ADVERTISEMENT

പുരസ്കാരം ചിലപ്പോഴെങ്കിലും പ്രതികാരവുമാണ്. ലീ ലോറൻസ് എന്ന ഇംഗ്ലിഷ് എഴുത്തുകാരന്റെ കാര്യത്തിലെങ്കിലും. മൂന്നു പതിറ്റാണ്ടായി അദ്ദേഹത്തിന്റെ മനസ്സിലെ മുറിവ് ഉണക്കാൻ കഴിയില്ലെങ്കിലും ഇപ്പോൾ ലഭിച്ചിരിക്കുന്ന പുരസ്കാരം ആശ്വാസം തന്നെയാണ്, വേദനകൾക്കു പരിഹാരമല്ലെങ്കിലും. 

 

ഇംഗ്ലിഷിലെ പ്രശസ്തമായ കോസ്റ്റ പുരസ്കാരത്തിൽ മികച്ച ജീവചരിത്രത്തിനുള്ള പുരസ്കാരമാണ് ലീ ലോറൻസ് എന്ന എഴുത്തുകാരനു ലഭിച്ചിരിക്കുന്നത്. ദ് ലൗഡർ ഐ 

വിൽ സിങ് എന്ന പുസ്തകത്തിന്റെ പേരിൽ. ലീ ലോറൻസ് ഉറക്കെ പറയുന്നത് അദ്ദേഹത്തിന് ഏറ്റവും നന്നായി അറിയാവുന്ന ജീവിതമാണ്. ചെറി ക്രോസ് എന്ന സ്ത്രീയുടെ 

ജീവിതം. ചെറി ക്രോസ് അറിയപ്പെടുന്ന വനിതയല്ല. എന്നാൽ ലീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. സ്വന്തം അമ്മ തന്നെ. ഇംഗ്ലണ്ടിലെ ജനസംഖ്യയിൽ 

അജ്ഞാതയായ ഒരാൾ മാത്രമായ ചെറി ഇപ്പോൾ ലീയുടെ ജീവചരിത്രപുസ്തകത്തിലൂടെ പ്രശസ്തയായിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ വീരനായികയും സാക്ഷിയും 

ഇരയും.

 

1985 സെപ്റ്റംബർ 28. ലണ്ടനിൽ ബ്രിക്സ്റ്റണിലെ വസതിയിലേക്ക് ഒരു കൂട്ടം പുരുഷൻമാർ ഇരച്ചുകയറുന്നു. ലീയുടെ സഹോദരനെ തിരക്കിവന്നവരാണവർ. മുന്നറിയിപ്പില്ലാതെ അവർ വെടിയുതിർത്തു. ലീയുടെ അമ്മയ്ക്കു പരുക്കേൽക്കുന്നു. രക്തത്തിൽ കുളിച്ച് അമ്മ നിലത്തുവീണു പിടയുമ്പോൾ ലീക്ക് 11 വയസ്സ് മാത്രമാണു പ്രായം. യൂണിഫോമിലുള്ളവരാണ് വീട്ടിൽ എത്തിയതെന്ന് ആ കുട്ടിക്കു മനസ്സിലായി. അവർ പൊലീസുകാരാണ്. അമ്മയെ വെടിവച്ചത് ഒരു പൊലീസുകാരൻ തന്നെ. കുട്ടി മനസ്സിലുറപ്പിച്ചു. 

 

ശ്വാസം കിട്ടിതെ പിടയുന്ന അമ്മ വേദന കൊണ്ടു നിലവിളിക്കുകയാണ്. എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വീഴുകയാണ്. മരണം ഉറപ്പാണെന്ന ധാരണയിൽ അമ്മ ലീയോടു 

യാത്ര പറയുന്നു. അന്നത്തെ ആക്രമണത്തിൽ ചെറി ക്രോസ് മരിച്ചില്ല. എന്നാൽ അവർ പിന്നീട് എഴുന്നേറ്റുമില്ല. ശരീരം തളർന്ന് കിടക്കിയിൽ. ചെറി ക്രോസിന്റെ നട്ടെല്ലിലൂടെയാണ്

അന്നു വെടിയുണ്ടകൾ പാഞ്ഞുപോയത്. കണ്ടുനിന്ന ലീ എന്ന 11 വയസ്സുകാരൻ കുട്ടിയുടെ ഹൃദയത്തിലൂടെയും. 

 

26 വർഷം അമ്മ അതേ കിടപ്പ് കിടന്നു. ഒടുവിൽ 2011 ൽ മരണം. ശരീരത്തിൽ അവശേഷിച്ച വെടിയുണ്ടകളാണ് അവരുടെ മരണത്തിനു കാരണമെന്നായിരുന്നു ഡോക്ടർമാരുടെ

വിലയിരുത്തൽ. തന്നെ എന്തിനു വെടിവച്ചു എന്ന ചെറി ക്രോസിന്റെ ചോദ്യം അവർ കിടന്ന മുറിയിൽ മാത്രം ഒതുങ്ങിപ്പോയി. അതു കേട്ട ലീ ആ ചോദ്യം മനസ്സിൽ പല തവണ ആവർത്തിച്ചു. ഇപ്പോഴിതാ ദ് ലൗഡർ ഐ വിൽ സിങ് എന്ന പുസ്തകത്തിലൂടെയും. അതിനാണിപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്. അങ്ങനെ ലീയുടെ അമ്മയുടെ ചോദ്യം 

ലോക മനസാക്ഷിക്കു നേരെയാകുന്നു. മൂന്നു പതിറ്റാണ്ടു മുൻപ് വെടിവെച്ചിട്ട പൊലീസുകാരനു നേരെയാകുന്നു. അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അയാൾ പുസ്തകം 

വായിക്കണം എന്നാണു ലീ ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹം ആഗ്രഹിക്കുന്ന പ്രതികാരവും. 

 

പുരസ്കാരം അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നാണു ലീ പറയുന്നത്. കാരണം എഴുത്ത് പുരസ്കാരത്തിനുവേണ്ടിയായിരുന്നില്ല. അമ്മയ്ക്കുവേണ്ടിയും നീതി ലഭിക്കാത്ത

കറുത്ത വർഗക്കാർക്കുവേണ്ടിയും അസ്വസ്ഥമായ സ്വന്തം മനസ്സിനും വേണ്ടിയായിരുന്നു. ഇങ്ങനെയും ചില മനുഷ്യർ ലോകത്ത് ജീവിച്ചിരിക്കുന്നു എന്നു പറയാൻവേണ്ടി മാത്രം. 

നീതി ലഭിക്കാത്തവർ. ന്യായം ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവർ. സമത്വം എന്നതു പുസ്തകത്തിൽ മാത്രം വായിക്കുകയും ജീവിതത്തിൽ ഒരിക്കലും തിരിച്ചറിയാതിരിക്കുകയും

ചെയ്ത ഹതഭാഗ്യർ. അവർക്കുവേണ്ടിയാണ് ലീ ലോറൻസ് ഉറക്കെ പറയുന്നത്. ആ സ്വരം ഇനി ലോകം കേൾക്കട്ടെ. ഉറക്കെയുറക്കെ പറഞ്ഞാൽ മാത്രമേ ബധിരത നടിക്കുന്ന 

ലോകം കേൾക്കൂ എന്നദ്ദേഹത്തിനറിയാം. കോസ്റ്റ പുരസ്കാരം ലീയുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാൻ ഒരവസരമാണ്. അതാണ്, അതുമാത്രമാണ് ആ പുരസ്കാരത്തിന്റെ 

പ്രധാന്യം. അല്ലെങ്കിൽ അതൊരു പ്രതികാരം മാത്രം. 11 വയസ്സുകാരൻ മനസ്സിലുറപ്പിച്ച പ്രതികാരം. 

 

English Summary: The Louder I Will Sing: A Story of Racism, Riots and Redemption Book by Lee Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com