അമേരിക്ക കീഴടക്കി ഇന്ത്യക്കാരിയുടെ കന്നിനോവൽ

Megha Majumdar
മേഘ മജൂംദാർ
SHARE

ഇന്ത്യയിൽ വേരുകളുള്ള കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ മറ്റൊരു സന്തോഷ വാർത്ത. ഇന്ത്യയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ ജോലി ചെയ്തു ജീവിക്കുന്ന യുവതിയുടെ നോവൽ അമേരിക്കയിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ എത്തിയിരിക്കുന്നു. എ ബേണിങ് എന്ന നോവലിലൂടെ മേഘ മജൂംദാറാണ് അപൂർവ നേട്ടത്തിന് ഉടമയായത്. ന്യൂയോർക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ഇടംപിടിച്ചതോടെയാണ് മേഘ അമേരിക്കയിലും താരമായിരിക്കുന്നത്. 

കൊൽക്കത്തിൽ ജനിച്ച് 19 വയസ്സുവരെ ഇന്ത്യയിയിൽ ജീവിച്ച മേഘ ഹാർവഡിൽ പഠനത്തിനുവേണ്ടി അമേരിക്കയിൽ എത്തുന്നത്. പ്രസാധക സ്ഥാപനത്തിൽ എഡിറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് ബേണിങ് എന്ന ആദ്യ നോവൽ എഴുതുന്നത്. പല പുരസ്കാരങ്ങളുടെയും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സന്തോഷത്തിനൊപ്പമാണു ബെസ്റ്റ് സെല്ലർ വാർത്തയും എത്തിയിരിക്കുന്നത്. എന്നാൽ തന്റെ പുസ്തകം നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷിക്കുമ്പോഴും ഇന്ത്യ പോലൊരു രാജ്യത്തു ലക്ഷണക്കിനു മനുഷ്യർ പുസ്തകങ്ങൾ ശ്രദ്ധിക്കാതെയാണു ജീവിക്കുന്നതെന്ന യാഥാർഥ്യം മേഘയ്ക്കുണ്ട്. മറ്റുള്ളവർ കാണാതെ പോകുന്ന, അംഗീകരിക്കാൻ മടിക്കുന്ന ഇത്തരം യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇപ്പോൾ 31 വയസ്സ് മാത്രമുള്ള മേഘയുടെ കരുത്ത്; ഭാവിയിലെ മികച്ച എഴുത്തുകാരിയായി അവരെ ഉയർത്തുന്നതും. 

കൊൽക്കയിലാണ് ബേണിങ്ങിന്റെ കഥ നടക്കുന്നത്. കടയിൽ ജോലി ചെയ്യുന്ന മുസ്‍ലിം യുവതിയാണു നായിക. നിർത്തിയിട്ട ട്രെയിനിൽ നടക്കുന്ന ബോംബ് സ്ഫോടനത്തിന് അവർ യാദൃഛികമായി സാക്ഷിയാകുന്നു. ആ ദൃശ്യം പകർത്തി ഫെയ്സ്ബുകിൽ പോസ്റ്റ് ചെയ്യുന്നതോടെ സംശയമുന യുവതിയിലേക്കും നീളുന്നു. പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്യപ്പെട്ട അവർ ജയിലിലാകുന്നു. ഇതേത്തുടർന്നുള്ള സംഭവങ്ങളാണു മേഘ ആദ്യനോവലിൽ പറയുന്നത്. പ്രശസ്ത എഴുത്തുകാരൻ വില്യം ഫോൾക്നറിന്റെ ശൈലിയോടാണ് മേഘയുടെ എഴുത്ത് നിരൂപകർ താരതമ്യം ചെയ്യുന്നത്. അസാധരണം, അപൂർവം, ധീരം എന്നൊക്കെയുള്ള വിശേഷണങ്ങളും അവർക്കു ഈ ഇന്ത്യക്കാരിക്കു ചാർത്തിക്കൊടുക്കുന്നു. 

a-burning

ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളാണ് തന്നെ എഴുത്തുകാരിയാക്കിയതെന്നു പറയുന്നു മേഘ. എല്ലാ കുട്ടികളും സ്കൂളിൽ പോകാത്ത രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വലിയൊരു ഭൂരിപക്ഷത്തിനു പുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. അവരെ പുസ്തകങ്ങളിലൂടെ സ്വാധീനിക്കാനുമാവില്ല. മധ്യവർഗ കുടുംബത്തിലാണു ഞാൻ ജനിക്കുന്നത്. സ്കൂൾ ബസിൽ സഞ്ചരിക്കുമ്പോൾ അഴുക്കുചാലുകളിൽ പാത്രം കഴുകുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. വഴിയോരത്തെ കടകളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന കുട്ടികളെയും കണ്ടിട്ടുണ്ട്. സ്കൂൾ യൂഫിഫോം തയ്ക്കാൻ കൊടുക്കുമ്പോൾ തയ്യൽക്കാരുടെ സഹായികളായി ജോലി ചെയ്യുന്നത് നമ്മുടെ സമപ്രായക്കാർ തന്നെയായിരിക്കും. എനിക്കു പുസ്തകങ്ങൾ വിലപ്പെട്ടവയാണ്; എന്നാൽ എത്രയോ പേർക്ക് പുസ്തകങ്ങളേക്കാളും വലുത് ജീവിതമാണെന്ന് എനിക്കറിയാം. അതൊരു വലിയ സത്യം തന്നെയാണ്– മേഘ പറയുന്നു. 

ഇംഗ്ലിഷ് ഭാഷ താൻ പണിപ്പെട്ടു പഠിച്ചെടുത്തതാണെന്നും മേഘ പറയുന്നു. 

കുട്ടിക്കാലത്ത് വീട്ടിൽ ബംഗാളി മാത്രമായിരുന്നു സംസാരിച്ചിരുന്നത്. സ്കൂളിൽ എത്തിയപ്പോഴും എന്റെ ഇംഗ്ലിഷ് മോശമായിരുന്നു. ഇംഗ്ലിഷ് നന്നാക്കണമെന്ന് പലരും ഉപദേശിച്ചു. അതു ശരിയാണെന്ന് എനിക്കും തോന്നി. അതോടെ ആ ഭാഷയിലുള്ള എന്തും വായിക്കാൻ തുടങ്ങി. ആത്മവിശ്വാസമോയതോടെ ഇംഗ്ലിഷിൽ എഴുതാനും തുടങ്ങി. ഇപ്പോൾ ഈ ഭാഷ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സന്തോഷത്തോടെ ഞാൻ എന്നെത്തന്നെ ഇംഗ്ലിഷിൽ ആവിഷ്കരിക്കുന്നു. 

പഠനത്തിനുവേണ്ടി അമേരിക്കയിലെത്തി ഇപ്പോൾ അവിടെ എഡിറ്ററായി ജോലി ചെയ്യുന്ന മേഘ പറയുന്നതു ജോലി തന്റെ എഴുത്തിനെ ഏറെ സഹായിച്ചിട്ടുണ്ടെന്നാണ്; ഒപ്പം വിപുലമായ വായനയും. 

English Summary: Megha Majumdar’s ‘A Burning’ is blazing up the bestseller list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;