വിഷാദരോഗത്തിനും ലഹരിക്കുമിടയിലൂടെ കവിജീവിതം

HIGHLIGHTS
  • ദാരിദ്ര്യത്തിനു നടുവിൽ പതിനാലാം വയസ്സിൽ പഠനം നിർത്തി ടോവ കൂലിവേലയ്ക്കു പോയി
  • കവിത, നോവൽ, കഥ, ബാലസാഹിത്യം എന്നിങ്ങനെ ഇരുപതോളം പുസ്തകങ്ങൾ ടോവ എഴുതി
ezhuthumesha-ajay-p-mangattu-danish-writer-tove-ditlevsen
SHARE

ആദ്യ കവിതയോ കഥയോ അല്ലെങ്കിൽ ആദ്യ പുസ്തകമോ ഇറങ്ങുമ്പോഴുള്ള ആഹ്ലാദം പരിധിയില്ലാത്തതാണ്. എതിരെ വരുന്ന വ്യക്തിയെ തടഞ്ഞുവച്ച്, നിങ്ങൾ വായിച്ച് ആസ്വദിച്ച ആ കവിത എഴുതിയതു ഞാനാണ് എന്നു പറയാൻ തോന്നും. പതിനായിരങ്ങൾ തന്റെ കഥ ഇതിനകം വായിച്ചുകഴിഞ്ഞിട്ടുണ്ടാവും എന്നു വിചാരിക്കും. മാഗസിനുകൾ വിൽക്കുന്ന കടയിൽ പോയി ഈ മാസിക ഉണ്ടോ എന്നു വെറുതേ അന്വേഷിക്കും. കടക്കാരൻ അവിടെ അതൊന്നും വിൽക്കാറില്ലെന്നു പറയുമ്പോൾ നിരാശ തോന്നും. ആകെ 400 കോപ്പിയാണ് യഥാർഥത്തിൽ അച്ചടിച്ചുണ്ടാവുക. എന്നാൽ പ്രഥമ രചനയുടെ പ്രസിദ്ധീകരണം പകരുന്ന ആത്മവിശ്വാസം അപാരമാണെന്ന് എഴുത്തുകാർക്കെല്ലാം അറിയാം. തന്റെ ആദ്യ പുസ്തകം അച്ചടിച്ചു കയ്യിൽ കിട്ടിയപ്പോൾ ഡാനിഷ് കവിയും നോവലിസ്റ്റുമായ ടോവ ഡിറ്റിൽവ്സെൻ പറയുന്നത്, ഇനി ആർക്കും ഈ പേർ മായ്ച്ചുകളയാനാവില്ല എന്നാണ്.

ടോവ ഡിറ്റിൽവ്‌സെന്നിന്റെ (1917-1976) ആത്മകഥാപരമായ ‘ദ് കോപ്പൻഹേഗൻ ട്രിലോജി’യുടെ ഇംഗ്ലിഷ് പരിഭാഷ സമീപകാലത്താണ് ഇറങ്ങിയത്. ഇരുപതാം നൂറ്റാണ്ടിൽ ഡാനിഷ് ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ടോവയുടെ രചനകളുടെ ഇംഗ്ലിഷ് പരിഭാഷ വരുംവരെ അവർ ഡെൻമാർക്കിനു പുറത്ത് അധികമൊന്നും അറിയപ്പെടാത്ത എഴുത്തുകാരിയായിരുന്നു.

ചൈൽഡ്ഹുഡ് (1967), യൂത്ത് (1967), ഡിപൻഡൻസി (1971) എന്നിങ്ങനെ മൂന്നു പുസ്തകങ്ങളിലായാണു ടോവ തന്റെ ജീവിതകഥ പറയുന്നത്. ദാരിദ്ര്യത്തിനും വിഷാദരോഗത്തിനും ലഹരിക്കും ഇടയിലൂടെ കുത്തിയൊലിക്കുന്ന എഴുത്തുകാരിയുടെ യാത്രയാണിത്.  

മൂപ്പതുകളിൽ യൂറോപ്പിനെ ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യകാലം. കോപ്പൻഹേഗനിലെ ചുവന്ന തെരുവ് എന്നു കുപ്രസിദ്ധമായ വെസ്റ്റർബ്രോ പട്ടണത്തിൽ തൊഴിലാളികൾ താമസിക്കുന്ന തെരുവിലെ ചെറിയ വാടകവീട്ടിലായിരുന്നു ടോവയുടെ കുട്ടിക്കാലം. 

അഞ്ചാം വയസ്സിൽ ടോവയ്ക്ക്, ഫാക്ടറിത്തൊഴിലാളിയായ അച്ഛൻ ഗ്രിംസ് സ്റ്റോറീസ് പിറന്നാൾസമ്മാനമായി നൽകുന്നുണ്ട്. അച്ഛന്റെ കൈവശമുള്ള പുസ്തകങ്ങളാണു ടോവ ആദ്യം വായിച്ചത്. 

ezhuthumesha-ajay-p-mangattu-danish-writer-tove-ditlevsen-childhood-youth-dependency-book-cover-image

താൻ കവിതയെഴുതി ജീവിക്കുമെന്ന് അച്ഛനോടു പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി, പെണ്ണുങ്ങൾ കവിതയെഴുതാറില്ല എന്നായിരുന്നു. അതോടെ ടോവ കവിതയെഴുത്തു രഹസ്യപ്രവൃത്തിയാക്കി. മറ്റാരെങ്കിലും കവിത കണ്ടാൽ അപമാനിതയായേക്കുമെന്ന പേടി അവളെ കുട്ടിക്കാലമത്രയും പിന്തുടർന്നു. ഒരിക്കൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നപ്പോൾ അവളെ ഏറ്റവും അലട്ടിയത് കവിത എഴുതുന്ന പോയട്രി ആൽബം ആശുപത്രിയിലേക്കു കൊണ്ടുപോകാനാകുമോ എന്നതായിരുന്നു.  

ടോവ പറയുന്നുണ്ട്, നിങ്ങൾക്ക് ഒരിക്കലും കുട്ടിക്കാലത്തുനിന്നു പുറത്തുകടക്കാനാവില്ല. ഒരു ദുർഗന്ധം പോലെ അതു നിങ്ങളിൽ പറ്റിപ്പടിച്ചിരിക്കും. ഓരോ കുട്ടിക്കാലത്തിനും ഓരോ മണമാണ്. നിങ്ങൾ അടുത്തേക്കു ചെല്ലുമ്പോൾ അതു മറ്റു കുട്ടികൾക്കു കിട്ടും. കരിയുടെയും പുകയുടെയും ആ മണമടിക്കുന്നതോടെ അവർ പിന്നാക്കം മാറും. 

ഫാക്ടറിത്തൊഴിലാളിയായ ടോവയുടെ സഹോദരൻ എഡ്വിൻ ഒരുദിവസം ആ കവിതകൾ കണ്ടിട്ട് അവളെ വല്ലാതെ പരിഹസിച്ചു. എങ്കിലും പിന്നീട് അതു പ്രസിദ്ധീകരിക്കാനായി മുന്നിട്ടിറങ്ങുന്നത് അവനാണ്.  

ഒരു ദിവസം കോപ്പൻഹേഗനിലെ സാഹിത്യമാസികയിൽ തന്റെ കവിതയുമായി പതിനാലുകാരിയായ ടോവ പോകുന്നു. ആ കവിത വായിച്ചു നോക്കിയ എഡിറ്റർ അതിനെ പ്രശംസിച്ചുവെങ്കിലും താൻ കുട്ടികളുടെ വിഭാഗമാണു നോക്കുന്നതെന്നും 2 വർഷം കഴിഞ്ഞു വരൂ എന്നും പറഞ്ഞു മടക്കിയയ്ക്കുന്നു. തന്റെ കവിതകൾ ആരും പ്രസിദ്ധീകരിക്കാൻ പോകുന്നില്ല, താനൊരു ഫാക്ടറിത്തൊഴിലാളിയുടെ ഭാര്യയായി അവസാനിച്ചുപോകുമെന്ന സങ്കടത്തോടെയാണ് ആ വാരികയുടെ ഓഫിസിൽനിന്ന് അവൾ ഇറങ്ങുന്നത്.  

സദാസമയം വഴക്കിടുന്ന, നൈരാശ്യത്തിന്റെ മൂർത്ത രൂപമായിരുന്നു ടോവയുടെ അമ്മ. എപ്പോഴും ടോവയെ അടിക്കും. ഭയങ്കരമായി ചീത്തവിളിക്കും. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയുടെ സ്നേഹം പിടിച്ചുപറ്റാനുമാണ് ടോവ ചെറുപ്പത്തിൽ ഏറ്റവും ആഗ്രഹിച്ചത്. എന്നിട്ടും ആ ബന്ധം എന്നും കലുഷിതമായിരുന്നു. അച്ഛൻ ടോവയെ ഒരിക്കലും തല്ലിയില്ല. ഒരുപാടു സ്നേഹിക്കുകയും ചെയ്തു. പകലെല്ലാം സോഫയിൽ കിടന്നുറങ്ങുകയും വൈകിട്ടാകുമ്പോൾ രാത്രിജോലിക്കു പോകുകയും ചെയ്യുന്ന അച്ഛനോടു പക്ഷേ അവൾക്കു അത്രയും അടുപ്പം തോന്നിയിരുന്നില്ല. 

ദാരിദ്ര്യത്തിനു നടുവിൽ പതിനാലാം വയസ്സിൽ പഠനം നിർത്തി ടോവ കൂലിവേലയ്ക്കു പോകാൻ തുടങ്ങി. നിന്റെ ശമ്പളം കൊണ്ടു തനിക്കൊരു റേഡിയോ വാങ്ങണമെന്ന് അമ്മ പറയുമ്പോൾ അവൾ പൊട്ടിത്തെറിക്കുന്നുണ്ട്: എന്റെ കാശു കൊണ്ട് അതു നടക്കാൻ പോകുന്നില്ല. 

വലിയ പുസ്തകശേഖരമുള്ള, പെൺകുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന മധ്യവയസ്സു പിന്നിട്ട മിസ്റ്റർ ക്രോഗാണു ടോവയുടെ ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്ന്. അയാൾ ഒരു കോഴിയാണ്, സൂക്ഷിക്കണം എന്നു പറഞ്ഞാണു കൂട്ടുകാരി അവളെ ക്രോഗിന്റെ അടുത്തു കൊണ്ടുപോയത്. എന്നാൽ ടോവയിലെ കവിയെ ആദ്യമായി മതിപ്പോടെ സമീപിക്കുന്നതു ക്രോഗ് ആണ്. അയാൾക്കൊപ്പം ചെലവഴിച്ച സമയം അവൾക്ക് ആഹ്ളാദവും സമാധാനവും പകർന്നു. അയാൾ പെട്ടെന്നു കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താലും കുഴപ്പമില്ലെന്ന് അവൾ വിചാരിക്കുന്നുണ്ട്. ഒരു ദിവസം ക്രോഗിന്റെ വസതിയിലേക്ക് ചെല്ലുമ്പോൾ ആ കെട്ടിടം പൊളിക്കുന്നതാണു കണ്ടത്. ക്രോഗിനെ പിന്നീടൊരിക്കലും അവൾ കണ്ടിട്ടില്ല. 

ezhuthumesha-ajay-p-mangattu-danish-writer-tove-ditlevsen-the-faces-book-cover-image

ആദ്യം അടുക്കളജോലിക്കാണ് അവൾ പോകുന്നത്. പിന്നീട് ഒരു സ്ഥാപനത്തിൽ ക്ലാർക്കായി ചേർന്നു. അവിടെ വച്ചാണു സ്റ്റെനോഗ്രഫി പഠിക്കുന്നത്. ഹിറ്റ്ലർ ഓസ്ട്രിയ ആക്രമിക്കുന്ന ദിവസമാണു പതിനെട്ടാം വയസ്സിൽ അവൾ മറ്റൊരു വാടകവീട്ടിലേക്കു താമസം മാറുന്നത്. ഡാനിഷ് നാത്സി പാർട്ടിയിലെ അംഗമായ ഒരു സ്ത്രീയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു അത്. പഴയ ടൈപ്റൈറ്റർ വാങ്ങി അവിടെയിരുന്ന് എഴുതാൻ ശ്രമിച്ചെങ്കിലും ടൈപ്പിങ് ഒച്ച കേട്ട് ആ സ്ത്രീ ഭ്രാന്തു പിടിച്ചപോലെ വന്നു തടഞ്ഞു. നാത്സി പാർട്ടിയിൽ ചേരാൻ അവൾ വിസ്സമ്മതിച്ചതോടെ ആ സ്ത്രീ അവളെ അവിടെനിന്ന് ഇറക്കി വിട്ടു 

യൂത്ത് എന്ന രണ്ടാം പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ലോകയുദ്ധവും നാത്സിസവും സ്പാനിഷ് ആഭ്യന്തര യുദ്ധവും ഉണ്ട്. എല്ലാ പെൺകുട്ടികളും വരുമാനമുള്ള ചെറുപ്പക്കാരെ തിരയുമ്പോൾ അവളുടെ ആദ്യത്തെ ബോയ് ഫ്രണ്ട് പരമ ദരിദ്രനായിരുന്നു. ഒരു നിശാവിരുന്നിലാണ് അവർ കണ്ടുമുട്ടുന്നത്. പിറ്റേന്നു താൻ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഫാസിസ്റ്റ് വിരുദ്ധരുടെ സേനയിൽ ചേരാൻ പോകുന്നുവെന്ന് അവൻ അവളോടു പറയുന്നു. രാത്രി അവൻ വീട്ടുവാതിൽക്കൽ വരെ അവൾക്കു കൂട്ടുവരുന്നു. പിരിയുന്നതിനു മുൻപ് അവർ ഉമ്മ വയ്ക്കുന്നു. പിന്തിരിഞ്ഞു നോക്കാതെയാണ് അവൻ അവിടെനിന്നു പോകുന്നത്.  

മൂന്നാം പുസ്തകമായ ഡിപൻഡൻസി, ടോവ പ്രശസ്തയായ എഴുത്തുകാരിയായ ശേഷമുള്ള കാലമാണ്. നാലുവട്ടം വിവാഹം ചെയ്ത ടോവയുടെ കലുഷിതമായ കുടുംബ ജീവിതവും ലഹരിമരുന്നിനും മദ്യത്തിനും അടിമയായി ചെലവഴിച്ച വർഷങ്ങളുമാണ് ഇതിലുള്ളത്.  

മൂന്നാം ഭർത്താവ് കാൾ ഒരു ഡോക്ടറായിരുന്നു. ഗർഭച്ഛിദ്രത്തിനിടെ കാൾ നൽ‌കുന്ന ഡെമറോൾ എന്ന മരുന്ന് അവൾക്ക് അപാരമായ ആനന്ദവും അനുഭൂതിയും പകർന്നു. സിറിഞ്ചിലെ ആ ദ്രാവകത്തെയാണു താൻ സ്നേഹിച്ചത്, സിറിഞ്ചുമായി വന്ന ആളെയല്ല എന്ന് ടോവ പറയുന്നുണ്ട്. ഇഷ്ടംപോലെ ലഹരിമരുന്നു ലഭിക്കാനാണ് അവൾ കല്യാണം കഴിക്കുന്നത്. ലഹരിമരുന്നിന്റെ പിടിയിലുള്ള വർഷങ്ങൾ ഭയാനകവും ഭീതിദവുമായിരുന്നു. ഒരു ഫാർമസിയുടെ ബോർഡോ സിറിഞ്ചോ കണ്ടാൽ പോലും ലഹരി ഉപയോഗിക്കാനുള്ള ത്വര തന്നിലേക്കു വരുമായിരുന്നുവെന്നു ടോവ എഴുതുന്നുണ്ട്.  

മാനസികാരോഗ്യ കേന്ദ്രത്തിലും ഡീ അഡിക്‌ഷൻ സെന്ററിലും വർഷങ്ങളോളം ചെലവഴിച്ചശേഷം എഴുത്തു ജീവിതത്തിലേക്കു മടങ്ങിയെത്തിയ ശേഷമാണു ടോവ ‘കോപ്പൻഹേഗൻ ട്രിലോജി’ എഴുതിയത്. കവിത, നോവൽ, കഥ, ബാലസാഹിത്യം എന്നിങ്ങനെ ഇരുപതോളം പുസ്തകങ്ങൾ ടോവ എഴുതി. ലഹരിയുടെ അടിമയായി കഴിയുമ്പോഴും താനെഴുതാൻ പോകുന്ന പുതിയ നോവലിനെക്കുറിച്ചാണ് അവരുടെ വിചാരങ്ങൾ. മരണമാണ് യഥാർഥത്തിൽ നിങ്ങളെ സ്വതന്ത്രയാക്കുക. അതാണ് മരണത്തെപ്പറ്റി ഒരുപാടു ചിന്തിക്കുന്നത്. വെള്ളയുടുപ്പിട്ട ഒരു മാലാഖയാണു മരണമെന്നും അത് നിങ്ങളുടെ ഉറങ്ങുന്ന കണ്ണുകൾക്കു മീതേ ഉമ്മ വയ്ക്കുമെന്നും ടോവ എഴുതുന്നുണ്ട്. പിന്നീടൊരിക്കലും ആ കണ്ണുകൾ തുറക്കുകയില്ല. 1976 ൽ അൻപത്തിയെട്ടാം വയസ്സിൽ മഹതിയായ ആ എഴുത്തുകാരി ജീവനൊടുക്കി. 

English Summary : English Summary: Ezhuthumesha column written by Ajay P Mangattu, the Danish Poet Tove Ditlevsen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA
;