ഈ (ഇ) അക്കൗണ്ട് ഫേക് അല്ല; നമുക്കുവേണ്ടി, നമ്മുടെ സ്വന്തം

Lauren Oyler
ലോറൻ ഒയ്‍ലർ
SHARE

സമൂഹമാധ്യമങ്ങളുടെ ധാരാളിത്തം സഹിക്കാൻ വയ്യെന്നു പരാതി പറയുന്ന ഒട്ടേറെ പേരുണ്ട് പുതിയ കാലത്ത്. ആപ്പുകൾക്കുവേണ്ടി ഉൾപ്പെടെ സമയം മാറ്റിവയ്ക്കുന്നതോടെ ജീവിതത്തിൽ ഗൗരവമുള്ള മറ്റൊന്നും ചെയ്യാൻ സമയമില്ലെന്ന പരാതിയും വ്യാപകം. വായന കുറഞ്ഞെന്നും ഇല്ലാതായെന്നുമാണ് ചിലരുടെ പരാതി. എഴുതാൻ ആശയങ്ങളുണ്ടെങ്കിലും ഏകാഗ്രതയോടെ ഒരുവരിപോലും എഴുതാൻ കഴിയില്ലെന്ന പരിദേവനം. ജീവിതവും സമൂഹമാധ്യമങ്ങളും പൊരുത്തപ്പെടാതാകുന്നതോടെ സമൂഹ മാധ്യമങ്ങളിൽ നിന്ന് താൽക്കാലികമായി അവധിയെടുക്കുന്നവർ. സ്ഥിരമായി ഉപേക്ഷിക്കുന്നവർ.  എന്നാൽ ഇത്തരത്തിലുള്ള പരാതികൾ ഉന്നയിക്കാതെ സമൂഹ മാധ്യമ ജീവിതം നോവലാക്കിയിരിക്കുകയാണ് ഒരു യുവഎഴുത്തുകാരി. അമേരിക്കയിൽ നിന്നുള്ള ലോറൻ ഒയ്‍ലർ. ഫേക് അക്കൗണ്ട് എന്ന നോവലിലൂടെയാണ് തന്റെയും പുതിയ കാലത്തിന്റെയും ഇന്റർനെറ്റ് ആസക്തിയെ ഒയ്‍ലർ സർഗാത്മകമായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഈ നോവൽ വായിക്കാനെങ്കിലും കുറച്ചു നേരത്തേക്കു സമൂഹ മാധ്യമങ്ങളിൽ നിന്ന് അവധിയെടുത്താലും നഷ്ടവുമില്ലെന്നു തെളിയിച്ചിരിക്കുന്നു നോവലിന്റെ ജനപ്രീതി. 

ഒരു സന്ദേശത്തിൽ നിന്ന് മറ്റൊന്നിലേക്ക്. ഒരു വാർത്തയിൽ നിന്ന് മറ്റൊന്നിലേക്ക്. ഗൗരവമുള്ള വാർത്തകളിൽനിന്ന് തമാശകളിലേക്ക്. ഗോസിപ്. ഉപദേശങ്ങൾ. പാചക വിധികൾ. മസാല... സ്ക്രോൾ ചെയ്തു മുന്നോട്ടുപോകുന്ന ആ പോക്കില്ലേ... അതേ ഘടനയിലാണ് ഫേക് അക്കൗണ്ട് എന്ന നോവൽ. എങ്ങനെയെല്ലാം ആപ്പുകൾ ജീവിതത്തിൽ നുഴഞ്ഞുകയറുന്നെന്നും ജീവിതത്തെ കീഴ്പ്പെടുത്തുന്നു എന്നുമുള്ള ഒന്നാംതരം പഠനം. 

ഒരു യുവതിയാണ് ഫേക് അക്കൗണ്ടിൽ കഥ പറയുന്നത്. ബിഗിനിങ്, മിഡിൽ, സെക്സ് സീൻ എന്നൊക്കെയാണ് അധ്യായങ്ങൾക്ക് പേരുകൾ. രണ്ട് അധ്യായങ്ങൾ പൂർണമായും സെക്സ് സീനുകൾ തന്നെ. അശ്ലീല ചിത്രങ്ങളും സൈറ്റുകളും പരതിപ്പോകുന്നവരുടെ അപരജീവിതം. കാമുകനായ ഫെലിക്സിന്റെ ഫോൺ യുവതി രഹസ്യമായി പരിശോധിക്കുന്നതോടെയാണ് കഥയിൽ വഴിത്തിരിവുകൾ സംഭവിക്കുന്നത്. ഓൺലൈൻ ലോകത്ത് ഗൂഡാലോചനകളിൽ സജീവമായ വ്യക്തിയാണ് ഫെലിക്സ് എന്ന കണ്ടെത്തൽ ഉദ്വേഗത്തിലേക്കു നയിക്കുന്നു. രഹസ്യം കണ്ടെത്തുന്നതിനുമുൻപ് അയാൾക്ക് സൈക്കിൾ അപകടത്തിൽ അകാലമരണം. ബെർലിനിലേക്കു കുടിയേറുന്ന യുവതി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നു. ഡേറ്റിങ് വെബ്സൈറ്റുകളിൽ പരീക്ഷണങ്ങൾ. വ്യത്യസ്തമായ പേരുകളിൽ വിവിധ അക്കൗണ്ടുകൾ സൃഷ്ടിച്ചു പുരുഷൻമാരുമായി പരിചയത്തിലായി പ്രതികാരത്തിന്റെ വഴിയിലേക്ക്. 

laurenoyler-novels

നിരൂപകയായി പേരെടുത്ത ലോറൻ ഒയ്‍ലർ ഇതാദ്യമാണ് നോവൽ എഴുതുന്നത്. വിഷയത്തിലെ പുതുമകൊണ്ടും ആഖ്യാനത്തിലെ വിപ്ലവം കൊണ്ടും ആദ്യനോവലിലൂടെ തന്നെ പേരെടുത്ത ഒയ്‍ലറിനെ ഭാവി വാഗ്ദാനമായാണ് ഇപ്പോൾ സാഹിത്യലോകം കാണുന്നത്. ഇനിയും പ്രതീക്ഷിക്കാം പുതിയ ജീവിതം എല്ലാ അർഥത്തിലും ഒപ്പിയെടുത്ത പുത്തൻ നോവലുകൾ. 

English Summary: Fake Accounts book by Lauren Oyler

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;