ADVERTISEMENT

ശാസ്ത്രലോകത്തെ ചർച്ചകളിൽ ഔമുവാമുവ വീണ്ടും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. സൗരമണ്ഡലത്തിലേക്കു കടന്നുവന്ന ശേഷം അതിവേഗം മറഞ്ഞ ഈ അജ്ഞാത വസ്തു ഒരു അന്യഗ്രഹ പേടകമായിരുന്നു എന്ന വാദം മുന്നോട്ടുവയ്ക്കുന്ന ഒരു പുസ്തകം ഇപ്പോൾ ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുന്നു. 

 

ഹാർവഡ് യൂണിവേഴ്സിറ്റിയിലെ അസ്ട്രോഫിസിസിസ്റ്റ് ആയ ആവി ലോബ് എന്ന ശാസ്ത്രജ്ഞനാണ് ഗ്രന്ഥകർത്താവ്. ‘എക്സ്ട്രാടെറസ്ട്രിയൽ: ദ് ഫസ്റ്റ് സൈൻ ഓഫ് ഇന്റലിജന്റ് ലൈഫ് ബിയോണ്ട് എർത്ത് ’ എന്ന പുസ്തകം അമേരിക്കയിൽ ഇപ്പോൾ ബെസ്റ്റ് സെല്ലറാണ്. ഈ വർഷം ജനുവരി 26ന് ആണ് പുസ്തകം പുറത്തിറങ്ങിയത്. ന്യൂയോർക്ക് ടൈംസ്, വോൾസ്ട്രീറ്റ് ജേണൽ, പബ്ലിഷേഴ്സ് വീക്ക്‌ലി തുടങ്ങിയ മാധ്യമങ്ങൾ ഈ പുസ്തകത്തെ ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 

ഏറെ പ്രഗൽഭനും ശാസ്ത്രലോകത്ത് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമായ ആവി ലോബ് ഔമുവാമുവയെ ഒരു അന്യഗ്രഹ പേടകമായി തിരിച്ചറിഞ്ഞ് തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുമ്പോൾ ശാസ്ത്രലോകത്തിനു ശ്രദ്ധിക്കാതിരിക്കാൻ നിർവാഹമില്ല. പക്ഷേ ഈ വാദങ്ങളെ സ്വീകരിക്കാൻ തയാറാകാത്തവരും ശാസ്ത്രലോകത്തുണ്ട്. അവർ ആവി ലോബിന്റെ വാദങ്ങളെ പൂർണമായി തള്ളിക്കളയുകയും ചെയ്യുന്നു.

 

ഇസ്രയേലി–അമേരിക്കനായ ആവി ലോബ് തിയറിട്ടിക്കൽ ഫിസിസിസ്റ്റ് ആണ്. അസ്ട്രോഫിസിക്സ്, കോസ്മോളജി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വിഷയങ്ങൾ. അൻപത്തെട്ടുകാരനായ ആവി ലോബ് ഏറെ കാലമായി ഹാർവഡ് യൂണിവേഴ്സിറ്റിയിലെ അസ്ട്രോഫിസിക്സ് വിഭാഗം തലവനാണ്. തമോഗർത്തങ്ങൾ, ആദ്യകാല നക്ഷത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പഠനം നടത്തി. 8 പുസ്തകങ്ങളും നൂറു കണക്കിനു ശാസ്ത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പവും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.   

 

വെറുമൊരു പറക്കുംതളികയല്ല

 

അന്യഗ്രഹ ജീവികൾ അയച്ച പേടകമാണ് ഔമുവാമുവ എന്ന് തന്റെ പുസ്തകത്തിൽ ആവി ലോബ് വാദിക്കുമ്പോൾ അതിനായി നിരത്തുന്ന കാരണങ്ങൾ ഇവയാണ്:

Extraterrestrial-book

∙ സാധാരണ ബഹിരാകാശത്ത് കാണാറുള്ള പദാർഥങ്ങളുടെ രൂപത്തിലുള്ള വസ്തുവല്ല ഔമുവാമുവ.

∙ സൗരമണ്ഡലത്തിലൂടെ കടന്നുപോയപ്പോൾ അത് അസാധാരണമായ ദിശയിലാണ് ചലിച്ചത്. സൗരമണ്ഡലത്തിലൂടെ സാധാരണ കടന്നുപോകാറുള്ള നൈസർഗിക വസ്തുക്കളുടെ ഭ്രമണസ്വഭാവമായിരുന്നില്ല അതിന്.

∙ ധൂമകേതുക്കളിലും മറ്റും കാണുന്ന വാതകങ്ങളുടെയും അവശിഷ്ടങ്ങളുടെയും വാൽഭാഗം ഔമുവാമുവയ്ക്കൊപ്പം കാണപ്പെട്ടില്ല.

∙ അജ്ഞാത ശക്തിയോടെ അതിവേഗം ചലിക്കുന്നതിനിടയിൽ ഔമുവാമുവ അസാധാരണമായി ചാഞ്ചാടുന്നുണ്ടായിരുന്നു.

∙ പാറകൾക്കും മറ്റു നൈസർഗിക പദാർഥങ്ങൾക്കും ഉള്ളതിൽ നിന്നു വ്യത്യസ്തമായി തിളങ്ങുന്ന ഉപരിതലമായിരുന്നു ഔമുവാമുവയ്ക്ക്. ലോഹനിർമിതമായ ഒരു പേടകമാകാനുള്ള സാധ്യത ഇതിൽനിന്ന് അനുമാനിക്കാം.

 

ഔമുവാമുവ പ്രപഞ്ചത്തിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ആരോ വിദഗ്ധമായി നിർമിച്ച് അയച്ച ഒരു പേടകമാണ് അതെന്നും സ്ഥാപിക്കാനാണ് ആവി ലോബ് തന്റെ വാദങ്ങൾ നിരത്തുന്നത്. പ്രപഞ്ചത്തിലെ വിദൂര നക്ഷത്രസമൂഹങ്ങളിൽ ജീവന്റെ സാന്നിധ്യം തീർച്ചയായും ഉണ്ടാകും എന്ന് ആവി ലോബ് വിശദീകരിക്കുന്നു. മനുഷ്യസാധ്യമായതിലും മികച്ച രീതിയിൽ പ്രപഞ്ചത്തെ മനസ്സിലാക്കാനും നിലനിൽക്കാനും അവർക്ക് സാധിക്കുകയും ചെയ്യും. അത്തരം നിഗൂഢ സത്യങ്ങൾ കൂടുതൽ പഠിച്ചറിയാനുള്ള ശ്രമങ്ങൾ മനുഷ്യരും ശാസ്ത്രവും നടത്തുകയാണു വേണ്ടത് എന്നും ഈ ശാസ്ത്രജ്ഞൻ വാദിക്കുന്നു.

 

വിയോജിപ്പിന്റെ സ്വരങ്ങൾ

 

ആവി ലോബിന്റെ പുസ്തകം കടുത്ത വിമർശനവും ഏറ്റുവാങ്ങുന്നുണ്ട്. ശാസ്ത്രത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ അന്യഗ്രഹ ജീവികളുമായി (എയ്‌ലിയൻസ്) ബന്ധപ്പെടുത്തിയുള്ളതാണ് ലോബിന്റെ വാദങ്ങൾ എന്ന് മറുപക്ഷത്തുള്ളവർ വാദിക്കുന്നു. ഔമുവാമുവയുടെ ചലനത്തിനു പ്രത്യേകതകൾ ഉണ്ടായിരുന്നെങ്കിലും അത് എന്തുകൊണ്ട് എന്ന് ശാസ്ത്രീയമായി അവർ വിശദീകരിക്കുന്നു. ഭ്രമണസമയത്തുണ്ടാകുന്ന അതിതീവ്രമായ ചൂടു കാരണം അത്തരം വസ്തുക്കൾ തീർത്തും ക്രമരഹിതമായി വട്ടം കറങ്ങാൻ സാധ്യതയുണ്ട്. ഔമുവാമുവയെ പോലെയുള്ള കോടിക്കണക്കിനു ഭ്രമണവസ്തുക്കൾ സൗരയൂഥത്തിലും പ്രപഞ്ചത്തിൽ ആകമാനവും കണ്ടെത്താനാകും. ഔമുവാമുവയെ കണ്ടെത്തിയതിനു ശേഷം 2019 ഓഗസ്റ്റിൽ ഇതേ സ്വഭാവമുള്ള മറ്റൊരു ഭ്രമണവസ്തുവിനെയും കണ്ടെത്തുകയുണ്ടായി. ബോറിസോവ് എന്നു പേരിട്ട ഈ ഭ്രമണവസ്തുവും സൗരമണ്ഡലത്തിനു പുറത്തുനിന്നെത്തി ഇതുവഴി കടന്നുപോവുകയായിരുന്നു എന്ന് മറുപക്ഷം വിശദീകരിക്കുന്നു. 

 

ഔമുവാമുവ

 

2017 ഒക്ടോബറിൽ ഹവായിലെ നിരീക്ഷണ ടെലിസ്കോപ്പിൽ ദൃശ്യമായി മറഞ്ഞ അജ്ഞാത വസ്തുവിനു ശാസ്ത്രം നൽകിയ പേരാണ് ഔമുവാമുവ എന്നത്. ഭൂതകാലത്തിൽ നിന്നുള്ള സന്ദർശകൻ എന്നാണ് ഔമുവാമുവ എന്ന ഹവായിയൻ വാക്കിന്റെ ഏകദേശ അർഥം. സൗരമണ്ഡലത്തിനു പുറത്തുനിന്നു കടന്നുവന്ന് അതിവേഗം മറഞ്ഞു പോയ ഈ അജ്ഞാത വസ്തുവിനെ അതിന്റെ മടക്കസമയത്താണ് ശാസ്ത്രജ്ഞർക്കു നിരീക്ഷിക്കാനായത്.

പുതിയ കണ്ടെത്തലുകളിലേക്കു ശാസ്ത്രത്തിനു വഴി തുറക്കാനുള്ള പ്രേരണയാണ് ആവി ലോബ് തന്റെ കാഴ്ചപ്പാടുകളിലൂടെ നൽകുന്നത്. പുസ്തകം ബെസ്റ്റ് സെല്ലർ ആയതോടെ ആവി ലോബിന് തിരക്കൊഴിഞ്ഞ നേരമില്ല. ടിവി ചർച്ചകളിലും പോ‍ഡ്കാസ്റ്റുകളിലും മറ്റു പരിപാടികളിലും തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.

 

English Summary: Extraterrestrial: The First Sign of Intelligent Life Beyond Earth Book by Avi Loeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com