ഏകാന്തതയുടെ ഇരുട്ടിലേക്ക് ജീവനും കൊണ്ടുവരുന്ന ജാലവിദ്യ

HIGHLIGHTS
  • ലിജീഷ് കുമാർ എഴുതുന്ന പരമ്പര– പുസ്തകങ്ങൾ പോലെ എന്റെ മനുഷ്യർ
Jawaharlal Nehru and Edwina Mountbatten
എഡ്വിന മൗണ്ട് ബാറ്റൻ, നെഹ്റു
SHARE

ആടുതോമയുടെ മുഖത്തിരുന്ന കറുത്ത കണ്ണട ചോദിച്ച തുളസിയെ ഞാനൊരിക്കൽ നേരിൽ കണ്ടിട്ടുണ്ട്. 10 ൽ പഠിക്കുമ്പഴാണ്, സ്കൂൾ വാർഷികത്തിന് തട്ടേക്കയറിയ സംഗീതശില്പത്തിലെ ചാച്ചാജിയായിരുന്നു ഞാൻ. കോട്ടിന്റെ നെഞ്ചിൽ കുത്തിയിറക്കിയ പനിനീർപ്പൂ എനിക്കു തരുമോ എന്നു ചോദിച്ച ഒരെട്ടാം ക്ലാസുകാരിയെ എനിക്കോർമയുണ്ട്, തുളസി.

തുളസി പണ്ട് തോമസ് ചാക്കോയോടു പറഞ്ഞു: ‘അന്ന് കറുത്ത കണ്ണട ചോദിച്ചത്, കുട്ടിക്കാലത്ത് ഞാനാരാധിച്ചിരുന്ന ആ കണ്ണുകൾ മറയില്ലാതെ കാണാനായിരുന്നു.’ നീയന്ന് ആ പനിനീർപ്പൂ ചോദിച്ചപ്പോൾ, കുട്ടിക്കാലത്ത് ഞാനാരാധിച്ചിരുന്ന ആ മനുഷ്യന്, അയാളുടെ പനിനീർപ്പൂക്കൾക്ക് പുതിയൊരു നിറം കിട്ടുകയായിരുന്നു, അതുവരെയില്ലാത്ത ഒരു മണം കിട്ടുകയായിരുന്നു. ഞാൻ കേട്ട കഥകളിലെ ചാച്ചാജി അന്നാണ് വലുതായത്.

പമേല ഹക്സ് എന്ന ഇംഗ്ലണ്ടുകാരി ഇന്നലെയെന്നോട് പറഞ്ഞു: ‘ആ പനിനീർപ്പൂക്കൾ എന്റെ അമ്മയ്ക്കുള്ളതായിരുന്നു. ആ പനിനീർപ്പൂക്കൾക്കു പകരം അമ്മ കൈമാറിയത്, അമ്മയുടെ കൈയിൽ ഉണ്ടായിരുന്നതിൽ ഏറ്റവും വിലപിടിപ്പുള്ളതെന്ന് അവർ വിശ്വസിച്ചിരുന്ന മരതക മോതിരമായിരുന്നു. ആ മരതക മോതിരം ഇന്ത്യയിലുണ്ട്. പനിനീർപ്പൂക്കൾ ഇവിടെ അമ്മയുടെ ശവകുടീരത്തിലും !!’

പമേലയുടെ അമ്മയെ നിങ്ങളറിയും, അവരുടെ പേര് എഡ്വിന. എഡ്വിനയുടെ പടം കണ്ടിട്ടുണ്ടോ? മൗണ്ട് ബാറ്റനൊപ്പം ഇന്ത്യയിൽ വന്നിറങ്ങുമ്പോൾ, വാ പൊളിച്ച് ഇന്ത്യ അവരെ നോക്കി നിന്നിട്ടുണ്ടത്രേ. ‘അന്നെനിക്ക് 17 വയസ്സായിരുന്നു, അന്നും അമ്മയായിരുന്നു സുന്ദരി’ എന്നു പറഞ്ഞു പമേല. ക്വിറ്റ് ഇന്ത്യാ എന്ന മുദ്രാവാക്യത്തിനൊപ്പം, എക്സപ്റ്റ് എഡ്വിന എന്നു ചേർത്തു വിളിച്ച ഇന്ത്യയെ എനിക്കിഷ്ടമാണ്. അതുകൊണ്ടാക്കെക്കൂടെയാണ് ഈ രാജ്യം ഒരു സ്നേഹദ്വീപാകുന്നത്, എനിക്ക് മഹത്തായ ഒരു പ്രേമചരിത്രം കിട്ടുന്നതും.

Jawaharlal Nehru and Edwina Mountbatten
നെഹ്റു, എഡ്വിന മൗണ്ട് ബാറ്റൻ

പമേല പറയുന്നു: ‘അപ്പ അന്നിന്ത്യയുടെ വൈസ്രോയിയായിരുന്നു, പരമാധികാരമുണ്ടായിരുന്ന ലോർഡ് മൗണ്ട് ബാറ്റൺ. പക്ഷേ അമ്മയ്ക്ക് വേണ്ടിയിരുന്നതു പരമാധികാരമായിരുന്നില്ല, പ്രേമമായിരുന്നു.’ 

ആരായിരുന്നു അമ്മയ്ക്ക് നെഹ്റു ?

പമേല പറഞ്ഞു: ‘അവർ സോൾ മേറ്റ്സായിരുന്നു.’ പ്രണയികൾ സോൾമേറ്റ്സാണ്, എനിക്കറിയാം. അവരുടെ ഹൃദയം കണ്ടിട്ടുണ്ടോ, പഞ്ചാരലായനിയിൽ മുക്കിവെച്ച ഗുലാബ് ജാം പോലെയാണത്. ചില്ലുഭരണിയിൽ മുങ്ങിക്കിടന്ന് അവ പരസ്പരം സംവേദനം ചെയ്യുന്ന ഒരു ഭാഷയുണ്ട്. അതാണ് പ്രേമത്തിന്റെ ഭാഷ. പൊട്ടുന്ന ഭരണിയിൽ പഞ്ചാരലായനി നിറച്ച് പ്രണയികൾ അവരുടെ ഋതുക്കൾ പാകപ്പെടുത്തുന്നത് കാണുമ്പോൾ പേടി തോന്നും. ഉടയരുതേ, ഉടയരുതേ എന്നുരുവിടാൻ തോന്നും. ലോകത്തെ സകലമാന പ്രേമങ്ങളുടെയും മുമ്പിൽ മുട്ടുകുത്തി ഞാനങ്ങനെ പ്രാർഥിക്കാറുണ്ട്. എനിക്കിഷ്ടമാണ് പ്രണയികളെ, എന്റെ മകന്റെ പേരു പോലും പ്രണയ് ഋതു എന്നാണ്. നീയൊരു ഋതുവാണ്, അമ്മയും അപ്പയും പഞ്ചാരലായനിയിൽ മുങ്ങിക്കിടന്നാണ് നിന്നെ സ്വപ്നം കണ്ടതെന്ന് ഞാനവന്റെ ചെവിയിൽ എപ്പോഴും പറയും. 

നാല്പതുകളുടെ മധ്യത്തിൽ ഏകാന്തത അനുഭവിച്ചുകൊണ്ടിരുന്ന പെണ്ണുങ്ങൾക്ക് എന്റെ അമ്മയെ മനസ്സിലാവുമെന്ന് പമേല പറഞ്ഞു. ‘ഒരുപാട് പറയാനുണ്ടായിരുന്നു നെഹ്റുവിന്. അത് കേട്ടിരിക്കാൻ അമ്മയ്ക്കിഷ്ടമായിരുന്നു. അവരൊരുപാട് സംസാരിച്ചു. അമ്മയ്ക്ക് കാണാൻ തോന്നുമ്പോഴൊക്കെ അദ്ദേഹം വന്നിരുന്നു. അദ്ദേഹത്തിന് കാണാൻ തോന്നുമ്പോഴൊക്കെ അമ്മ ഇപ്പുറത്തുണ്ടായിരുന്നു, സോൾ മേറ്റ്സ് !!’

കഥ പറഞ്ഞ്, കഥ പറഞ്ഞ് അവർ കുന്നുകൾ നടന്നു കയറുന്നത് പമേല കണ്ടിട്ടുണ്ട്, ഇന്ദിരയും. പമേല അമ്മയെ മനസ്സിലാക്കിയിരുന്ന പോലെ, ഇന്ദിരയ്ക്ക് അച്ഛനെയുമറിയാമായിരുന്നു. അച്ഛനെഴുതിയ കത്തുകൾ വായിച്ചാണ് അവൾ വളർന്നത്. ആ കത്തുകളിൽ ഉണ്ടായിരുന്നു അച്ഛൻ, അച്ഛന്റെ ലോകം, അച്ഛൻ കണ്ട ആകാശം. പമേലയുടെ കൈയിലുമുണ്ട് കത്തുകൾ. തൊട്ടുരുമ്മി നടന്ന പത്തുമാസങ്ങൾ കഴിഞ്ഞ്, അമ്മ മടങ്ങി. പമേല ഓർക്കുന്നുണ്ട്, എഡ്വിനയ്ക്കും മൗണ്ട് ബാറ്റണുമൊപ്പം ഇംഗ്ലണ്ടിലേക്കു മടങ്ങിയ ദിവസം. എഡ്വിനയും നെഹ്റുവും പിന്നെ സംസാരിച്ചതു മുഴുവനും കത്തുകളിലൂടെയായിരുന്നു. ‘1960 ലാണ് അമ്മ മരിക്കുന്നത്. അതുവരെയും മുടങ്ങാതെ ഇന്ത്യയിൽനിന്ന് കത്തുകൾ വന്നിരുന്നു. അതു വായിക്കാൻ അമ്മ കാണിക്കുന്ന തിടുക്കം, ഹൊ !! നേരമെടുത്തിരുന്ന് എല്ലാ കത്തുകൾക്കും അമ്മ മറുപടികൾ എഴുതി. സോൾ മേറ്റ്സ് !!’

കഥ പറയുന്നൊരാളോട് കേൾവിക്കാരിക്കു തോന്നിയ അനുരാഗമായിരുന്നു അമ്മയ്ക്ക് നെഹ്റുവിനോടെന്ന് പമേല പറയും. അതുകൊണ്ടു തന്നെ എഡ്വിന എപ്പോഴും നെഹ്റുവിന്റെ ചുണ്ടുകളിൽ സൂക്ഷിച്ച് നോക്കിയിരുന്നെന്നും. ഏകാന്തത വന്ന് മൂടിയ അമ്മയുടെ അവസാന കാലത്തെ ഇരുട്ടുമുറി നിറയെ അടഞ്ഞും തുറന്നും ഒരു സംഗീതോപകരണം പോലെ പ്രവർത്തിച്ചിരുന്ന ആ ചുണ്ടുകളിൽ !! ആ ചുണ്ടുകളോടുള്ള ഇഷ്ടമാണ് എനിക്ക് ജവാഹർ ലാൽ നെഹ്റുവിനോട്. ഉമ്മ വെച്ചിരുന്നോ എഡ്വിനയും നെഹ്റുവും എന്ന വിഡ്ഢിച്ചോദ്യം ഞാൻ ചോദിക്കില്ല, ഇതാണുമ്മ. മരിക്കാൻ തോന്നുന്ന ഏകാന്തതയുടെ ഇരുട്ടിലേക്ക് ജീവനും കൊണ്ടുവരുന്ന ചുണ്ടുകളുടെ ജാലവിദ്യയാണ് ഉമ്മ. സ്നേഹത്തോടെ നെഹ്റുവിന്, എനിക്ക് യൂറോപ്യനുമ്മയുടെ രസം പഠിപ്പിച്ചു തന്ന പ്രവാചകന് !!

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar- Jawaharlal Nehru and Edwina Mountbatten

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA
;