ഇരുൾവഴികളിലെ അപഥസഞ്ചാരം, ഉദ്വേഗത്തിന്റെ കൊടുമുടികയറ്റം

HIGHLIGHTS
  • മലയാളത്തിൽ ഏറ്റവുമധികം ഇനീഷ്യൽ പുൾ ലഭിക്കുന്ന എഴുത്തുകാരിലൊരാളായി ലാജോ
  • ഡഗ്ലസ് സ്റ്റുവർട്ടിന്റെ ഷഗ്ഗി ബെയ്‌ൻ എന്ന നോവൽ മുപ്പതോളം പ്രസാധകരാണ് തിരിച്ചയച്ചത്
literature-channel-puthuvakku-column-indian-writer-lajo-jose-profile-image
ലാജോ ജോസ്
SHARE

തിരസ്കാരങ്ങളുടെ ഒറ്റപ്പെടലിൽ നിന്നു വായനക്കാരുടെ ചേർത്തുപിടിക്കലിലൂടെ തന്റേതായ ഇടം സ്ഥാപിച്ചെടുത്ത യുവ എഴുത്തുകാരനാണു ലാജോ ജോസ്. കുറ്റാന്വേഷണ ജനപ്രിയ നോവൽ രചനയിൽ സമീപകാലം വരെ മലയാളിക്ക് അന്യമായിരുന്നൊരു മികവിന്റെ തലം കൊണ്ടുവന്നു ലാജോ. പിന്നീടൊരുപാടു പ്രതിഭാധനരായ യുവ എഴുത്തുകാർ ആ പാതയിലൂടെ സഞ്ചരിക്കാനെത്തി. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ കുറ്റാന്വേഷണ നോവൽ മാറി. 2015ൽ ബഹുരാഷ്ട്ര കമ്പനിയിലെ വലിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്നു വച്ചു മുഴുവൻ സമയ എഴുത്തുകാരനായി മാറിയ ലാജോ ആറു വർഷത്തിനിപ്പുറം വായനക്കാരും പ്രസാധകരും കാത്തിരിക്കുന്ന എഴുത്തുകാരനായി മാറിയിരിക്കുന്നു. കോഫീഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, റെസ്റ്റ് ഇൻ പീസ് എന്നീ എണ്ണം പറഞ്ഞ നാലു പുസ്തകങ്ങളേ ഇതിനകം ലാജോയുടേതായി പുറത്തുവന്നിട്ടുള്ളൂ. എന്നാൽ, മലയാളത്തിൽ ഏറ്റവുമധികം ഇനീഷ്യൽ പുൾ ലഭിക്കുന്ന എഴുത്തുകാരിലൊരാളായി ലാജോ അറിയപ്പെടുന്നു. എഴുത്തു ജീവിതത്തെക്കുറിച്ചു ലാജോ മനസ്സു തുറക്കുന്നു.  

'I prefer to smile in my darkest hours; just to show life that it messed with the wrong one'. ലാജോ കഴിഞ്ഞ സെപ്റ്റംബറിൽ എഫ്ബിയിൽ കുറിച്ചിട്ട വരികളാണിത്. എഴുത്തുജീവിതത്തിൽ അനുഭവിച്ച struggle മുഴുവൻ ആ വരികളിലുണ്ട്. എത്രമാത്രമായിരുന്നു പ്രതിബന്ധങ്ങൾ? ജയിക്കുമെന്ന പ്രതീക്ഷ എങ്ങനെ നിലനിർത്തി?

തിരക്കഥാകൃത്താകാനായി 2015ൽ ഞാൻ എന്റെ നല്ല ശമ്പളമുണ്ടായിരുന്ന ജോലി രാജിവച്ചതാണ്. തുടക്കക്കാരനെന്ന നിലയിൽ സംവിധായകരുടെയും നടൻമാരുടെയും മറ്റും അപ്പോയിൻ‌മെന്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആരും കാണാൻ കൂട്ടാക്കിയിരുന്നില്ല. ‘എന്റെ ഒരു ബന്ധുവുണ്ട്. അയാൾ ആദ്യം കഥ കേൾക്കട്ടെ. അതു കഴിഞ്ഞു ഭാര്യ കേൾക്കട്ടെ. അവർക്കൊക്കെ ഇഷ്ടമായാൽ ഞാൻ കേൾക്കാം’ എന്നു പറഞ്ഞ ആൾക്കാരുമുണ്ട്. ഇമെയിൽ അയച്ചാൽ മറുപടി ഇല്ല. ഫോൺ വിളിച്ചാൽ കിട്ടില്ല. അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണു സിനിമയ്ക്കു വേണ്ടി എഴുതിയ കഥകളെടുത്തു നോവലാക്കാം എന്ന ചിന്ത വരുന്നത്. പക്ഷേ, നോവലെഴുതാൻ അറിയില്ല. ഒരു സുപ്രഭാതത്തിൽ നോവലിസ്റ്റ് ആകാൻ സാധിക്കില്ലല്ലോ. പലരും എത്രയോ വർഷത്തെ പ്രയത്നത്താലാണു നോവലൊക്കെയെഴുതുന്നത്. മലയാളത്തിൽ കിട്ടാവുന്ന എല്ലാ നോവലുകളും ഞാൻ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങി. തുടർന്ന് എങ്ങനെയോ ഒരു നോവലെഴുതാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. അങ്ങനെ എഴുതിയതാണു ‘കോഫീഹൗസ്’ എന്ന നോവൽ. നോവലെഴുതിക്കഴിഞ്ഞപ്പോൾ ഈ നോവൽ കൊള്ളാമോ, പ്രസിദ്ധീകരണയോഗ്യമാണോ തുടങ്ങിയ സംശയങ്ങൾ എനിക്കുണ്ടായി. എന്റെ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണു പ്രസാധകർക്ക് അയച്ചുകൊടുക്കാം എന്നു തീരുമാനിക്കുന്നത്. 6 പ്രസാധകർക്ക് കോഫീഹൗസ് ഞാൻ അയച്ചുകൊടുത്തു. അതിൽ 3 പേർ എന്നോട് ഓക്കേ പറഞ്ഞു. അതെന്റെ ആത്മവിശ്വാസം വളർത്തി. വലിയ കുഴപ്പമില്ലാതെ കഥ പറയാൻ അറിയാം എന്നൊരു ആത്മവിശ്വാസം അതിലൂടെ ഉണ്ടായി. പക്ഷേ, വീണ്ടും ഒന്നര വർഷത്തോളം പ്രസിദ്ധീകരണത്തിനായി എനിക്കു കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു പുസ്തകം വിറ്റുപോകുന്നുണ്ടെങ്കിലും ആരുടെയും അഭിപ്രായങ്ങളൊന്നും കാര്യമായി വരുന്നുണ്ടായിരുന്നില്ല. പിന്നീട് ഒരു കട്ട നെഗറ്റീവ് റിവ്യു ആണ് ആദ്യമായി സമൂഹമാധ്യമങ്ങ

ളിൽ വന്നത്. അതു വലിയ വിഷമമുണ്ടാക്കി. ഓരോ നോവലിനും ഓരോ വിഭാഗം വായനക്കാരുണ്ടെന്നു വിശ്വസിക്കുന്നയാളാണു ‍ഞാൻ. അവർക്കു മാത്രമേ അത് ഇഷ്ടമാകൂ. അവർക്കു വെളിയിൽ അത് ഒട്ടും ഇഷ്ടമാകില്ല. എന്റെ വായനക്കാരുടെ അടുത്തേക്ക് നോവൽ എത്തുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ടായി. പതുക്കെ പതുക്കെ പോസിറ്റീവ് റിവ്യു വരാൻ തുടങ്ങി. സാവധാനമാണ് വായനക്കാർ ‘കോഫീഹൗസ്’ ഏറ്റെടുത്തത്. 

∙12 തിരക്കഥകൾ എഴുതി. സംവിധായകരെയോ നടൻമാരെയോ കാണാൻ സാധിക്കാതെ വന്നപ്പോൾ പലതും കത്തിച്ചു കളഞ്ഞു. ആദ്യമെഴുതിയ കഥകൾ ഒന്നും തന്നെ പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആദ്യ നോവൽ 3 പ്രസാധകർ തിരിച്ചയച്ചു. ഒരെഴുത്തുകാരൻ അവസാനിച്ചുപോകാൻ ഇത്രയും സംഭവങ്ങൾ ധാരാളം മതി. ഇത്തവണ ബുക്കർ സമ്മാനം നേടിയ സാഹിത്യകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്റെ ഷഗ്ഗി ബെയ്‌ൻ എന്ന നോവൽ മുപ്പതോളം പ്രസാധകരാണ് തിരിച്ചയച്ചത്. എങ്കിലും അവസാനം വിജയം ഡഗ്ലസിനെയെന്ന പോലെ ലാജോയെ തേടിവരിക തന്നെ ചെയ്തു. ഇപ്പോൾ ലാജോയുടെ പുതിയ പുസ്തകത്തിനായി വായനക്കാരും പ്രസാധകരും ഒരുപോലെ കാത്തുനിൽക്കുന്നു. ആദ്യകാലത്ത് ഈ പണി അവസാനിപ്പിച്ചു കളയാം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? തുടർന്നും എഴുത്തിൽ നിൽക്കാൻ ആരായിരുന്നു ഏറ്റവും വലിയ പ്രചോദനം?

2012 മുതലാണ് തിരക്കഥ എഴുതണം എന്നൊരു ആഗ്രഹം എനിക്കുണ്ടാകുന്നത്. ‌വെറുതെ ജോലി ചെയ്തു ജീവിച്ചു മരിച്ചു പോയാൽ പോര എന്നെനിക്കു തോന്നി. സിനിമയും എഴുത്തുമാണ് എന്റെ മാർഗമെന്നു ഞാൻ കണ്ടെത്തി, ഉറച്ചു വിശ്വസിച്ചു. അതിനായി 2015ൽ ജോലി ഉപേക്ഷിച്ചു. 2017 വരെ രണ്ടു വർഷത്തോളം അലഞ്ഞു നടന്നിട്ടും എങ്ങുനിന്നും അനൂകൂല പരാമർശങ്ങൾ ലഭിച്ചില്ല. ഒരു വാതിലും തുറന്നില്ല. ജീവിതം തന്നെ മടുത്ത ഒരവസ്ഥയുണ്ടായിരുന്നു. നമ്മളെ വിശ്വസിച്ചു കൂടെ നിൽക്കുന്ന, നമ്മുടെ വരുമാനം പ്രതീക്ഷിച്ചു കഴിയുന്ന കുടുംബം വലിയൊരു വിഷമമായിരുന്നു. സ്ഥിരവരുമാനം കിട്ടിക്കൊണ്ടിരുന്ന ഒരാൾക്കു രണ്ടു വർഷമായി ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥ നിങ്ങൾക്കു സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്. വല്ലാത്തൊരവസ്ഥയാണ്. ഈ പണി അവസാനിപ്പിച്ചു കളയാം എന്നു തന്നെയാണ് ആലോചിച്ചത്. മലയാളത്തിൽ പത്തിരുപതു വർഷങ്ങൾക്കു ശേഷമാണു ക്രൈം മേഖലയിലേക്ക് ഒരു പോപ്പുലർ പുസ്തകവുമായി ഞാൻ വരുന്നത്. എനിക്ക് അതിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരുമില്ലായിരുന്നു. പ്രചോദനം നൽകാനായിട്ട് ആരുമില്ലായിരുന്നു. അതെങ്ങനെയോ സംഭവിച്ചു പോയതാണ്. ഞാൻ അതിജീവിച്ചതാണ്. ആരുടെയും പ്രചോദനം അതിനു പുറകിൽ പ്രത്യേകിച്ചു ചൂണ്ടിക്കാട്ടാനില്ല. 

indian-writer-lajo-jose-book-coffee-shop-book-cover

സിനിമ ലാജോയുടെ മനസ്സിൽ എന്നുമുണ്ടായിരുന്നു എന്നു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എട്ടു വയസ്സുള്ളപ്പോൾ കണ്ട സിനിമയുടെ ഓർമയൊക്കെ പറയുന്നയാളാണ്. ആ കുട്ടിക്കാല ഓർമകൾ പങ്കുവയ്ക്കാമോ?

നാലാമത്തെ വയസ്സിൽ കണ്ട സിനിമയൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എട്ടാം വയസ്സിൽ എനിക്ക് സിനിമക്കാരനാകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. നാലാം വയസ്സിൽ കണ്ടതായിട്ട് മനസ്സിലുള്ളത് ‘കൂടെവിടെ’ എന്ന സിനിമയാണ്. ഏറ്റുമാനൂർ അലങ്കാർ തിയറ്ററിലായിരുന്നെന്നാണ് ഓർമ. കോട്ടയം അഭിലാഷിൽ ‘അടിയൊഴുക്കുകൾ’ കണ്ടതും ഓർക്കുന്നുണ്ട്. വീട്ടിലെല്ലാവർക്കും സിനിമ ഇഷ്ടമായിരുന്നു. മമ്മി ഒരു കട്ട മമ്മൂട്ടി ഫാനും പപ്പയുടെ ചേട്ടന്റെ ഭാര്യ ഒരു കട്ട മോഹൻലാൽ ഫാനും ആയിരുന്നു. പപ്പ ഗൾഫിൽ നിന്ന് അവധിക്കു വരുമ്പോൾ ഞങ്ങളുടെ പ്രധാന ആവേശം പാലായിലും ഏറ്റുമാനൂരും കോട്ടയത്തും പോയി സിനിമ കാണുക എന്നതായിരുന്നു. ഒരാഴ്ച ഏതെല്ലാം സിനിമ ഇറങ്ങിയിട്ടുണ്ടോ അതെല്ലാം കാണാനായിട്ടു പപ്പ കൊണ്ടുപോകും. സ്കൂളിലെ കൂട്ടുകാരൊന്നും ആ സമയത്ത് ഒരുപാടു സിനിമകൾ കാണുന്നവരല്ലായിരുന്നു. അതിനാൽ കണ്ട സിനിമകളുടെ വിശേഷം പറയുകയെന്ന ഗമ പറച്ചിൽ എനിക്കു കൂടുതലായിരുന്നു. ‘താളവട്ടം’ കോട്ടയത്തു കണ്ടിട്ട് മോഹൻലാലിനോട് ഇഷ്ടം കയറി ആ സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഷർട്ടിലുണ്ടായിരുന്ന 36 എന്ന നമ്പർ ഒരു വെള്ളക്കടലാസിൽ എഴുതി ഷർട്ടിന്റെ പോക്കറ്റിൽ ഒട്ടിച്ചുവച്ചാണു പിറ്റേദിവസം ഞാൻ സ്കൂളിൽ പോയത്. ടീച്ചർ പിടികൂടി അതു മാറ്റിക്കുകയും ചെയ്തു. മാസികകളിൽ വരുന്ന സിനിമാ പോസ്റ്ററുകളൊക്കെ വെട്ടിയെടുത്ത് ഒരു ബുക്കിൽ ഒട്ടിച്ചുവച്ച് സ്കൂളിൽ കൊണ്ടുപോകുമായിരുന്നു. ഇന്ദ്രജാലവും കിരീടവുമൊക്കെ ഇങ്ങനെ ഒട്ടിച്ചുവച്ചിരുന്നത് ഓർമയിലുണ്ട്. അതൊരുതവണ ടീച്ചർ പിടികൂടുകയും സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി ഒരുപാട് ഉപദേശിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കളും ബന്ധുക്കളും തന്നെയാണ് എന്റെ ഉള്ളിലേക്ക് സിനിമയുടെ ഒരു വിത്തിട്ടത്. ഞാനതു നല്ലവണ്ണം വെള്ളവും വളവുമിട്ടു പരിപോഷിപ്പിച്ചിട്ടുണ്ട്. 

പപ്പയുടെ ലൈബ്രറി ആയിരുന്നല്ലോ ലാജോയുടെ ആദ്യ വായനകളുടെ കേന്ദ്രം. കുട്ടിക്കാലത്തെ വായന എത്രമാത്രം ലാജോയെ സ്വാധീനിച്ചിട്ടുണ്ട്. വീട്ടിലെ ലൈബ്രറി കൂടാതെ മനസ്സിലുള്ള മറ്റ് വായനായിടങ്ങൾ ഏതൊക്കെയാണ്?

പപ്പ ഗൾഫിലെ ജോലിയവസാനിപ്പിച്ചു പോന്നപ്പോൾ വലിയൊരു സമ്പാദ്യമായി കൂടെയുണ്ടായിരുന്നതു പുസ്തകങ്ങളായിരുന്നു. ഞങ്ങളുടെ സ്വീകരണമുറിയിൽ തന്നെ നല്ലൊരു ലൈബ്രറി സെറ്റ് ചെയ്തിരുന്നു. ചെറുപ്പത്തിൽ ഗോഡ്ഫാദറും ജയിംസ് ബോണ്ട് കഥകളും ഷെർലക്ഹോംസും വായിക്കുന്നതു പപ്പയുടെ ലൈബ്രറിയിൽ നിന്നായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറിയിൽ പോയിത്തുടങ്ങി. പപ്പയ്ക്ക് അവിടെ അംഗത്വമുണ്ടായിരുന്നു. കോട്ടയം പുഷ്പനാഥ്, ഏറ്റുമാനൂർ ശിവകുമാർ, ബാറ്റൺബോസ് തുടങ്ങിയവരെയൊക്കെ പരിചയപ്പെടുന്നത് അങ്ങനെയാണ്. വായനയിലേക്കു പ്രവേശിക്കുന്ന ഒരാൾ പോപ്പുലർ ഫിക്‌ഷൻ ആയിരിക്കുമല്ലോ ആദ്യം വായിക്കുക. അയൽക്കാരനായിരുന്ന ഷമി എന്നെ വായനയിൽ ഏറെ പ്രചോദിപ്പിച്ച ഒരാളാണ്. പത്മരാജന്റെ തിരക്കഥയൊക്കെ ഷമി എടുത്തുകൊണ്ടു വന്നാണ് ഞാൻ വായിക്കുന്നത്.

ജോലിയില്ലാതെ, എഴുത്തിൽ ഒന്നുമാകാതെ നിൽക്കുന്ന സന്ദർഭത്തിൽ ‘എടാ, നിനക്കു പൈസ വല്ലതും വേണോ, തിരിച്ചു തരേണ്ട’ എന്നു പറഞ്ഞ ചങ്ങാതിമാരായിരുന്നു ലാജോയുടെ ബലം. ശരിക്കും കഷ്ടപ്പെട്ട ആ കാലത്തെപ്പറ്റി, ജോലി കളഞ്ഞതിനെപ്പറ്റി, എഴുത്തിൽ ഒന്നും ശരിയാകാതിരുന്നതിനെപ്പറ്റി, ഒടുവിൽ ആദ്യ നോവൽ വായനക്കാർ ഏറ്റെടുത്തതിനെപ്പറ്റിയൊക്കെ വിശദമാക്കാമോ?

35 വയസ്സായി. ഇനിയെങ്കിലും സ്വപ്നങ്ങൾക്കു പുറകേ പോകാൻ പറ്റിയില്ലെങ്കിൽ എന്നു സാധിക്കും എന്നു കഠിനമായി ആഗ്രഹിച്ചതിന്റെ ഫലമായിട്ടാണു ഞാൻ ജോലി രാജിവയ്ക്കുന്നത്. 70 വയസ്സായി വയ്യാതെ കിടക്കുമ്പോൾ അത് ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ. ആദ്യ രണ്ടു മൂന്നു മാസം വലിയ കുഴപ്പമില്ലായിരുന്നു. കാരണം അത്യാവശ്യം സമ്പാദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എനിക്കു ജോലിയില്ല എന്ന കാര്യം വീട്ടിലെ ചെലവുകൾക്കു മനസ്സിലായിരുന്നില്ല. ആ ചെലവുകൾ അതേപോലെ തന്നെ തുടർന്നു. കൂട്ടുകാർ അങ്ങനെ പറഞ്ഞിരുന്നെങ്കിലും അവരോടു ചോദിക്കാനൊക്കെ മടിയായിരുന്നു. ഭക്ഷണം, വസ്ത്രം തുടങ്ങിയവയൊക്കെ ബാധിക്കാൻ തുടങ്ങി. എല്ലാം ചുരുങ്ങാൻ തുടങ്ങി. ആ സമയത്തു വലിയ കൈത്താങ്ങായതു സുഹൃത്തുക്കളാണ്. അവരെനിക്ക് മാസാമാസം ഒരു ശമ്പളം പോലെ കുറച്ചു പൈസ അയച്ചുതരുമായിരുന്നു. കുറേക്കാലം ആ പൈസ കൊണ്ടൂകൂടിയുമാണു ജീവിതത്തിൽ പിടിച്ചുനിൽക്കാനായത്. അതൊരു വലിയ സന്ദേശമായിരുന്നു. സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിയ സന്ദേശം.

ലാജോ എഴുത്തുകാരനാകാൻ കാരണം പ്രിയ എ.എസിന്റെ ഓർമക്കുറിപ്പുകൾ വായിച്ചതാണെന്ന് ഒരിടത്തു സൂചിപ്പിച്ചിട്ടുണ്ട്. എന്തായിരുന്നു ആ അനുഭവം?

തിരക്കഥയെഴുത്ത് ഒന്നുമാകാതെ വരികയും നോവലെഴുതാൻ തീരുമാനിക്കുകയും ചെയ്ത സമയത്ത് ഞാൻ ഒരുപാടു പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഇതെങ്ങനെയാണ് എഴുതുന്നത് എന്നു മനസ്സിലാകണമല്ലോ. അങ്ങനെ കൈയിൽ വന്നുപെട്ട പുസ്തകമാണ് പ്രിയ എ.എസിന്റെ ഓർമക്കുറിപ്പുകൾ. അതിലെ ഭാഷ എനിക്കു വളരെ ഇഷ്ടപ്പെട്ടു. ലളിതമായ ഭാഷയാണ്. അവരുടെ ജീവിതമാണ് എനിക്കു കൂടുതൽ പ്രചോദനം നൽകിയത്. ‘വാശി പിടിച്ചാൽ കഴിവുകൾ കൂടെപ്പോരും’ എന്നൊരു വാക്യം അതിൽ പറയുന്നുണ്ട്. അതിനുശേഷമാണു ഞാൻ തീരുമാനിച്ചത് എന്നാപ്പിന്നെ ഒന്നു വാശിപിടിച്ചു നോക്കാമെന്ന്. 

കഥാപാത്രങ്ങളുടെ വളരെ സൂക്ഷ്മമായ ഇഷ്ടങ്ങളും വ്യക്തിവിവരങ്ങളും വരെ ലാജോ നോവലുകളിൽ കൃത്യമായി പിന്തുടരുന്നുണ്ട്. ഒരാൾ ഉപയോഗിക്കുന്ന വാച്ച്, ഷൂസ്, പഴ്സ്, പെർഫ്യൂം, കുടിക്കുന്ന കാപ്പി തുടങ്ങിയവയുടെ ബ്രാൻഡ് വരെ നോവലുകളിൽ വളരെ കൃത്യമായി പരാമർശിക്കപ്പെടുന്നു. അതേപോലെ തന്നെയാണു പശ്ചാത്തല, പരിസര വർണനകളും. വായനക്കാരനെ കഥയിലേക്ക് ആകർഷിക്കാൻ ഈയൊരു രീതി സഹായകരമാകുന്നുണ്ടോ? ഇത്തരം വിശദാംശങ്ങൾ നോവലിൽ ഉപയോഗിക്കുമ്പോൾ അവയുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്? 

ഒരു കഥയിൽ ഇത്തരം കാര്യങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന വായനക്കാരനാണു ഞാൻ. അപ്പോൾ സ്വാഭാവികമായും ഞാൻ എഴുതുന്ന കഥകളിലും ഈയൊരിഷ്ടം കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നമ്മൾ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങളും നമ്മുടെ വീടുകളിലെ ഉപകരണങ്ങളുമൊക്കെ നമ്മുടെ ഓരോ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ്. സാമ്പത്തികവും നമ്മുടെ മനോനിലയും അതിലൊരു വലിയ പങ്കു വഹിക്കുന്നുണ്ട്. കഥയുടെ ഭൂമികയിലേക്കു നമ്മൾ കഥാപാത്രങ്ങളെ ഇറക്കിവിടുമ്പോൾ അവർക്കും ഇങ്ങനെയൊരു തിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത്. കഥാപാത്രങ്ങളുടെ ഇഷ്ടങ്ങളാണ് എന്നിലൂടെ കഥയിൽ ആവിഷ്കരിക്കപ്പെടുന്നത്. അവരത് എനിക്കു കാണിച്ചുതരാറുണ്ട്. അങ്ങനെയാണു ഞാനത് എഴുതുന്നത്. വായനക്കാരെ കഥയിലൂടെ വളരെയെളുപ്പം കൂട്ടിക്കൊണ്ടു പോകാൻ ഈയൊരു രീതി സഹായിക്കുമെന്നും തോന്നുന്നു. 

literature-channel-puthuvakku-column-book-cover-ruthinte-lokam

റൂത്തിന്റെ ലോകം എന്ന നോവലിലെ നായിക റൂത്തിനേപ്പോലെ യഥാർഥവും അയഥാർഥവും അനുനിമിഷം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന, മറ്റൊരാളുടെ യാഥാർഥ്യത്തിൽ ജീവിക്കാൻ നിർബന്ധിതയാകേണ്ടിവരുന്ന ഒരു കഥാപാത്ര സൃഷ്ടി ഒട്ടും എളുപ്പമല്ലന്നറിയാം. അതും നോവൽ താഴെ വയ്ക്കാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന കഥപറച്ചിൽ രീതി അവലംബിക്കുമ്പോൾ. റൂത്തിനായി എത്ര മുന്നൊരുക്കങ്ങൾ നടത്തി? എങ്ങനെയാണ് ആ നോവൽ രൂപപ്പെട്ടത്?

ഒരു സ്വപ്നത്തിൽ നിന്നായിരുന്നു തുടക്കം. 2017 ഡിസംബറിൽ ഞാനൊരു സ്വപ്നം കണ്ടു. ഓർമ നഷ്ടപ്പെട്ട ഒരു യുവതി കാട്ടിനുള്ളിലൂടെ ഓടുന്ന ഒരു സ്വപ്നം. അതിൽ നിന്നാണു റൂത്തിന്റെ പിറവി. എന്റെ സ്വപ്നങ്ങളിൽ ഈ വിഷ്വൽസ് തുടർച്ചയായി വരുന്നുണ്ടായിരുന്നു. അതാണ് ഇത്രയും വർഷങ്ങൾക്കു ശേഷവും അത് ഓർത്തിരിക്കാൻ കാരണം. ഇതൊരു കഥയുടെ ത്രെഡ് ആണല്ലോ എന്നു വിചാരിച്ച് ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ ഞാൻ എഴുതാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷേ, ആദ്യമൊന്നും എനിക്ക് ഒന്നും എഴുതാനായില്ല. ഞാൻ വിശദാംശങ്ങൾ മറന്നുപോകുമായിരുന്നു. ആയിടയ്ക്കാണു സംവിധായകൻ വിനീത് ശ്രീനിവാസന്റെ ഒരു അഭിമുഖം ഞാൻ കാണുന്നത്. അതിൽ അദ്ദേഹം യാത്രയ്ക്കിടെ മനസ്സിൽ തോന്നുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വോയ്സ് ക്ലിപ് ആയി ഫോണിൽ റിക്കോർഡ് ചെയ്യുന്ന ശീലത്തെക്കുറിച്ചു പറഞ്ഞിരുന്നു. അതൊന്നു പരീക്ഷിച്ചു നോക്കാമെന്നു ഞാൻ തീരുമാനിച്ചു. അടുത്ത രാത്രി വീണ്ടും ഈ സ്വപ്നം കണ്ട് എഴുന്നേറ്റയുടൻ ഞാൻ ഫോണിന്റെ വോയ്സ് റെക്കോർഡറിൽ ആ അനുഭവം റെക്കോർഡ് ചെയ്തിട്ടു. അതിനേക്കുറിച്ചു പിന്നെ ഞാൻ മറന്നുപോയി. 2018 ഒക്ടോബറിലാണു ഞാൻ വീണ്ടും എഴുതിത്തുടങ്ങിയത്. അന്നു പഴയ വോയ്സ് റിക്കോർഡുകൾ പരിശോധിച്ചപ്പോൾ ‘നോവൽ ഫ്രം ഡ്രീം’ എന്ന പേരിൽ സേവ് ചെയ്തിരുന്ന ഈ ശബ്ദം എനിക്കു ലഭിച്ചു. അങ്ങനെയാണ് ആ നോവൽ ഞാൻ ഡവലപ് ചെയ്യുന്നത്. എന്റെ നാലു നോവലുകളിൽ റൂത്തിന്റെ ലോകമാണ് ഏറ്റവും പെട്ടെന്ന് എഴുതിത്തീർത്തത്. വെറും രണ്ടുമാസമേ എടുത്തുള്ളൂ. റൂത്ത് എന്നെ പിടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നു. ഓരോ സംഭവങ്ങളും വളരെപ്പെട്ടെന്ന് എനിക്കു മുന്നിൽ തെളി‍ഞ്ഞുവന്നുകൊണ്ടിരുന്നു. 

ഹൈഡ്രേഞ്ചിയ എഴുതിയ ശേഷം 11 മാസമെടുത്തു അതിന്റെ ആഘാതത്തിൽ നിന്നു പുറത്തുവരാൻ എന്നു ലാജോ പറഞ്ഞിട്ടുണ്ട്. ഓരോ നോവലുകളും അത്രമേൽ മനസ്സു പിഴിഞ്ഞെടുക്കുന്ന അനുഭവങ്ങളാണോ? Detox ചെയ്യാനായി എന്തു വിദ്യയാണു പ്രയോഗിക്കാറുള്ളത്?

ഹൈഡ്രൈഞ്ചിയ എന്നെ ഭയങ്കരമായി ബാധിച്ച ഒരു നോവലാണ്. പ്രത്യേകിച്ചും അതിനുള്ളിലെ കൊലപാതകിയെക്കുറിച്ചു വിവരിക്കുന്ന ഭാഗങ്ങൾ. നമ്മൾ ഒരു കഥാപാത്രമായിട്ടു രൂപം മാറിയാണ് കഥയിലേക്കു പ്രവേശിക്കുന്നത്. അവരുടെ ചിന്താഗതികൾ നമ്മുടെ ചിന്താഗതികളാകും. അവരുടെ പെരുമാറ്റങ്ങൾ നമ്മുടെ പെരുമാറ്റങ്ങളാകും. നമ്മൾ നായകനാകും, നായികയാകും, മറ്റു കഥാപാത്രങ്ങളാകും. ഇവരുടെ കണ്ണിൽക്കൂടി ഓരോ കാര്യങ്ങൾ കാണുമ്പോൾ അറിയാതെ തന്നെ നമ്മൾ അവരാകുകയാണ്. ഹൈഡ്രേഞ്ചിയയിലെ കൊലപാതകിയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോഴേക്ക് എന്റെ ഉള്ളിലും ഒരു കൊലപാതകി വളരുന്നതു പോലെ എനിക്കു ഫീൽ ചെയ്യാൻ തുടങ്ങി. നോവൽ എഴുതിക്കഴിഞ്ഞിട്ടും ആ കൊലപാതകി എന്നെ വിട്ടു പോകുന്നില്ലായിരുന്നു. എന്റെ ചിന്തകളെല്ലാം ഒരു സീരിയൽ കില്ലറിന്റെ ചിന്തകൾ പോലെ ആയി. മൊത്തം കാര്യങ്ങൾ കൈവിട്ടുപോകുന്ന ഒരവസ്ഥയിലേക്ക് ഞാനെത്തിച്ചേർന്നു. Detox ചെയ്യുന്ന പരിപാടി എനിക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സമ്മർദം അകറ്റാൻ സ്വാഭാവികമായി ആളുകൾ ഏർപ്പെടുന്ന ശീലങ്ങളൊന്നും എനിക്കില്ല. ഡിപ്രഷൻ മോഡിലേക്ക് കാര്യങ്ങൾ പോകുകയാണ് ഇത്തരം സാഹചര്യങ്ങളിൽ പൊതുവെ എന്റെ കാര്യത്തിൽ സംഭവിക്കാറുള്ളത്. പ്രതികൂലമായി എന്തു സംഭവിച്ചാലും എന്റെയുള്ളിൽ ആദ്യം ആക്റ്റിവേറ്റ് ആകുന്ന മോഡ് ഡിപ്രഷൻ മോഡാണ്. അതിനുള്ള മെഡിസിൻ എടുത്തു തന്നെയാണു ഞാൻ detox ചെയ്യാറുള്ളത്. അല്ലാത്തതൊന്നും എനിക്ക് ഏൽക്കാറില്ല. 

indian-writer-lajo-jose-book-hydrangea-book-cover

സ്വപ്നങ്ങൾക്കു പുറകേ പോകണം, കഠിനാധ്വാനം നിങ്ങൾക്കു വേണ്ട പ്രതിഫലം നൽകാതിരിക്കില്ല തുടങ്ങിയ പ്രചോദനാത്മകമായ വാചകങ്ങൾ ലാജോ സംഭാഷണങ്ങളിൽ തുടരെ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. പൗലോ കൊയ്‌ലോയെ ഓർമിപ്പിക്കുന്നു പലപ്പോഴുമിത്. പുസ്തക വിൽപനയിലും വായനക്കാരുടെ എണ്ണത്തിലും മലയാളത്തിലെ ഒരു പൗലോ കൊയ്‌ലോ ആണോ ലാജോയുടെ സ്വപ്നം?

കൂടുതൽ പേർ വായിക്കണം, കൂടുതൽ പേർ ഇഷ്ടപ്പെടണം എന്നാഗ്രഹിച്ചു തന്നെയാണു ഞാൻ എഴുതുന്നത്. എനിക്കു തന്നെ വായിക്കാനല്ല എന്റെ എഴുത്ത്. എന്റെ പുസ്തകങ്ങൾക്ക് അത്യാവശ്യം നല്ല വായനക്കാർ ഉണ്ടാകണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. ഹാരിപോട്ടർ ഒക്കെ ഇറങ്ങിയ സമയത്തു നമ്മൾ വാർത്തകളിൽ കണ്ട ഒരു ദൃശ്യമുണ്ട്. കുട്ടികൾ പുസ്തകം വാങ്ങാനായി പുസ്തകശാലകൾക്കു മുന്നിൽ അതിരാവിലെ ക്യൂ നിൽക്കുന്നത്. അങ്ങനെ ഒരവസ്ഥ മലയാളത്തിൽ സംഭവിക്കണം എന്നാണ് എന്റെ എക്കാലത്തെയും വലിയ ആഗ്രഹം. അതിപ്പോൾ എന്റെ പുസ്തകങ്ങൾക്കു തന്നെ വേണമെന്നില്ല. ആരുടെയെങ്കിലും പുസ്തകങ്ങൾക്കായാൽ മതി. 

മലയാളത്തിൽ അത്രകണ്ടു പരിചയമില്ലാത്ത Cozy Murder Mystery എന്ന Genre ആണ് ലാജോയുടെ അവസാനം പ്രസിദ്ധീകരിച്ച റെസ്റ്റ് ഇൻ പീസ് നോവലിന്റേത്. ആദ്യ നോവലായ കോഫീഹൗസിൽ നിന്നു റെസ്റ്റ് ഇൻ പീസിലെത്തിയപ്പോൾ ലാജോ എന്ന എഴുത്തുകാരൻ എത്രമാത്രം മാറി? എഴുത്ത് എത്രകണ്ടു മാറി?

പോപ്പുലർ ഫിക്‌ഷന്റെ കാര്യത്തിൽ മലയാളം ഇപ്പോഴും ഒരു 50 കൊല്ലം പിറകിലാണെന്നാണ് എന്റെ അഭിപ്രായം. മലയാളികൾക്ക് ക്രൈം ഫിക്‌ഷൻ എന്നു പറഞ്ഞാൽ ഡിറ്റക്ടീവ് ഫിക്‌ഷൻ ആയിരിക്കും. ഇതിന്റെ അപ്പുറത്തേക്ക് ക്രൈം ഫിക്‌ഷൻ ഉണ്ട് എന്നത് മലയാളം മാത്രം വായിച്ചുകൊണ്ടിരിക്കുന്നവർക്ക് അറിവുണ്ടാകുകയില്ല. ഇംഗ്ലിഷ് വായിക്കുന്നവർക്ക് ഒരുപക്ഷേ, അതറിയാമായിരിക്കും. അത്തരം വായനക്കാർക്ക് പുതിയ മേഖലകൾ പരിചയപ്പെടുത്താനാണു ഞാൻ ഓരോ പുസ്തകത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോഫീഹൗസ് ഒരു ഹൗ ഡണ്ണിറ്റ് നോവലാണ്. ഹൈഡ്രേഞ്ചിയ ഹൂ ഡണ്ണിറ്റ് സീരിയൽ കില്ലർ നോവലും റൂത്തിന്റെ ലോകം സൈക്കോളജിക്കൽ ത്രില്ലറുമാണ്. റെസ്റ്റ് ഇൻ പീസ് ഒരു കോസി മർഡർ മിസ്റ്ററിയും. വ്യത്യസ്തമായ വായനാനുഭവങ്ങൾ നൽകാനാണു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോഫീഹൗസ് എഴുതുന്ന സമയത്ത് ഞാൻ ചിന്തിക്കുന്നത് ഇംഗ്ലിഷിലായിരുന്നു. ഇംഗ്ലിഷിൽ ചിന്തിച്ച് മലയാളത്തിൽ എഴുതുകയായിരുന്നു. റൂത്തിന്റെ ലോകം തൊട്ടാണു ഞാൻ മലയാളത്തിൽ ചിന്തിച്ച് മലയാളത്തിൽ എഴുതാൻ തുടങ്ങിയത്. ഓരോ പുസ്തകത്തിലും വ്യത്യസ്തമായ എഴുത്തുരീതിയാണുള്ളതെന്ന് വായനക്കാർ പറയുന്നുണ്ട്. കോഫീഹൗസ് വിജയമാകുമെന്നു തുടർന്നും നോവലെഴുതുമെന്നോ ആ ഘട്ടത്തിൽ ഞാൻ വിചാരിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ പ്രതീക്ഷകളുടെ ഭാരം നല്ലപാടുണ്ട്. എന്നെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം വായനക്കാരുണ്ട്. അവർക്കു വേണ്ടിയാണു ഞാൻ എഴുതുന്നത്. 

indian-writer-lajo-jose-book-rest-in-peace-book-cover

പുതിയ നോവൽ എന്നാണു പുറത്തിറങ്ങുക? വായനക്കാർക്ക് എന്തു പ്രതീക്ഷിക്കാം?

പുതിയ നോവലിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞു. ഇനി എഡിറ്റ് ചെയ്യണം. എത്ര തവണ വേണ്ടിവരും എന്നറിയില്ല. ഈ വർഷം ജൂൺ– ജൂലൈയോടെ പബ്ലിഷ് ചെയ്യാനാകും എന്നു കരുതുന്നു. ഇതുവരെ പരീക്ഷിക്കാത്ത ഒരു ക്രൈം വിഭാഗമാണ് ഉപയോഗിച്ചിരിക്കുന്നത്. വായനക്കാർക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു വഴിയിലൂടെ ആയിരിക്കും ഇത്തവണ അവർ സഞ്ചരിക്കുക. 

literature-channel-puthuvakku-column-indian-writer-lajo
ലാജോ ജോസ്

ഏതെങ്കിലും നോവൽ സിനിമയാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് ഏതു ഘട്ടം വരെയെത്തി?

കോഫീഹൗസ് ഇറങ്ങിയതിനു ശേഷം പല ചർച്ചകളും പല വഴിക്കും നടക്കുന്നുണ്ട്. പക്ഷേ, ഒന്നും അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിട്ടില്ല. കൂടുതലൊന്നും പറയാറായിട്ടില്ല. 

മലയാളത്തിൽ എഴുത്തുകൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വാസം ലാജോയ്ക്കുണ്ടോ? 

മലയാളത്തിൽ എഴുത്തു കൊണ്ട് ജീവിക്കാം എന്ന ആത്മവിശ്വാസം എനിക്കില്ല. അങ്ങനെ എത്രപേരുണ്ടാകും? ഒരുപക്ഷേ, ഏറ്റവും പ്രശസ്തരായ ആദ്യ അഞ്ചുപേർക്കു കഴിയുമായിരിക്കും. അവർക്കു മാത്രമേ എഴുത്തുകൊണ്ടു ജീവിക്കാൻ പറ്റുകയുള്ളൂ. ഞാൻ എഴുത്തുകൊണ്ട് ജീവിക്കുന്ന അവസ്ഥ വരണമെങ്കിൽ ഇനിയുമൊരു 10 കൊല്ലം കഴിയുമായിരിക്കും. അത്തരമൊരു പ്രതീക്ഷയിലല്ല ഞാൻ നോവലെഴുതി തുടങ്ങിയതും തുടർന്നും എഴുതുന്നതും. എഴുത്തുകൊണ്ടു മാത്രം ജീവിക്കണമെങ്കിൽ വർഷത്തിൽ കുറ‍ഞ്ഞതു രണ്ടു പുസ്തകങ്ങളെഴുതുകയും അതെല്ലാം ബെസ്റ്റ് സെല്ലർ ആകുകയും വേണം. എല്ലാവർക്കും കെ.ആർ. മീരയോ ബെന്യാമിനോ ആകാൻ പറ്റത്തില്ലല്ലോ. 

ലാജോയുടെ സമകാലികരായ, ഏറ്റവും പുതിയ എഴുത്തുകാരിൽ ആരെയാണു ശ്രദ്ധിക്കാറുള്ളത്? 

സമകാലികരിൽ എന്നെ അത്ഭുതപ്പെടുത്തിയയാളും ഞാൻ ആരാധനയോടെ നോക്കുന്നതുമായ ഒരെഴുത്തുകാരനാണ് അരുൺ ആർഷ. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ദാമിയന്റെ അതിഥികളാണ് ഞാൻ വായിച്ചിട്ടുള്ളത്. ആ പുസ്തകം വായിക്കുന്ന എല്ലാവരും അരുൺ ആർഷയുടെ ആരാധകനായിട്ടു മാറുമെന്നാണു ഞാൻ കരുതുന്നത്. മലയാളത്തിൽ അടുത്തിടെയിറങ്ങിയ പുസ്തകങ്ങളിൽ ഏറ്റവും മനോഹരമാണത്.

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Lajo Jose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;