ADVERTISEMENT

ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കാൻ ആ കുട്ടിക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. നഷ്ടപ്പെട്ട കാഴ്ചശക്തിയെ പഴിക്കാതെ അക്ഷരങ്ങൾ കൂട്ടി വായിക്കുക, എഴുതുക. ലോകത്തു താൻ തനിച്ചാണെന്ന അറിവോടെ കുട്ടി വായിച്ചു, എഴുതി. ആ എഴുത്തുകൾ ഓരോന്നായി ലോകപ്രശസ്തമായി. ഇന്ത്യയെപ്പോലും പൂർണമായി കണ്ടിട്ടില്ലാത്ത കുട്ടി എഴുതിയ ഇന്ത്യയുടെ കഥയ്ക്കു ലഭിച്ചത് ആധികാരികം എന്ന വിശേഷണം. ഇന്ത്യൻ നേതാക്കളെക്കുറിച്ച് അദ്ദേഹം എഴുതി. തന്നെക്കുറിച്ച്, ലോകത്തെക്കുറിച്ച്, കണ്ടതിനെക്കുറിച്ചും കണ്ടിട്ടില്ലാത്തതിനെക്കുറിച്ചും. വളർന്നുവലുതായപ്പോൾ കുട്ടി അറിയപ്പെടുന്ന എഴുത്തുകാരനായി- വേദ് മേഹ്ത എന്ന പേരിൽ. 

 

ഇക്കഴിഞ്ഞ ദിവസം 86-ാം വയസ്സിൽ മേഹ്ത ലോകത്തോടു യാത്ര പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഒരു യുഗത്തിന്റെ അന്ത്യം കൂടിയായി. ഇതിഹാസം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അപൂർവ ജീവിതവും മഹത്തരം എന്നു വിശേഷിപ്പിക്കാവുന്ന കൃതികളും.

 

ന്യൂയോർക്കിൽ ശനിയാഴ്ചയായിരുന്നു ഒന്നിനൊന്നു മികച്ച 27 പുസ്തകങ്ങൾ ലോകത്തിനു സമ്മാനിച്ച വേദ് മേഹ്തയുടെ മരണം. ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിനെന്നപോലെ ജീവിതത്തിനും. ജനനം 1934 ലഹോറിൽ. നാലാം വയസ്സിൽ അപൂർവ രോഗത്തെത്തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെട്ടു. അതോടെ അന്നത്തെ ബോംബെയിൽ അന്ധവിദ്യാലയത്തിലേക്ക്. തുടർന്ന് യുഎസിലെ അർക്കൻസാസിലും. ആ യാത്ര പൊമോന കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കും നീണ്ടപ്പോൾ കണ്ണു കാണാത്ത കുട്ടി ലോകത്തെ അപൂർവ ദീർഘദൃഷ്ടിയാൽ കീഴ്പ്പെടുത്തുകയായിരുന്നു.

 

കാഴ്ചശക്തി നഷ്ടപ്പെട്ട മേഹ്ത 27 പുസ്തകങ്ങൾ എങ്ങനെ എഴുതി എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകും. അതിനുള്ള ഉത്തരം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ‘കാഴ്ച നഷ്ടപ്പെട്ടതോടെ മറ്റ് ഇന്ദ്രിയങ്ങൾ എങ്ങനെ പൂർണമായി ഉപയോഗപ്പെടുത്താം എന്നായി എന്റെ ചിന്ത. അതോടെ ഞാൻ പരീക്ഷണങ്ങൾക്കു മുതിർന്നു. എന്റെ തന്നെ ജീവിതം ഞാൻ പഠിച്ചു. ഞാൻ വളർന്നുവലുതായ ഇന്ത്യയെക്കുറിച്ച്, ലോകത്തെക്കുറിച്ച്, എനിക്കു തന്നെ കത്തെഴുതുന്നതുപോലെ ഞാൻ എഴുതി. എനിക്കുവേണ്ടിയും ലോകത്തിനുവേണ്ടിയും. അതാണ് എന്റെ പുസ്തകങ്ങൾ’ - അഭിമാനത്തോടെ, സന്തോഷത്തോടെ മേഹ്ത പറഞ്ഞു.

 

ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് 1957-ൽ. ഫെയ്സ് ടു ഫെയ്സ്. ഫ്ലൈ ആൻഡ് ദ് ഫ്ലൈ ബോട്ടിൽ, എൻകൌണ്ടേഴ്സ് വിത്ത് ബ്രിട്ടിഷ് ഇന്റലക്ച്വൽസ്, ഡാഡിജി, എ ഫാമിലി അഫയർ, ഇന്ത്യ അണ്ടർ ത്രീ പ്രൈം മിനിസ്റ്റേഴ്സ്, എ വേദ് മേഹ്ത റീഡർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകങ്ങൾ. 

 

എന്നും ഒരു പ്രവാസിയായി ജീവിച്ച അദ്ദേഹം പുസ്തകങ്ങളിലൂടെ വേരുകൾ തിരഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇന്ത്യയും ഗാന്ധിജി ഉൾപ്പെടെയുള്ള ഇന്ത്യൻ നേതാക്കളും നിറഞ്ഞുനിന്നത്. ‘അഭയാർഥിയാണെന്നു തോന്നണമെങ്കിൽ ഒരാൾക്ക് സ്വന്തമായി ഒരു സ്ഥലം വേണം. എന്റെ സ്ഥലം എവിടെയാണ്? എനിക്കുപോലും അറിഞ്ഞുകൂടാ. 20-ാം നൂറ്റാണ്ട് കണ്ട എണ്ണമറ്റ അഭയാർഥികളുടെ കൂട്ടത്തിലാണ് എന്റെ സ്ഥാനം’- സങ്കടമില്ലാതെ മേഹ്ത പറഞ്ഞു. സ്വന്തമായി ഒരിടവും ഇല്ലായിരുന്നെങ്കിലും ലക്ഷക്കണക്കിനു പേരുടെ മനസ്സിൽ അനശ്വരമായ സ്ഥാനം നേടിയാണ് ഇപ്പോൾ വേദ് മേഹ്ത മടങ്ങുന്നത്. അഭയാർഥിയായല്ല, സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമയായി. 

 

English Summary :  In Memories Of Ved Mehta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com