പ്രണയം കൊണ്ടു കീഴ്‌പെടുത്താവുന്നത്

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി –പുസ്തകക്കാഴ്ച
  • ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം
shamsudheen-mubarak
ശംസുദീൻ മുബാറക്ക്
SHARE

ഏതു മതതീവ്രവാദത്തിന്റെയും ആദ്യത്തെ ഇര ആ മതത്തിൽപെട്ടവർ തന്നെയായിരിക്കും. അതു മനസ്സിലാക്കാതെ അതിനെ പിന്തുണയ്ക്കുന്നവർ സ്വയം അപകടത്തിലേക്ക് നടന്നിറങ്ങിപ്പോവുകയാണ്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്തവിധം വൈകിപ്പോയിരിക്കും. ജീവനും സ്വത്തും വിലപ്പെട്ട മറ്റു പലതും അപ്പോഴേക്കും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. ശംസുദീൻ മുബാറക്കിന്റെ ദായിശ് എന്ന നോവൽ വായിച്ചു കഴിയുമ്പോൾ മനസ്സിൽ ഉരുത്തിരിയുന്ന ചിന്തയാണിത്. മലയാളസാഹിത്യത്തിൽ അടുത്തകാലത്ത് സംഭവിച്ച ആഹ്ലാദവിസ്മയമായി ഞാൻ ഈ നോവലിനെ കാണുന്നു.

രാജ്യാന്തര മത തീവ്രവാദസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉള്ളറകളിലൂടെ പത്രപ്രവർത്തകൻ കൂടിയായ ശംസുദീൻ നടത്തിയ ധീരമായ ഗവേഷണയാത്രയാണിത്. ഒരുപക്ഷേ, വീട്ടിലിരുന്ന് ഇന്റർനെറ്റും പത്രങ്ങളും പുസ്തകങ്ങളുമൊക്കെ പരിശോധിച്ചാവാം ശംസുദീൻ നോവലിനു വേണ്ട വിവരങ്ങൾ സമാഹരിച്ചത്. പക്ഷേ, വായനയുടെ ഒരു ഘട്ടത്തിൽ പോലും വായനക്കാരന് അതു മനസ്സിലാവാനുള്ള അവസരം നോവലിസ്റ്റ് വിട്ടുകൊടുക്കുന്നില്ല. 

നോവലിലെ നായകൻ റഫിയെപ്പോലെ ശംസുദീനും ബഗ്ദാദിലും മൊസൂളിലും സിറിയയിലുമൊക്കെ അലഞ്ഞുതിരിയുകയും ഐഎസ് ക്യാംപിൽ കടന്നുചെന്ന് കാര്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കുകയും ചെയ്ത ശേഷം എഴുതിയ പുസ്തകം എന്നു തോന്നിപ്പിക്കുംവിധം യഥാതഥമാണ്  രചനാതന്ത്രം. വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന ആകാംക്ഷ, ഇസ്‌ലാം മതത്തിന്റെ ഉദ്ഭവം മുതലുള്ള ചരിത്രം വിവരിക്കുമ്പോൾ കാട്ടുന്ന സൂക്ഷ്മത, ഭീകരസംഘടനകളെക്കുറിച്ചു വിവരിക്കുമ്പോൾ കാട്ടുന്ന വസ്തുതാന്വേഷണത്വര, സംഭവവിവരണങ്ങളിൽ നിലനിർത്തുന്ന നാടകീയത, ഭാഷയിലെ കാവ്യാത്മകത, എഴുത്തിലെ സത്യസന്ധത തുടങ്ങി ഒരുപിടി നന്മകൾ കൊണ്ട് അനുഗൃഹീതമാണ് ദായിശ്. 

‘മനുഷ്യനെ സ്വപ്നം കാണാൻ പഠിപ്പിച്ച നഗരങ്ങളെല്ലാം ഇന്ന് പേടിസ്വപ്നങ്ങളായി ചവിട്ടിമെതിച്ചു കിടക്കുന്നു. ഒരുകാലത്ത് സംസ്‌കാരങ്ങളുടെ സ്വർഗഭൂമിയായിരുന്ന സ്ഥലങ്ങൾ ലോകത്തിലെ തന്നെ നികൃഷ്ടമായ നരകലോകങ്ങളായി മാറിയിരിക്കുന്നു.’ 

ഐഎസ് ഭീകരർ തകർത്തു തരിപ്പണമാക്കിയ കിർക്കുക് (ഇറാഖ്) നഗരത്തെക്കുറിച്ചാണ് ദായിശിലെ ഈ വിവരണം. 

കോളജിൽ പഠിക്കുമ്പോൾ, അതിനടുത്തുവച്ചു പരിചയപ്പെട്ട ഷക്കീൽ എന്നയാളുടെ നിരന്തരമായ ദുർബോധനയാൽ ഭീകരതയെ പ്രണയിച്ച് കൂട്ടുകാരൻ അഷ്‌കറെയും കൂട്ടി ഇന്ത്യവിട്ട് ഇറാഖിൽ പോയി ഐഎസിൽ ചേർന്ന റഫിയുടെ ഐഎസ് ജീവിതവും മനംമാറ്റവും തിരിച്ചുവരവുമാണ് നോവലിന്റെ പ്രമേയം. മനംമാറ്റത്തിന്റെ നാളുകളിൽ, ഭീകരർ ചാവേറാക്രമണം നടത്തിയ കെട്ടിടസമുച്ചയത്തിൽ നിൽക്കവെ ഭീകരതയ്ക്കിരയായി മരിച്ചവരെക്കുറിച്ച് റഫിയുടെ തോന്നലുകളിങ്ങനെ:

മഴത്തുള്ളികൾ കൊണ്ട പുതുനാമ്പുകൾ പോലെ ഒരുനാൾ അവരും ഉയർത്തെഴുന്നേൽക്കും. കരിഞ്ഞുപോയ അവരുടെ ജീവിത സ്വപ്നങ്ങൾ പുനർജനിച്ച് അവർക്ക് വസന്തങ്ങൾ സമ്മാനിക്കും. കത്തുന്ന സൂര്യനു താഴെ അവർക്കായി ദൈവം തണൽ വിരിച്ചുകൊടുക്കും. നന്മതിന്മകൾ തൂക്കിനോക്കുന്ന കോടതിയിൽ അവരായിരിക്കും വിജയികൾ. ജയപരാജയങ്ങളുടെ പാലത്തിൽ അവർ മിന്നൽപ്പിണർ പോലെ ഓടും. അനന്തവും അജ്ഞാതവുമായ സ്വർലോകങ്ങളിലേക്കുള്ള യാത്രയ്ക്കിടെ അന്ന് അവർക്ക് കാണാനാകും, അവരുടെ സ്വപ്നങ്ങളും ജീവിതവും തകർത്തവർ പാലത്തിന്റെ ഇരുമ്പുമുള്ളുകൾ കൊത്തിവലിച്ച മാംസക്കെട്ടുകളായി നിരങ്ങിനീങ്ങുന്നതും നരകലോകങ്ങളിലേക്ക് ഒരു വലിയ നിലവിളി പോലെ ആണ്ടുപോകുന്നതും.

ഐഎസ് അടക്കമുള്ള ഭീകരസംഘടനകളോട് ഐക്യദാർഢ്യപ്പെടുന്നവരും അതിന് അവരെ പ്രേരിപ്പിക്കുന്നവരും നിരന്തരമായി പ്രചരിപ്പിക്കുന്ന വസ്തുതയൊന്നുണ്ട്: ഭീകരപ്രവർത്തനം വിശുദ്ധയുദ്ധമാണ്. അത് ദൈവത്തിനുവേണ്ടി നടത്തുന്ന സമർപ്പിതപ്രവർത്തനമാണ്. അതിലേർപ്പെടുന്ന എല്ലാവർക്കും സ്വർഗം ഉറപ്പാണ്. 

ഈ വാദത്തെ പരിഹസിക്കുക, മാത്രമല്ല പൊളിച്ചെഴുതുക കൂടിയാണ് ശംസുദീൻ ഈ നോവലിലൂടെ ചെയ്യുന്നത്. ലോകസമാധാനത്തിനു ഭീഷണിയായ ഭീകരസംഘടനകൾ ദൈവേച്ഛയ്ക്ക് എതിരാണ്. അതിൽ പ്രവർത്തിക്കുന്നവരുടെ അന്ത്യം നരകത്തിലായിരിക്കും എന്ന് സംശയത്തിനിടയില്ലാതെ നോവലിസ്റ്റ് പ്രഖ്യാപിക്കുന്നു. 

ഭീകരതയുടെ അപകടവഴിയിൽ നിന്ന് റഫിയെ തിരികെക്കൊണ്ടുവന്നത് ജന്നയുമായുള്ള പ്രണയമാണ്. മനുഷ്യജീവിതത്തിലെ തർക്കത്തിനിടയില്ലാത്ത സത്യവും പ്രണയം മാത്രമാണ്. ദൈവത്തോടുള്ള പ്രണയം, കൂടെ ജീവിക്കുന്ന മനുഷ്യരോടുള്ള പ്രണയം, ചുറ്റിലുമുള്ള ജീവജാലങ്ങളോടുള്ള പ്രണയം, കാറ്റിനോടും മരങ്ങളോടും മഴയോടും പുഴയോടുമുള്ള പ്രണയം, ഭൂമിയോടും ചന്ദ്രനോടും നക്ഷത്രങ്ങളോടുമുള്ള പ്രണയം.... അതെ, പ്രണയം കൊണ്ട് നമുക്ക് തോൽപിക്കാനും കീഴ്‌പെടുത്താനുമാവാത്തതൊന്നുമില്ല. പിന്നെന്തിനൊരാൾ ഭീകരനായി, മരണവ്യാപാരിയായി നരകത്തിലേക്കുള്ള പാത സ്വയം തിരഞ്ഞെടുക്കുന്നു. ഈ വെളിച്ചവും വെളിപാടും  മനസ്സിലേക്കു കടത്തിവിടുന്ന ടോർച്ചാണ് ദായിശ്.

സമാധാനത്തെ പ്രണയിക്കുന്ന ഒരു മനുഷ്യനും കാണാനും അനുഭവിക്കാനും ഇഷ്ടപ്പെടാത്തതാണ് ഭീകരതയുടെ ലോകം. പക്ഷേ, അപകടങ്ങളിൽ ചെന്നു ചാടാതിരിക്കാൻ, എല്ലാ മനുഷ്യരും ആ ഇരുണ്ട ലോകത്തെക്കുറിച്ച് അറിഞ്ഞിരിക്കുകയും വേണം. അങ്ങനെ അറിയണമെങ്കിൽ ദായിശ് വായിച്ചേ കഴിയൂ. ഇനി ശംസുദീൻ സംസാരിക്കട്ടെ. 

shamsudheen-mubarak-book

ഇസ്‌ലാമിക തീവ്രവാദം എന്ന വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. തീവ്രവാദവും ഭീകരവാദവും ഒക്കെയായി നടക്കുന്ന കുറെപ്പേർ മൂലം ഒരു മതം അപ്പാടെ അപഹസിക്കപ്പെടാൻ പാടില്ല എന്ന തോന്നലാണ് കാരണം. പകരം രാജ്യാന്തര മത തീവ്രവാദം എന്നു പറയാം.  ഈ തീവ്രവാദത്തിനെതിരെ ആ മതത്തിൽപെട്ട ഒരാൾ എഴുതുമ്പോൾ ശ്രദ്ധയും ആധികാരികതയും കൂടും. ആ മികവ് ഈ പുസ്തകത്തിനുണ്ട്. മതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ളയാളാണ് ശംസുദീൻ. ആ പഠനവും അറിവും ഈ നോവൽ എഴുതുന്നതിൽ എത്രമാത്രം സഹായിച്ചു ?

തീർച്ചയായും മതത്തെക്കുറിച്ചുള്ള പഠനവും അറിവും ‘ദാഇശ്’ രചനയെ ഏറെ സഹായിച്ചിട്ടുണ്ട്. മത തീവ്രവാദത്തിന്റെ മുനയൊടിക്കുന്നതിനുള്ള ആശയങ്ങൾ ഏറിയ പങ്കും വിവിധ ഗ്രന്ഥങ്ങളിൽനിന്നു ലഭിച്ച അറിവാണ്. തീവ്രവാദം എന്ന ഇരുതല മൂർച്ചയുള്ള വിഷയത്തെ ആർക്കും ഒരു പ്രശ്നവുമില്ലാതെ, വിവാദങ്ങളിൽപെടാതെ എന്നാൽ തീവ്രവാദത്തിന്റെ ചുരുളുകളെല്ലാം അഴിക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിനു പിന്നിലും ഈ പഠനവും അറിവും തന്നെയാണ്.

പൊതുവേ ആളുകൾ എഴുതാൻ മടിക്കുന്ന ഒരു വിഷയമാണിത്. എന്നിട്ടും ഇതു തന്നെ എഴുതാൻ തീരുമാനിച്ചത് എന്തുകൊണ്ട്?

നോവൽ എഴുതണമെന്ന ആഗ്രഹത്തോടെയല്ല മത തീവ്രവാദത്തെക്കുറിച്ചു പഠനവും അന്വേഷണവും തുടങ്ങിയത്. കേരളത്തിൽനിന്ന് ഐഎസിലേക്കു പോയ മലയാളികളുടെ യഥാർഥ കഥ അനാവരണം ചെയ്യുന്ന ഒരു വാർത്താ പരമ്പര ചെയ്യാമെന്ന തീരുമാനത്തിലാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇതു നോവലാക്കാമെന്നു തീരുമാനിച്ചത്. ഒന്ന്: ഇതുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളുടെ വിശ്വാസ്യതയിലുണ്ടായ സംശയം. രണ്ട്: വാർത്താ പരമ്പര എന്നതിനപ്പുറം ഒരു നോവലിനു വേണ്ട എല്ലാ ചേരുവയും ഈ വിഷയത്തിനുണ്ട് എന്ന ബോധ്യം.

മതത്തിൽപെട്ടവർ ഈ പുസ്തകത്തെ എങ്ങനെ സ്വീകരിച്ചു? ഏതെങ്കിലും ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടായോ?

മതത്തിൽപെട്ടവരാണ് ‘ദാഇശി’നെ സ്വീകരിച്ചവരിൽ ഏറെയും. അവർ വായിക്കുക മാത്രമല്ല, വായനാനുഭവങ്ങൾ പങ്കിട്ടും ഷെയർ ചെയ്തും മറ്റുള്ളവരെക്കൂടി വായിപ്പിക്കുന്ന തരത്തിലേക്ക് എന്നെ സഹായിക്കുന്ന അനുഭവവമാണുണ്ടായത്. ആരുടെ ഭാഗത്തുനിന്നും ഇതുവരെ എതിർപ്പിന്റെ സ്വരം കേട്ടിട്ടില്ല.

ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു പ്രണയകഥയാണ് ദാഇശ്. റഫിയും ജന്നയും തമ്മിലുള്ള പ്രണയം. യഥാർഥത്തിൽ ലോകത്തുനിന്നു ഭീകരവാദം ഇല്ലാതാക്കാൻ പ്രണയത്തിനു കഴിയും എന്നു സത്യസന്ധമായി വിശ്വസിക്കുന്നുണ്ടോ?

തീർച്ചയായും. യുദ്ധത്തിന്റെ എല്ലാ ഭീകരമുഖങ്ങളും അവതരിപ്പിക്കുന്നതോടൊപ്പംതന്നെ പ്രണയത്തിന്റെ മനോഹാരിത ‘ദാഇശി’ലുണ്ട്. മാത്രമല്ല, യുദ്ധങ്ങളുടെയും കെടുതികളുടെയും ദുരന്താനുഭവങ്ങൾ വായനക്കാരന്റെ മനസ്സിനെ പൊള്ളിക്കുമ്പോഴും അവർ തമ്മിലുള്ള പ്രണയം വായനക്കാരനു കുളിമർമഴ പോലെ അനുഭവപ്പെടുന്നുമുണ്ട്. ദാഇശിൽനിന്ന് റഫിയുടെ മടക്കംപോലും സംഭവിച്ചത്  പ്രണയം മൂലമാണെന്ന് വരികൾക്കിടയിൽ വായിക്കാനാകും. യഥാർഥ സ്നേഹം മനുഷ്യമനസ്സുകളെ കോർത്തിണക്കുമെന്നതിൽ സംശയമില്ല.  

ദാഇശ് എന്നാൽ അറബിക്കിലെ ഐഎസ് എന്നാണ് മനസ്സിലാക്കുന്നത്. ഐഎസിൽ ചേരാൻ കേരളത്തിൽനിന്നു പോയ രണ്ടു ചെറുപ്പക്കാരുടെ കഥയാണിത്. എന്തുകൊണ്ടാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഭീകരതയിലേക്ക് ആകർഷിക്കപ്പെടുന്നത്?

വർത്തമാന കാലത്ത്, അഭ്യസ്തവിദ്യരായ പല ചെറുപ്പക്കാരും പരമ്പരാഗതമായി  നിലനിന്നുപോരുന്ന മതപഠന കേന്ദ്രങ്ങളിൽപോയി മത വിദ്യാഭ്യാസം നേടാത്തവരാണ്. അതിന് അവരുടെ സാഹചര്യങ്ങളടക്കം പല കാരണങ്ങളുണ്ട്. ഇവർ പിന്നീട് മതത്തെ പഠിക്കുന്നത് ഗൂഗിളിൽനിന്നാണ്. ഇത്തരം ഓൺലൈൻ പഠനത്തിന്റെ ചതിക്കുഴികളിൽപെട്ട് ഐഎസിലേക്കു പുറപ്പെടുന്നവരുണ്ട്. അതോടൊപ്പംതന്നെ ഇത്തരം ചിന്താഗതിയുള്ള വളരെ കുറച്ചു പേരെങ്കിലും പ്രവർത്തിക്കുന്നുണ്ടെന്നും സംശയിക്കണം. അഭ്യസ്തവിദ്യരായ യുവാക്കളെ ഇത്തരക്കാർക്ക് എളുപ്പത്തിൽ വഴിപിഴപ്പിക്കാനാകും. കാരണം, ഇവർക്ക് മതത്തെക്കുറിച്ചു വലിയ ഗ്രാഹ്യമുണ്ടാകില്ല. പറഞ്ഞുകൊടുക്കുന്നവരായിരിക്കും അവരുടെ ഏറ്റവും വലിയ പണ്ഡിതർ.

ഇറാഖിലും സിറിയയിലും ഒക്കെ നേരിട്ടു പോയി പഠിച്ച് സംഭവങ്ങൾ നേരിട്ടു കണ്ട് എഴുതിയതു പോലെ തോന്നുന്നുണ്ട്. ശരിക്കും അങ്ങനെ പോവുകയോ പോയവരുമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ?

നേരിട്ടു പോയിട്ടില്ല. പക്ഷേ, പോയതുപോലെ അനുഭവപ്പെടുന്ന തരത്തിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്. യാത്രാവിവരണങ്ങൾ, സിനിമകൾ, വിഡിയോകൾ, വെബ് സീരിസുകൾ, വിവിധ ഭാഷകളിലുള്ള പ്രിന്റ്, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവ പരിശോധിച്ചും ഇറാഖിലും സിറിയയിലും യാത്ര ചെയ്തവർ, ഐഎസിലേക്കു പോയവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുമായി സംസാരിച്ചുമാണ് എഴുതാനുള്ള വിവരങ്ങൾ സമാഹരിച്ചത്. ‘ദാഇശ്’ ഒരു  ഭാവനയല്ല. കുറേയേറെ സത്യങ്ങളുണ്ട്. വാർത്തകൾക്ക് കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നൽകി നോവൽവൽക്കരിക്കുകയാണു ചെയ്തത്. നോവലിന്റെ 50 ശതമാനവും വാർത്തകളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് എഴുതിയത്. 

എത്ര നാളത്തെ അധ്വാനം? എങ്ങനെയായിരുന്നു എഴുതാനുള്ള തയാറെടുപ്പ്?

മൂന്നര വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ‘ദാഇശ്. ആദ്യം നോവലെഴുത്തിനുള്ള ഇൻപുട്സ് ശേഖരിക്കുകയായിരുന്നു. ഇതിനായി കുറേ വായിക്കുകയും കാണുകയും ചെയ്തു. ഇതിനിടെ നോവലിന് ആവശ്യമെന്നു തോന്നിയ കാര്യങ്ങൾ കുറിച്ചിട്ടു. പിന്നെ മനസ്സിലുള്ള കഥയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ വിവരങ്ങൾ ചേർത്താണ് നോവലെഴുത്തു നടത്തിയത്.

രണ്ടാമത്തെ നോവലാണിത്. അതും മതവുമായി ബന്ധപ്പെട്ട വിഷയം. എങ്ങനെയാണ് മതത്തെ കാണുന്നത്. വിശ്വാസിയാണോ?

അതെ, വിശ്വാസിയാണ്. മതം മനുഷ്യജീവിതത്തിനു മൂല്യം നൽകുമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. വെറുതേ ജീവിച്ചുതീർക്കുന്നതിനു പകരം ഏതെങ്കിലും മൂല്യങ്ങളിൽ വിശ്വസിച്ചു ജീവിക്കുമ്പോൾ ജീവിക്കുന്നതിന് ഒരർഥമുണ്ടാകും. ഇങ്ങനെ ജീവിക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന ആത്മവിശ്വാസവും സന്തോഷവുമുണ്ടാകും. മതം പരസ്പരം  പോരടിക്കാനുള്ള ആയുധമാക്കുന്നതിനോട് ഒരിക്കലും യോജിപ്പില്ല.

പത്രപ്രവർത്തകനല്ലാത്ത ഒരാൾ ഈ നോവൽ എഴുതിയിരുന്നെങ്കിൽ എന്ന് കഴിഞ്ഞ ദിവസം ഒരു പത്രപ്രവർത്തകൻ എന്നോടു സ്വകാര്യം പറഞ്ഞു. പത്രപ്രവർത്തനത്തിലെ പരിചയം ഈ നോവലെഴുതുന്നതിനു സഹായകമായോ? അതോ ബാധ്യതയോ?

രണ്ടു തരത്തിലും പറയാവുന്നതാണ്. വാർത്തകളിലൂടെ ജിവിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് നോവലെഴുത്തിന് ഏറെ സഹായകമായിട്ടുണ്ട്. കാരണം ‘ദാഇശി’ൽ പറയുന്ന പകുതി ഭാഗവും വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വാർത്തകളോടുള്ള ഇഷ്ടവും വാർത്തയിലൂടെയുള്ള ജീവിതവും തന്നെയാണ് ഇതിനു സഹായിച്ചത്. പത്രഭാഷ ഒരു ബാധ്യതയായിട്ടുണ്ട്. കാരണം, ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു പത്രഭാഷയാകുമ്പോൾ അതിൽനിന്നു മുക്തമായി ‘ഫിക്‌ഷൻ’ എഴുത്തിലേക്ക് മനസ്സിനെ എത്തിക്കുക  ശ്രമകരമാണ്. പലപ്പോഴും എഴുതുന്നത് വാർത്തയുടെ രൂപത്തിലേക്കു മാറിപ്പോകും. വളരെ പണിപ്പെട്ട് പലവട്ടം മാറ്റിയെഴുതിയാണ് പത്രഭാഷയിൽനിന്ന് എഴുത്തിനെ മാറ്റാനായത്.

കേരളത്തിനുളളിലും പുറത്തും മതതീവ്രവാദത്തിന്റെ ഭാവി എന്തായിരിക്കും?

സംഘടനാരൂപത്തിലുള്ള മത തീവ്രവാദത്തിന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കാരണം പല കാലങ്ങളിലും സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെട്ടത്. ഒന്നു തളർന്നപ്പോൾ പുതിയ പേരിൽ മത തീവ്രവാദ സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്. സംഘടനകളെ നമുക്ക് നശിപ്പിക്കാനായേക്കും. പക്ഷേ, ഈ ചിന്താഗതിയെ വേരോടെ അറുത്തുമാറ്റുകയെന്നത് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. കാരണം ഇത് മാനസികവും വിശ്വാസപരവുമായ കാര്യമാണ്. ആയതിനാൽ ആളുകളെ നശിപ്പിക്കാൻ കഴിഞ്ഞാലും ആശയത്തിന്റെ വേരറുക്കാനാകണമെന്നില്ല.


(ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Shamsudheen Mubarak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;