ഓർമകൾ നെയ്ത എഴുത്തിന്റെ പായ; അനുഭവം പൊള്ളിക്കുന്ന വാക്കുകൾ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • എഴുതുന്നതിലെല്ലാം ഒരു കഥയുടെ വിത്തിടുന്ന മനോജ് വെങ്ങോല
Manoj Vengola
മനോജ് വെങ്ങോല
SHARE

എഴുതുന്നതിലെല്ലാം ഒരു കഥയുടെ വിത്തിടുന്നയാളാണു മനോജ് വെങ്ങോല. അതുകൊണ്ടാണു മനോജിന്റെ ഓർമക്കുറിപ്പുകൾ പോലും ചെറുകഥയുടെ ചാരുതയോടെ വായിക്കാനാകുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടവരാണു മനോജിന്റെ കഥാപാത്രങ്ങൾ. അതിൽ കള്ളനും ലൈംഗിക തൊഴിലാളിയും തെരുവുകച്ചവടക്കാരനും ഉന്മാദിയും ആദിമവാസിയുമെല്ലാമുണ്ട്. മനോജിന്റെ ‘പായ’ എന്ന പുസ്തകം പോലൊന്നു വേറെയുണ്ടോയെന്നു സംശയമാണ്. ഒരു മികച്ച വായനക്കാരനും കഥപറച്ചിലുകാരനും ഒരുമിക്കുകയാണിവിടെ. താൻ വായിച്ച പുസ്തകങ്ങളിലെ വിവിധ സന്ദർഭങ്ങളിലേക്കു തന്റെ ഓർമയുടെ അടരുകൾ ചേർത്തുവച്ച് എഴുത്തിന്റെ മനോഹരമായൊരു പായ നെയ്യുകയാണദ്ദേഹം. എത്രയെത്ര പുസ്തകങ്ങൾ, കഥാപാത്രങ്ങൾ, ജീവിതസന്ദർഭങ്ങൾ. അനുഭവങ്ങളാൽ ജ്ഞാനസ്നാനപ്പെട്ടവരായിട്ടാകും ‘പായ’യുടെ വായനയ്ക്കു ശേഷം വായനക്കാർ പുറത്തുവരിക.

പെരുമ്പാവൂർ, വെങ്ങോല, അറയ്ക്കപ്പടി, ഐരാപുരം, പുല്ലുവഴി, വളയൻചിറങ്ങര തുടങ്ങി പെരുമ്പാവൂരും പരിസരപ്രദേശങ്ങളുമാണു മനോജിന്റെ എഴുത്തിൽ ഏറെയും നിറഞ്ഞുനിൽക്കുന്നത്. പികെവിയെപ്പോലെ, ലാലു തോമസിനെപ്പോലെ അവിടുത്തെ ചില പ്രധാനപ്പെട്ട ആളുകളും കുറിപ്പുകളിൽ വരുന്നുണ്ട്. ‘ദേശം’ എത്രമാത്രം മനോജിനെ അടയാളപ്പെടുത്തുന്നുണ്ട്? സ്വാധീനിക്കുന്നുണ്ട്? ഉള്ളിൽ തറഞ്ഞ കുറച്ചു പെരുമ്പാവൂരോർമകൾ പങ്കുവയ്ക്കാമോ? മനോജിൽ എത്ര ശതമാനം വെങ്ങോലയുണ്ട്? പെരുമ്പാവൂരുണ്ട്?

ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്നൊരു തോന്നൽ എങ്ങനെയോ എന്റെ ഉള്ളിൽ കയറിപ്പറ്റിയതാണ്. അതുകൊണ്ടുതന്നെ എന്തെഴുതിയാലും എന്റെ നാടിനെക്കുറിച്ചുള്ള ഒരു സൂചന കടന്നുവരും. എനിക്കു കൂടുതൽ പരിചയമുള്ള ഇടമായതു കൊണ്ടാകാം. ഇവിടുത്തെ മനുഷ്യരുടെ സൂക്ഷ്മഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരുടെ ജീവിതവും. അവരോടൊപ്പമാണല്ലോ ഇത്രയും  വർഷങ്ങൾ ചെലവിട്ടത്. എത്ര ദൂരേക്കു യാത്ര പോയാലും കയറിയ വണ്ടി തിരികെ പെരുമ്പാവൂർ എത്തിയാൽ മാത്രം സ്വസ്ഥനാവുന്ന ഒരാളാണ്. അതുവരെ എന്തോ ഒരു തിക്കുമുട്ടലാണ്. പി.കെ.വി., പി.ജി., എം.പി.നാരായണപിള്ള, എസ്.കെ.മാരാർ, മലയാറ്റൂർ രാമകൃഷ്ണൻ, സി.അയ്യപ്പൻ, ലീല മേനോൻ, പഴയകാല നടൻ പോൾ വെങ്ങോല, ഡി.ബാബു പോൾ. ഇവരൊക്കെ  ഉണ്ടായിരുന്നു ഇവിടെ. ലാലു തോമസ്‌ വെങ്ങോലയിലെ ധിഷണാശാലിയായ ഒരാളായിരുന്നു. അകാലത്തിൽ മാഞ്ഞുപോയി. ഒരാളുടെ എഴുത്തിൽ ദേശം കടന്നുവരുന്നത്, ആ നാട് അത്രമേൽ അയാളെ സ്വാധീനിക്കുന്നതു കൊണ്ടാകാം. സ്നേഹിച്ചും കലഹിച്ചും പിന്നെയും സ്നേഹിച്ചും തുടർന്നുപോകുന്ന ഈ മനുഷ്യരിൽ ഞാനുണ്ട്. എന്നിൽ അവരും. അളവില്ലാതെ. 

BooK-puthuvakku02

തികച്ചും അതിപ്രാദേശികമായ ഒരു മിത്തിൽ ഊന്നി നിന്നു കഥ പറയുന്ന ‘പറയപ്പതി’ അതേസമയം തന്നെ ദേശാന്തര മാനമുള്ള വിഷയമാണു കൈകാര്യം ചെയ്യുന്നത്. ആധുനികതയും വികസനവും ആദിമജനതയുടെ വിശ്വാസങ്ങളുടെ വരെ അടിവേരറുക്കുന്നത് താരാശങ്കർ ബാനർജിയുടെയും ആഫ്രിക്കൻ എഴുത്തുകാരനായ ചിനുവെ ആച്ചെബിയുടെയും രചനകളിലുള്ളത് ഉള്ളുലയാതെ വായിക്കുക വയ്യ. അപരിഷ്കൃതമെന്നു പറഞ്ഞു പൊതുസമൂഹം അവഗണിക്കുന്ന പലതും ഒരു ജനതയുടെ ജീവവായുവാണെന്ന സത്യം മനോജ് വളരെ കൃത്യമായി ആ കഥയിൽ പറഞ്ഞു വയ്ക്കുന്നു. പറയപ്പതിയെപ്പറ്റിയും ആ കഥ എഴുതാനുണ്ടായ സാഹചര്യത്തെപ്പറ്റിയും കുടൂതൽ വിശദീകരിക്കാമോ?

ഞാനൊരു മാധ്യമപ്രവർത്തകനാണ്. എന്റെ തൊഴിലിന്റെ ഭാഗമായി ധാരാളം ആളുകളെ ദിവസവും കണ്ടുമുട്ടുന്നുണ്ട്. അങ്ങനെ വളരെ വർഷങ്ങൾക്കു മുൻപു പരിചയപെട്ട ഒരാളാണു ശബരി റയിൽപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നോടു പങ്കുവയ്ക്കുന്നത്. അങ്കമാലി-കാലടി-പെരുമ്പാവൂർ വഴിയാണ് ഈ റയിൽപ്പാത കടന്നുപോകുന്നത്. ഇരുപതു വർഷത്തിനുമേൽ കാലമായി ഈ പദ്ധതി കടലാസ്സിൽ ഉറങ്ങുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാന സർക്കാർ പദ്ധതിയുടെ പകുതിചെലവ് വഹിക്കാൻ തയാറായ വാർത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാൽ, ഇത്രയേറെ വർഷങ്ങൾ പദ്ധതി അനക്കമറ്റു കിടന്നതിനാൽ ജീവിതം ദുരിതത്തിലായ കുറച്ചധികം ആളുകളുണ്ട്. അവരുടെ കഥയാണു പറയപ്പതി. ഇപ്പോഴും അവർക്കു പ്രതീക്ഷയൊന്നും ഇല്ല. കഥയിൽ പറയുന്ന അവരുടെ ആചാരങ്ങൾ അവരുടെ സ്വത്വത്തിന്റെ ഭാഗമാണ്. അപരിഷ്കൃതമെന്ന്  സമൂഹം പറഞ്ഞാലും അവർക്കത് അവരുടെ ജീവിതമാണ്‌. ജലത്തിലല്ലാതെ മത്സ്യത്തിന് വേറെവിടെയാണു വാഴ്‌വ്. അതുപോലെയാണ് അവർക്കാ അപരിഷ്കൃതത്വം. ആരെത്ര അപഹസിച്ചാലും. ചിനുവെ ആച്ചെബിയെ പോലെ ആഫ്രിക്കയിൽ നിന്നുള്ള ഒരാളാണ് ജീൻ ബാപ്റ്റിസ്റ്റെ ടാട്ടി. ഒരു കവിതയിൽ ടാട്ടി എഴുതുന്നു: 

‘‘നട്ടുച്ച ഒരായിരം സ്വപ്‌നങ്ങൾ കരിച്ചു കളയുന്നു.

തലയ്ക്ക് മുകളിൽ സൂര്യൻ വ്യക്തമായി സംസാരിക്കുന്നു.

നാട്ടിൻപുറത്ത് സ്വാതന്ത്ര്യത്തിന്റെ പെരുമ്പറ അടിച്ചുതകർക്കുന്നു.

എങ്കിലും ഇപ്പോഴും, മുൾച്ചെടികൾ പരിഭ്രമിച്ചു നിൽക്കുന്ന

പാതവക്കുകളിൽ നഗ്നപാദരായി നൃത്തം തുടരുന്ന 

മനുഷ്യരെ മറക്കാതിരിക്കുക..’’ 

മനുഷ്യരെ മറക്കാതിരിക്കാനും സ്നേഹമറിയിക്കാനുമുള്ള ഉപാധിയായി മാറുന്നു ചിലപ്പോഴെങ്കിലും  എഴുത്ത്.

പറയ ഭാഷയും (പാളുവ ഭാഷ) ആ ഭാഷയിലെ ചില പാട്ടുകളും എഴുത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സംസ്കൃതവൽക്കരണം മലയാള ഭാഷയെ കീഴടക്കുന്നു എന്നു പലരും പറയുമ്പോൾ തന്നെ അതിമലയാളവൽക്കരണം ദേശഭാഷകളെ, ഗോത്രഭാഷകളെയൊക്കെ ഇല്ലായ്മ ചെയ്യുന്നു എന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. തന്റെ ഒരു കഥയിലൂടെയെങ്കിലും അതിനെതിരായ ഒരു പ്രതിരോധമുയർത്താൻ മനോജ് ശ്രമിക്കുന്നുണ്ട്. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന പുതിയ സിനിമയിൽ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ എസ്. മൃദുലാദേവി ആ ഭാഷയിൽ എഴുതിയ ഒരു പാട്ടുണ്ട്. ചെറുതെങ്കിലും തിരിച്ചെടുപ്പുകൾ സംഭവിക്കുന്നുണ്ടെന്നു കരുതാമോ?

BooK-puthuvakku01

നാട്ടുഭാഷകളും നാട്ടുവഴക്കങ്ങളും ഓരോ നാടിന്റെ സംസ്കൃതിയുമായി ചേർന്നുകിടക്കുന്നതാണല്ലോ. ദേശഭാഷ, ഗോത്രഭാഷ എന്നിവയിലെല്ലാം അത്രമാത്രം അധികഭംഗികൾ ഉണ്ട്. എന്നാൽ,  അതിമലയാളവൽക്കരണം ഈ ഭാഷകളെയെല്ലാം  ഇല്ലായ്മ ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. നാട്ടുഭാഷ  നാട്ടുനന്മയാണ്. പറയരുടെ ഭാഷ അവരുടെ പ്രത്യേകസംസ്കാരവുമായി ചേർന്നു നിൽക്കുന്നു. അത് ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പ്രതിരോധം കൂടിയായിരുന്നു. പ്രതിരോധം ശക്തമാക്കേണ്ട ആസുരമായ ഈ കാലത്ത് പക്ഷേ, ഇപ്പോൾ ആ ഭാഷ അറിയാവുന്നവർ കുറച്ചേയുള്ളൂ. കഥയ്ക്കു വേണ്ടി  അന്വേഷിച്ചപ്പോൾ ഞാൻ ശരിക്കും  ബുദ്ധിമുട്ടി. ലിപികളില്ലാത്തതിനാൽ പറയഭാഷ എഴുത്തിലും ഇല്ല.  മുടക്കാരിൻ എഴുതിയ തീണ്ടാപ്പാട്, ഡി.രാജൻ എഴുതിയ മുക്കണി എന്നീ കൃതികളിൽ ഈ ഭാഷയുണ്ട്.  തീണ്ടാപ്പാട് എനിക്ക് കിട്ടി. രണ്ടാമത്തെ പുസ്തകം കിട്ടിയിട്ടില്ല.  ഇതെല്ലാം തിരിച്ചു പിടിക്കാൻ ബദ്ധശ്രദ്ധരായ ഊർജസ്വലരായ ചെറുപ്പക്കാർ ഇന്നു നമുക്കിടയിലുണ്ട്. അവരതു ചെയ്യും. എസ്. മൃദുലാദേവിയുടെ ശ്രമങ്ങൾ അഭിമാനകരമാണ്. ചില മരങ്ങളില്ലേ, വെട്ടി തീയിട്ടാലും ഒരു മഴയേറ്റാൽ  വീണ്ടും പൊടിച്ചുവരുന്നവ. ഈ നാട്ടുഭാഷകളും അങ്ങനെയാണ്. ഒരു മഴയുടെ താമസമേയുള്ളൂ, കാടായി മാറും. കാരണം അവ നിൽക്കുന്നതു മണ്ണിലാണ്. 

ഉൽസവപ്പറമ്പുകളിൽ പുസ്തകങ്ങളുമായി വരുമായിരുന്ന ഒരു അഗസ്റ്റിൻ ചേട്ടന്റെ മിഴിവാർന്ന ചിത്രണമുണ്ട് ‘പുസ്തകങ്ങളുടെ അച്ഛനി’ൽ. അത്തരമൊരാളിൽ നിന്നു പ്രതീക്ഷിക്കാത്ത തരത്തിൽ ദസ്തയേവസ്‌കിയുടെ പുസ്തകമെടുത്തു നൽകി ഞെട്ടിക്കുന്നുമുണ്ട് അദ്ദേഹം. ട്രെയിനുകളിൽ, ബസുകളിൽ, തെരുവുകളിലൊക്കെ ഇത്തരം പുസ്തകസഞ്ചാരികളുണ്ടെങ്കിലും അതൊരു വംശനാശഭീഷണി നേരിടുന്ന ഇനമാണ്. പുസ്തകങ്ങളുടെ, വായനയുടെ ലോകത്ത് ഞെട്ടിച്ച ഇത്തരം അപൂർവ അനുഭവങ്ങളെപ്പറ്റി പറയാമോ?

ദസ്തയേവസ്‌കി ആരെന്നറിയാത്ത കാലത്താണ് poor folk എന്റെ കയ്യിൽ കിട്ടുന്നത്. വളയൻചിറങ്ങര വിമ്മല ക്ഷേത്രത്തിലെ ഉത്സവത്തിന് പുസ്തകം വിൽക്കാൻ വരാറുണ്ടായിരുന്ന അഗസ്റ്റിൻ ചേട്ടനാണ് ആ പുസ്തകം സമ്മാനിച്ചത്. പിന്നെയും വർഷം കുറെ കഴിഞ്ഞാണ് ആ നോവൽ മനസിരുത്തി വായിക്കുന്നത്. ആ നോവലിന്റെ വായന എന്നെ തളർത്തിക്കളഞ്ഞു. ദസ്തയേവസ്‌കി എന്ന എഴുത്തുകാരനെയും അദ്ദേഹം അവതരിപ്പിക്കുന്ന മനുഷ്യരുടെ മനോഘടനയെയും പൂർണമായി ഉൾക്കൊള്ളാൻ നിസ്സാരനായ ഞാൻ വളരെ യത്നിക്കണമെന്നും തിരിച്ചറിഞ്ഞു. അഗസ്റ്റിൻ ചേട്ടന് നന്ദി. 

കൊൽക്കത്തയിലേക്കുള്ള  ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഭിക്ഷക്കാരനായ ഒരാൾ സമ്മാനിച്ച പുസ്തകമാണ് ബെൻ ഓക്രിയുടെ ‘ദ് ഫാമിഷ്ഡ് റോഡ്‌’. വലിയ പുസ്തകമാണ്. അദ്ദേഹത്തിനത് ട്രെയിനിൽ ആരോ വായിച്ചു മറന്നുവച്ചു കിട്ടിയതാണ്. ഞാൻ വിലയായി 500 രൂപ നൽകി. എന്നാൽ അദ്ദേഹം സ്വീകരിച്ചില്ല. 50 രൂപ  മാത്രം വാങ്ങി  അദ്ദേഹം പറഞ്ഞു: ‘it's enough’. ആവശ്യത്തിൽ കൂടുതൽ പണം എന്നെ ചീത്തയാക്കും എന്ന ചിരിയോടെ അയാൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിപ്പോയി. 

BooK-puthuvakku05

അന്തരിച്ച കവി ലൂയിസ് പീറ്ററുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഓർമ. ലൂയിസേട്ടൻ ഇടയ്ക്കിടെ എന്നെ കാണാൻ വരുമായിരുന്നു. ഒരു വെളുപ്പാൻകാലത്ത്‌ അദ്ദേഹം എന്റെ വാതിലിൽ മുട്ടുന്നത് മാർക്കേസിന്റെ strange pilgrims എന്ന പുസ്തകവുമായിട്ടാണ്. ഞാൻ ഏറെ അന്വേഷിച്ചു നടന്ന പുസ്തകമാണ്. പുസ്തകം കാണിക്കാതെ ലൂയിസേട്ടൻ പറഞ്ഞു. ഈ പുസ്തകത്തിന്റെ വില ആയിരം രൂപയാണ്. വേണോ? ഞാൻ കൈ നീട്ടി. ആദ്യം പണം എന്നായി ലൂയിസേട്ടൻ. ഞാൻ ആയിരം കൊടുത്തു. പുസ്തകം വാങ്ങിനോക്കിയപ്പോൾ വില വെറും 250. ഞാൻ തർക്കിച്ചപ്പോൾ അദ്ദേഹം ചിരിച്ചൊഴിഞ്ഞു: ‘മാർക്കേസിന് വില പറയാതെടാ ദുഷ്ടാ...’ മാർക്കേസിനോളം തന്നെ എനിക്ക് ഇഷ്ടമാണു ലൂയിസ് പീറ്റർ എന്ന കവിയെയും. 

‘കാക്കേനെക്കുറിച്ചു കവിതയെഴുതിയാൽ ആരേലും മൈൻഡ് ചെയ്യുമോടാ. അതിനു സൂര്യകാന്തീനെപ്പറ്റിയൊക്കെ എഴുതണം’ എന്നു പറയുന്ന കഥയിലെ കരുണേട്ടൻ കൃത്യമായ ഒരു പ്രതീകമാണ്. പ്രകടമായിട്ടല്ലെങ്കിലും സൂക്ഷ്മതലത്തിൽ സാഹിത്യത്തിലും ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണോ മനോജ് കരുതുന്നത്? നിറവും പേരും പദവിയുമൊക്കെ അവിടെയൊരു അദൃശ്യമായ വര വരയ്ക്കുന്നുണ്ടോ?

‘തൃശ്ശൂർ: കാക്കകൾ  ചേക്കേറുന്നൊരിടം’ എന്ന കഥയിലാണ് മേൽപ്പറഞ്ഞ ഉദ്ധരണി. സമൂഹത്തിൽ ഉള്ളതേ എഴുത്തിലും വരൂ. ചില താൽപര്യങ്ങളും അഭിരുചികളും ചില പ്രത്യേക പരിഗണനകൾക്ക് പിന്നിൽ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. എന്നാൽ, ഈ സവിശേഷ പരിഗണനകളും അദൃശ്യമായ പരിധികളും കാലം റദ്ദു ചെയ്യും. നല്ല പുസ്തകങ്ങൾ വായനക്കാർ അന്വേഷിച്ചു കണ്ടെത്തും. ഒരു വായനക്കാരന് അറിയാം, അവന്റെ എഴുത്തുകാരൻ ആരാണെന്ന്. സി.അയ്യപ്പൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ കഥകൾ വേണ്ടവിധം വായിക്കപ്പെട്ടതായി തോന്നിയിട്ടില്ല. എന്നാൽ, ഇന്ന് അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ ആളുകൾ ആ പുസ്തകങ്ങൾ തിരഞ്ഞുനടക്കുന്നു. അന്ന് ആഘോഷിക്കപ്പെട്ട പലരും ഇന്നു വിസ്മൃതരായി തീർന്നു. കാലം ഇങ്ങനെയാണു പകരം വീട്ടുന്നത്. 

പഴനിയിലെ ഒരു മുഷിഞ്ഞ ലോഡ്ജിലെ അഴുക്കുപിടിച്ച മെത്തയുടെ അടിയിൽ സിനിമാ മാസികകൾക്കിടയിൽ നിന്ന് മാർക്കേസിന്റെ ‘എഴുത്തുകാരന്റെ അടുക്കള’ കണ്ടുകിട്ടുന്നതുപോലെയുള്ള വിചിത്രമായ ഒരുപാട് അനുഭവങ്ങൾ ‘പായ’യിൽ മനോജ് വിവരിക്കുന്നുണ്ട്. എല്ലാ ഓർമകളും പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നവ. പുസ്തകങ്ങൾ ഓർമകളെ തേടി വരുന്നതാണോ അതോ ഓർമകൾ പുസ്തകങ്ങളെ തേടി പോകുന്നതാണോ?

‘പായ’ ഞാൻ പോലും അറിയാതെ സംഭവിച്ച ഒരു പുസ്തകമാണ്. ലോക്ഡൗൺ കാലത്ത്  സുഹൃത്തുക്കൾ ഫെയ്സ്ബുക്കിൽ ഒരു ബുക്ക് ചാലഞ്ച് ആരംഭിച്ചിരുന്നു. ഒരാഴ്ചക്കാലം ഇഷ്ടമുള്ള പുസ്തകങ്ങളുടെ കവർ പോസ്റ്റ്‌ ചെയ്യുക എന്നതായിരുന്നു ചാലഞ്ച്. അതിൻപ്രകാരം ഞാനും ചില കവറുകൾ പോസ്റ്റ്‌ ചെയ്യാൻ നിയോഗിക്കപ്പെട്ടു. എന്നാൽ, അലമാരയിൽ ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞ ഞാൻ ഒരു നിമിഷം അന്ധാളിച്ചു. കാരണം, ചില പുസ്തകങ്ങൾക്ക് എന്നോട് പങ്കുവയ്ക്കാൻ ചില ഓർമകൾ ഒപ്പമുണ്ടായിരുന്നു. ആ ഓർമകൾ കൂടി കവർ പോസ്റ്റ്‌ ചെയ്യുന്നതിനൊപ്പം ചേർത്തു. എഴുതിയെഴുതിപ്പോകെ അവയ്ക്കെല്ലാം കഥയുടെ ക്രാഫ്റ്റും കൈവന്നു. വായിക്കാൻ കുറച്ചു കൂട്ടുകാരെയും കിട്ടി. അങ്ങനെ ഒരാഴ്ച എന്നത്, ചാലഞ്ച് തീർന്ന ശേഷം പിന്നെയും നീണ്ടു. അങ്ങനെ എഴുതിയ കുറിപ്പുകളാണു പായയിൽ ഉള്ളത്. ആ കുറിപ്പുകളിൽ ഞാൻ അടയാളപ്പെടുത്തിയ മനുഷ്യരും അവരുടെ ജീവിതവും എനിക്കു നൽകിയ വിസ്മയം ചെറുതല്ല. പുസ്തകകങ്ങൾക്കിടയിലൂടെ, ഓർമകൾക്കിടയിലൂടെ അവരെന്നെ വീണ്ടും വീണ്ടും തൊടുന്നു. ഒരുപക്ഷേ, പായ വായിക്കാൻ എടുക്കുന്നവരെയും. 

‘മാത്യു മറ്റത്തെ വായിച്ച് അവസാനിച്ച കുട്ടിക്കാലം’ എന്നു മനോജ് എഴുതുമ്പോൾ അതൊരു നിശിതമായ നിരീക്ഷണമാണ്. എൺപതുകളിലും തൊണ്ണൂറികളിലും കുട്ടിക്കാലം അവസാനിച്ചവരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന എഴുത്ത്. ഇന്റർനെറ്റിനും മൊബൈലിനും മുന്നേ നിഷ്കളങ്കതയുടെ നഷ്ടം അങ്ങനെയൊക്കെയായിരുന്നല്ലോ. സ്കൂളിലെ ബഞ്ചിനടിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാരികകളൊക്കെ ഇപ്പോഴും പൂപ്പലെടുക്കാതെ മനസ്സിലുണ്ട്. ഓർമ മനോജിന്റെ എഴുത്തിലെ ഒരു മുഖ്യമായ ഘടകമാണ്. ഓർമകളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടയാൾ എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടോ?

നിഷ്കളങ്കത കൈമോശം വന്ന ഓർമയാണ്, എനിക്കെങ്കിലും. കോട്ടയത്ത് ജോലി ചെയ്യുന്ന കാലത്താണ് മാത്യു മറ്റം എന്ന ജനപ്രിയ എഴുത്തുകാരനെ കാണുന്നത്. എന്നാൽ, അതിനും മുൻപേ, അദ്ദേഹത്തെ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നോവലുകളിൽ വിടരുന്ന തരളിതലോകം തൊണ്ണൂറുകളിലെ കൗമാരക്കാരന്റെ കൗതുകമായിരുന്നു. ആ കൗതുകം അദ്ദേഹത്തെ പരിചയപ്പെട്ടപ്പോഴും അവസാനിച്ചില്ല. കാരണം, എന്റെ വായനകൾ അദ്ദേഹം നോവലുകളിൽ അവതരിപ്പിച്ച കാലദേശങ്ങൾ മറികടന്നുകഴിഞ്ഞിരുന്നു. എങ്കിലും, ഒരു തലമുറയെ വായനയിലേക്ക് ക്ഷണിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹവും ഉണ്ടായിരുന്നല്ലോ. അതിനെ മാനിക്കണ്ടേ. പിന്നെ, ഓർമകൾ. ഓർമകളുടെ എഴുത്ത്. ‘I have a good memory. But I would be interested in memory even if I had a bad memory, because I believe that memory is our soul. If we lose our memory completely, we are without a soul.’ എന്ന് ഉമ്പർട്ടോ എക്കോയെ ഉദ്ധരിച്ചു ഞാൻ തൽക്കാലം രക്ഷപ്പെടുന്നു. 

BooK-puthuvakku03

കുടുംബം?

അച്ഛൻ കെ.ജി.കൃഷ്ണൻകുട്ടി. അമ്മ വത്സല. ഇരുവരും കൃഷിപ്പണികൾ ചെയ്തു ജീവിച്ചു. അച്ഛൻ ഇന്നില്ല. അമ്മ കൂടെയുണ്ട്. ഭാര്യ അമ്പിളി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥയാണ്. മകൾ താമര വളയൻചിറങ്ങര ഗവ.എൽ.പി.സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. 

മലയാളത്തിൽ ഏറ്റവും അവസാനം വായിച്ചതിൽ ഏറ്റവും ഇഷ്ടമായ കഥയേത്? എന്തുകൊണ്ട്?

ഷബിത പച്ചക്കുതിര മാസികയിൽ എഴുതിയ ‘മന്ദാക്രാന്ത മഭനതതഗം..’ എന്ന കഥയാണ് അവസാനം വായിച്ച  ഇഷ്ടകഥ. ഡിജിറ്റൽ വിപ്ലവാനന്തരം നമ്മുടെ വിരൽത്തുമ്പിൽ വിടരുന്ന തീർത്തും മായികമായ ജീവിതവും ജീർണതയും അതിന്റെ അവാസ്തവികതയും സ്ത്രീലോകവും വിപണിയും അങ്ങനെയങ്ങനെ അനേകം അടരുകളുള്ള ഒരു കഥയായിരുന്നു ഷബിത കുപ്പിച്ചില്ല് പോലുള്ള തന്റെ ഭാഷയിൽ എഴുതിയത്. 

മുഖ്യധാരയിൽ നിന്നകന്ന് ഒരു സമാന്തര എഴുത്തുജീവിതമുള്ള ഒരുപാടു പേർ മലയാളത്തിലുണ്ട്. അവരാരും ഒരുപാടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരോ സ്ഥിരം ആനുകാലികങ്ങളിൽ എഴുതുന്നവരോ ആവണമെന്നില്ല. അത്തരക്കാരെ ശ്രദ്ധിക്കാറുണ്ടോ? അവരെക്കുറിച്ചു പറയാമോ?

സാഹിത്യം എന്നാൽ സമ്മേളനങ്ങളും കഥാ-കവിത അരങ്ങുകളും പെട്ടിപ്പാട്ടും പുരസ്കാരങ്ങളും എന്ന് ധരിച്ചുവശായ ആളുകളാണ് അധികവും. സാഹിത്യച്ചന്തയിലെ ഏറ്റവും മികച്ച ഉൽപ്പന്നം ഞാൻ.. ഞാൻ എന്ന് അവർ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. അവരെ എല്ലാവരും ശ്രദ്ധിക്കും. വാങ്ങി വായിക്കും. നല്ലത്. പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതു പ്രസാധകർക്കും എഴുത്തുകാർക്കും നല്ലതാണല്ലോ. ഉൽപ്പന്നം നിർമിക്കുന്നതു വിറ്റുപോകാനാണല്ലോ. എന്നാൽ, എഴുത്തും വായനയും ഒരു ധ്യാനം പോലെ കരുതുന്നവരും ഉണ്ട്. അവരെ ആരും അറിയില്ല. അവർ മാഞ്ഞുപോയ ശേഷം അവർ അവശേഷിപ്പിച്ച അടയാളങ്ങൾ തേടി ചിലർ തീർച്ചയായും വരും. അവരുടെ മൗനം അത്രമേൽ ആഴത്തിലുള്ളതാണ്. മുഖ്യധാരയിൽ മുഖം കാണിക്കാൻ വ്യഗ്രതപ്പെടാതെ, സമാന്തര എഴുത്തുജീവിതമുള്ള ധാരാളം പേർ നമ്മുടെ ഭാഷയിലും ഉണ്ട്. മലയാളത്തിൽ എഴുതുന്നവരിൽ, വിനോദ് കൃഷ്ണയെ എനിക്ക് ഇഷ്ടമാണ്.  അദ്ദേഹത്തിന്റെ കണ്ണ്സൂത്രം, ഉറുമ്പ്‌ദേശം എന്നീ കഥാപുസ്തകങ്ങൾ നാളേക്കുള്ള രാഷ്ട്രീയവായന ആവശ്യപ്പെടുന്നു. മുഖ്യധാരയിൽ കാണുന്നതിൽ നിന്നു വ്യതിരിക്തമായ, വിപ്ലവകരമായ, ശക്തമായ എഴുത്തുകൾ ഇന്ന് സോഷ്യൽമീഡിയയിൽ ഉണ്ടല്ലോ. മുഖ്യധാര എന്ന വാക്ക് മാറ്റിപ്പറയേണ്ടിയിരിക്കുന്നു. ‘ഞാൻ..ഞാൻ... എന്നഹങ്കരിച്ച ആ രാജാക്കന്മാരും മറ്റും എവിടെ..?’ എന്ന ബഷീർ ചോദ്യം ചക്രവാളത്തിൽ നിന്നുയരുന്നത്, ഒന്നു കാതോർത്താൽ ആർക്കും കേൾക്കാം. 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Manoj Vengola

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;