ADVERTISEMENT

കാര്യപ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. എന്നിട്ടും സർവീസ് കാലം പൂർത്തിയാകും മുൻപേ പെൻഷൻ പറ്റാനുള്ള അനുമതിക്കായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിവാദങ്ങളും സമ്മർദങ്ങളും ബ്യൂറോക്രസിയിലെ ഉള്ളുകളികളുമെല്ലാം മനസ്സ് വിരസമാക്കിയിരുന്നുവെങ്കിലും വിടുതലിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് മുഴുവൻ സമയവും സാഹിത്യപ്രവർത്തനത്തിനു ചെലവാക്കാൻ വേണ്ടി എന്നായിരുന്നു. എല്ലാം തുറന്നു പറയാൻ പറ്റുമായിരുന്നില്ല. ആരെയും നൊമ്പരപ്പെടുത്താതെയും അപകീർത്തിപ്പെടുത്താതെയും കോപവും സങ്കടവും ഒതുക്കി ഏറെക്കാലം അധികാരസ്ഥാനങ്ങൾ അലങ്കരിച്ചു.

 

‘സർവീസ് സ്റ്റോറി –എന്റെ ഐഎഎസ് ദിനങ്ങൾ’ എന്ന പേരിൽ ആത്മകഥ എഴുതിയപ്പോഴും ആ ധർമ സങ്കടത്തിന്റെ വീർപ്പുമുട്ടലുണ്ടായിരുന്നു. ‘ സാക്ഷിക്കൂട്ടിൽ കയറിനിൽക്കുന്ന തോന്നലാണെനിക്ക്. സത്യം പറയാം. സത്യമല്ലാതെ മറ്റൊന്നും പറയുകയുമില്ല. പക്ഷേ, മുഴുവൻ സത്യവും പറയാനാകുമോ?’ എന്ന വരികളിൽ തുടങ്ങുന്ന ആത്മകഥ ‘ഞാൻ ഇതാ സാക്ഷിക്കൂട്ടിൽ നിന്നിറങ്ങുന്നു. വളച്ചൊടിക്കാതെ മൊഴി പറഞ്ഞ സംതൃപ്തിയോടെ’ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

thozhilveedhi-atmakathayanam-column-malayatoor-ramakrishnan-profile-image

 

ഉദ്യോഗത്തിലിരിക്കുമ്പോഴും പെൻഷൻ പറ്റിയശേഷവും മലയാറ്റൂരിനു വിരസത തോന്നാതിരുന്നത് എഴുത്തിലും വായനയിലുമായിരുന്നു. ‘എന്റെ കരിയർ ഒച്ചിഴഞ്ഞ് അക്ഷരമായതിന്റെ കഥയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഭരണപരിഷ്കാര കമ്മിറ്റിയായ വെള്ളോടിക്കമ്മിറ്റി സെക്രട്ടറിയായിരുന്നപ്പോഴാണ് ഒഴിവു സമയത്ത് ഓഫിസിലിരുന്ന് മുഖം എന്ന നോവൽ എഴുതുന്നത്. അതു വയലാർ രാമവർമയ്ക്കു വായിക്കാൻ കൊടുത്തപ്പോൾ അദ്ദേഹമാണ് മുഖം എന്ന പേര് വെട്ടി യക്ഷി എന്നാക്കിയത്. ആ യക്ഷി പിന്നീട് സിനിമയായി. സിവിൽ സപ്ലൈസ് വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത് അവധിയിൽ പ്രവേശിച്ചപ്പോഴാണ് വേരുകൾ എന്ന നോവൽ എഴുതിയത്.

 

thozhilveedhi-atmakathayanam-column-malayatoor-ramakrishnan-indian-writer

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിഎസ്‍‌സി ബിരുദം നേടി തുടർന്നു പഠിക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ ആലുവ യുസി കോളജിൽ ഇംഗ്ലിഷ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. ശമ്പളം 60 രൂപ. അതിൽ നിന്നു 15 രൂപ വാടകയിനത്തിൽ പിടിക്കുന്നതിൽ പ്രതിഷേധിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ ജോലി മതിയാക്കി. തുടർന്നു നിയമപഠനത്തിനു ചേർന്ന് ഒന്നാമനായി പരീക്ഷ പാസായി. മുംബൈയിലെ ഫ്രീപ്രസ്സിൽ സബ്എഡിറ്ററായും ശങ്കേഴ്‌സ് വീക്കിലിയിൽ കാർട്ടൂണിസ്‌റ്റായും വക്കീലായും മജിസ്‌ട്രേട്ടായും ജോലിനോക്കി. ഐഎഎസ് പരീക്ഷ പാസായി ഇന്റർവ്യൂവിനു ബെംഗളൂരുവിൽ പോകാനുള്ള യാത്രാക്കാശുണ്ടാക്കാൻ വിഷബീജം എന്ന ഡിറ്റക്ടീവ് നോവലെഴുതി അതിന്റെ പകർപ്പവകാശം 400 രൂപയ്ക്ക് വിറ്റ കഥയും അദ്ദേഹം പറയുന്നുണ്ട്. ഒറ്റപ്പാലം സബ് കലക്ടർ, കോഴിക്കോട് കലക്ടർ, ആരോഗ്യ–തൊഴിൽ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ഡപ്യൂട്ടി സെക്രട്ടറി, ട്രാവൻകൂർ–കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ജനറൽ മാനേജർ, ലളിതകലാ അക്കാദമി ചെയർമാൻ, കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, തൊഴിൽ വകുപ്പ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച അദ്ദേഹം ജോലിത്തിരക്കിനിടയിലും നോവലുകളും കഥകളും എഴുതിക്കൂട്ടി. കാർട്ടൂണുകളും എണ്ണച്ചായ ചിത്രങ്ങളും വരച്ചു. സിനിമകൾക്ക് തിരക്കഥയെഴുതി.

 

മലയാറ്റൂർ രാമകൃഷ്ണന്റെ ഔദ്യോഗിക കാലത്തും വിവാദങ്ങൾക്കു കുറവുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർക്കിടയിലെ തൊഴുത്തിൽകുത്തും കുശുമ്പുകളും അധികാരികളുടെ അഹങ്കാരങ്ങളുമെല്ലാം അന്നും ഉണ്ടായിരുന്നു. ക്രമക്കേട് നടന്നതായുള്ള വിവാദങ്ങളെ തുടർന്ന് അദ്ദേഹം നൽകിയ അവധി അപേക്ഷയിൽ കാരണമായി എഴുതിയത് ‘മാർക്സിസ്റ്റ് പാർട്ടിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി തുടർന്നു നടത്തുന്ന ഹിംസയിൽനിന്ന് ഒഴിഞ്ഞുമാറാൻ’ എന്നായിരുന്നു. ഇത് ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കി.

 

അഗ്രഹാരങ്ങളുടെ പശ്‌ചാത്തലത്തിൽ നോവലുകൾ എഴുതിയ മലയാറ്റൂർ ഏറെക്കാലം നിരീശ്വരവാദിയായി കഴിഞ്ഞു. ഈശ്വരനില്ലെന്നു തോന്നിയതിനാൽ ജാതിയുടെ സിംബലായ പൂണൂൽ ബ്ലെയിഡ് ഉപയോഗിച്ച് അറുത്തുകളഞ്ഞ അദ്ദേഹം പിന്നീട് തികഞ്ഞ ഈശ്വരവിശ്വാസിയും ഗുരുവായൂരപ്പന്റെ ഭക്തനുമായി മാറിയ കഥയിങ്ങനെ: ഗുരുവായൂർ ഉത്സവത്തിന്റെ ആറാട്ടുദിവസം അവിടുത്തെ അമ്പലക്കുളത്തിൽ ഏഴുപേർ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല മലയാറ്റൂരിനായിരുന്നു. അന്വേഷണത്തിനായി ക്ഷേത്രത്തിൽ എത്തിയ  അദ്ദേഹത്തിനു ക്ഷേത്രദർശനം നടത്താനും വാകച്ചാർത്തു തൊഴാനും തോന്നി. ‘ഭഗവാന്റെ വിഗ്രഹത്തിൽ നോക്കിനിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. പരിസരബോധം നഷ്ടപ്പെട്ട നിമിഷങ്ങൾ.. അവിടെ ഭഗവാനും ഞാനും മാത്രമേ ഉള്ളുവെന്ന് എനിക്കുതോന്നി. അന്നു തൊട്ട് ഗുരുവായൂരപ്പനിലുള്ള വിശ്വാസം എനിക്ക് ശക്തിയും സമാധാനവും നൽകിപ്പോന്നു.’ എന്നാണ് ആ  വിചിത്രാനുഭവത്തെക്കുറിച്ച്  ആത്മകഥയിൽ വിവരിക്കുന്നുന്നത്.

മലയാറ്റൂർ രാമകൃഷ്ണൻ

യഥാർഥ പേര് :കെ.വി.രാമകൃഷ്ണ അയ്യർ

ജനനം: 1927 മേയ് 27 ന് പാലക്കാട്ട് കൽപാത്തിയിൽ

പിതാവ്: കെ.ആർ. വിശ്വനാഥ അയ്യർ

മാതാവ്: ജാനകി അമ്മാളു

ഭാര്യ: കൃഷ്ണവേണി

മരണം: 1997 ഡിസംബർ 27

പ്രധാന കൃതികൾ: 

നെട്ടൂർമഠം, വേരുകൾ, യന്ത്രം, യക്ഷി, അമൃതം തേടി, പൊന്നി, അഞ്ചുസെന്റ്, ദ്വന്ദ്വയുദ്ധം, ഡോക്‌ടർ വേഴാമ്പൽ, മൃതിയുടെ കവാടം, ആദ്യത്തെ കേസ്, അറബിയും ഒട്ടകവും, അവകാശി, സൂചിമുഖി, രക്തചന്ദനം, അനന്തയാത്ര, ആറാം വിരൽ, ശിരസ്സിൽ വരച്ചത്, ബ്രിഗേഡിയർ കഥകൾ, ഓർമകളുടെ ആൽബം.

പ്രധാന ബഹുമതികൾ:

കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്.

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Athmakathayanam Column by Dr. M. K. Santhosh - Malayattoor Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com