ADVERTISEMENT

പുസ്തകങ്ങൾ ആർക്കും കടം കൊടുക്കരുതെന്ന് ഒരു പഴമൊഴിയുണ്ട്. കൊടുത്താൽ ആരും തിരിച്ചുതരികയില്ല എന്നതുതന്നെ കാരണം. ഇതു പറഞ്ഞ വ്യക്തി, തന്റെ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെല്ലാം കടം വാങ്ങിയവയാണെന്നു കൂടി പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോൾ കാനഡയിൽ നടന്ന ഒരു സംഭവം ഈ പഴമൊഴി ഒരിക്കൽക്കൂടി ഓർമയിലെത്തിച്ചിരിക്കുന്നു. 82 വർഷം മുൻപ് ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം കണ്ടെടുത്തു തിരിച്ചുകൊടുത്തതാണു ലോകത്തിന് അതിശയമായിരിക്കുന്നത്. 

 

ജോർദാൻ മുസിസിൻ എന്നയാൾ തന്റെ വീട്ടിൽ ഒരു പഴയ പുസ്തകം കണ്ടെത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ദ് അഡ്‍വെഞ്ച്വേഴ്സ് ഓഫ് ഡോക്ടർ ഡൂലിറ്റിൽ എന്നാണു പുസ്തകത്തിന്റെ പേര്. 1939 –ൽ സിഡ്നി പബ്ലിക് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമാണ്. ഹഗ് ലോഫ്റ്റിങ് എഴുതിയ പുസ്തകം വീട്ടിലെ മച്ചിൽ മേശവലിപ്പിന്റെ അടിയിൽനിന്നാണു ജോർദാനു ലഭിക്കുന്നത്. അദ്ദേഹം ഉടൻ തന്നെ പുസ്തകം ലൈബ്രറിയിൽ തിരിച്ചേൽപിച്ചു. ജോർദാനു മുൻപ് വീട്ടിൽ താമസിച്ചിരുന്ന സ്ത്രീ ലൈബ്രറിയിൽനിന്ന് വർഷങ്ങൾക്കുമുൻപ് എടുത്തതാണു പുസ്തകം എന്നാണ് ഊഹിക്കുന്നത്. അവരുടെ കുടുംബം 100 വർഷത്തോളം ആ വീട്ടിൽ താമസിച്ചിരുന്നു. അതിനുശേഷമാണ് ജോർദാൻ താമസത്തിനെത്തുന്നത്. 

 

നിശ്ചയിച്ച തീയതിക്കു ശേഷം തിരിച്ചെത്തിക്കുന്ന പുസ്തകങ്ങൾക്ക് ലൈബ്രറി പിഴ ഈടാക്കാറുണ്ട്. ജോർദാന്റെ ഭാഗ്യമെന്നേ പറയേണ്ടൂ ഈ പിഴ കഴിഞ്ഞ വർഷം മുതൽ സിഡ്നി പബ്ലിക് ലൈബ്രറി നിർത്തലാക്കി. അല്ലെങ്കിൽ തന്റേതല്ലാത്ത തെറ്റിന് ഭീമമായ തുക അദ്ദേഹത്തിന് പിഴ ഒടുക്കേണ്ടിവരുമായിരുന്നു. 

 

ലൈബ്രറി ഔദ്യോഗിക ഫെയ്സ് ബുക് പേജിൽ സംഭവം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പിഴ ഒഴിവാക്കിയ തങ്ങളുടെ നടപടി തികച്ചും ന്യായീകരിക്കുന്നതാണു പുതിയ സംഭവമെന്നും അവർ അവകാശപ്പെട്ടു. എന്നാൽ പുസ്തകം എട്ടു പതിറ്റാണ്ട് മുൻപ് ആരാണു ലൈബ്രറിയിൽ നിന്ന് എടുത്തതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. ചില സൂചനകൾ മാത്രം കൊടുത്തിട്ടുമുണ്ട്. 

 

വിഎം എന്ന് ഇനിഷ്യലുകൾ ഉള്ള വ്യക്തിയാണത്രേ വർഷങ്ങൾക്കുമുൻപ് പുസ്തകം എടുത്തത്. 1920 കളിലാണ് അവർ‌ ജനിച്ചത്. സെന്റർ സ്ട്രീറ്റ് എന്ന തെരുവിലാണ് അവർ ജീവിച്ചിരുന്നത്. ഈ വ്യക്തിയെ അറിയാമെങ്കിൽ ലൈബ്രറിയെ വിവരം അറിയിക്കണം എന്ന് അഭ്യർഥിച്ചിട്ടുമുണ്ട്. 

 

ആരുടെ തെറ്റ് കൊണ്ടായാലും എന്തു കാരണം കൊണ്ടായാലും പുസ്തകം വായിക്കാൻ എടുക്കുകയും തിരിച്ചുകൊടുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വ്യക്തി മുന്നോട്ടു വരുമോ എന്നാണ് ഇനി അറിയാനുള്ളത്. 

 

English Summary: Sydney Public Library receives a book which was due for 82 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com