അക്ഷരങ്ങളെ ഭംഗിയുള്ള കുപ്പായമണിയിക്കാൻ കലിഗ്രഫി

HIGHLIGHTS
  • ടെക്‌നോളജികൾ വളരുന്ന കാലത്ത് എന്ത് കയ്യയക്ഷരമെന്ന് ചിന്തിക്കാൻ വരട്ടെ
  • മലപ്പുറം മഅദിൻ അക്കാദമിയാണ് കലിഗ്രഫി എക്സിബിഷൻ നടത്തിയത്
SHARE
adin-academy-swalath-nagar-melmuri-malappuram-calligraphy-exhibition
മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കലിഗ്രഫി പ്രദർശനം

കലിഗ്രഫി. അക്ഷരങ്ങൾക്ക് വെറും എഴുത്തിനപ്പുറം കവിതയുടെ സർഗാത്മക ഭാവം പകരുകയാണ് കലിഗ്രഫി എന്ന കല. അക്ഷരക്കൂട്ടുകൾ ചേർത്ത വാക്കുകളോ വാചകങ്ങളോ ആരെഴുതിയാലും അക്ഷരജ്ഞാനമുള്ളവർക്ക് വായിക്കാനാകും എന്നാൽ ഓരോ കൈപ്പടയും ഓരോ രീതിയിലാണ് കാണപ്പെടുക. അക്ഷരങ്ങളെ ഭംഗിയുള്ള കുപ്പായമണിക്കുന്നവരാണ് കലിഗ്രഫർമാർ. നൂറ്റാണ്ടുകൾക്കു മുൻപ്  അക്ഷരങ്ങൾക്കു മുന്നിൽ തപസ്സിരുന്ന് വാക്കുകൾക്ക്  ദൃശ്യഭംഗി കൊടുത്തിരുന്നവർ താരങ്ങളായിരുന്നു. ഈജിപ്തിലും, ചൈനയിലും തുർക്കിയിലുമൊക്കെ അതാത് ദേശത്തെ അക്ഷരങ്ങളെ വരും തലമുറകൾക്കായി രേഖപ്പെടുത്തി വച്ചവർ വലിയ കലാകാരൻമാരായിരുന്നു. പാപ്പിറസ് പാളികളിലും തുകൽച്ചുരുളുകളിലും എഴുതി വച്ച ബൈബിൾ ഭാഗങ്ങൾ പുരാതന കലിഗ്രഫിയുടെ നേർചിത്രങ്ങളാണ്. അറേബ്യൻനാടുകളിൽ ഇന്നും  നാടിന്റെ പാരമ്പര്യവും തനിമയും കലിഗ്രഫിയിലൂടെ സംരക്ഷിക്കാനും കലിഗ്രഫിയിൽ ഗവേഷണങ്ങൾ നടത്താനും വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പഠനങ്ങളും പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു.

അക്ഷരങ്ങൾക്ക് ജീവൻ

ടെക്‌നോളജികൾ വളരുന്ന കാലത്ത് എന്ത് കയ്യയക്ഷരമെന്ന് ചിന്തിക്കാൻ വരട്ടെ. കയ്യെഴുത്തിലൂടെ അക്ഷരങ്ങൾക്ക് ജീവൻ പകർന്നു കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ കലിഗ്രഫി എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മഅദിൻ അക്കാദമിയാണ് എക്സിബിഷൻ  നടത്തിയത്.  കലിഗ്രഫിയുടെ പ്രചാരണത്തിനും പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിനും വേണ്ടി നടത്തിയ പരിപാടിയിൽ അറബിക്, ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നൂറിലധികം കലാകാരന്മാർ ഒരുക്കിയ ആയിരത്തിലേറെ അക്ഷര ഫ്രെയിമുകളും ഹാൻഡിക്രാഫ്റ്റുകളുമാണ് പ്രദർശനത്തിനെത്തിയത്.  കലിഗ്രഫിയിൽ കരവിരുത് തെളിയിച്ചരിൽ നിന്നും തിരഞ്ഞെടുത്തവയാണ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചത്. വ്യത്യസ്ത കഴിവുകളുള്ള കലാകാരന്മാരുടെ അക്ഷരപ്രേമത്തിൽ വിരിഞ്ഞ അതിമനോഹരമായ കലിഗ്രഫി ലിപികൾ കാഴ്ചക്കാരുടെ മനം കവർന്നു. അക്ഷരങ്ങളുടെ മനോഹാരിതയിലും രൂപങ്ങളുടെ സമന്വയത്തിലും മികവുറ്റതായിരുന്നു ഓരോ വരയും. ആധുനിക രീതിയിലുള്ള കലിഗ്രഫിയും പ്രമുഖ കലാകാരന്മാരുടെ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ കലാസൃഷ്ടികളും വോൾ ഫ്രെയിംസിലും, കപ്പ്, ഗ്ലാസ് പാത്രങ്ങൾ എന്നിവയിലും തീർത്ത കലിഗ്രഫിയും എക്‌സിബിഷനിൽ ഇടംപിടിച്ചു. സുലുസ്, ദിവാനി, റുക്കഅ്, ഫാരിസി, മോഡേൺ ആർട്ടായ സുമ്പുലി തുടങ്ങി കലിഗ്രഫിയുടെ ആയിരത്തിലേറെ അക്ഷരചിത്രങ്ങളും ഹാൻഡി ക്രാഫ്റ്റും അക്ഷര സ്‌നേഹികൾക്ക് വിരുന്നായി മാറി. ലൈവ് കലിഗ്രഫി റൈറ്റിങ്ങും ശ്രദ്ധേയമായി.  കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്കും ഈ രംഗത്ത് മുദ്ര പതിപ്പിക്കുകയും ചെയ്തവർക്ക് എക്സബിഷൻ പ്രചോദനമായി മാറി. 

literature-adin-academy-swalath-nagar-melmuri-malappuram-calligraphy-exhibition
മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കലിഗ്രഫി പ്രദർശനം

അക്ഷര കല ജനകീയമാക്കാൻ

വിദേശ രാജ്യങ്ങളിലെ പള്ളികളിലും വീടുകളിലും മ്യൂസിയങ്ങളിലും ചെയ്യുന്ന കലിഗ്രഫി മലയാളികളെയും പരിചയപ്പെടുത്തുകയെന്നതാണ് എക്സിബിഷന്റെ ഉദ്ദേശ്യമെന്ന് സംഘാടകർ പറഞ്ഞു. ഇസ്‌ലാമിക വാസ്തു കലയിൽ പ്രധാന ഇനമായ കലിഗ്രഫി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരമുണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വ്യാപനം കുറവാണെന്നും പഴയകാലത്ത് പള്ളികളിലും ചുമരുകളിലും കൊത്തിവച്ചിരുന്ന ഈ ലിപികൾക്ക് പുനർജന്മം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എക്സിബിഷനിൽ പങ്കെടുത്ത കലാകാരന്മാർ പറഞ്ഞു.

2009ൽ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിന്റെ ചുമരിൽ കലിഗ്രഫി ലിപി എഴുതാൻ മൂന്ന് കോടി രൂപയാണ് ഇസ്താംബൂളിലെ പ്രമുഖ കലിഗ്രഫിസംഘം ആവശ്യപ്പെട്ടിരുന്നതെന്നും ഈ സാഹചര്യത്തിൽ മലയാളികൾ കലിഗ്രഫി പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയാണ് ഇത്തരമൊരു എക്സിബിഷൻ സംഘടിപ്പിച്ചതെന്നും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു.

special-feautre-adin-academy-swalath-nagar-melmuri-malappuram-calligraphy-exhibition
മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കലിഗ്രഫി പ്രദർശനം

അക്ഷര വടിവിന്റെ മഹിമ

ഭാഷയുടെ ദൃശ്യാത്മകതയ്ക്ക് മനോഹര ഭാഷ്യം നൽകുകയാണ് കലിഗ്രഫി ചെയ്യുന്നത് .ഭാഷയുടെ കല സാഹിത്യം മാത്രമല്ല അക്ഷര കലയും ഭാഷയുടെ ഒരു മൂഖമാണ്. ഇന്ത്യൻ ഭരണഘടന തയാറായിക്കഴിഞ്ഞപ്പോൾ അതിന്റെ കയ്യെഴുത്തു പ്രതി ഉണ്ടാക്കാൻ ജവാഹർ ലാൽ നെഹ്റു പ്രശസ്ത കലിഗ്രഫറായ പ്രേം ബിഹാറി നരേൻ റെയിസദ എന്നയാളിനെയാണ് ഏൽപിച്ചത്. ആയിരം വർഷത്തിലധികം കാലം കേടു പറ്റാതെയിരിക്കുന്ന കടലാസിൽ 250ലധികം പേജുകളിൽ രണ്ടര വർഷം കൊണ്ടാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്.മലയാളത്തിലെ പ്രമുഖ കലിഗ്രഫർ ആർട്ടിസ്റ്റ് ഭട്ടതിരി ആണ്. ചൈനയിലെ കലിഗ്രഫി ശിലാപാർക്കിൽ മലയാളത്തിൽ ഭട്ടതിരിയുടെ ഒരു രചന സ്ഥാനം പിടിച്ചട്ടുണ്ട്. പൂന്താനത്തിന്റെ വരികളാണ് അതിൽ ഉപയോഗിച്ചിട്ടള്ളത്. അക്ഷരങ്ങൾക്ക് ഒരു അനാട്ടമി ഉണ്ടെന്നും ആ അനാട്ടമി ഉപയോഗിച്ച് അക്ഷരങ്ങളെ ഭംഗിയാക്കുകയാണ് ഒരു കലിഗ്രഫർ ചെയ്യുന്നതെന്നുമാണ് ആർട്ടിസ്റ്റ് ഭട്ടതിരിയുടെ വിലയിരുത്തൽ.

English Summary : Calligraphy Exhibition at Madin Academy Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;