ADVERTISEMENT

ഡും എന്ന പേരിൽ അവസാനിക്കുന്ന ഒരു പുസ്തകം ഉണ്ടോ? എങ്കിൽ  അതാണ് ഡോ. എം.എം. ബഷീറിന്റെ ബഷീർ– എഴുതുമ്പോൾ എപ്പോഴും കരഞ്ഞ ഒരാൾ. വൈക്കം മുഹമ്മദ് ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗങ്ങളിലൊന്നായിരുന്നു ബ്ലുങ്കോസ് ഡും എന്ന് നമുക്കറിയാം. അപ്പോൾ ബ്ലുങ്കോസ് ഡുമ്മിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ അവസാനവും കിടക്കട്ടെ ഒരു ഡും. ഹുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ചിനി പാലിക്ക ലിത്താലോ  ഹങ്കര ഹാലിനി തൂലീപി ... ഫാനത്തലാക്കിടി ജിംബാലോ.. എന്ന് ബഷീർ എഴുതിയിട്ടുള്ളതും നമുക്കറിയാം. ഇതിന്റെ അർഥം എന്താണെന്നു ചോദിച്ചപ്പോൾ ബഷീർ കുറച്ചു നേരം ആലോചിച്ചു. പിന്നെ അതിന് പ്രത്യേകിച്ച് ഒരർഥവും പറഞ്ഞു തരാനില്ലെന്നും പണ്ടെന്നോ കേട്ട പള്ളിപ്പാട്ടിന്റെ സ്വതന്ത്ര രൂപാന്തരമാണെന്നും ബഷീർ തട്ടിവിട്ടു.

 

ബഷീറിനെക്കുറിച്ച് ബഷീർ എഴുതിയ പുസ്തകമാണിത്. ബഷീറിനെ പൂർണമായി മനസ്സിലാക്കിയ എഴുത്തുകാരൻ എന്ന് എം.എം. ബഷീറിന് അവകാശപ്പെടാം എന്നതിന് ഈ ഡുമ്മിനപ്പുറം വേറെ തെളിവു വേണ്ട.  ഒരാൾ മറ്റൊരാളെക്കുറിച്ച് എഴുതുമ്പോൾ അത് നന്നാവുന്നത് ജ്ഞാനഭാരം കൊണ്ടു മാത്രം ആവണമെന്നില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധം കാരണമാണ് പലപ്പോഴും ഒരാൾ മറ്റൊരാളെക്കുറിച്ച് എഴുതുന്നത് ശോഭിക്കുക. ബഷീർ എഴുതുമ്പോൾ എന്തിനാണ് കരഞ്ഞത്? മറ്റുള്ളവരെ കാണിക്കാനല്ല. എഴുതുന്നത് മറ്റുള്ളവരെ കാണിക്കാനാണ് എന്നതും ബഷീറിന്റെ കാര്യത്തിൽ തെറ്റായിരുന്നു. കാരണം ബഷീർ ഏറ്റവും അധികം കരഞ്ഞുകൊണ്ടെഴുതിയ പുസ്തകം അനുരാഗത്തിന്റെ ദിനങ്ങൾ ആയിരുന്നു. അത് എഴുതിയപ്പോൾ അദ്ദേഹം സ്വന്തം പ്രണയനഷ്ടം ഓർത്താണ് കരഞ്ഞത്. അനുരാഗത്തിന്റെ ദിനങ്ങൾ പുസ്തകമാക്കാൻ വേണ്ടി എഴുതിയതുമല്ല. എംടിയും എം.എം.ബഷീറും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ അച്ചടിക്കാൻ അനുവാദം കൊടുത്തെന്നു മാത്രം.

 

ശ്രീകൃഷ്ണനെക്കുറിച്ച് ധാരാളം കഥകൾ നാം കേട്ടിട്ടുണ്ട്. അതിൽ ഏതാണ് ഏറ്റവും നല്ല കഥ എന്ന് നമുക്ക് പറയാൻ പറ്റില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം.  അല്ലെങ്കിൽ ശ്രീരാമചന്ദ്രനെക്കുറിച്ച് അദ്ദേഹം വനവാസത്തിനു പോയതുമായി ബന്ധപ്പെട്ട കഥകൾ. ശ്രീകൃഷണൻ ഗോപികമാരുടെ ചേല മോഷ്ടിച്ച കഥ, ശ്രീരാമൻ വനവാസത്തിനിടെ ദിവ്യശക്തിയുള്ള  മഹർഷിമാരെ കണ്ടുമുട്ടിയ കഥ... അങ്ങനെയങ്ങനെ. ആ അവതാരജന്മങ്ങളെപ്പോലെ ബഷീറിനെക്കുറിച്ചും നമ്മുടെ മുന്നിൽ എത്രയോ കഥകൾ ഉണ്ട്. ബഷീർ സൂഫിയായ കഥ, ഖലാസിയായ കഥ,പത്തി വിടർത്തിയ മൂർഖനെ ഉപദേശിച്ച് ശാന്തനാക്കിയ കഥ, ചെരിപ്പിടാത്ത കഥ, ഗാന്ധിജിയെ തൊട്ട കഥ, കൈനോട്ടക്കാരനായ കഥ, ചായ കുടിച്ചിട്ട് ഗ്ലാസ് കമിഴ്ത്തി വയ്ക്കുന്ന കഥ.. ഇതിന്റെയൊക്കെ പിന്നാലെ വരുന്നതോ ബഷീർ എഴുതിയ കഥകൾ. ബഷീർ വീട്ടിൽ പൈപ്പ് കണക്ഷൻ  വരുത്തുന്നതിന് എതിരായിരുന്നു, ഫ്രിജ് വാങ്ങുന്നതിനും . ഫാബിയും മക്കളും  മധ്യസ്ഥതയ്ക്ക് വിളിച്ച പ്രകാരം കോട്ടയത്തു നിന്ന് ഡിസി കിഴക്കെമുറി വൈലാലിൽ വീട്ടിലെത്തി രാവിലെ മുതൽ വൈകുവോളം ബഷീറിന്റെ അടുത്തിരുന്ന്  പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ബഷീർ ഒന്നയഞ്ഞത്. ‘ചെരിപ്പിടാതെ നടക്കാൻ പറ്റില്ല, ഷർട്ടിടാതെ പുറത്തിറങ്ങിക്കൂടാ എന്നൊക്കെയാണ് ഭാര്യ പറയുന്നത്, ഇത് ശരിയാവില്ല. ഡോക്ടറേ ഞാൻ എന്റെ ഭാര്യയെ വിൽക്കാൻ പോവുകയാണ്’ എന്നു പറഞ്ഞ ബഷീറിനെക്കുറിച്ച് എം.എം. ബഷീർ എഴുതിയിട്ടുണ്ട്. ബഷീർ അങ്ങനെ പറഞ്ഞോ, അതെ പറഞ്ഞു, ഡും. കോഴിക്കോട് ബുക്‌കഫെ പ്രസിദ്ധീകരിച്ച ഈ പുസ്തകം തന്നെ തെളിവ്. ഏതായാലും ഒരു കാര്യം ഉറപ്പ് . എം.എം. ബഷീർ എഴുതിയതുപോലെ ബഷീർ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കാൾ മഹത്വമുള്ള മനുഷ്യനായിരുന്നു.

English Summary: Dr. M. M. Basheer's book on Vaikom Muhammad Basheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com