ADVERTISEMENT

‘ഇംക്ളീഷ അറിയുന്ന എന്റെ വായനക്കാര ഈ പുസ്തകം വായിക്കുന്നതിന്ന മുമ്പ ഇതിനെപറ്റി ഞാൻ ഡബ്ലിയൂ. ഡ്യൂമർഗ്ഗ സായ്പ അവർകൾക്ക ഇംക്ളീഷിൽ എഴുതീട്ടുള്ള ഒരു ചെറിയ കത്ത ഇതൊന്നിച്ച അച്ചടിപ്പിച്ചിട്ടുള്ളതകൂടി വായിപ്പാൻ അപെക്ഷ’. 1889ൽ ഇന്ദുലേഖയുടെ ഒന്നാംപതിപ്പിന്റെ പീഠികയിൽ ഒ. ചന്തുമേനോൻ എഴുതി. പക്ഷേ, ഒന്നാം പതിപ്പ് കണ്ടെത്തിയപ്പോൾ അതിൽ അങ്ങനെയൊരു കത്ത് ഉണ്ടായിരുന്നില്ല. തുടർന്നു ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നടത്തിയ അന്വേഷണത്തിന്റെ കഥ

 

ചന്തുമേനോൻ പരിഭാഷകനായ ഡ്യൂമെർഗിന് അയച്ച ഇംഗ്ളിഷ് കത്ത് ഗവേഷകരെയും പ്രസാധകരെയും ഒരുപോലെ വഴിതെറ്റിച്ച ഒന്നാണ്. ആദ്യ പതിപ്പിന്റെ പീഠികയിൽ ചന്തുമേനോൻ എഴുതി.‘ഇംക്ളീഷ അറിയുന്ന എന്റെ വായനക്കാര ഈ പുസ്തകം വായിക്കുന്നതിന്ന മുമ്പ ഇതിനെപറ്റി ഞാൻ ഡബ്ലിയൂ. ഡ്യൂമർഗ്ഗ സായ്പ അവർകൾക്ക ഇംക്ളീഷിൽ എഴുതീട്ടുള്ള ഒരു ചെറിയ കത്ത ഇതൊന്നിച്ച അച്ചടിപ്പിച്ചിട്ടുള്ളതകൂടി വായിപ്പാൻ അപെക്ഷ. ഈ പുസ്തകത്തിൽ അടങ്ങിയ ചില സംഗതികളെപറ്റി ഉണ്ടായി വരാമെന്ന എനിക്ക ഊഹിപ്പാൻ കഴിഞ്ഞെടത്തോളമുള്ള ആക്ഷെപങ്ങളെകുറിച്ച സമാധാനമായി എനിക്ക പറവാനുള്ളത ഞാൻ ആ കത്തിൽ കാണിച്ചിട്ടുണ്ട’. സാഹിത്യപ്രവർത്തകസഹകരണസംഘമാണ് ഈ കത്തിനെക്കുറിച്ച് ആദ്യം അന്വേഷിച്ചത്. 1955ൽ, സംഘം ആദ്യമായി ഇന്ദുലേഖ പ്രസിദ്ധീകരിച്ചപ്പോൾ, ഈ കത്ത് തങ്ങൾക്കു കിട്ടിയ പതിപ്പിൽ ചേർത്തിരുന്നില്ല എന്നെഴുതി. 1890ലെ രണ്ടാം പതിപ്പിനെയാണ് സംഘം ആധാരമാക്കിയത്. സ്വാഭാവികമായും ഒന്നാം പതിപ്പിൽ കത്ത് ഉണ്ടായിരുന്നുവെന്ന തെറ്റിദ്ധാരണ പരന്നു. ആദ്യപതിപ്പിലുള്ള ഇംഗ്ളിഷ് കത്ത് രണ്ടാം പതിപ്പിൽ ചേർക്കാൻ വിട്ടുപോയെന്നു മറ്റു പ്രസാധകരും എഴുതിയതോടെ, ഒന്നാം പതിപ്പിൽ ഡ്യൂമെർഗിന് അയച്ച കത്ത് ഉൾപ്പെടുത്തിയിരുന്നുവെന്ന വിശ്വാസം ഉറച്ചു.

 

ചന്തുമേനോന്റെ പരാമർശം സൂക്ഷ്മമായി പരിശോധിച്ചാൽ വാസ്തവം വെളിപ്പെടും. ‘കത്ത ഇതൊന്നിച്ച അച്ചടിപ്പിച്ചിട്ടുള്ളതകൂടി’ എന്നാണ് അദ്ദേഹം ഒന്നാം പതിപ്പിൽ എഴുതിയത്. അല്ലാതെ ഈ പുസ്തകത്തിൽ എന്നല്ല. എന്നു മാത്രമല്ല, ‘ഈ പുസ്തകം വായിക്കുന്നതിന്ന മുമ്പ’ കത്ത് വായിക്കണമെന്നാണ് ഗ്രന്ഥകാരൻ ആവശ്യപ്പെടുന്നത്. എങ്ങനെയുള്ള വായനക്കാർ? ‘ഇംക്ളീഷ അറിയുന്ന എന്റെ വായനക്കാര’. 1889 ആണ് കാലമെന്നോർക്കണം. ഇംഗ്ളിഷ് അറിയാവുന്ന വായനക്കാർ ഒരു ന്യൂനപക്ഷമാണ് അന്ന്. ഒരു മലയാള നോവലിൽ, ഇംഗ്ളിഷ് കത്ത് പ്രസിദ്ധീകരിക്കുന്നതിന്റെ അനൗചിത്യം മൂലം ഒന്നാം പതിപ്പിനൊപ്പം ഒരു ലഘുലേഖയായി അത് അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടിരിക്കാനാണ് സാധ്യത. 

 

ഇനി കത്ത് ലഭിച്ച ഡ്യൂമെർഗ്, പീഠികയിലെ പരാമർശം എങ്ങനെയാണ് ഇംഗ്ളിഷിലേക്കു പരിഭാഷപ്പെടുത്തിയതെന്നു നോക്കാം.-‘Of my English readers I would beg the favour of their persuing a letter which I have addressed to Mr.W.Dumergue,C.S., and have had printed as an accompaniment to this volume, before they read the book itself.’ ഡ്യൂമെർഗിന്റെ പരിഭാഷയ്ക്കു കുറച്ചുകൂടി വ്യക്തതയുണ്ട്. ഒന്നാം പതിപ്പ് കണ്ടയാളുടെ ആ വാക്കുകൾ നമ്മൾ അവിശ്വസിക്കേണ്ടതില്ല.

 

ഡ്യൂമെർഗിന് അയച്ച കത്തിന്റെ അടിയിൽ കൊടുത്തിരിക്കുന്ന തീയതിയാണ് മറ്റൊരു തെളിവ്. ഒന്നാം പതിപ്പിന്റെ പീഠികയിൽ ചന്തുമേനോൻ കുറിച്ച 1889 ഡിസംബർ 9 ആണ് ഇന്ദുലേഖയുടെ പ്രകാശനത്തീയതിയായി കണക്കാക്കപ്പെടുന്നത്. ഡ്യൂമെർഗിന് അയച്ച കത്തിലെ തീയതി 1889 ഡിസംബർ 19. അതായത് ഇന്ദുലേഖ പ്രസിദ്ധീകരിച്ചു പത്തു ദിവസത്തിനുശേഷമാണ് ഡ്യൂമെർഗിനുള്ള കത്ത് എഴുതിയത്. സമീപഭാവിയിൽ എഴുതാൻ പോകുന്ന കത്തിനെക്കുറിച്ചാണ് പീഠികയിൽ പരാമർശിച്ചതും. കത്ത് തുടങ്ങുന്നതാകട്ടെ, ഒരു സമർപ്പണത്തോടെയും.–‘സർ, എന്റെ മലയാളം നോവലിന്റെ ഒരു പ്രതി അങ്ങയുടെ അംഗീകാരത്തിനും വായനയ്ക്കുമായി ബഹുമാനപുരസരം സമർപ്പിക്കുകയാണ്’. നോവൽ പിറവിയെടുത്ത് പത്തു ദിവസം കഴിഞ്ഞ് എഴുതിയ കത്ത് ആ നോവലിൽ അന്വേഷിക്കുന്നത് നിരർഥകമാണ്. എങ്കിലും ഒന്നാം പതിപ്പ് കണ്ടെത്തിയ ബ്രിട്ടിഷ് ലൈബ്രറിയിൽ കത്തിനെക്കുറിച്ച് ഒരന്വേഷണം കൂടി നടത്തി. ഡ്യൂമെർഗിന്റെ ഇംഗ്ളിഷ് പരിഭാഷയിൽ മാത്രമേ ചന്തുമേനോൻ എഴുതിയ കത്ത് ഉള്ളൂവെന്നു മറുപടി ലഭിച്ചു. അതോടെ ഒന്നാം പതിപ്പിൽ കത്ത് ഉൾപ്പെടുത്തിയിട്ടില്ല എന്ന എന്റെ അനുമാനത്തിന് സ്ഥിരീകരണം ലഭിച്ചു. 

 

ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ചന്തുമേനോൻ നോവലെഴുതിയതെന്നതിന്റെ സൂചന ഒന്നാം പതിപ്പിലെ പീഠികയിലുണ്ട്– ‘ംരം സംഗതികളെ എല്ലാംകൂടി ആലൊചിച്ച ഒരു നൊവൽ ബുക്ക ഏകദേശം ഇംക്ലീഷ നൊവൽ ബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാമെന്ന ഞാൻ നിശ്ചയിച്ച എന്നെ ബുദ്ധിമുട്ടിച്ചാളൊട വാഗ്ദത്തം ചെയ്തു’. എന്നാൽ ‘ഭാര്യ’ എന്നു തെളിച്ചു പറഞ്ഞിട്ടില്ല. ഡ്യൂമെർഗിന് അയച്ച കത്തിൽ ‘ഭാര്യ’ എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.–‘ഇംഗ്ളീഷ് നോവലുകളുടെ മാതൃകയിൽ ഒരു പുസ്തകം മലയാളത്തിൽ വായിക്കാനായി എന്റെ ഭാര്യ ഇടയ്ക്കിടെ പ്രകടിപ്പിച്ച മോഹമാണ് ആദ്യത്തേത്.’

 

‘ഈ കഥയിൽ മുഖ്യമായി പറയപ്പെടുന്ന ആളുകളുടെ പെരുകൾ മുതലായവ’ ഡ്യൂമെർഗിന് അയച്ച കത്തിലും ചില ഭേദഗതികളോടെ ആവർത്തിച്ചിട്ടുണ്ട്. പുസ്തകത്തിൽ മാധവന്റെ പ്രായം 24 വയസ്സ് എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കത്തിലെ പട്ടികയിൽ പ്രായം പറഞ്ഞിട്ടില്ല. കുമ്മിണി അമ്മയുടെ ഭർത്താവ് ശീനുപ്പട്ടരുടെ പേര് പീഠികയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും കത്തിലെ പട്ടികയിൽ വിട്ടുകളഞ്ഞു. പകരം ഒന്നാം പതിപ്പിൽ വിട്ടുപോയ ശിന്നന്റെ പേര് ഉൾപ്പെടുത്തിയതും ഇന്ദുലേഖയുടെ പ്രസാധനത്തിനുശേഷമാണ് കത്ത് എഴുതിയതെന്നതിനു തെളിവാണ്. ഇന്ദുലേഖയുടെ പ്രായം പതിനേഴെന്നും പഞ്ചുമേനോന്റെ പ്രായം എഴുപതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. 

 

( നോവലിന്റെ രചനാലക്ഷ്യങ്ങൾ വെളിപ്പെടുത്തുന്ന,130 വർഷം പഴക്കമുള്ള ഒ.ചന്തുമേനോന്റെ കത്തിന്റെ മലയാള പരിഭാഷ മനോരമ ബുക്സ് പുന:പ്രസിദ്ധീകരിച്ച ‘ഇന്ദുലേഖ’യുടെ ഒന്നാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് )

 

English Summary : In Memory Of O. Chandu Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com