ADVERTISEMENT

കഥയും കവിതയും ഒരേ പോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അബ്‌ദുൽ പുന്നയൂർക്കുളം. മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം എഴുതുന്നു. പുന്നയൂർക്കുളത്തെയും ഡിട്രോയിറ്റിലെയും ജീവിതങ്ങൾ സമന്വയിപ്പിക്കുന്നതിലൂടെ വായനക്കാരുടെ സ്‌മൃതിപഥത്തിൽ തങ്ങി നിൽക്കുന്ന ഭാവനാ സാന്ദ്രമായ കഥകളും  കവിതകളും  ആ തൂലികയിലൂടെ വെളിച്ചം കാണുന്നു. അധികം ഇതളുകളില്ലാത്ത മനോഹരമായ  ഒരു ചെറുപുഷ്പമാണ് കവിതയെങ്കിൽ, നിറയെ ഇതളുകളാണ് ആ കഥാ പൂക്കൾക്ക്. രണ്ടും സൗരഭ്യത്തിൽ ഒന്നിനൊന്നു മെച്ചം. എളേപ്പയും, മീൻകാരൻ ബാപ്പയും, സ്നേഹസൂചിയും, കാച്ചിങ് ദി ഡ്രീമും എല്ലാം  വായാനക്കാരന്റെ മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നതും ഈ നിറ സൗരഭം കൊണ്ടാണ്.   

അബ്‌ദുൽ പുന്നയൂർക്കുളം, സാഹിത്യ സപര്യ  തുടങ്ങിയിട്ട് ഏതാണ്ട് നാൽപത് വർഷത്തോളമായി. കൊല്ലത്തു നിന്ന് പ്രസിദ്ധികരിക്കുന്ന കേരളശബ്ദത്തിലും, ജനയുഗത്തിലും 1980 മുതൽ എഴുതിയിരുന്നു. അന്നൊക്കെ കൂടുതലും എഴുതിയിരുന്നത് സഞ്ചാര സാഹിത്യമാണ്‌ . 1981 അമേരിക്കയിലേക്കു കൂടിയേറിയതിനു ശേഷവും എഴുത്തു മുടക്കിയിരുന്നില്ല. ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രമാണ് സജീവമായ എഴുത്തിലേക്ക് വീണ്ടും കൊണ്ട് വന്നത് –  ‘മലയാളം പത്രം നിന്ന് പോയത് എനിക്ക് വലിയ ഒരു നഷ്ടമായി തോന്നുന്നു. എനിക്ക് മാത്രമല്ല എഴുത്തും വായനയും ഇഷ്ടപ്പെടുന്ന അമേരിക്കൻ മലയാളികൾക്കും.’

malayala-sahithyam-americayil-series-by-abdul-punnayurkulam-profile
അബ്‌ദുൽ പുന്നയൂർക്കുളം

അമേരിക്കയിലെ ഓൺലൈൻ പത്രങ്ങളിലാണിപ്പോൾ എഴുത്ത്. കോളജിലെ  ക്രിയേറ്റിവ് റൈറ്റിങ് ക്ലാസ്സിലെ കവിതാ മത്സരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘അമേരിക്കാ യൂ ആർ എ റോസ്’ എന്ന കവിതാ സമാഹാരം രചിച്ചതെന്ന് അദ്ദേഹം പറയുന്നു. സ്നേഹസൂചി  (കവിത സമാഹാരം) എളേപ്പ  (ചെറുകഥ സമാഹാരം) ,  കാച്ചിങ് ദി ഡ്രീം (ഇംഗ്ലിഷ് ചെറുകഥാ സമാഹാരം) ഇവയെല്ലാമാണ് അബ്‌ദുൽ പുന്നയുർക്കുളത്തിന്റെ സാഹിത്യ സൃഷ്ടികൾ. ഇത് കൂടാതെ നിരവധി  കവിതകളും, കഥകളും ലേഖനങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന മിക്ക സംഘടനകളുടെയും അംഗീകാരങ്ങളും പുരസ്കാരങ്ങളും  ഇതിനകം ലഭിച്ചു കഴിഞ്ഞു. ഫൊക്കാന, ഫോമാ,  ലാന, ഇമലയാളി, വിചാരവേദി, മാം, മിലൻ, അക്ഷര ഇവയുടെയെല്ലാം പുരസ്കാരങ്ങൾ  അതിൽ  ചിലതു മാത്രം. കൂടാതെ കേരള പാണിനി അവാർഡും ലഭിച്ചു. 1999ൽ ന്യൂയോർക്കിൽ നടത്തിയ ലാനാ മീറ്റിങ്ങിലൂടെയാണ്  മലയാളസാഹിത്യത്തെ പരിപോഷിപ്പിക്കുന്നവരുടെ കൂട്ടായ്മയിലേക്ക് സജീവമായി കടന്നു വരുന്നത്. പിന്നീട്  കുറച്ചു കാലം  ലാനയുടെ  റീജണൽ വൈസ് പ്രസിഡന്റ് ആയിരുന്നു.

malayala-sahithyam-americayil-series-by-abdul-punnayurkulam-family
അബ്‌ദുൽ പുന്നയൂർക്കുളവും ഭാര്യ റഹ്മത്തും

അന്നത്തെ ലാന പ്രസിഡന്റ് കവി ജോസഫ് നമ്പിമഠത്തിന്റെ നിർദേശപ്രകാരം അബ്‌ദുൽ, ഡോ: സുരേദ്രൻ നായർ, തോമസ് കർത്തനാൾ, മാത്യു ചെരുവിൽ ഇവരുടെയല്ലാം സഹകരണത്തോടെയാണ്   മിലൻ (മിഷിഗൺ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) എന്ന സാഹിത്യ സംഘടനയ്ക്കു രൂപം കൊടുത്ത്. ആയിടയ്ക്ക് അമേരിക്ക സന്ദർശിച്ച പ്രസിദ്ധ സാഹിത്യകാരൻമാരായ വേളൂർ കൃഷ്‌ണൻ കുട്ടിയും സുകുമാറും, ചെമ്മനം ചാക്കോയും  ആയിരുന്നു മിലന്റെ ഉദ്ഘാടനം നിർവഹിച്ചത്. മിലൻ തുടങ്ങിയത് വലിയ ചാരിതാർഥ്യം നൽകിയിരുന്നതായി അദ്ദേഹം അനുസ്മരിക്കുന്നു.  

malayala-sahithyam-americayil-series-by-abdul-punnayurkulam-book-release-function

അബ്‌ദുൽ പുന്നയൂർക്കുളത്തിനെക്കുറിച്ചു  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി തന്റെ ചില കുറിപ്പുകളിൽ എഴുതിക്കണ്ടിട്ടുണ്ട്.  എങ്ങിനെയായിരുന്നു മാധവിക്കുട്ടിയുമായുള്ള പരിചയം?

മാധവിക്കുട്ടിയുടെ നാലപ്പാട് തറവാട് ഞങ്ങളുടെ വീടിനടുത്തുനിന്ന് മൂന്നു ഫർലോങ് ദൂരമേയുള്ളൂ. നാലപ്പാട് തറവാടുമായി എന്റെ ബാപ്പയ്ക്ക് അടുപ്പമുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ അമ്മ  ബാലാമണിയമ്മയുടെ സഹോദരി അമ്മിണി അമ്മയുടെ ഭർത്താവ് കെ.ജി. കരുണാകരമേനോനു (മുൻ എം.എൽ.എ) മായി ബാപ്പക്ക് സുഹൃത് ബന്ധമുണ്ടായിരുന്നു. ചെറുപ്പത്തിലൊന്നും മാധവിക്കുട്ടിയെ പരിചയപ്പെട്ടിരുന്നില്ല. എന്റെ ആദ്യത്തെ പുസ്തകമായ ‘സ്നേഹസൂചി’എന്ന കവിതാ സമാഹാരത്തിനു അവതാരിക എഴുതിക്കുന്നതിനു വേണ്ടി  തിരുവനന്തപുരത്ത് അവരുടെ വീട്ടിൽ പോയിരുന്നു.

അന്ന് മുതൽക്കുണ്ടായ സൗഹൃദം അവരുടെ മരണം വരെ കാത്തു സൂക്ഷിച്ചു. സ്നേഹസൂചിയുടെ പുസ്തകപ്രകാശനവും  മാധവിക്കുട്ടിയാണ് നടത്തിയത്. അന്ന് മന്ത്രിയായിരുന്ന എം. കെ. മുനീറാണ് പുസ്തകം ഏറ്റു വാങ്ങിയത്.  എന്റെ  ജീവിതത്തിലെ മറക്കാനാവാത്തയൊരു മുഹൂർത്തമായിരുന്നു അത്.  പിന്നീട്  കടവന്ത്രയുള്ള ഫ്‌ളാറ്റിൽ താമസിച്ചിരുന്നപ്പോഴും അവധിക്കു വരുമ്പോൾ പോയി കാണുമായിരുന്നു.          

തൃശൂർ പുന്നയൂർക്കുളത്തു ജനിച്ചു വളർന്ന അബ്‌ദുൽ ഇരുപത്തിയൊൻപതാം വയസിൽ, 1981 ലാണ് അമേരിക്കയിൽ എത്തുന്നത്. ആദ്യം കലിഫോർണിയ. അവിടെ നിന്ന്  ന്യൂയോർക്കിലും പിന്നീട് മിഷിഗണിലും. ഡിട്രോയിറ്റ് മേരിഗോവ് കാത്തലിക് കോളജിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദവും, പിന്നീട് വെയിൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ളിയുവും നേടി. വർഷങ്ങളോളം മെന്റൽ ഹെൽത്ത്  ക്ലിനിക്കൽ തെറപ്പിസ്റ്റായി ജോലി ചെയ്തശേഷം ക്ലിനിക്കൽ സൈക്കോ തെറപ്പിസ്റ്റായി 2015 ലാണ് റിട്ടയർ ചെയ്തത്.      

malayala-sahithyam-americayil-series-by-abdul-punnayurkulam-book-cover-catching-the-dream

ഇരുപത്തിയഞ്ചു വർഷത്തോളം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്ത ഒരാളാണല്ലോ. പല കഥകളിലും മാനസിക പ്രശ്നങ്ങളുള്ള അമേരിക്കകാരെ കണ്ടുമുട്ടിയിട്ടുണ്ട്. എന്താണ് അമേരിക്കക്കാർക്ക്  ഇത്രയധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമായി അങ്ങേക്ക് തോന്നുന്നത് ?

കെട്ടുറപ്പില്ലാത്ത കുടുബ പശ്ചാത്തലമാണ്‌ പ്രധാന കാരണമായി തോന്നിയിട്ടുള്ളത്. ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. അത് പോലെ തന്നെ മൂല്യങ്ങളും. കുടുംബത്തിലുണ്ടാകുന്ന വിള്ളലുകൾ, മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ, വിവാഹമോചനം, പുനർവിവാഹം, മാതാപിതാക്കളാൽ പങ്കിട്ടെടുക്കപ്പെടുന്ന കുട്ടികളുടെ നിസഹായത  ഇവയെല്ലാം വീടിനു വെളിയിലേക്കു കുട്ടികളെ എത്തിക്കുന്നു. അവിടെ അവരെ കാത്തിരിക്കുന്നത് മയക്കുമരുന്നും, മദ്യവും വേണ്ടാത്ത കൂട്ടുകെട്ടുകളുമാണ്. അമേരിക്കക്കാർ മാനസിക പ്രശ്നങ്ങളെ അംഗീകരിക്കുകയും ചികിത്സ തേടുകയും ചെയ്യുമ്പോൾ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം അത്  നാണക്കെടായി കണ്ടു ഒളിച്ചു വയ്ക്കാനും ചികിൽസകൾക്കു മുൻപോട്ടു വരാതെയുമിരിക്കുന്നു. എന്റെ വരാനിരിക്കുന്ന നോവലിന്റെ ഇതിവൃത്തം ഇതൊക്കെയാണ്. പല കഥകളിലും ഈ വിഷയം പറഞ്ഞിട്ടുണ്ട്

malayala-sahithyam-americayil-series-by-abdul-punnayurkulam-meenkaran-bappa

                      

2001 ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പൊതുവെ  അമേരിക്കയിൽ വിദേശികളോടുള്ള സമീപനത്തിൽ, മാറ്റം വന്നിരുന്നുവല്ലോ! താങ്കൾക്ക് അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ ?

സത്യം പറഞ്ഞാൽ ഇത്ര നാളത്തെ അമേരിക്കൻ ജീവിതത്തിൽ, അമേരിക്കക്കാരുടെ ഇടയിൽ നിന്ന് വിവേചനം അനുഭവപ്പെട്ടിട്ടില്ല. 

പുന്നയൂർക്കുളം പത്തായപ്പറമ്പിൽ മൊയ്തുണ്ണി ഹാജിയും നരിയംപുള്ളി ആയിശുമ്മ ഹാജിയുമാണ് മാതാപിതാക്കൾ. റഹ്മത്താണ് ഭാര്യ. മക്കൾ മൂവരും അമേരിക്കയിൽ. ഡോ. മൻസൂർ, അക്കൗണ്ടന്റായ മൂർഷിത്, ഇളയ ആൾ  മൊയ്ദീൻ (നരവംശ ശാസ്ത്ര വിദ്യാർഥി)   

കഴിഞ്ഞ ഒരു വർഷമായി ഞാനും ഭാര്യയും പുന്നയൂർക്കുളത്തെ കുന്നത്തൂരിലാണ് താമസം. മക്കൾ അമേരിക്കയിലും. ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവലിന്റെ അവസാന മിനുക്കു പണികളിലാണ്. കോവിഡിന്റെ ഭീഷണി ചുറ്റുമൊക്കെയുണ്ടെങ്കിലും കുഴപ്പമില്ലാതെ ഇത്ര നാൾ കഴിഞ്ഞു, വാക്‌സീൻ എടുക്കുവാൻ കാത്തിരിക്കുന്നു.

കഥക്കും കവിതക്കുമിടയിലുള്ള അതിർവരമ്പ് ഒരർഥത്തിൽ ലോലമാണ്. കാവ്യഭാവനയുള്ളയൊരാൾക്കേ കഥയുടെ ലോകത്തിലേക്ക് ഫലപ്രദമായ അന്വേഷണം  നടത്താൻ സാധിക്കൂ – അബ്‌ദുവിന്റെ എളേപ്പയെന്ന കഥാസമാഹാരത്തിന്റെ  ആമുഖ താളുകളിൽ പ്രശസ്ത സാഹിത്യകാരൻ  എം. ടി. വാസുദേവൻനായർ കുറിച്ച വരികളാണിവ. അനേക രാജ്യങ്ങൾ സഞ്ചരിച്ചു ഇരുപത്തിയെട്ടാം  വയസിൽ അമേരിക്കയിലെത്തപ്പെട്ട ചെറുപ്പകാരനിൽനിന്നു അബ്‌ദുൽ പുന്നയുർക്കുളമെന്ന മിതഭാഷിയും സൗമ്യനുമായ മനുഷ്യൻ  ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.  ഒപ്പം ഒരിക്കലും മറന്നിട്ടില്ലാത്ത മലയാളഭാഷയും സാഹിത്യവും കൈവിടാതെ മുറുകെ പിടിച്ചിരിക്കുന്നു.  

അമേരിക്കൻ ജീവിത സാഹചര്യങ്ങളുടെ  അടിയൊഴുക്കുകൾക്കെതിരെ,  നീന്തി ജീവിതം കരുപ്പിടിക്കുമ്പോഴും കവിതയ്ക്കും കഥയ്ക്കും, സാഹിത്യ സംഘടനാ പ്രവർത്തനങ്ങൾക്കുമായി ഈ എഴുത്തുകാരൻ സമയം കണ്ടെത്തിയിരുന്നു. സ്വന്തം നാടിന്റെ കഥ പറയുമ്പോഴും കുടിയേറ്റ നാടിന്റെ നാഡിമിടിപ്പുകളും മനസ്സിൽ തങ്ങുന്ന രീതിയിൽ അദ്ദഹം കഥയിലും കവിതയിലും വരച്ചിടുന്നു. മാനസിക സംഘർഷങ്ങള്‍ ഏറെ നിറഞ്ഞ ചില  കഥാപാത്രങ്ങൾ വായനക്കാർക്ക് വൈകാരികാഘാതം ഉണ്ടാക്കുമ്പോഴും പ്രണയകാമനകൾ നിറയുന്ന കവിതകൾ ചെറുകാറ്റായി വന്നവരെ തണുപ്പിക്കുന്നു.  

ഇന്നിപ്പോൾ ചിരകാല അഭിലാഷം പോലെ തന്നെ,  ജീവിത സായാഹ്നത്തിൽ  പുന്നയൂർക്കുളത്തു വിശ്രമ ജീവിതത്തിനിടയിലും എഴുത്തു തുടർന്ന് കൊണ്ടേയിരിക്കുന്നു. പറയാൻ ഇനിയും കഥകൾ ധാരാളവുമുണ്ട്. കോറിയിടാൻ അനേകം കവിതകളും നോവലുകളും. കാത്തിരിക്കാം ഈ പുന്നയൂർകുളംകാരന്റെ  പുതിയ സർഗ്ഗ  സൃഷ്ടികൾക്കായി.

English Summary : Malayala Sahithyam Americayil - Series by Meenu Elizabeth - Abdul Punnayurkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com