൽ വളരെ കുറച്ചു കുടുംബങ്ങളേ അവിടെ പാർക്കുന്നുള്ളു.
രാസവളങ്ങൾ തീരെ ഉപയോഗിക്കാത്ത കൃഷിയാണ് അയാളുടേത്. ഒരു ദിവസം രാത്രിനടത്തത്തിനിടെ അയൽവാസിയായ, 65 വയസ്സിലേറെ പ്രായമുള്ള കൃഷിക്കാരനെ പരിചയപ്പെടുന്നു. ഈ മനുഷ്യൻ രാത്രിയിൽ മാത്രമേ തോട്ടത്തിൽ പണിയെടുക്കൂ. അതാണത്രേ സസ്യപരിപാലനത്തിനുള്ള ഉചിതമായ സമയം. ചെടികളെല്ലാം അപ്പോൾ ഉറക്കത്തിലായിരിക്കും. മയക്കിക്കിടത്തിയ ഒരാളോടെന്ന പോലെ നാം ചെടികളോടു ജാഗ്രതയോടെ പെരുമാറണമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം മുൻപ് ഗണിതശാസ്ത്രജ്ഞനായിരുന്നു. കുടി നിർത്തിയ ആൾ പണ്ടു താൻ കുടിച്ചിരുന്ന കാലത്തെപ്പറ്റി സംസാരിക്കുന്നതു പോലെ ഒട്ടൊക്കെ നിസ്സംഗമായിട്ടാണ് അദ്ദേഹം തന്റെ ഗണിതശാസ്ത്ര ജീവിതത്തെപ്പറ്റി വിവരിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും പ്രധാന ഗണിതശാസ്ത്ര പ്രതിഭകളിലൊരാളായ അലക്സാണ്ടർ ഗ്രൊതൻഡീക്കിനെക്കുറിച്ചുള്ള (1928-2014) ഒരു പുസ്തകം വായിച്ച ശേഷമാണു ശാസ്ത്രം ഉപേക്ഷിച്ച് ഈ മനുഷ്യൻ തന്റെ നാല്പതാം വയസ്സിൽ ഈ മലയോര പട്ടണത്തിലേക്കു വന്നതും ജൈവകൃഷി ആരംഭിച്ചതും.
അൽജിബ്രേക് ജ്യോമട്രിയിൽ വിപ്ലവകരമായ പൊളിച്ചെഴുത്തു നടത്തിയ ഗ്രോതൻഡീക് 42-ാം വയസ്സിൽ ഫ്രാൻസിലെ പ്രമുഖ സർവകലാശാലയിലെ പ്രഫസർഷിപ് ഉപേക്ഷിച്ചു നാടുവിട്ടു. സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് വിദൂരമായ പ്രദേശങ്ങളിൽ മുനിയെപ്പോലെ താമസിച്ചു. ആഹാരം പടിപടിയായി കുറച്ചുകൊണ്ടു വന്ന അദ്ദേഹം 40 ദിവസത്തേക്ക് നിരാഹാരം തുടങ്ങി. അയൽവാസി വീടിനുള്ളിൽ ബലമായി പ്രവേശിച്ച് അദ്ദേഹത്തിനു നിർബന്ധിത ഭക്ഷണം നല്കിയാണു ജീവൻ രക്ഷിച്ചത്.
അദ്ദേഹം അവതരിപ്പിച്ച ഗണിതതത്വങ്ങൾ ലോകമെമ്പാടും ഗണിതലോകത്ത് വലിയ തരംഗങ്ങൾ ഉണ്ടാക്കി. പക്ഷേ, 2014 ൽ മരിക്കും വരെ അദ്ദേഹം അതേപ്പറ്റി സംസാരിക്കാനോ താൻ രൂപപ്പെടുത്തിയ ഇക്വേഷനിലേക്കു മടങ്ങിപ്പോകാനോ വിസ്സമ്മതിച്ചു. ജനറൽ തീയറി ഓഫ് റിലേറ്റിവിറ്റി പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഐൻസ്റ്റൈൻ ശാസ്ത്രജീവിതം ഉപേക്ഷിച്ചു മുങ്ങിയാൽ എങ്ങനെയിരിക്കും? അവിശ്വസനീയമായ തിരസ്കാരമായിരുന്നു ഗ്രോതൻഡിക്കിന്റെത്. ഈ നോവലിന്റെ പ്രധാന ഭാഗങ്ങളിൽ ആത്മാവിനെ ഗ്രസിച്ച അശാന്തിയാൽ നിസ്വനായി മാറിയ ഗ്രോതൻഡീക്കിന്റെ ജീവിതമാണു നിറയുന്നത്. നോവലിസ്റ്റിനെയും ഏറ്റവും ആകർഷിച്ചത് ഗ്രോതൻഡീക്കാണെന്നു തോന്നുന്നു.
ക്വാണ്ടം മെക്കാനിക്സിന്റെ മുഖ്യ ഉപജ്ഞാതാവായ ജർമൻ ഭൗതികശാസ്ത്രജ്ഞൻ വെർനർ ഹൈസൻബർഗാണ് (1901-1976) മറ്റൊരു പ്രധാന കഥാപാത്രം. ഇരുപത്തിനാലാം വയസ്സിൽ യൂണിവേഴ്സിറ്റി ഓഫ് ലൈപ്സിഗിൽ തിയററ്റിക്കൽ ഫിസിക്സിൽ പ്രഫസറായി.1925 ലാണു ഹൈസൻബർഗിന്റെ തീയറി ഓഫ് ക്വാണ്ടം മെക്കാനിക്സ് പ്രസിദ്ധീകരിച്ചത്. 1932ൽ ഫിസിക്സിൽ നൊബേൽ സമ്മാനവും നേടി. എന്നാൽ ഏറ്റവും വിവാദകലുഷിതമായ ഭൗതികശാസ്ത്രതത്വങ്ങൾ കൂടിയാണു ഹൈസൻബർഗ് മുന്നോട്ടുവച്ചത്. ഇതേ രംഗത്ത് ഇർവിൻ ഷ്രോഡിംഗർ മുന്നോട്ടു വച്ച തത്വങ്ങളെ നേരിട്ട് എതിർത്താണ് ഹൈസൻബർഗ് ശ്രദ്ധേയനായത്. പരസ്പരബന്ധമില്ലാത്ത രണ്ടു ക്വാണ്ടം തീയറികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ലോകത്തെ ഭൗതികശാസ്ത്രജ്ഞരെല്ലാം രണ്ടു ചേരിയിലായി. ഈ തർക്കത്തിൽ ഹൈസൻബർഗിന്റെ പക്ഷം പിടിച്ച ഐൻസ്റ്റൈൻ പിന്നീടു ക്വാണ്ടം മെക്കാനിക്ക്സിന്റെ ഏറ്റവും വലിയ വിമർശനായി മാറി.
സയനൈഡിൽ തുടങ്ങി ക്വാണ്ടം ഫിസിക്സിൽ അവസാനിക്കുന്ന ഈ കൃതിയുടെ സഞ്ചാരത്തിലേറെ, ഏറെയും ജീവചരിത്രമെന്നു തോന്നിയേക്കാവുന്ന വിവരങ്ങളാണ്. നോവലുകളിൽ നാം സാധാരണ കാണുന്ന ഒന്നുമില്ല. പൂർണമായും നോൺ ഫിക്ഷനായ ആദ്യ അധ്യായത്തിൽ ഭാവനയിൽനിന്നുള്ള ഒരേ ഒരു വാക്യം മാത്രമേ ചേർത്തിട്ടുള്ളുവെന്ന് ലാബറ്റൂ പുസ്തകത്തിന്റെ ഒടുവിൽ ചേർത്ത കുറിപ്പിൽ പറയുന്നുണ്ട്. അതായത്, അത് ഒരു ലേഖനമായിത്തന്നെ വായിക്കാം. കഥേതരമായ ആഖ്യാനത്തിലൂടെ ആരംഭിച്ചു പടിപടിയായി ഫിക്ഷനിലേക്കു വികസിക്കുന്ന ഒരു ആഖ്യാനരീതിയാണ് ഈ നോവൽ സ്വീകരിച്ചിട്ടുള്ളത്. അവസാനഭാഗത്തെ നൈറ്റ് ഗാർഡനർ എന്ന ഭാഗം ഈ കൃതിയുടെ ആശയപരിസരത്തെ വിശദമാക്കുകയും ചെയ്യുന്നു. ഈ ഭാഗം ഇല്ലായിരുന്നുവെങ്കിൽ ഇതൊരു ഫിക്ഷനാണോയെന്നു പോലും സംശയിച്ചുപോയേക്കാം.
മുത്തശ്ശി തൂങ്ങിമരിച്ച ഒരു വലിയ മരത്തെക്കുറിച്ച് നൈറ്റ് ഗാർഡനർ പറയുന്നുണ്ട്. താൻ കുഞ്ഞായിരിക്കുമ്പോളാണ് അച്ഛമ്മ ആ മരത്തിന്റെ ഉയരമുള്ള ശിഖരത്തിൽ തൂങ്ങിയത്. അവർ എങ്ങനെ ആ മരത്തിൽ കയറിയെന്നത് എല്ലാവരെയും അമ്പരിപ്പിച്ചു. അച്ഛനാണ് മരത്തിൽ കയറി കയറ് അറുത്ത് മൃതദേഹം താഴെയിറക്കിയത്. ആ ദുർമരണത്തിനുശേഷം വൻമരം ഉള്ളിൽനിന്നു ദ്രവിക്കാൻ തുടങ്ങി. വീടിനു മുകളിലേക്കു വീണേക്കുമെന്ന അപകടഭീഷണിയായിട്ടും അതു മുറിക്കാൻ തനിക്കു ധൈര്യം വന്നില്ല. ജീവരാഹിത്യത്തിന്റെ ഭയാനകത നിറഞ്ഞ ദൃശ്യമായി അത് രാത്രിയിൽ ആകാശത്തിനു നേരേ ഉയർന്നുനിന്നു.
ആന്തരിക ജീർണതയാലാണ് മഹാശക്തിയായി വളർന്നിട്ടും നാത്സിസം കടപുഴകിയത്. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യനാളുകളിൽ ജർമനിയിൽ ആത്മഹത്യകളുടെ വേലിയേറ്റമായിരുന്നു. 1945 ഏപ്രിലിൽ ബർലിനിൽ മാത്രം 3800 പേരാണു ജീവനൊടുക്കിയത്. ബർലിനു തെക്കുള്ള ഡെമിൻ നഗരത്തിന്റെ പടിഞ്ഞാറോട്ടുള്ള പാലങ്ങളെല്ലാം ചെമ്പടയെ ഭയന്നു തകർത്തശേഷമാണു ജർമൻ സൈന്യം പിന്തിരിഞ്ഞോടിയത്. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട നഗരം ഇതോടെ ഒറ്റപ്പെട്ടുപോയി. റഷ്യൻ പട്ടാളത്തിന്റെ ക്രൂരത ഭയന്ന് നഗരവാസികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനാരംഭിച്ചു. മൂന്നുദിവസത്തിനിടെ നൂറുകണക്കിനു സ്ത്രീകളും പുരുഷന്മാരും കുട്ടികളുമാണു ജീവനൊടുക്കിയത്. അരയിൽ കയറുകെട്ടി സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ പുഴയിലേക്ക് ഇറങ്ങിപ്പോയി. കൊച്ചുകുട്ടികളെ സ്കൂൾ ബാഗിൽ കല്ലുകൾ കെട്ടി വെള്ളത്തിൽ മുക്കി. മുന്നേറുന്ന വഴികളിലെല്ലാം വീടുകൾ കൊള്ളയടിച്ചും സ്ത്രീകളെ ബലാൽസംഗം ചെയ്തും കെട്ടിടങ്ങൾക്കു തീയിട്ടും മുന്നേറിയിരുന്ന റഷ്യൻ പട്ടാളം ഈ കൂട്ട ആത്മഹത്യകൾക്കു മുന്നിൽ പകച്ചുപോയി. പരാജയം ഉറപ്പായതോടെ നാത്സി പാർട്ടിയിലെ ഉന്നതരും ജീവനൊടുക്കി. 1945 ഏപ്രിൽ 15 നു ബർലിൻ വീഴുന്നതിന് ദിവസങ്ങൾക്കു മുൻപ് ഹിറ്റ്ലർ ഭരണകൂടത്തിലെ ഉന്നതർക്കായി നാഷനൽ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ അവസാന സംഗീതനിശയിൽ എല്ലാവർക്കും സയനൈഡ് ക്യാപ്സൂളും വിതരണം ചെയ്തിരുന്നു.
ജർമൻ സായുധസേനയിലെ 88 ജനറൽമാരാണു റഷ്യൻ പടയെത്തും മുൻപേ ജീവനൊടുക്കിയത്. ഹിറ്റ്ലർ സർക്കാരിലെ പ്രമുഖ മന്ത്രിമാരെല്ലാം ജീവനൊടുക്കി. സയനൈഡ് ക്യാംപ്സൂളിൽ മായം കലർന്നിട്ടുണ്ടെന്നും അതിനാൽ തീവ്രമായ യാതനയിൽ മെല്ലെയാവും മരണമെന്നും അഭ്യൂഹം പരന്നതിനാൽ പലരും സ്വയം വെടിവച്ചാണു മരിച്ചത്. നാത്സി ഭരണകൂടത്തിലെ രണ്ടാമനും കോൺസൻട്രേഷൻ ക്യാംപുകളുടെ ആസൂത്രകനുമായ ഹെർമൻ ഗോറിങ്ങിനെ ജീവനോടെ സഖ്യകക്ഷികൾ പിടികൂടി ന്യൂറംബർഗിൽ വിചാരണ ചെയ്തു തൂക്കിക്കൊല്ലാൻ വിധിച്ചു. തന്നെ വെടിവച്ചു കൊല്ലണമെന്ന് ഗോറിങ് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഒളിപ്പിച്ചുവച്ചിരുന്ന സയനൈഡ് വിഴുങ്ങി ജീവനൊടുക്കുകയായിരുന്നു.
മനുഷ്യന്റെ അന്വേഷണങ്ങൾക്കു മുന്നിൽ തുറന്നു കൊടുക്കാത്ത രഹസ്യങ്ങളാണ് പ്രപഞ്ചത്തിലേറെയും. പ്രകാശകണങ്ങൾ ചെന്നെത്തുക മഹാന്ധകാരശൂന്യതയിലേക്കാണെന്നത് തിരിച്ചറിയുന്ന നിമിഷം മനുഷ്യമനസ്സ് ഉലഞ്ഞുപോയേക്കാം. അങ്ങനെ സ്തംഭിച്ചുപോയ മഹാധിഷണയുടെ അലച്ചിലുകളാണ് നാം വായിക്കുന്നത്. സ്വന്തം ശൂന്യതയെ ചെന്നുതൊടുന്ന മനുഷ്യൻ അപ്പോൾ സ്വന്തം വംശത്തിന്റെ നാശത്തെയും അറിയുന്നുണ്ട്.
English Summary: Ezhuthumesha Column written by Ajay P Mangattu, ‘When We Cease to Understand the World’ book by Benjamin Labatut