ADVERTISEMENT

കഥകൾ കൊണ്ട് രക്ഷ കിട്ടുമോ?

ബൈബിളോ ഗീതയോ ഖുർ ആനോ ഒക്കെ വായിക്കുമ്പോൾ രക്ഷ കിട്ടുന്നു എന്ന് അതതുകളുടെ വിശ്വാസികൾക്ക് ഉറപ്പാണ്. അവർ അങ്ങനെ വിശ്വസിക്കുകയും സംശയലേശമെന്യേ മറ്റൊരാളോടു പറയുകയും ചെയ്യും. പക്ഷേ, കഥ കൊണ്ടു രക്ഷിക്കപ്പെട്ടവരെ കുറിച്ച് അങ്ങനാരും പറഞ്ഞു കേട്ടിട്ടുണ്ടാവില്ല. എന്നാൽ, കഥ കൊണ്ടും ആളുകൾ രക്ഷിക്കപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. 

 

കുറ്റവും ശിക്ഷയും കൊണ്ട് രക്ഷിക്കപ്പെട്ടത് ആ നോവലെഴുതിയ ഫയദോർ ദസ്തയേവ്‌സ്കിയും മുഖ്യകഥാപാത്രം റസ്‌കോൽ നിക്കോവും മാത്രമല്ല, ലോകമൊട്ടാകെയുള്ള കോടിക്കണക്കിനു മനുഷ്യർ കൂടിയാണ്. ആ പുസ്തകം ഒരിക്കൽ വായിച്ചവരൊക്കെയും ജീവിതത്തിലെ ഏറ്റവും സംഘർഷനിർഭരവും സങ്കീർണവുമായ നിമിഷങ്ങളിലേതിലെങ്കിലുമൊന്നിൽ റസ്‌കോൽ നിക്കോവിനെ ഓർത്തിട്ടുണ്ടാവുമെന്നും ആ ഓർമയിൽ സ്നാനം ചെയ്യപ്പെട്ട് അയാൾ/ അവർ രക്ഷയുടെ കരുതൽ അറിഞ്ഞിട്ടുണ്ടാകുമെന്നും ഞാൻ വിശ്വസിക്കുന്നു.

 

അങ്ങനെയെങ്കിൽ ലോകത്തിലെ മികച്ച ഏതു കഥയും ( അത് എഴുതപ്പെട്ടത് കാവ്യം, നാടകം, നോവൽ, കഥ എന്നിങ്ങനെ ഏതു രൂപത്തിലായാലും) മനുഷ്യരെ രക്ഷിക്കുന്നുണ്ട്. ചിലരെ ചില നിമിഷങ്ങളിലേക്കായിരിക്കും, ചിലരെ എല്ലാക്കാലത്തേക്കുമായിരിക്കും.

 

jissa-jose-book

കഥയും രക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിച്ചുപോയത് ജിസ ജോസിന്റെ രണ്ടാമത്തെ കഥാസമാഹാരമായ സർവമനുഷ്യരുടെയും രക്ഷയ്‌ക്കു വേണ്ടിയുള്ള കൃപ വായിച്ചു കഴിഞ്ഞപ്പോഴാണ്. സമാഹാരത്തിലെ ഈ ശീർഷകത്തിലുള്ള കഥ വായിക്കുമ്പോൾ തന്നെ നമ്മൾ കഥയും രക്ഷയും തമ്മിലുള്ള വിചാരത്തിലേക്കു കടന്നുകഴിയും. തുടർന്നുള്ള ഓരോ കഥ

വായിക്കുമ്പോഴും ആ വിചാരം ഉള്ളിൽ കിടന്ന് പുളിച്ചുവീര്യമേറിക്കൊണ്ടുമിരിക്കും.

 

സമാഹാരത്തിലെ സർവമനുഷ്യരുടെയും രക്ഷയ്‌ക്കു വേണ്ടിയുള്ള കൃപ എന്ന ആദ്യ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.

 

ചെന്നു കയറിയത് പള്ളിക്കകത്തായിരുന്നു. ഒച്ചയനക്കങ്ങളില്ലാതെ, ആളൊഴിഞ്ഞ പള്ളിയകമങ്ങനെ തണുത്തുറഞ്ഞു കിടക്കുന്നു. നേരിയൊരു കുറുകലോടെ തന്നെ അള്ളിപ്പിടിക്കുന്ന കുഞ്ഞിനെ ഒന്നു കൂടെ ചേർത്തണച്ച് അയാളൊരു മരബഞ്ചിലേക്കിരുന്നു. അപ്പനില്ലാത്തൊരു കുഞ്ഞ് കുരിശിൽ കിടന്ന് അവരെ നോക്കി. അലിവോടെ ചിരിക്കുന്നപോലെ അയാൾക്കന്നേരം തോന്നി.

 

കഥയിലെ കവിത അള്ളിപ്പിടിച്ചുകിടക്കുന്ന ഈ വരികളിൽ പാൽമണം മാറാത്ത ഒരു കുഞ്ഞുകുഞ്ഞിനു ലഭിച്ച രക്ഷ കുരിശിൽ കിടക്കുന്ന കുഞ്ഞിനു ലഭിച്ച രക്ഷയോടൊപ്പം മഹത്വപ്പെടുന്നതു നമുക്കു കാണാനാകുന്നുണ്ട്. സ്വന്തം ഭാര്യ മറ്റാരെയോ പ്രാപിച്ചുണ്ടായ കുഞ്ഞിനെ കൊന്നുകളയാൻ വെമ്പി നടന്ന ആൾക്ക്  ക്ഷമയെന്നോ സഹനമെന്നോ ഒക്കെ വിളിക്കാവുന്ന വലിയ മാനുഷികനന്മയിൽ നിന്നു ലഭിക്കുന്ന രക്ഷയെ കുറിച്ചു പേർത്തും പേർത്തും നമുക്ക് വിചാരിച്ചിരിക്കാനാവുന്നുണ്ട്. 

 

സെമിനാർ ഹാളിലെ പൂച്ച എന്ന തലക്കെട്ടു വായിക്കുമ്പോൾ നിത്യസാധാരണമായ ഒരു സെമിനാറിന്റെ കഥ എന്നതിനപ്പുറം വായനക്കാരനെ രക്ഷയെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമാണെന്നൊന്നും ആരും ചിന്തിക്കാൻ വഴിയില്ല. പക്ഷേ, വലിയൊരു എഴുത്തുകാരന്റെ കംപ്യൂട്ടറിൽ സേവ് ചെയ്‌തിട്ടിരുന്ന അയാളുടെ പുതിയ നോവലിന്റെ ഫോൾഡറിൽ നിന്ന് പുറത്തിറങ്ങി എഴുത്തുകാരന്റെ വീടിനുള്ളിലും പിന്നെ ടൗണിലുമൊക്കെ ചുറ്റി അവസാനം അയാൾ പ്രഭാഷണം നടത്തുന്നൊരു സദസ്സിൽ ചെന്നിരുന്ന് തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന അയാളുടെ പ്രഖ്യാപനം കേൾക്കുമ്പോൾ അമല എന്ന കഥാപാത്രം വിചാരിക്കുന്നത് താൻ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

 

മണിക്കുട്ടീ, അവഗണനയും ഒരു ബലാത്‌ക്കാരമാണ്. വല്യ എഴുത്തുകാരനതറിയില്ല എന്ന് അമല സദസ്സിൽതനിക്കടുത്തുവന്നിരുന്ന പൂച്ചയോടു പറയുമ്പോൾ അമലയും പൂച്ചയും മാത്രമല്ല, വായനക്കാരനും ഒരു കാര്യം തിരിച്ചറിയുന്നു. രണ്ടു വർഷമായി കഥാപാത്രം ആ എഴുത്തു കാരനാൽ നിരന്തരം ബലാത്‌ക്കാരം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ അയാൾ  എഴുത്തുപേക്ഷിക്കുന്നതുവഴി കഥാപാത്രം രക്ഷിക്കപ്പെട്ടു കഴിഞ്ഞു. 

 

ആ ദിവസം, പിന്നൊന്നും ചെയ്യാനില്ലാത്ത ആ ദിവസം റോസ്ലീനയ്‌ക്ക് പെട്ടെന്ന് എണ്ണ കുടിച്ചു ചീർത്ത മുടിനാരുകൾ പകുത്ത് ആഴത്തിലാഴത്തിൽ ആരുടെയെങ്കിലും തലയിൽ പേൻ നോക്കണമെന്നു തോന്നിപ്പോയി. പല്ലു ഞെരിച്ചമർത്തി, സീൽക്കാര ശബ്‌ദമുയർത്തി കണ്മുന്നിൽ നിന്ന് പ്രാണഭയത്തോടെ ഓടിയൊളിക്കുന്ന ഒരു കറു കറുത്ത പേനിനു പിന്നാലെ വാശിയോടെ, അടങ്ങാത്ത ക്രൗര്യത്തോടെ. അതൊരു വേട്ടയാണ്. അത്തരം വേട്ടകളേ തനിക്കു ചെയ്യാനാവുന്നുള്ളൂവെന്ന് പെട്ടെന്നവൾ നിസഹായയായി. ബേബി ബ്‌ളൂ ഐസ് എന്ന കഥയിലേക്കുള്ള പ്രവേശനമാണിത്. കഥ പിന്നെ വായനക്കാരനെ വലിച്ചുകൊണ്ടു പോകുന്നത് പ്രശസ്ത പൾമണോളജിസ്റ്റായ ഡോ. റോസ്ലീനയുടെ ജീവിതത്തിലേക്കാണ്. പ്രണയം കൊണ്ട് രക്ഷിക്കാമെന്നു വാഗ്‌ദാനം ചെയ്‌ത മെറ്റലർജിക്കൽ 

എൻജീനീയറായ ഭർത്താവ് അധികാരം കൊണ്ടും ചതികൊണ്ടും അവളെ നിരന്തരം മുറിപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ അവൾക്ക് രക്ഷയായി അനുഭവപ്പെടുന്നത് അയാളുടെ മരണം തന്നെയാണ്.എന്നിട്ടും രക്ഷ പൂർണമായില്ലെന്ന തോന്നൽ അവളെ വല്ലാതെ വീർപ്പുമുട്ടിക്കുമ്പോൾ അവൾ വേലക്കാരിപ്പെണ്ണിന്റെ ചൂലു വാങ്ങി താഴേക്കിട്ട് അവളെയും വലിച്ചിഴച്ച് വരാന്തിയിലെ ചാരുപടിയിലേക്കോടുന്നു. വർഷങ്ങൾക്കു ശേഷം അവിടെയിരുന്ന ഡോക്‌ടർ റോസ്ലീന വേലക്കാരിയുടെ കെട്ടിവച്ച എണ്ണ കനച്ച മണമുള്ള മുടി അഴിച്ചുനിരത്തി, അവളുടെ തല ബലമായി മടിയിലേക്കു ചായ്‌ച്ച് വിരലുകൾ കൊണ്ട് പരതുന്നു. മുടി പകുത്തു പകുത്ത് ആഴങ്ങളിലേക്ക്. എന്താണെന്നറിയാതെ പിടഞ്ഞ പെൺകുട്ടി മെല്ലെ അവളുടെ വിരലുകൾക്ക് വഴങ്ങിക്കൊണ്ട് നിശ്ചലയായി. തിരഞ്ഞു തിരഞ്ഞ് ഒടുവിൽ കണ്ടെത്തിയ കറുത്ത പേനിനു പിന്നാലെ റോസ്ലീനയുടെ വിരലുകൾ, വിടില്ലെന്ന വാശിയോടെ പരതിച്ചെന്നു. ഇതെന്റെ വേട്ടയാണ്. അവൾ പല്ലു ഞെരിച്ചുകൊണ്ടു മന്ത്രിച്ചു.

 

വളരെ നിസ്സാരമെന്നു മറ്റൊരാൾക്കു തോന്നിയേക്കാവുന്ന പേൻ വേട്ടയിലൂടെ റോസ്ലീന രക്ഷിക്കുന്നത് തന്നെത്തന്നെയാണ്. തന്റെ മടിയിൽ തലയൊതുക്കിക്കിടക്കുന്ന വേലക്കാരിപ്പെണ്ണിനെയാണ്. കൊന്നുകളയുന്നത് കറുകറുത്തൊരു പേനിനെ മാത്രമല്ല, തന്റെ ജീവിതത്തിലൂടെ, അതിന്റെ ചുളിവുകളിലൂടെയും മടക്കുകളിലൂടെയും ഇഴഞ്ഞു നടന്ന വഞ്ചകനായൊരു മനുഷ്യന്റെ ഓർമകളെകൂടിയാണ്.

 ഇരുണ്ട ഇടങ്ങൾ, ലവ് വിത്ത് എ നൺ, മരണത്തിന്റെ താക്കോൽ, അഭയാർഥികൾ, സാഹിത്യശിൽപശാലയിലെ അന്നാമേരി തുടങ്ങി സമാഹാരത്തിലെ മറ്റ് അഞ്ച് കഥകളിലൂടെ കടന്നു പോകുമ്പോഴും നാം അറിയുന്നത് ഓരോരോതരം രക്ഷകളുടെ സൃഷ്‌ടിരഹസ്യമാണ്. മികച്ച കഥകളിലൂടെയും മനുഷ്യരെ രക്ഷിച്ചെടുക്കാമെന്ന് ജിസ ജോസ് കാണിച്ചു തരുന്നു.  സമകാല ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ വ്യത്യസ്തമായ എഴുത്തുവഴിയിലൂടെ അനാവരണം ചെയ്യുന്ന എട്ടു കഥകൾ. കൃത്യമായ നിരീക്ഷണങ്ങൾ, സ്ഫുടം ചെയ്‌തെടുത്ത ദർശനങ്ങൾ, ഭയരഹിതമായ സാമൂഹിക വിമർശനങ്ങൾ, കൊച്ചുകൊച്ചു പരിഭവങ്ങൾ, ചില്ലറ പിണക്കങ്ങൾ..... ഇതിനൊക്കെയിടയിലൂടെ കാരുണ്യമുള്ള പേനയുമായി, കരുതലിന്റെ തലോടലുമായി വായനക്കാരുടെ മനസ്സിലേക്കു രക്ഷിക്കപ്പെടുന്ന എഴുത്തുകാരിയെയാണ് ജിസ ജോസിൽ നാം കാണുന്നത്. പകപ്പോ പരിഭ്രമമോ ഇല്ലാത്ത, പക്വതയാർജിച്ച കഥകൾക്ക് ഈ പുസ്തകം ഉറപ്പായും ഒരു തെളിവാണ്.

 

പുസ്തകം മുഴുവൻ വായിച്ചു തീരുമ്പോൾ ചില സംശയങ്ങൾ മനസ്സിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവയ്ക്ക് എഴുത്തുകാരിയുടെ മറുപടി ഇങ്ങനെ. 

 

കോട്ടയത്തുനിന്ന് താമസം മാറിയിട്ട് ഏറെ വർഷങ്ങളായി. പക്ഷേ, ഇതിലെ നാലു കഥകളെങ്കിലും തനി കോട്ടയം ഭാഷയിലാണ്. തലശ്ശേരി ബ്രണ്ണൻ കോളജിലെ അധ്യാപിക എന്ന നിലയിലും അവിടത്തെ താമസക്കാരി എന്ന നിലയിലും  മറ്റൊരു സ്ലാങ്ങിലുള്ള ഭാഷയാണ് സ്ഥിരമായി  കൈകാര്യം ചെയ്യുന്നത്. എന്നിട്ടും കഥകളിൽ കലർപ്പില്ലാത്ത കോട്ടയം ഭാഷ കടന്നു വരുന്നു.  എഴുത്തുകാരിയുടെ  സ്വത്വത്തിലും ഉപബോധത്തിലും കുഞ്ഞുന്നാളിലത്തെ ഭാഷ എങ്ങനെ ഇത്ര ശക്തമായി അടയാളപ്പെട്ടുകിടക്കുന്നു എന്ന് അതിശയം തോന്നിപ്പോയി. എഴുത്തിലെ കോട്ടയം ഭാഷ ബോധപൂർവമോ? തനിയെ സംഭവിച്ചതോ? പറഞ്ഞു മറന്ന ഭാഷ വീണ്ടെടുക്കാൻ കാര്യമായ അധ്വാനം വേണ്ടിവന്നോ?

 

ശരിയാണ്. 8 - 9 വയസു വരെയൊക്കെ മാത്രമാണ് കോട്ടയത്തു സ്ഥിരമായി താമസിച്ചിരുന്നത്. പിന്നെ പാലക്കാട്, ഒറ്റപ്പാലം, കോഴിക്കോട് ...ഇപ്പോൾ തലശ്ശേരിയും. കോട്ടയം ഭാഷ ആ നാടുവിട്ടപ്പോൾത്തന്നെ ഉപേക്ഷിച്ചതാണ്. പാലക്കാടും ഒറ്റപ്പാലത്തുമൊക്കെയുള്ള സ്കൂൾ കാലത്ത്  കോട്ടയം ഭാഷ അറിയാതെങ്ങാനും പറഞ്ഞു പോയാൽ അതു നമ്മളെ വല്ലാതെ പരിഹാസ്യരാക്കുമായിരുന്നു. അതു കൊണ്ട് ബോധപൂർവ്വം തന്നെ ആ ഭാഷയിൽ നിന്നു മാറി നടക്കുകയായിരുന്നു ശീലം. ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടില്ല. അതും ഇതും അല്ലാത്ത, ഒരു ദേശത്തോടും ചേർത്തുവയ്ക്കാനാവാത്ത ഒരു സംസാരശൈലിയാണ് എപ്പോഴും ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അതെ.

പക്ഷേ, കഥ എഴുതുമ്പോൾ ആ ഭാഷ തനിയെ എവിടുന്നോ കേറി വന്നു. എനിക്കു പോലും അതിശയമുണ്ടാക്കിക്കൊണ്ട്.

ആ ഭാഷയിലും ശൈലിയിലും എഴുതുമ്പോഴാണ് ഏറ്റവും comfortable എന്നും ഇപ്പോൾ തോന്നുന്നുണ്ട്. ചെറുപ്പത്തിൽ കേട്ടിരുന്ന ഭാഷ ഉള്ളിൽ ഉറഞ്ഞു കിടന്നിരിക്കണം. അതിനോട് എനിക്കൊരു മമതയും ഉണ്ടായിരുന്നില്ല .എന്നിട്ടും അതെന്നെ വിട്ടു പോയില്ല.

ചില കഥകൾക്ക് ആ ഭാഷയും അന്തരീക്ഷവുമാണിണങ്ങുന്നതെന്ന് ആ കഥകൾ സ്വയം തീരുമാനിച്ച പോലാണ് എനിക്കനുഭവപ്പെടുന്നത്. ബോധപൂർവം  സംഭവിച്ചതല്ല. എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഒന്നും മറന്നിരുന്നില്ല എന്നു ഞാൻ തിരിച്ചറിയുന്നതും.

പല പെൺ എഴുത്തുകാരിലും പലപ്പോഴും കാണാറുള്ളത്ര ശക്തമായ പുരുഷ വിദ്വേഷമില്ല. പക്ഷേ ,കോളജ് അധ്യാപകരും എഴുത്തുകാരുമായ പുരുഷന്മാരെ ഒട്ടും ബഹുമാനവുമില്ല. സമൂഹത്തിന്റെ  ബഹുമാനം കിട്ടുന്നു എന്നു കരുതപ്പെടുന്ന ഈ രണ്ടു കൂട്ടരും പ്രഹരം അർഹിക്കുന്നുവെന്നാണോ?

 

എഴുത്തുകാർ ,അധ്യാപകർ എന്നു പ്രത്യേക വിഭാഗത്തെ മാത്രമായി ഉന്നം വച്ചിട്ടില്ല. ചില കഥകളിൽ യാദൃച്ഛികമായി അങ്ങനെ സംഭവിച്ചുവെന്നേയുള്ളൂ. ജീവിതത്തെയും മനുഷ്യരെയും പലതരം കാപട്യങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്ന ചില അനുഭവങ്ങളിലൂടെ കടന്നു പോയത് എന്റെ  ആൺ കാഴ്ചകളെ കുറച്ചൊക്കെ Sharp ആക്കിയിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നു.

 

വിശ്വാസത്തെ നിഷേധിക്കുന്നില്ല. പക്ഷേ ,അച്ചൻമാരെയും കന്യാസ്ത്രീകളെയുമൊക്കെ വിമർശിക്കുന്നതിൽ ദാക്ഷിണ്യവുമില്ല. വിശ്വാസം, സഭ ഇവയെ കുറിച്ചൊക്കെയുള്ള സങ്കൽപം എന്താണ് ?

 

പൊതുവേ ക്രിസ്ത്യൻ വീടുകളിൽ പതിവില്ലാത്ത വിധം വളരെ അയഞ്ഞ ഒരു മതബോധമുൾക്കൊണ്ടാണ് വളർന്നത്. പള്ളിയും സഭയുമൊക്കെയായി ബന്ധപ്പെട്ട ആചാരങ്ങളിൽ നിന്നു സ്വതന്ത്രമായിരുന്നു ജീവിതം. മതത്തെ, അതിന്റെ  ചിട്ടകളെ അന്ധമായി അനുസരിക്കാൻ നിർബന്ധിക്കപ്പെട്ടില്ല എന്നത് ഭാഗ്യമായി കരുതുന്നു. നിരന്തരം വിമർശിച്ചു കൊണ്ട് മതത്തെ പരിഷ്കരിക്കുന്ന നിലപാടു സ്വീകരിക്കാൻ അതതു മത വിശ്വാസികൾ ശ്രമിക്കണം എന്നാണ് എന്റെ  കാഴ്ചപ്പാട്. സ്വാഭാവികമായി കഥകളിലും അതു കടന്നു വരുമല്ലോ.

 

ആദിവാസി, പ്രകൃതി ചൂഷണങ്ങളിൽ വേദനിക്കുന്നൊരു മനസ്സുണ്ട്. ടിപ്പിക്കൽ റബ്ബറധിഷ്ടിത കോട്ടയംകാർ കലിയിളകി സംസാരിക്കുന്ന വിഷയങ്ങളാണ് രണ്ടും .വ്യത്യസ്തമായ ഈ പരിസ്ഥിതി, ആദിവാസി കാഴ്ചപ്പാടുകളിലേക്ക് എത്തിപ്പെട്ടത് എങ്ങനെ?

 

അങ്ങനെ എത്തിപ്പെട്ടിട്ടുണ്ട് എന്ന് ആത്മവിശ്വാസത്തോടെ അവകാശപ്പെടാൻ സത്യത്തിൽ ധൈര്യമില്ല. പക്ഷേ അവയ്ക്കു വേണ്ടിയാണ് പുതിയ കാലത്ത് കഥകളും മറ്റെല്ലാ സാഹിത്യ രൂപങ്ങളും ഏറ്റവും ശക്തമായി സംസാരിക്കേണ്ടത് എന്ന ബോധ്യം ഉണ്ട് താനും. കഥകളിൽ ചെറുതായെങ്കിലും അത്തരം കാര്യങ്ങൾ കടന്നു വരുന്നുണ്ടെങ്കിൽ അതിനു കാരണം ആ ബോധ്യം തന്നെയാണ്.

 

കഥകളിൽ രാഷ്ട്രീയം പ്രകടമായി കടന്നു വരുന്നുണ്ട്. മുമ്പൊരു കാലത്ത് കുടുംബം, സമൂഹം എന്നിവയ്ക്കപ്പുറം രാഷ്ട്രീയമെഴുത്ത് സ്ത്രീകളുടെ രചനകളിൽ പ്രകടമായിരുന്നില്ല. എഴുതിയ ആളുടെ പേര് ഒപ്പമില്ലെങ്കിൽ എഴുതിയത് സ്ത്രീയോ പുരുഷനോ എന്നറിയാനാവാത്ത ഒരു മാജിക് ഇക്കാലത്തെ പല സ്ത്രീ എഴുത്തുകാരുടെയും രചനകളിലുണ്ട്. ജിസയുടെ കഥകളിൽ പ്രത്യേകിച്ചും. ഇതിനെ എങ്ങനെ വിശദീകരിക്കാൻ സാധിക്കും?

 

ഇത് എനിക്ക് സന്തോഷം തരുന്ന ഒരു നിരീക്ഷണമാണ് .എഴുതുന്ന ആളുടെ gender എഴുത്തിൽ പ്രതിഫലിക്കാതിരിക്കില്ല. അതൊരു പരിമിതിയോ കുറ്റമോ ഒന്നുമല്ല. പക്ഷേ, ചിലപ്പോഴെങ്കിലും അതിനെ കുറെയൊക്കെ മറച്ചുവയ്ക്കാൻ കഴിയുന്നത്, ഒരു gender neutral ആയ ആഖ്യാനത്തിനുള്ള ശ്രമം തീർച്ചയായും കൗതുകകരമാണ്. രചനയുടെ സവിശേഷമായ തന്ത്രമാണ്. ഞാൻ അതിൽ പൂർണമായി വിജയിച്ചിട്ടുണ്ടെന്നു പറയാൻ പറ്റില്ല.

അധ്യാപിക എന്ന നിലയിലും കഥാനിരൂപക എന്ന നിലയിലും കഥകൾ രാഷ്ട്രീയം സംസാരിക്കണമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കഥകളെഴുതുമ്പോൾ അതിൽ ബോധപൂർവം  രാഷ്ട്രീയം ഇൻജക്ടു ചെയ്യാൻ ശ്രമിക്കാറില്ല. സ്വാഭാവികമായി വന്നു ചേരുന്നതു മാത്രം. വ്യക്തിപരമായതെല്ലാം political കൂടിയാണല്ലോ എന്നതും ചിലപ്പോൾ ആശ്വാസമാവാറുണ്ട്.

 

സമാഹാരത്തിൽ എഴുത്തുകാരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏത്? 

 

ഇഷ്ടപ്പെട്ട കഥ എന്ന് ഒന്നിനെ ചൂണ്ടിക്കാണിക്കാൻ പ്രയാസമായിരിക്കും. ഓരോ കഥയും എഴുതുമ്പോൾ വളരെ ഇഷ്ടപ്പെട്ടും അതിൽ മുഴുകിയുമാണ് എഴുതിയിട്ടുള്ളത്. ഒറ്റയിരിപ്പിൽ ഇരുന്ന് എഴുതിത്തീർക്കാൻ സാധിക്കുന്ന ആളല്ല ഞാൻ. കഥ തുടങ്ങിവെച്ചാൽ പിന്നെ അതിന്റെ  വഴി, കഥാപാത്രങ്ങൾ, അന്തരീക്ഷം ഒക്കെ അതു സ്വയം കണ്ടെത്തുകയാണ് പതിവ് .എങ്ങോട്ടു കൊണ്ടു പോവുമെന്നറിയാതെയാണ് പലപ്പോഴും തുടങ്ങാറ്. അതു കൊണ്ടു തന്നെ കൂടുതൽ സമയമെടുക്കാറുണ്ട് കഥകൾ മുഴുമിപ്പിക്കാൻ. ഈ ദിവസങ്ങളിൽ, ഇത്രയും അനിശ്ചിതത്വത്തിൽ പോലും വിട്ടു പോവാതെ നമ്മുടെ കൂടെയുള്ള കഥാപാത്രങ്ങളോട് ,കഥയോട് അറിയാതെ മമത തോന്നിപ്പോവുമല്ലോ. എല്ലാം ഇഷ്ടമാണ് എന്നേ പറയാൻ പറ്റുന്നുള്ളൂ.

 

രണ്ടു കഥാസമാഹാരങ്ങൾ അടുത്തടുത്തായി പുറത്തു വന്നു. തൊട്ടുപിറകെ,  ആദ്യ നോവലും വരുന്നു. കൂടുതൽ ഇഷ്ടം എത് മാധ്യമത്തോടാണ്? കഥ/ നോവൽ.

 

പൊതുവേ വലിയ കഥകളാണ് എന്റേത്.  വളരെ നിശിതമായ Editing ആവശ്യമായിരുന്നുവെന്ന് പ്രസിദ്ധീകരിച്ചതിനു ശേഷം കുറ്റബോധം തോന്നാറുമുണ്ട്. നോവലിനിണങ്ങിയ craftഉം പരപ്പുമാണ് എന്റേതെന്ന് പലരും പറഞ്ഞിരുന്നു. നോവൽ ബോധപൂർവ്വം എഴുതിയതല്ല. ചെറുകഥയായി എഴുതിത്തുടങ്ങിയത്, ഒരുതരത്തിലും കഥയ്ക്കുള്ളിൽ ഒതുങ്ങാതെയായപ്പോൾ നോവലിന്റെ  രൂപം പരീക്ഷിച്ചു നോക്കിയതാണ്. അതു വരെ വലിയ നോവലെഴുതുക സാധിക്കുമെന്നു വിചാരിച്ചിരുന്നേയില്ല. ഏതാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ആകെ 24-25 കഥകളും ഒരേയൊരു നോവലും മാത്രമെഴുതിയ ഞാൻ മറുപടി പറയുന്നത് സത്യത്തിൽ സാഹസമായിരിക്കും. രണ്ടും ഇഷ്ടമാണ്. മറ്റുള്ളവരുടെ ജീവിതത്തിലൂടെ, ചിന്തകളിലൂടെ അലസമായി അലഞ്ഞു നടക്കാൻ രണ്ടും സുലഭമായി അവസരം തരുന്നുണ്ടല്ലോ.

 

ഏതു കാലഘട്ടത്തിൽ എഴുതിയവയാണ്  ഈ സമാഹാരത്തിലെ  കഥകൾ?

 

പഠിക്കുന്ന കാലത്ത് മത്സരങ്ങൾക്കു മാത്രം കഥയെഴുതിയിരുന്ന ആളാണ് ഞാൻ. പിന്നെ ഇരുപതിലധികം വർഷങ്ങൾക്കു ശേഷമാണ് എഴുത്തിലേക്ക് വന്നത്. 2017 മുതലാണ് എന്റെ  കഥകൾ അങ്ങിങ്ങു പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഈ സമാഹാരത്തിലെ കഥകളിൽ ലവ് വിത്ത് എ നൺ, ബേബി ബ്ലൂ ഐസ് എന്നിവയാണ് താരതമ്യേന പഴയത്. (2018) മറ്റുള്ളതെല്ലാം 2019 ലും 20ലുമൊക്കെയായി എഴുതിയവയാണ്.

 

English Summary: Pusthakakkazhcha Column by Ravivarma Thampuran,  Sarva Manushyarudeyum Rakshaykku Vendiyulla Kripa book by Jissa Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com