അനുഭവങ്ങളുടെ ഓപ്പറ നൃത്തം, കാലത്തിന്റെ ട്രപ്പീസു കളി

HIGHLIGHTS
  • ആദ്യമായി ഞാൻ നേരിട്ടു കടൽ കാണുന്നത് ഇരുപതാമത്തെ വയസ്സിലാണ്.
  • ജാതിയുടെയും മതത്തിന്റെയും പേരിൽ അത്ര ഭീകരമായ സംഭവങ്ങളാണു ചുറ്റും നടക്കുന്നത്.
Sudeep T George
സുദീപ് ടി. ജോർജ്
SHARE

ജീവിതാനുഭവങ്ങളുടെ വേദിയിൽ ഒരു ഓപ്പറ നൃത്തം പോലെ ഒഴുകിപ്പരക്കുന്നവയാണു സുദീപ് ടി. ജോർജിന്റെ കഥകൾ. ഭൂതകാലത്തെ ചേറിൽ കാലുറപ്പിച്ചു നിന്നു സുദീപ് വിരിയിച്ചെടുക്കുന്ന പുതിയ കാലത്തെ കഥകൾക്കും ആ ചേറിന്റെ തന്നെ കരുത്തും ഗുണവുമാണുള്ളത്. അസ്വസ്ഥമായ ഒരു മനസ്സും ചാട്ടുളി പോലെ ലക്ഷ്യവേധിയായ വാക്കുകളുമാണ് സുദീപിന്റെ കഥകളുടെ മുഖമുദ്ര.

∙ മധ്യതിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ടവന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്നവയാണു സുദീപിന്റെ കഥകൾ. ഇതരദേശക്കാർക്ക് വളരെയധികം പരിചിതമല്ലാത്ത പ്രത്യക്ഷരക്ഷാ ദൈവസഭയെക്കുറിച്ചും അവരുടെ പാട്ടുകളെക്കുറിച്ചും അടിമകളുടെ മോചനത്തെക്കുറിച്ചുമെല്ലാം കഥകളിൽ പരാമർശങ്ങളേറെയുണ്ട്. ‘താഴിയിൽ കവിപ്പോർ’ എന്ന കഥയിലെ ആ‍ഞ്ഞിലിച്ചേത്തിയുടെ ജീവിതം കേരളത്തിലെ ദലിത് ജീവിതത്തിന്റെ നേർച്ചിത്രമാണ്. പത്തനംതിട്ടയിലെ സ്വന്തം ജീവിതസാഹചര്യങ്ങളാണോ ഈയൊരു കാഴ്ചപ്പാടിലേക്കും അറിവുകളിലേക്കും എത്തിച്ചത്?

വളഞ്ഞവട്ടം, നിരണം, അമിച്ചകരി, എടത്വ, നീരേറ്റുപുറം തുടങ്ങിയ പല പ്രദേശങ്ങളും കൂടിച്ചേർന്നതാണു ‘താഴിയിൽ കവിപ്പോർ’ എന്ന കഥയിലെ ദേശം. തിരുവല്ലയ്ക്ക് പടിഞ്ഞാറും തെക്കുപടിഞ്ഞാറുമൊക്കെയായി കിടക്കുന്ന ചെറിയ ചെറിയ പ്രദേശങ്ങളാണ് ഇവയെല്ലാം. വല്ല്യമ്മച്ചിയുടെയും അമ്മയുടെയും അമ്മായിയുടെയും വീടുകൾ അവിടെയായിരുന്നതിനാൽ കുട്ടിയായിരുന്നപ്പോൾ അവധിക്കാലങ്ങൾ ഏതാണ്ടു മുഴുവനായും അവിടെത്തന്നെ ഞാൻ തിമിർത്തു നടന്നു. ആ കാലത്തെ കാഴ്ചകളും അനുഭവങ്ങളും പറഞ്ഞുകേട്ട പണ്ടത്തെ കഥകളുമെല്ലാം കൂടിയാണ് ആ കഥയിലേക്കെന്നെ വിളിച്ചോണ്ടുപോയത്. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള പലയാളുകൾ കൂടിച്ചേർന്നാണ് അതിലെ ഓരോ കഥാപാത്രവും ഉണ്ടായി വന്നത്. പിന്നെ പൊയ്കയിൽ അപ്പച്ചന്റെയും പ്രത്യക്ഷരക്ഷാ ദൈവസഭയുടെയും തട്ടകമാണ് എന്റെ നാടായ പത്തനംതിട്ട ജില്ല. കൊച്ചുന്നാളിൽത്തൊട്ട് അപ്പച്ചനെക്കുറിച്ച് കേൾക്കുന്നതുകൊണ്ടാവാം വളർന്നപ്പോഴേക്കും അദ്ദേഹം എനിക്ക് പരിചിതനായിക്കഴിഞ്ഞിരുന്നു. ദലിതർ എല്ലാക്കാലത്തും കടന്നുപോയതു സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയും വായ പൊത്തിയുള്ള നിലവിളികളിലൂടെയുമാണ്. ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. അക്കാര്യങ്ങളുൾപ്പെടെ കഥയിലേക്കു കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ‘താഴിയിൽ കവിപ്പോർ’.

∙ പറന്നുകളിക്കുകയും ഇടയ്ക്കിടെ ചുവരിൽ വന്നിടിക്കുകയും ചെയ്യുന്ന ഒരു വണ്ടിനെ അടിച്ചിടാൻ കൈ പൊക്കി ചാടിക്കൊണ്ട് ഒരു കുഞ്ഞുപൂച്ച മാത്രം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു (അബ്രഹാമികൾ). ഒരു പൂവൻ താറാവിനെ കഴുത്തിൽ തൂക്കിപ്പിടിച്ച് എടുത്തോണ്ടു വരുന്നതുപോലെ കയ്യിലൊരു സെലിബ്രേഷൻ ഫുള്ളുമായി പുകിലൻ (അനിമൽ പ്ലാനറ്റ്). സുദീപിന്റേതു മാത്രമായ ഇത്തരം ചില ദേശച്ചിത്രങ്ങൾ നിറഞ്ഞ അവതരണങ്ങൾ വായനക്കാരെ വളരെപ്പെട്ടെന്നു കഥാപരിസരത്തിലേക്കു വലിച്ചിടുന്നതായി തോന്നിയിട്ടുണ്ട്. പിന്നീടു വായന വളരെയെളുപ്പവും വേഗവും മുന്നോട്ടു പോകുന്നതായാണ് അനുഭവം. സൂക്ഷ്മ പരിസരങ്ങളിലെ ഈ ശ്രദ്ധ കഥയെഴുത്തിൽ സ്വമേധയാ വന്നുപോകുന്നതാണോ?

ആദ്യമായി ഞാൻ നേരിട്ടു കടൽ കാണുന്നത് ഇരുപതാമത്തെ വയസ്സിലാണ്. ഒരിക്കൽ കരുവാറ്റയിലെ അമ്മാച്ചന്റെ വീട്ടിൽ പോയപ്പോഴായിരുന്നു അത്. അമ്മാച്ചന്റെ മകൻ ഷെറിനെയും കൂട്ടി അവന്റെ സൈക്കിളിൽ നേരേ തോട്ടപ്പള്ളിക്കു വിട്ടു. വൈകുന്നേരമാണ്. സൂര്യൻ താണു വരുന്നു. പരന്നു കിടക്കുന്ന നേർത്ത ചൂടുള്ള പഞ്ചാരമണലിൽ ചവിട്ടി കടൽ എന്ന മഹാവിസ്മയത്തെ നോക്കിനിൽക്കുമ്പോൾ മനസ്സിൽ എന്തായിരുന്നു? ഒരു പിടിയുമില്ല. വീട്ടിൽനിന്ന് മുപ്പത് കിലോമീറ്റർ പോയാൽ മതി, കടൽത്തീരത്തെത്താം. എന്നിട്ടും പോകാൻ രണ്ടു പതിറ്റാണ്ടെടുത്തു. ഇരുപതു വയസ്സാകുന്നതു വരെ എനിക്ക് എന്തുമാത്രം ലോകപരിചയമുണ്ടായിരുന്നുവെന്ന് ഇതിൽനിന്ന് ഊഹിക്കാമല്ലോ! പക്ഷേ, ഇപ്പോൾ തോന്നുന്നു 'ഠ' വട്ടത്തിൽ മാത്രം കിടന്നു കറങ്ങിയിരുന്ന അതുവരെയുള്ള കാലത്താണു ഞാൻ ഏറ്റവും ‘വലിയ’ യാത്രകൾ നടത്തിയതെന്ന്. തൊട്ടടുത്തുള്ള പാടങ്ങളിലേക്കും തോടുകളിലേക്കും കുന്നുകളിലേക്കും പറമ്പുകളിലേക്കുമെല്ലാം നിരന്തരം ഞാൻ യാത്ര പോയത് അപ്പോഴല്ലേ. വാഴക്കുലകളുമായി പോകുന്ന വല്ല്യപ്പച്ചന്റെയും ചുമട്ടുകാരുടെയും വാലിൽത്തൂങ്ങി മാന്താനത്തെയും മല്ലപ്പള്ളിയിലെയും ചന്തകളിലേക്ക്, നളന്ദ ലക്ഷ്യമാക്കി സഞ്ചരിച്ച ഹ്യുയാൻസാങ്ങിനേക്കാളും ഗമയിൽ നടന്നത് ഞാൻതന്നെയല്ലേ. കാണുന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു. കലുങ്കിനടിയിലെ തോട്ടിൽ അന്ന് നീന്തിയ മീനുകളെ എല്ലാ വിശദാംശങ്ങളോടെയും ഇന്നും ഓർക്കുന്നുണ്ട്. യാത്രയ്ക്ക് ദൂരവുമായി യാതൊരു ബന്ധവുമില്ലെന്നും അനുഭവങ്ങളോടു മാത്രമാണ് അതിന് അടുപ്പമെന്നും മനസ്സിലാക്കിത്തന്നത് അക്കാലമായിരുന്നു. എന്റെയെഴുത്തിൽ, കഥ നടക്കുന്ന പരിസരങ്ങളും അവിടുത്തെ സൂക്ഷ്മമായ കാഴ്ചകളും കടന്നുവരുന്നുണ്ടെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് അക്കാലത്തോടും എന്റെ നാടിനോടും അവിടത്തെ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളോടുമാണ്.

∙ കഴിഞ്ഞ വർഷം ഞെട്ടിച്ചു കളഞ്ഞ ഒരു രചനയാണ് ‘ആര്യാനം വെയ്ജ’. അതീവ കൃത്യമായി, സൂക്ഷ്മമായി നമ്മൾ ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുക്കാൻ സുദീപിനു കഴിഞ്ഞു. വായിച്ചുകഴിയുമ്പോൾ മനസ്സിൽ വലിയൊരു സങ്കടമോ രോഷമോ എന്തൊക്കെയോ ബാക്കിയാകുന്ന കഥപറച്ചിലായിരുന്നു അതിന്റേത്. ഒരുപക്ഷേ, ഇതുവരെയുള്ള സുദീപിന്റെ രചനകളിൽ ഏറ്റവും വായിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ രചന ആര്യാനം വെയ്ജ ആയിരിക്കും. ആ കഥയിലേക്ക് എത്തുന്നതെങ്ങനെയാണ്? അതിനായി എത്രമാത്രം തയാറെടുത്തു?

ആറേഴു കൊല്ലം മുമ്പു കുറച്ചു കാലം ഞാൻ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ കഴിഞ്ഞിട്ടുണ്ട്. ഒരു പഴയ ലോഡ്ജിലായിരുന്നു കുറച്ചു ദിവസം താമസിച്ചത്. ഒരു രാവിലെ മുകളിലത്തെ നിലയിൽനിന്ന് ഞാൻ ഇറങ്ങി വരുമ്പോൾ അവിടെയൊരു മനുഷ്യൻ നിൽക്കുന്നു. ഉച്ചിയിൽ ഒരു കുടുമ മാത്രമുണ്ട്. ബാക്കി മുടിയെല്ലാം വടിച്ചുകളഞ്ഞിരിക്കുന്നു. ലോഡ്ജ് അയാളുടേതാണ്. ‘ഇതെന്താ കുടുമ?’, ലോഡ്ജിന്റെ നോട്ടക്കാരനോടു ഞാൻ ചോദിച്ചു. ‘അങ്ങേരടെ മോള് കഴിഞ്ഞ ദിവസം മരിച്ചു പോയി. അതിന്റെ ഭാഗമായിട്ടുള്ള ആചാരമാ ഇത്’, അയാൾ പറഞ്ഞു. ഈ ചിത്രം മനസ്സിൽ കിടപ്പുണ്ടായിരുന്നു. എന്നാൽ, അതുവച്ച് ഒരു കഥയൊന്നും ഞാൻ ആലോചിച്ചിട്ടില്ലായിരുന്നു. എപ്പോഴൊക്കെയോ മനസ്സിലേക്ക് ആ ‘ഇമേജ്’ മടങ്ങിവന്നുകൊണ്ടിരുന്നു, പലവട്ടം. അപ്പോഴാണ് എഴുതാൻ തുടങ്ങിയത്; കഴിഞ്ഞ വർഷം മാർച്ചിൽ. ആര്യാനം വെയ്ജയിലെ ദേശം ജാർഖണ്ഡ് മാത്രമല്ല. അതിൽ ബിഹാറും ഉത്തർപ്രദേശും ഹരിയാനയും ഒക്കെയുണ്ട്; കുറേശ്ശെ കുറേശ്ശെ. എന്നാൽ അതൊന്നുമല്ല, ഓരോ നിമിഷവും ആര്യാനം വെയ്ജയായി മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത് എന്നതാണ് പ്രസക്തമായ കാര്യം. ജാതിയുടെയും മതത്തിന്റെയും പേരിൽ അത്ര ഭീകരമായ സംഭവങ്ങളാണു ചുറ്റും നടക്കുന്നത്. വരുംകാലത്ത് ഇതിലും വലിയ നടുക്കങ്ങൾക്ക് സാക്ഷികളാവേണ്ടി വരും നമുക്ക്. ആര്യനാധിപത്യത്തിന്റെ വാളുകൾ പുറത്തു വന്നു തുടങ്ങിയിട്ടേയുള്ളൂ.

sudeep-t-george-03

∙ ഓരോ പിറവിയും ഓരോ വെളിപ്പെടുത്തലുകൾ കൂടിയാണെന്ന സത്യമാണല്ലോ അബ്രഹാമികളിലെ അറീലിയോസച്ചൻ അവസാനം മനസ്സിലാക്കുന്നത്. തനിക്കു പിറക്കാൻ പോകുന്ന മകനെ ദൈവത്തിനു വിട്ടുകൊടുക്കില്ലെന്ന വിപ്ലവകരമായ പ്രഖ്യാപനം കഥയിലെ യൗസേഫ് നടത്തുന്നുമുണ്ട്. പിന്നീടു നടക്കുന്ന പിറവികൾ അച്ചനെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്ന, അതിക്രമിച്ചു കയറി കൈവശപ്പെടുത്തുന്ന, വേട്ടയാടുന്ന പുലിയുടെ രൂപത്തിലാണല്ലോ ദൈവം എന്ന ആശയത്തെ കഥയിൽ സുദീപ് രൂപപ്പെടുത്തിയിരിക്കുന്നത്. അത്തരമൊരു വിമർശനാത്മക പാഠത്തിലേക്ക് എത്താനിടയായതെങ്ങനെയാണ്?

ഇപ്പോൾ നമുക്കു സ്വന്തമായിട്ടുള്ള ദൈവങ്ങളെല്ലാം നൂറ്റാണ്ടുകൾക്കും സഹസ്രാബ്ദങ്ങൾക്കും മുമ്പു പർവതങ്ങളിലോ സമതലങ്ങളിലോ നദീതീരങ്ങളിലോ കാടുകളിലോ ഗുഹകളിലോ ഒക്കെ ചെറുതും വലുതുമായ കൂട്ടങ്ങളായി ജീവിച്ചിരുന്ന മനുഷ്യർ ആരാധിച്ചിരുന്ന നാട്ടുദൈവങ്ങളോ കാട്ടുദൈവങ്ങളോ ഗോത്രദൈവങ്ങളോ ആണല്ലോ. കാലം കടന്നുപോകെ ദൈവങ്ങളും വളരുകയും വലുതാവുകയും കൂടുതൽ ഇടങ്ങളിലേക്ക് മനുഷ്യർക്കൊപ്പം പടരുകയുമായിരുന്നു. മനുഷ്യർ രൂപം കൊടുത്ത ദൈവങ്ങൾക്കെല്ലാം പകർന്നു കിട്ടിയതു മനുഷ്യന്റെ തന്നെ മനസ്സും അതിനുള്ളിലെ ഹിംസയും കൂടിയാണ്. അതുകൊണ്ടാണു നമുക്കു പരിചയമുള്ള മിക്ക ദൈവങ്ങളും ലോകത്തിലെ ഏറ്റവും പകയുള്ള മനുഷ്യനേക്കാളും പകയുള്ളവനായി നിലകൊള്ളുന്നത്. ഒരു മതത്തിലെ ദൈവവും ഇക്കാര്യത്തിൽ ഏറെയൊന്നും വ്യത്യസ്തരല്ല. പക്ഷേ, അവരെ ഇപ്പറഞ്ഞ തനിരൂപത്തിൽ കാണണമെങ്കിൽ, മതം നമ്മുടെ മൂക്കിൽ വച്ചു തന്നിട്ടുള്ള കണ്ണട ഊരിവയ്ക്കണമെന്നു മാത്രം. അബ്രഹാമികൾ എന്ന കഥയിൽ ദൈവത്തെയും ദൈവവിശ്വാസത്തെയും മതധാർമികതയെയും ഈ കണ്ണട വച്ചും വയ്ക്കാതെയും നോക്കിക്കാണാനാണു ശ്രമിച്ചത്.

sudeep-t-george-02

∙ വളരെ സമയമെടുത്തു കഥകൾ എഴുതുന്നയാളാണു സുദീപ്. ഒരു വർഷം ഒന്നോ രണ്ടോ കഥകൾ മാത്രം. കഥയെഴുത്തിന്റെ മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ്? കഥയിലേക്ക് എത്തുന്നതും കഥ വികസിപ്പിക്കുന്നതും എങ്ങനെയാണ്?

നമ്മളറിയാതെതന്നെ നമ്മുടെയുള്ളിൽ എഴുത്ത് നടക്കുന്നുണ്ടെന്നു വേണം കരുതാൻ. ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോഴോ സിനിമ കാണാൻ ക്യൂ നിൽക്കുമ്പോഴോ ഫോണിൽ സംസാരിക്കുമ്പോഴോ ഒക്കെ നമ്മൾ പോലുമറിയാതെ ഉള്ളിൽ ആ പരിപാടി നടക്കുന്നുണ്ടാവണം. അത് ഒരു ഘട്ടം പിന്നിടുമ്പോഴാവണം അത്രകാലവും നമ്മൾ മറന്നുകിടന്ന ഒരു സംഭവം ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ ഓർക്കാൻ തുടങ്ങുന്നത്. അതൊരു അടയാളവിളക്കാണ്. ആ വിളക്ക് കത്തുകയാണ്. ചില ചിത്രങ്ങൾ തെളിഞ്ഞു വരുന്നു. ചില വരികൾ പൊടിച്ചു വരുന്നു. എന്തൊക്കെയോ ചേർന്നു കഥയിലേക്ക് നമ്മെ ഉന്തുകയാവാം. ഉടനെ കഥ എഴുതിത്തുടങ്ങാൻ പറ്റണമെന്നില്ല. ഈ സംഗതികൾ പിന്നെയും ആവർത്തിക്കുകയാണെങ്കിൽ ഉറപ്പാണ്, ഒരു കഥയുടെ ജനൽ മുന്നിൽ തുറക്കുകയാണ്. എപ്പോഴോ എഴുതിത്തുടങ്ങുന്നു. എന്നാൽ പെട്ടെന്നെങ്ങാനും തീരുമോ? തീർക്കാൻ കഴിയുന്നവർ ഭാഗ്യവാൻമാർ. സമാധാനം അവർക്കുള്ളതാകുന്നു! എഴുതുന്നതു വളരെക്കുറച്ചാണെങ്കിലും എഴുതാൻ ഒത്തിരി സമയമെടുക്കുന്നയാളാണു ഞാൻ. എഴുതുന്നതിലുമേറെ വെട്ടിക്കളയുകയും ചെയ്യും. വേഗത്തിലെഴുതണമെന്നും പെട്ടെന്ന് തീർക്കണമെന്നുമൊക്കെ ആഗ്രഹമുണ്ട്. ഇന്നേവരെ നടന്നിട്ടില്ല.     

∙ സകലചരാചരങ്ങളും നിറഞ്ഞ ഒരു കഥാപ്രപഞ്ചമാണു സുദീപിന്റേത്. ടൈഗർ ഓപ്പറയിലെ മിലി എന്ന കടുവ, അബ്രഹാമികളിലെ പുലി, അനിമൽ പ്ലാനറ്റിലെ കാട്ടുനായ്ക്കൾ, താഴിയിൽ കവിപ്പോറിലെ പാമ്പുകളും തവളകളും തുടങ്ങി മനുഷ്യരോടൊപ്പമോ അവരേക്കാൾ കൂടുതലോ കഥാഗതിയിൽ ഇടപെടുന്നവരാണീ ജന്തുജാലങ്ങൾ. സകലതിന്റെയും ഭൂമിയിലെ ഐക്യപ്പെടലിന്റെ സൂചനകൾ കഥകളിൽ സൂക്ഷ്മമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ഭൂമി എല്ലാവരുടേതുമാണ്, കഥകളും എല്ലാവരുടേതുമാണ്. ഇവരൊക്കെ ഈ കഥകളിലേക്ക് ഇത്ര അനായാസമായി കയറിവരുന്നതെങ്ങനെയാണ്? മനസ്സിലൊരു പരിസ്ഥിതിപ്രേമി എന്നുമുണ്ടായിരുന്നോ?

‌കൊലയാളികളുടെ ഒരു കൂടാരമാണ് ഭൂമി. ഒട്ടുമിക്ക ജീവികളും അന്യ സ്പീഷീസുകളെ കൊല്ലുന്നു. എന്നാൽ മനുഷ്യനൊഴികെയുള്ള ജീവികളെല്ലാം കൊല്ലുന്നതു വിശപ്പ് മാറ്റാനോ അതിജീവിക്കാനോ ആണ്. മനുഷ്യൻ മാത്രം രസത്തിനു വേണ്ടിയോ പ്രത്യയശാസ്ത്രങ്ങൾക്കും വിഡ്ഢിത്തം നിറഞ്ഞ വിശ്വാസങ്ങൾക്കും വേണ്ടിയോ പോലും കൊല്ലും. കണ്ടത്തിൽ വന്നിരിക്കുന്ന കൊക്കിനെയോ കാട്ടിലെ പുൽമേട്ടിൽ തിന്നു നടക്കുന്ന മാനിനെയോ മനുഷ്യൻ കൊല്ലുന്നത് വിശന്നിട്ടോ അത് തന്റെ ശത്രുവായതുകൊണ്ടോ അല്ല. അവയുടെ ഇറച്ചിയുടെ രുചിയാണ് കാരണം. അതിന്റെ ഓർമയിൽ നമ്മൾ കൊല നടത്തും. അതിനായി ശ്രമിക്കുകയെങ്കിലും ചെയ്യും. എന്റെ കൂടി കാര്യമാണു പറയുന്നത്. മനുഷ്യനെപ്പോലെ, ഇതര ജീവിവർഗങ്ങളെയും സ്വന്തം സ്പീഷീസിനെത്തന്നെയും ഉപദ്രവിക്കുന്ന മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഇല്ല. ഏതെങ്കിലുമൊരു പല്ലി പുലികളുടെ ആരാധനാലയത്തിന് ബോംബ് വയ്ക്കുമോ? കടുവകളുടെ ദേവാലയം കാണ്ടാമൃഗങ്ങൾ പൊളിച്ചതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ചാതുർവർണ്യത്തിന്റെ കേമത്തത്തെക്കുറിച്ച് പ്രസംഗിക്കുന്ന ഒരു ശലഭത്തെ കാണിച്ചു തരാമോ? തുമ്പികളും തത്തകളും ജാതി പറയാറുണ്ടോ? അവ വളരെ കുറച്ചു കാലം ജീവിക്കുന്നു. ചെറിയ ചിറകടികൾ, കൊച്ചു പാട്ടുകൾ, കുഞ്ഞു ചൂളംവിളികൾ... അതിലൂടെ അവ ചുറ്റിലും ആനന്ദം വിതറുന്നു. ഒന്നും അവകാശപ്പെടാതെ മടങ്ങുകയും ചെയ്യുന്നു. പക്ഷേ, പോകുന്നതിനു മുമ്പു തങ്ങളാൽ കഴിയും വിധം പൂവുകളിൽനിന്ന് പൂവുകളിലേക്ക് പറക്കുകയും പൂമ്പൊടികൾ വിതരണം ചെയ്യുകയും പുതിയ ജീവന്റെ വിത്തുകൾ മണ്ണിൽ പാകുകയും ചെയ്യുന്നു. മനുഷ്യനോ, സംഘർഷം മാത്രം വിതറുന്നു. ഒരു നിമിഷം പോലും നല്ലൊരു ജീവിതം ജീവിക്കാതെ ഈ ഭൂമി വിട്ടുപോകുന്ന ഏക ജീവി മനുഷ്യനാണ്. അപ്പോഴും നമുക്കിടയിലുമുണ്ടു ചില ശലഭജീവിതങ്ങൾ, ചില കുരുവിജന്മങ്ങൾ, ചില മുയൽഭംഗികൾ, ചില പേരാൽത്തണലുകൾ, അരുവിത്തണുപ്പുകൾ... അവരെ നമ്മൾ ബുദ്ധനെന്നും ഗാന്ധിയെന്നും അംബേദ്കറെന്നും മാർട്ടിൻ ലൂഥർ കിങ്ങെന്നും ഏബ്രഹാം ലിങ്കണെന്നും ശ്രീനാരായണ ഗുരുവെന്നും നിത്യ ചൈതന്യ യതിയെന്നും കണ്ടലമ്മയെന്നുമെല്ലാം വിളിക്കും. അവരൊക്കെയാണ് ഈ ഗ്രഹത്തെ കുറച്ചെങ്കിലും ജീവിക്കാൻ കൊള്ളുന്ന ഭൂമിയായി നിലനിർത്തുന്നത്.

Sudeep T George
സുദീപ് ടി. ജോർജ്

∙ സമകാലികരിൽ നന്നായി ശ്രദ്ധിക്കുന്നത് ആരെയാണ്? ഏതു കൃതിയാണു സമീപകാലത്തു കാര്യമായി മനസ്സിൽത്തട്ടിയിട്ടുള്ളത്?

ഒപ്പമെഴുതുന്ന ഒട്ടുമിക്കവരുടെയും കഥകൾ ശ്രദ്ധയോടെ വായിക്കാറുണ്ട്. ഷാഹിന കെ. റഫീഖ്, പി.എസ്. റഫീഖ്, വി. ദിലീപ്, ഫ്രാൻസിസ് നൊറോണ, വിവേക് ചന്ദ്രൻ, ഷിനിലാൽ, വിനോയ് തോമസ്, ജേക്കബ് എബ്രഹാം, അജിജേഷ് പച്ചാട്ട്, വി.എം. ദേവദാസ്, കെ.വി. പ്രവീൺ, വീണ, യമ, അമൽ, മജീദ് സെയ്ദ്, കെ.എൻ. പ്രശാന്ത്...(പേരുകൾ അവസാനിക്കുന്നില്ല). എല്ലാം ഭീകരൻമാരും ഭീകരത്തികളുമാണ്.

∙ കുടുംബത്തെപ്പറ്റി പറയാമോ?

അച്ഛൻ ടി.ടി. ജോർജുകുട്ടി കൃഷിക്കാരനും രാഷ്ട്രീയക്കാരനും കച്ചവടക്കാരനുമായിരുന്നു; പതിനഞ്ച് കൊല്ലം മുമ്പു വരെ. ഇപ്പോൾ കൃഷി മാത്രം. അമ്മ ലിസി. അവരിരുവരും കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലുള്ള പായിപ്പാട് എന്ന സ്ഥലത്ത് താമസിക്കുന്നു. തിരുവനന്തപുരം ചാല ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ വിനീതയാണ് ഭാര്യ. മകൻ സരോവർ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.

∙ സിനിമയെപ്പറ്റി, ഇളയരാജയെപ്പറ്റി?

മാധവ് രാമദാസൻ സംവിധാനം ചെയ്ത ‘ഇളയരാജ’ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് 2018 ലാണ്. 2019 ൽ അതു തിയറ്ററുകളിലെത്തി. സിനിമയുടെ കഥയും മാധവ് രാമദാസന്റേതായിരുന്നു. പുതിയ സിനിമയുടെ എഴുത്ത് നടക്കുന്നു.

∙ മലയാള കഥാലോകം മുൻപെന്നെത്തേക്കാളും സജീവമായിരുന്നൊരു വർഷമായിരുന്നു കഴിഞ്ഞുപോയത്. ഒട്ടേറെ മികച്ച കഥകളും പുറത്തുവന്നു. പുതിയ കഥാകൃത്തുക്കൾ രംഗപ്രവേശം ചെയ്തു. കോവിഡ് മൂലം അടിച്ചേൽപിക്കപ്പെട്ട നിയന്ത്രണങ്ങൾ സർഗാത്മകതയ്ക്ക് ഉത്തേജകമായതായി കരുതാമോ? സമകാലീന കഥാലോകത്തെ സുദീപ് എങ്ങനെ വിലയിരുത്തുന്നു?

ആഖ്യാനത്തിലും പ്രമേയത്തിലുമെല്ലാം പുത്തനായ മികച്ച കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കണ്ണിൽപെടാതെ ഉള്ളിൽക്കയറുന്ന ഒരു സൂക്ഷ്മജീവി ‘സമ്മാനിച്ച’ ഏകാന്തതയാണോ അതിനു കാരണം എന്നൊന്നും അറിയില്ല. അടച്ചുപൂട്ടിയുള്ള ജീവിതം ഓരോരുത്തരിലും ഓരോ ഫലമാവുമല്ലോ ഉണ്ടാക്കുക. ചിലരപ്പോൾ കൂടുതൽ എഴുതിയേക്കാം. ചിലർ തീർത്തും നിശ്ശബ്ദരായിപ്പോയെന്നും വരാം. എന്തായാലും കുറച്ചേറെ വർഷങ്ങളായി ഫിക്‌ഷനിലാകെ ഒരുൽസവം സംഭവിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. ഈ കാലത്തെ എഴുത്തുകൾ ശരിക്കും വിലയിരുത്തപ്പെടുക മറ്റൊരു കാലത്തായിരിക്കുമല്ലോ. കാത്തിരിക്കാം.

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Sudeep T George

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;