ലാജോയുടെ നോവലുകളും അഞ്ചാം പാതിരായും തമ്മിൽ സാമ്യമുണ്ടോ?

lajo-jose
ലാജോ ജോസ്
SHARE

ഒരാൾക്ക് ഒരു വഴി വെട്ടിത്തുറക്കാൻ അത്രയെളുപ്പമല്ല, സ്വയം സമർപ്പിച്ചുള്ള മനസ്സും സമയവും അതിനാവശ്യമാണ്, പലതും പാതിയിൽ വച്ച് നഷ്ടപ്പടുത്തേണ്ടി വരികയും സ്വാഭാവികമാണ്. മറ്റു പലരുടെയും ശത്രുതയും സമ്പാദിച്ച്, ആക്ഷേപങ്ങളും കേട്ടു തന്നെ വേണം ഏതൊരു ഇടത്തും പുതുക്കപ്പെടാനും പുതിയ വഴികൾ തുറന്നിടാനും. അതുകൊണ്ടു തന്നെയാണ് മലയാള സാഹിത്യത്തിൽ ലാജോ ജോസ് എന്ന എഴുത്തുകാരൻ സ്വന്തമായ ഒരു സ്ഥാനത്ത് ഇരിക്കാൻ അർഹനാകുന്നതും. 

ലാജോ പറയുന്നു: ‘സിനിമ ചെയ്യുന്നതാണ് എനിക്ക് പാഷൻ, എത്രയോ വർഷങ്ങൾക്കു മുൻപു തന്നെ എന്റെ ഉയിര് സിനിമയ്ക്കു വേണ്ടി നൽകാൻ ഞാൻ തയാറായിരുന്നു, എന്നാൽ സിനിമ ഒരു ഭാഗ്യമോ പരീക്ഷണമോ ഒക്കെയാണ്. എല്ലാവർക്കും എത്തിപ്പെടാൻ കഴിയാത്ത ഒന്ന്. എങ്കിലും ശ്രമിച്ചുകൊണ്ടേയിരിക്കും നമ്മൾ. എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് എങ്ങുമെത്തുന്നില്ല എന്നു കണ്ടിട്ടാണ് അതിന് ഒരു നോവലിന്റെ രൂപം നൽകിയത്. ആത്മവിശ്വാസം തീരെയില്ലാതെയിരുന്ന സമയം. ഗ്രീൻ ബുക്ക്സ് അത് പുസ്തകമാക്കി. എന്നിട്ടും ആദ്യത്തെ കുറച്ചു നാളുകൾ പരീക്ഷണം വിജയിച്ചോ എന്നു പോലുമറിയാതെ ശ്വാസം മുട്ടിയാണ് ജീവിച്ചത്. വായന വളരെ കുറവായിരുന്നു. ഒടുവിൽ എന്റെ ‘കോഫി ഹൗസ്’ എന്ന മർഡർ മിസ്റ്ററി വായിച്ചവർ പറഞ്ഞ അഭിപ്രായങ്ങളാണ് അതിനെ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചത്. അതൊരു പരീക്ഷണമായിരുന്നു’

anjam-pathira

സത്യമാണ്, ആദ്യത്തെ പുസ്തകമായ കോഫി ഹൗസ് മുതൽ എഴുത്ത് ലാജോയ്ക്ക് ഒരു പരീക്ഷണമായിരുന്നു. ആദ്യത്തെ ഒരു മരവിപ്പിനു ശേഷം, കോഫി ഹൗസിൽ നടത്തപ്പെട്ട ക്രൂരമായ കൊലപാതകങ്ങൾ ചർച്ച ചെയ്യപ്പെടുകയും അതിൽ കൊലപാതകിയാക്കി ആരോപിക്കപ്പെട്ട ബെഞ്ചമിൻ എന്ന വ്യക്തിയുടെ കാരക്ടറൈസേഷൻ ഒരുപാട് വായനക്കാർ മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. കോഫി ഹൗസും ലാജോയുടെ രണ്ടാമത്തെ പുസ്തകമായ ഹൈഡ്രാഞ്ചിയയും ഇറങ്ങിയ ശേഷമാണ്, മലയാള സിനിമയിൽ ഈ പറഞ്ഞ വഴി വെട്ടൽ ഉണ്ടാകുന്നത്. അതും കൃത്യമായി ത്രില്ലർ വിഭാഗത്തിലായിരുന്നു. രാക്ഷസൻ എന്ന തമിഴ് ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം മലയാളത്തിലേക്ക് മിഥുൻ മാനുവൽ ‘അഞ്ചാം പാതിരാ’ എന്ന സീരിയൽ കില്ലിങ് സിനിമയുമായി വന്നു. അതേ സമയത്തു തന്നെയാണ് ലാജോയുടെ മൂന്നാമത്തെ പുസ്തകമായ ‘റൂത്തിന്റെ ലോകം’ പുറത്തിറങ്ങുന്നത്.

lajo-jose-book

‘സിനിമ ഇറങ്ങിയപ്പോൾത്തന്നെ പലരും പറഞ്ഞിരുന്നു, ഈ സിനിമയിലെ പല സീനുകളും എന്റെ മൂന്ന് പുസ്തകങ്ങളിലെയും പല സീനുകളുമായി സാമ്യമുള്ളതാണെന്ന്. ആദ്യം ഞാനത് അത്ര ശ്രദ്ധിച്ചില്ല, എന്നാൽ ഏറ്റുമാനൂരിലെ തിയേറ്ററിൽ അഞ്ചാം പാതിരാ കണ്ടപ്പോൾ ഞാനാകെ ഞെട്ടിപ്പോയി. എന്താണു ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. അതിലെ പല സീനുകളും ഞാനെഴുതിയ പുസ്തകങ്ങളുമായി സാമ്യമുള്ളവയായിരുന്നു. സിനിമയിൽ ഇന്ദ്രൻസിന്റെ കഥാപാത്രവും നായികയും തമ്മിലുള്ള സീൻ, ബെഞ്ചമിന്റെ കഥാപാത്രം, സിനിമയിലെ വില്ലൻ കഥാപാത്രവും ഹൈഡ്രാഞ്ചിയയിലെ വില്ലനും തമ്മിലുള്ള സമാനതകൾ‌, റൂത്തിന്റെ ലോകത്തിലെ ക്ളൈമാക്സും സിനിമയിലെ അന്ത്യവും, അങ്ങനെ ഒരുപാട് സമാനതകൾ, ഇതൊക്കെ വെറും യാദൃച്ഛികത ആണെന്ന് എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. എന്നാൽ ഈ സിനിമ അതിലും വേദനിപ്പിച്ചത് മറ്റൊരു രീതിയിലാണ്. ഹൈഡ്രാഞ്ചിയ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കഥാ രചനയിലായിരുന്നു ആ സമയത്തു ഞാൻ. ഇത് കണ്ടതോടെ സമാനമായി ഇതിലുള്ള സീനുകൾ പലതും എനിക്ക് മാറ്റേണ്ടി വന്നു. പക്ഷേ എന്നിട്ടും സാമ്യം ആരോപിക്കപ്പെട്ടു ആ പ്രോജക്ട് മാറിപ്പോയി. സിനിമ പാഷൻ ആയ ഒരാൾക്ക് ആ സന്ദർഭം എങ്ങനെ ബാധിക്കപ്പെടും എന്ന് ആർക്കൊക്കെ ചിന്തിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല. ഞാനാകെ തകർന്നു പോയി. ഇപ്പോഴും ആ ഡിപ്രഷനിൽനിന്നു ഞാൻ കര കയറിയിട്ടില്ല.’– ലാജോ പറയുന്നു.

ruthinte-lokam-book-lajo-jose

സോഷ്യൽ മീഡിയയിൽ മിഥുൻ മാനുവൽ തോമസ് തന്റെ പുതിയ സിനിമയായ ‘ആറാം പാതിരാ’യുടെ പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിന്റെ അടിയിലാണ് ലാജോ ജോസ് തന്റെ പ്രതിഷേധം അറിയിച്ചത്, അതാണ് ഇപ്പോൾ പുതിയ വിവാദത്തിനും ചർച്ചയ്ക്കും വഴി തുറന്നിരിക്കുന്നത്. 

‘സിനിമ ഇറങ്ങിയിട്ട് ഒരു വർഷമായി. ഇപ്പോൾ കൊണ്ടു പോയി കേസ് കൊടുത്താൽ അത് തള്ളിപ്പോകും എന്നറിയാം, മാത്രമല്ല മോഷ്ടാക്കൾക്കൊപ്പമാണ് പലപ്പോഴും കോപ്പിറൈറ്റ് നിയമം. അത് തെളിവുകളുടെയും മറ്റും പ്രശ്നമാണ്. അങ്ങനെ തള്ളിപ്പോയ ഒരുപാട് കേസുകൾ എന്റെ മുന്നിലുണ്ട്. എന്നാലും ഇനി എന്റെ മറ്റൊരു നോവലിനും ഈ ഗതി വരരുത് എന്നോർത്തിട്ടാണ് ഇപ്പോൾ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചത്. ഞാനിപ്പോൾ പുതിയ കുറച്ചു പ്രോജക്ടുകൾക്കു പിന്നിലാണ്, ആറാം പാതിര എന്താണ് കഥ എന്നറിയില്ല, എന്നാലും എനിക്ക് ഭയമുണ്ട്. ഇനിയും സാമ്യങ്ങൾ കണ്ടെത്തേണ്ടി വന്നാൽ എനിക്കത് തീരെ സഹിക്കാനാകാത്തത് ആയിരിക്കും. അതുണ്ടാകാതെയിരിക്കാൻ ഇപ്പോഴെങ്കിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് തോന്നി.’

എന്തായാലും ഈ വിവാദത്തെ തുടർന്ന് തന്റെ നോവലുകളിലെ പല കഥാസന്ദർഭങ്ങളും സിനിമയിലുണ്ടെന്ന് ആരോപിച്ച് അഞ്ചാം പാതിര എന്ന സിനിമയ്‌ക്കെതിരെ കേസ് കൊടുക്കാനുള്ള ആലോചനയിലാണ് ലാജോ. തള്ളിപ്പോകും എന്നുറപ്പുണ്ടായിട്ടും ഇനി ആവർത്തിക്കപ്പെടരുത് എന്ന് ഉറപ്പിക്കാനുള്ള ഒരു വഴി മാത്രമാണത് ലാജോയ്ക്ക്. സിനിമയിലെ കഥയുടെയും കഥാ സന്ദർഭങ്ങളുടെയും സമാനതകളും മോഷണ ആരോപണവും ഇൻഡസ്ട്രിയിൽ ഇതാദ്യമല്ല. ഇതിനു തൊട്ടു മുൻപ് ലിസിയുടെ ‘വിലാപ്പുറങ്ങൾ’ എന്ന നോവൽ സിനിമയാക്കിയെന്ന് ആരോപിച്ച് എഴുത്തുകാരി കേസിനു പോയിരുന്നു. നോവലുമായി ഒരുപാടു സമാനതകളുണ്ടായിരുന്നെങ്കിലും, സ്ക്രിപ്റ്റിന്റെ ജോലിയിൽ താൻ കൂടി ആദ്യമേ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നിട്ടു പോലും കോപ്പിറൈറ്റ് ആക്ടിന്റെ ഒരു പരിരക്ഷയും ലിസിയുടെ നോവലിന് ലഭിച്ചിരുന്നില്ല. പലപ്പോഴും എഴുത്തുകാരന് എങ്ങനെ തന്റെ പുസ്തകത്തെ സംരക്ഷിക്കണം എന്നു പോലുമറിയാതെ മാനസിക പ്രശ്നത്തിൽ പെട്ട് കുഞ്ഞു നഷ്ടപ്പെട്ട അമ്മയെപ്പോലെ കരയാൻ മാത്രമാണ് യോഗം. 

ലാജോ ജോസിന്റെ നോവലുകളും അഞ്ചാം പാതിരായും തമ്മിലുള്ള വിവാദത്തിൽ സംവിധായകൻ മിഥുൻ മാനുവൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഒരു വഴി പുതിയതായി വെട്ടിത്തുറക്കുന്നത് ഒട്ടും എളുപ്പമല്ല. മലയാള സാഹിത്യത്തിൽ ലിജോയും സിനിമയിൽ മിഥുൻ മാനുവലും ത്രില്ലറുകളുടെ പുതിയ വഴി വെട്ടുകയാണ്. അതുകൊണ്ടു തന്നെ ഇതിലുള്ള സമാനതകൾ ചർച്ചയ്ക്ക് വയ്‌ക്കേണ്ടതുമാണ്. ലാജോയ്ക്ക് മുൻപും പിൻപും ത്രില്ലർ എന്നു പറയുന്നതു പോലെ, അഞ്ചാം പാതിരായ്ക്ക് മുൻപും പിൻപും മലയാളത്തിൽ ത്രില്ലർ സിനിമകൾ എന്നു പറയുമ്പോൾ താരതമ്യങ്ങൾ ഇനിയും രണ്ടു വിഭാഗത്തിലും വരാനുണ്ട്. ഇനി വരാനുള്ളവയ്ക്ക് ഈ ചർച്ചകൾ പ്രയോജനം ചെയ്യുമെങ്കിൽ അത് തീർച്ചയായും നല്ലതാണ്. 

English Summary: Are there similarities between Lajo Jose’s novels and Anjaam Pathiraa?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;