ADVERTISEMENT

വഴിമാറ്റങ്ങൾ (നോവൽ)

നാരായൻ

പേജ് - 276 

വില - 240 

 

 

പൊതുസമൂഹത്തിന്റെ വിധികൽപനകൾക്കിടയിൽ പുകഞ്ഞും ശ്വാസംമുട്ടിയും കഴിയുന്ന ഗോത്രജീവിതത്തെപ്പറ്റിയാണ് ‘വഴിമാറ്റങ്ങൾ’ എന്ന ഏറ്റവും പുതിയ നോവലിൽ നാരായൻ എഴുതുന്നത്. ഒരു ജീവിതത്തിൽ പല ജീവിതദുരന്തങ്ങൾ പേറുന്നവർ. അവരുടെ പലായനങ്ങൾ, പ്രണയങ്ങൾ, പ്രതീക്ഷകൾ, സംഘർഷങ്ങൾ, സമരമുഖങ്ങൾ... അങ്ങനെ, ഒരു ജനതയുടെ അതിജീവനമാണ് പൊള്ളുന്ന വാക്കുകളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ആവിഷ്കരിക്കുന്നത്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘വഴിമാറ്റങ്ങൾ’ നോവലിലെ ഒരു ഭാഗം.

 

 

പൊതുവായതും അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി, നല്ല ബോധ്യമുള്ള ഒരുദ്യോഗസ്ഥൻ. ഇദ്ദേഹം ഒരു വ്യാജ ട്രൈബാണെന്നു പറയുമോ? പ്രബലരുടെ വിചാരം ഇക്കൂട്ടർക്കൊന്നും അറിവില്ല എന്നല്ലേ, സോമശേഖരൻ സാറിന് ആശയപരമായി ആരെയും നേരിടാൻ കഴിയും. 

 

‘‘ഞാൻ പറഞ്ഞതിനൊന്നിനും  ആധികാരികതയില്ല. സ്ഥിതിഗതികൾ മോശമായി വരുമ്പോൾ തോന്നുന്ന ആശങ്ക. സ്വന്തം വർഗക്കാരനായ ഒരു പുരോഗമനവാദിയുമായി പങ്കുവയ്ക്കാൻ സാധിച്ചതിലുള്ള സന്തോഷം.’  

‘നഗരജീവിതത്തെപ്പറ്റി എത്രയോ കാര്യങ്ങൾ സാറിനറിയാം. അതു കേൾക്കാൻ, വളച്ചുകെട്ടില്ലാതെ, മനസ്സുതുറന്നാൽ അറിയാൻ താൽപര്യമുണ്ട്.’  

 

‘കുറേ അനുഭവങ്ങളും കുറച്ച് അറിഞ്ഞതുമായ കാര്യങ്ങളിലേക്കു വരാം. ഇന്റർമീഡിയറ്റ് വേണ്ടന്നുവച്ചിട്ട് പകരം പ്രീഡിഗ്രി തുടങ്ങിയ കാലം. എസ്എസ്എൽസിക്കു ഫസ്റ്റും സെക്കൻഡും റാങ്ക് നേടിയവർക്കെല്ലാം ആദ്യ റൗണ്ടിൽത്തന്നെ കോളജിൽ അഡ്മിഷൻ കിട്ടും. ഞാനും ഒരു സെക്കൻഡ് ക്ലാസുകാരനാണ്, ചേർന്നത് ഒരു ഗവൺമെന്റ് കോളജിലും. കോളജ് വക ഒരു കോസ്മോപോളിറ്റൻ ഹോസ്റ്റലുണ്ട്. വാർഡനോ സെക്യൂരിറ്റിക്കാരോ, തിരിഞ്ഞുനോക്കാത്ത സ്ഥലം. കോളജിൽ അഡ്മിഷൻ കിട്ടുന്ന എസ്‌സി, എസ്ടി വിഭാഗക്കാരെ അങ്ങോട്ടു തള്ളും. 

 

എസ്എസ്എൽസിക്ക് സെക്കൻഡ് ക്ലാസ് കിട്ടിയ ട്രൈബായ ഒരുത്തൻ ഒന്നുമാലോചിക്കാതെ ഗവൺമെന്റ് കോളജിൽ അഡ്മിഷന് അപേക്ഷിച്ചു. കിട്ടി. ആ പയ്യൻ വന്നത് അൽപം ഗമയിലാണ്. രണ്ടു മൂന്നു ജോടി നല്ല പാന്റ്സും ഷർട്ടുകളും, കുറച്ചു പണം, കയ്യിൽ വാച്ച്, കഴുത്തിൽ സ്വർണമാല, വിരലിൽ മോതിരം, നല്ല ഷൂസുകൾ. ഒരു രാജകുമാരന്റെ ലുക്കൊക്കെ ഉണ്ടെങ്കിലും ആള് എസ്ടി ആണല്ലോ. കോസ്മോപോളിറ്റനിൽത്തന്നെ താമസിച്ചു പഠിക്കാം. 

 

അവന് അനുവദിച്ചുകിട്ടിയ മുറിയിൽ വേറെ രണ്ടുപേർ കൂടിയുണ്ട്. പുതിയ വരവിന്റെ അനന്തരഗതിയോർത്താകാം, അവന്മാർ പരസ്പരം നോക്കിച്ചിരിച്ചു. വൈകുന്നേരം രാജകുമാരൻ പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വന്നു. മുറിയിൽ ലൈറ്റില്ല. അതാരോ ഓഫാക്കിയതാണെന്നു തോന്നി. കട്ടിൽപോലെയുള്ളതിൽക്കിടന്ന് ഒന്നു മയങ്ങി. കട്ടിൽ ആരോ തള്ളിവിട്ടു. അതു ഭിത്തിയിൽ ചെന്നിടിച്ചു.  

 

‘അയ്യോ!’ പയ്യൻ ചാടിയെണീറ്റു. ചുറ്റിലും കുറച്ചു പേരുണ്ട്. ഒരുത്തൻ കോളറിനു കുത്തിപ്പിടിച്ചു വലിച്ചുപൊക്കി.  

 

‘എന്താടാ നിന്റെ പേര്?’

  

‘രമേശൻ.’  

 

‘തന്തയുണ്ടോടാ?’  

 

‘ഉണ്ട്.’  

 

‘അവന്റെ പേര്?’  

 

‘രാമചന്ദ്രൻ.’  

 

‘നീ മലേന്നോ, കാട്ടീന്നോ?’  

 

‘നാട്ടിൽനിന്ന്.’  

 

‘ഓഹോ.’ തല്ലുമെന്നു പേടിച്ചു.  

 

‘തന്ത ഒരുപക്ഷേ...’   

 

സംശയിച്ചാകാം കൈവച്ചില്ല. അവന്മാർ പരിപാടി തുടങ്ങി. 

 

ഷർട്ടുകളും പാന്റുകളും ഓരോരുത്തർ കൈക്കലാക്കി. വാച്ച് ബലമായി ഊരിയെടുത്തു. കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്തു. മോതിരവും ഊരി. ഷൂസു രണ്ടും പുറത്തേക്കെറിഞ്ഞു. ഒരുത്തൻ വിളംബരം ചെയ്തു  

 

‘ഇങ്ങനെയൊരുത്തൻ ഇവിടെ വന്നിട്ടില്ല. ആരും കണ്ടിട്ടുമില്ല. ഉണ്ടോ?’

  

ഇല്ലെന്നു കൂട്ട ഉത്തരം. പഴ്സ് കൈക്കലാക്കിയവൻ അതിലെ നോട്ടുകൾ എണ്ണിക്കൊണ്ടു പറഞ്ഞു: ‘ആണായാൽ ഇങ്ങനെ വേണം.’  

 

‘അതെന്റെയാണ് എടുക്കരുത്.’  

 

രമേശന് മുഖമടച്ചൊന്നു കിട്ടി. ‘ഇതൊന്നും നീ അധ്വാനിച്ചുണ്ടാക്കിയതല്ലല്ലോ. പിന്നെ നിനക്കെന്താടാ അവകാശം? 

 

നീയിങ്ങോട്ട് എന്തിനു വന്നതാടാ?’  

 

‘പഠിക്കാൻ.’ 

 

ഒരു തമാശ കേട്ടതുപോലുള്ള ചിരികൾ. 

 

‘എല്ലാരും കേട്ടില്ലേ, ഈ നാറി ഇവിടെയൊക്കെ വടിക്കാൻ വന്നേക്കണ്. ഒരു കത്തിയുണ്ടേൽ കൊടുക്ക്. നല്ലപോലെ വടിക്കുമോന്നു നോക്കാം.’ ‘ഇങ്ങോട്ടുവാടാ... മോനേ...’ തെറിപറഞ്ഞു രണ്ടുമൂന്നുപേർ പിടിച്ചുവലിച്ചു. 

 

വാതുക്കൽനിന്നും മറ്റൊരു ശബ്ദം മുഴങ്ങി. ‘ഏയ് കത്തി പ്രയോഗമൊന്നും വേണ്ട– ആ ഗോപനെ ഇടിച്ചവന്മാരുടെ ഗതിയറിയാമല്ലോ.’ 

 

‘അതെ. കോളജിൽ മുൻപ് അങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ട്. ട്രൈബുകൾ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന ഓർമപ്പെടുത്തൽ. പ്രീഡിഗ്രിക്കു ചേർന്ന ഗോപനെന്ന സുമുഖനായ പയ്യൻ. യഥാർഥ ട്രൈബാണ്. അച്ഛൻ എക്സൈസിലും ഒരമ്മാവൻ  പൊലീസിലും ഉദ്യോഗസ്ഥരാണ്. വിദ്യാർഥിപ്രസ്ഥാനത്തിന്റെയും പാർട്ടി പിന്തുണയുടെയും ബലത്തിൽ കോസ്മോപൊളിറ്റനിലെ രാജാക്കന്മാർ, ഗോപനെ ഒരുപാടു ശോഭകേടു ചെയ്തു. ഒരുത്തൻ അറ്റം തൊലിച്ച ലിംഗം മൂഞ്ചിക്കുകപോലും ചെയ്തു. ബോധംകെട്ടുപോയ ഗോപനെ ഹോസ്പിറ്റലിലാക്കി. അച്ഛനും അമ്മാവനും വന്നു. കാര്യങ്ങൾ വിശദമായിട്ടറിഞ്ഞു. അച്ഛൻ പറഞ്ഞു: ‘എന്റെ മോൻ തെമ്മാടിത്തരത്തിനു വന്നതല്ല. അവനെ ഈ പരുവത്തിലാക്കിയവന്മാരെ ഞങ്ങൾ കാണും.’ 

 

ലിംഗം മൂഞ്ചിച്ചവൻ, കാറിടിച്ചു നട്ടെല്ലൊടിഞ്ഞ് ഒരു കൊല്ലം സർക്കാർ ആശുപത്രിയിൽ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ഒരാൾ വെക്കേഷനു വീട്ടിലേക്കു പോകുമ്പോൾ, പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി.  

‘നീ ചന്ദ്രകാന്തൻ അല്ലേടാ...’  

‘അതെ, നിങ്ങളാരാ.’ 

‘പറയാം നടക്ക്. നിന്റെ കച്ചോടം മയക്കുമരുന്നാണല്ലോ’ 

‘ങേഹ്.’  

രഹസ്യകേന്ദ്രത്തിൽ, ബാഗിൽനിന്നും തെളിവിനാവശ്യമുള്ളതു കണ്ടെടുത്തു. കൂട്ടുകാരായ രണ്ടുപേരുടെ പേരു പറയിച്ചപ്പോൾ കാര്യം മനസ്സിലായി. മൂന്നുപേരും ലോക്കപ്പിൽ കിടന്ന് ഇടികൊണ്ടു തൂറി മെഴുകി. പിന്നെയതു നക്കിത്തുടപ്പിച്ചു. 

 

ഗോപന്റെ അച്ഛനും അമ്മാവനുമൊക്കെ ആരാണെന്ന്, കോസ്മോപോളീറ്റൻ വാഴുന്ന രാജാക്കളുടെ കുടുംബക്കാർക്കും ബോധ്യമായി. അടിപിടി മുതൽ മോഷണം വരെയുള്ള കേസുകളിലെ പ്രതികൾ. കേസുകൾ പലതും കോടതികളിൽ. ചില തന്തമാരും തള്ളമാരും സംഘടിച്ച് ഗോപന്റെ അച്ഛനോടും അമ്മാവനോടും പിഴച്ച മക്കൾക്കുവേണ്ടി മാപ്പിരന്നു. അവനെയൊന്നും ഈ നാട്ടിൽ ജീവിക്കാൻ സമ്മതിക്കില്ല. കയ്യാങ്കളിക്കു തയാറാണെങ്കിൽ വരാൻ പറ. ‘അവമ്മാരെ ഈ നാട്ടീന്നേ എങ്ങോട്ടെങ്കിലും പറഞ്ഞു വിട്ടോളാം സാറെ. മക്കളായിപ്പോയില്ലേ?’

 

English Summary : Vazhimattangal Book By Narayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com