പെൺകുട്ടിയായാൽ പേടി വേണം, പേടിയില്ലാതെ ജീവിച്ചാലോ?

dancing-in-the-mosque-main-image
SHARE

നിനക്ക് എന്നോടു ദേഷ്യമാണെന്നെനിക്കറിയാം. എന്നാൽ, നിന്നെ നഷ്ടപ്പെടുത്തിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. ജീവിതകാലം മുഴുവൻ സഹിക്കുന്ന കുറ്റബോധം. നിന്റെ അമ്മയായിരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്റെ മകനേ, എനിക്കു ഞാനാകണം. അതിനാണു ഞാൻ നിന്നെ പിരിഞ്ഞത്. 

19 മാസം മാത്രം പ്രായമുള്ളപ്പോൾ മകനെ നഷ്ടപ്പെടുത്തിയ ഒരമ്മ വർഷങ്ങൾക്കുശേഷം മകനെഴുതിയ കത്തിലെ വരികളാണിത്. തന്നെ വലിച്ചെറിഞ്ഞ അമ്മയോടുള്ള 

ദേഷ്യവുമായി  ജീവിക്കുന്ന മകനോടുള്ള കുറ്റസമ്മതം. കുമ്പസാരം. ഇതാദ്യമായി താൻ എന്തിനു മകനെ നഷ്ടപ്പെടുത്തിയെന്ന് അമ്മ കത്തുകളിലൂടെ തുറന്നുപറയുകയാണ്. 

ആ കത്തുകളുടെ സമാഹാരമാണ് ഡാൻസിങ് ഇൻ ദ് മോസ്ക്. ഹൊമെയ്റ ഖദേരിയുടെ ഉള്ളുലയ്ക്കുന്ന പുസ്തകം. ഒരു സ്ത്രീയായി ജീവിക്കുന്നത് എത്രമാത്രം 

അപകടകരമാണെന്നു തെളിയിക്കുന്ന ജീവിതസാക്ഷ്യം. 

അഫ്ഗാനിസ്ഥാനിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് ഖദേരി. മകൻ സിയാവാഷ്. അമ്മയും മകനും തമ്മിലുള്ള അവാച്യമായ സ്നേഹമാണ് ഈ കത്തുകളുടെ

അന്തർധാരയെങ്കിലും അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലിന്റെ നേർച്ചിത്രം കൂടിയാണിത്. സോവിയറ്റ് അധിനിവേശത്തിലും ആഭ്യന്തര യുദ്ധകാലത്തും

താലിബാൻ ഭരണകാലത്തും മാറ്റമില്ലാതെ തുടർന്ന അപമാനത്തിന്റെയും അവഗണനയുടെയും ദുരന്തചിത്രം. 

പെൺകുട്ടിയായാൽ കണ്ണുകളിൽ പേടി വേണം: കുട്ടിക്കാലത്ത് മുത്തശ്ശി ഖദേരിയെ ഉപദേശിച്ചു. ഇപ്പോഴും കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ അവർ സ്വന്തം കണ്ണുകളിലേക്കു നോക്കാറുണ്ട്; ഭയം ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാൻ. സ്വന്തം കണ്ണുകളിൽ ഭയം കണ്ടെത്തിയില്ലെങ്കിലും പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നു ഖദേരിയുടെ ജീവിതം. അഫ്ഗാനിലെ ഓരോ സ്ത്രീയുടെയും ജീവിതം. സോവിയറ്റ് അധിനിവേശ കാലത്താണു ഖദേരി വളർന്നത്. റഷ്യൻ ടാങ്കുകൾ നിരന്തരം റോന്തു ചുറ്റുന്നതിനൊപ്പമുള്ള ബാല്യകാലം. ചെവി തുളച്ചെത്തുന്ന വെടിയൊച്ചകൾ. വിദേശ രാജ്യത്തെ അടിച്ചമർത്തി ഭരിക്കുന്നവരെ റെഡ് ആർമി എന്നു വിളിക്കുന്നതെന്തിനെന്ന് ഇന്നും അവർക്കറിയില്ല. തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെ ആക്രമിച്ചു കീഴടക്കുന്ന റഷ്യൻ പട്ടാളക്കാരന്റെ ചിത്രം ഇന്നുമുണ്ട് മനസ്സിൽ മായാതെ. അയാളും റെഡ് ആർമി 

അംഗമാണ്. ക്രൂരതയുടെ, ബലാൽക്കാരത്തിന്റെ അക്രമത്തിന്റെ നിറം ചുവപ്പെന്ന് ഖദേരി പഠിച്ചതു ചുറ്റും കണ്ട കാഴ്ചകളിലൂടെ. 

റെഡ് ആർമി മടങ്ങിയതിനുശേഷം ആഭ്യന്തരയുദ്ധത്തിന്റെ നാളുകൾ. താലിബാൻ ഭരണവും വീഴ്ചയും. ഒടുവിൽ സമാധാനത്തിന്റെ നാളുകൾ അകലെയല്ലെന്ന പ്രതീക്ഷയുമായി

ഇപ്പോൾ നടക്കുന്ന സമാധാന ചർച്ചകൾ. ഖദേരി പ്രതീക്ഷയിലാണ്. അതിക്രമങ്ങളുടെ ഇരകളായി ജീവിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിനു സ്ത്രീകൾക്കൊപ്പം. 

പെൺകുട്ടികൾക്കു താലിബാൻ വിദ്യാഭ്യാസം നിഷേധിച്ച കാലത്താണു ഖദേരി പഠിച്ചത്. ഒളിച്ചു കടത്തിയ പുസ്തകങ്ങളിലൂടെ. ഇരുട്ടിന്റെ മൂലകളിൽ സമയം കിട്ടുമ്പോഴൊക്കെ

അവർ മറ്റു കുട്ടികളെ പഠിപ്പിച്ചു. പഠിച്ചും പഠിപ്പിച്ചും വളർന്ന നാളുകൾ. താലിബാൻ ഭീഷണിയിൽ അച്ഛൻ മണ്ണിൽ കുഴിച്ചിട്ട പുസ്തകങ്ങൾ പുറത്തെടുത്താണു ഖേദേരി 

വായിച്ചിരുന്നത്. ആ കറുത്ത കാലത്തെ പിന്നിലാക്കി അവർ സർവകലാശാലയിൽ പേർഷ്യൻ സാഹിത്യം പഠിപ്പിക്കുന്ന പ്രഫസറായി മാറി. സ്ത്രീകൾക്കു വേണ്ടി നിരന്തമായി സമരം ചെയ്ത് മലാല മെഡൽ ഉൾപ്പെടെ നേടി. 

ഇറാനാലിയിരുന്നു ഖദേരിയുടെ ഉന്നതവിദ്യാഭ്യാസം. ഡോക്ടറേറ്റ് എടുത്തത് ഡൽഹി ജവാഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന്. യുദ്ധവും ചോരച്ചൊരിച്ചിലും അഫാഗാൻ 

സാഹിത്യത്തിൽ എങ്ങനെ പ്രതിഫലിച്ചു എന്നതായിരുന്നു ഗവേഷണ വിഷയം. 

ഡാൻസിങ് ഇൻ ദ് മോസ്ക്കിലൂടെ ഖദേരി സ്വന്തം നാട്ടിൽ പ്രവാസിയായി ജീവിക്കുന്ന അഫ്ഗാൻ സ്ത്രീയുടെ ജീവിതമാണു പറയുന്നത്. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കും 

പെൺകുട്ടികൾക്കും വേണ്ടി സ്വന്തം മകനെപ്പോലും ഉപേക്ഷിക്കേണ്ടിവന്ന ദുരന്തകഥ. 

English Summary: Dancing in the Mosque: An Afghan Mother's Letter to Her Son Book by Homeira Qaderi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;