ആമുഖമോ അടിക്കുറിപ്പോ വേണ്ടാത്ത കവിതകള്‍; താങ്ങും തണലും വേണ്ടാത്ത ജീവിതത്തിന്റെ നട്ടെല്ല്

P Raman and M R Renukumar
പി. രാമൻ, എം. ആർ. രേണുകുമാർ
SHARE

കവിതയുടെ ജനാധിപത്യ റിപ്പബ്ലിക്കിലെ ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധികളാണ് പി.രാമനും എം.ആര്‍.രേണുകുമാറും. 2019-ലെ സാഹിത്യ അക്കാദമി പുരസ്കാരാത്തിലൂടെ അംഗീകരിക്കപ്പെട്ട കവികള്‍. 

വൈവിധ്യങ്ങളെ അംഗീകരിക്കുന്നവരും ഭാവുകത്വത്തിന്റെ വ്യത്യസ്ത വഴികളിലൂടെ ഭയമില്ലാതെ കവിതയെ നയിക്കുന്നവരും. മുഖ്യധാരയോട് വിയോജിക്കുമ്പോഴും സ്വന്തമായൊരു കാവ്യഭാഷ രൂപപ്പെടുത്തി നവീനമായ ഭാവുകത്വത്തെ സൃഷ്ടിച്ചവര്‍. ഈണവും താളവും നഷ്ടപ്പെട്ട് ജനകീയത പഴങ്കഥയായെങ്കിലും ഗദ്യകവിതയിലൂടെ പുതിയ തലമുറയുടെ ഇഷ്ടം നേടിയവര്‍. 

കവിതയെക്കുറിച്ചു നൂറ്റാണ്ടുകളായുള്ള ഭാവ ഗാംഭീര സിദ്ധാന്തങ്ങളെ തുറന്നെതിര്‍ത്താണ് പി. രാമന്‍ സ്വന്തം കവിതയെ മലയാളത്തിനു സമര്‍പ്പിച്ചത്. വലുതായെന്തെങ്കിലും വേണം കവിതയില്‍ എന്ന ഉറച്ച ധാരണയെ അതിലംഘിച്ചതും. ഒരിക്കല്‍ കവിത മൂല്യങ്ങളെ കെട്ടിപ്പുണര്‍ന്നു. ആധുനികതയുടെ കാലത്ത് മൂല്യനിരാസങ്ങളില്‍ അഭിരമിച്ചു. ഈ രണ്ടു വഴികളോടും വിയോജിക്കുന്നുണ്ട് രാമന്‍. ധര്‍മ്മ- മൂല്യങ്ങളെക്കുറിച്ച് ആധികൊള്ളാത്ത ഒരു തലമുറയുടെ പ്രതിനിധിയായി നിന്ന്, ധാര്‍മ്മിക ഊന്നലുകളില്ലാതെ കവിത എഴുതുന്നു. 

സൂര്യന്‍ ഉണക്കിസൂക്ഷിക്കുന്ന ഗ്രാമത്തില്‍ 

ചാണകം മെഴുകിയ മുറ്റത്ത് 

ഉണക്കാനിട്ട കൊണ്ടാട്ടത്തിന് 

ഉച്ചമയക്കത്തെയാട്ടിയോടിച്ച് 

കാവലിരിക്കുന്നു 

ഒരമ്മൂമ്മ.  ( ജാഗ്രത ) 

ധാര്‍മ്മികതയോ അധാര്‍മ്മികതയോ അല്ലാത്ത, കാല്‍പനികമോ അകാല്‍പനികമോ അല്ലാത്ത, സുന്ദരമോ വിരൂപമോ അല്ലാത്ത ഒരു കവിതയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് രാമന്‍ നടത്തുന്നത്. 

ഉള്‍വലിഞ്ഞ് ഞാനെന്റെ എല്ലില്‍ചെന്നു തട്ടിയപ്പോള്‍ ഉയിരും കോച്ചും വിധമൊരു ശബ്ദമുണ്ടായതാണ് തന്റെ കവിതയെന്ന് രാമന്‍. സ്നേഹമോ പ്രണയമോ വാത്സല്യമോ നിഷ്കളങ്കതയോ എന്തുമാകട്ടെ. ഉള്ളില്‍ക്കൊണ്ടുനടന്ന എല്ലാ സങ്കല്‍പങ്ങളെയും പരുക്കനെന്നു തോന്നുന്ന ഭാഷയില്‍ പുതുക്കിപ്പണിയുന്നുണ്ട് രാമന്‍. വ്യത്യസ്തമായൊരു നിര്‍മാണ കൗശലം. സൂക്ഷ്മവായനയില്‍ മാത്രം വെളിവാകുന്നു രാമന്റെ കവിതയുടെ ഫലശ്രുതി. 

poet-p-raman
പി. രാമൻ

മൂന്നു വരികളേയുള്ളൂ ‘അപ്പു ഒടുന്ന വഴി’ എന്ന കവിതയില്‍. എന്നാല്‍ ആമുഖമോ അടിക്കുറപ്പോ ഇല്ലാതെ, വിശദീകണം ഇല്ലാതെ, മുഴങ്ങുന്ന വാക്കുകളും താളവൈവിധ്യവും ഇല്ലാതെ അനായാസം കവിത സംവേദിക്കുന്നു. 

എല്ലാ പാമ്പുകളും ഒന്നിച്ച് 

തല പിന്നാക്കം വലിച്ചു 

അപ്പു ഓടുന്ന വഴിയില്‍ നിന്ന് (അപ്പു ഓടുന്ന വഴി) 

*******                        

മുഖ്യധാരയില്‍ നിന്ന് വഴിമാറുന്നതിനൊപ്പം അരികുകളില്‍ ജീവിക്കുന്നവരെ കവിതയോട് ചേര്‍ത്തുനിര്‍ത്തിയ കവിയാണ് എം.ആര്‍. രേണുകുമാര്‍. 

ഏതോ ലോകത്ത്, ആരോ ഒരാള്‍, എഴുതാതെ വിട്ട, കവിതയെന്‍ കവിത 

എന്നതാണ് സ്വന്തം കവിതയ്ക്ക് കവി നല്‍കിയ നിര്‍വചനം. കവിതയുടെ മഹാനദി കാണാതെപോയ കുഞ്ഞരുവികളെ, വെളുപ്പിന്റെ സൗന്ദര്യത്തില്‍ ശ്രദ്ധിക്കാന്‍ മറന്ന കറുപ്പിനെ, ആഘോഷിക്കുമ്പോഴും സൗകര്യപൂര്‍വം വിസ്മരിച്ച ദളിത് ജീവിതത്തെ രേണുകുമാര്‍ കവിതയ്ക്കു വിഷയങ്ങളാക്കി. 

എത്രയിറുത്തുകളഞ്ഞാലും തഴയ്ക്കാതിരിക്കാനാവില്ലല്ലോ നീതിക്കുവേണ്ടിയുള്ള മുളപ്പുകള്‍ക്കു പിന്നെയും എന്ന ചിന്തയില്‍ ആത്മവിശ്വാസം തേടി. 

വായിച്ച ചരിത്രത്തിലൊന്നും സ്വന്തം വംശത്തിന്റെ ചരിത്രം കാണാതെ പോയവരെക്കുറിച്ച് ഓര്‍മിപ്പിച്ചിട്ടുണ്ട് പൊയ്കയില്‍ അപ്പച്ചന്‍. വിസ്മരിക്കാന്‍ വിധിക്കപ്പെട്ട വംശചരിത്രത്തെ രേണുകുമാര്‍ കവിതയില്‍ അടയാളപ്പെടുത്തുന്നു; എല്ലുറപ്പുള്ള ഭാഷയില്‍. മുമ്പൊരിക്കലും കാണാത്തവര്‍ക്കൊപ്പം. ഇനിയൊരിക്കലും കാണാനിടയില്ലാത്തവര്‍ക്കൊപ്പം. 

പേടിയാല്‍ നീറി 

പിന്നോട്ട് നീങ്ങി നീങ്ങി 

ഇരുളില്‍ തട്ടിനിന്നു 

വിറപൂണ്ട ഉടലും 

ഉള്ളിലുലയും 

കരിന്തിരിവെട്ടവും. 

ഇരുളു കീറി കൈയെത്തിച്ച് 

പിന്നില്‍നിന്ന് 

ആരെങ്കിലുമൊന്ന് 

ചേര്‍ത്തുപിടിച്ചിരുന്നെങ്കില്‍ (ഒറ്റയ്ക്കൊരുവള്‍). 

m-r-renukumar
എം. ആർ. രേണുകുമാർ

അസ്വസ്ഥമായ ലോകത്തിന് കവിതയിലൂടെ സ്വസ്ഥത കണ്ടെത്താനുള്ള ശ്രമമല്ല രേണുകുമാറിന്റെ കവിത; കൂടുതല്‍ അസ്വസ്ഥതകളിലേക്ക് ഉണര്‍ത്താനുള്ള ശ്രമം. പുതിയൊരു ഭാഷയിലൂടെ, ജീവിതത്തിന്റെ വ്യത്യസ്ത മുഖം അനാവരണം ചെയ്ത്, പുതിയൊരു ലാവണ്യബോധം സൃഷ്ടിക്കാനുള്ള ശ്രമം. 

കൈതയുടെ പച്ചയെ 

പച്ചയെന്നു വിളിച്ചാല്‍ പോരാ 

കരിമ്പച്ച എന്നുവേണം വിളിക്കാന്‍ 

അമ്മിണിയുടെ കറുപ്പിനെ

കറുപ്പ് എന്നു വിളിച്ചാല്‍ പോരാ 

കരിങ്കറുപ്പ് എന്നുവേണം വിളിക്കാന്‍ (ആണമ്മിണി).

English Summary: P Raman and M R Renukumar won Sahitya Akademi Award for poetry 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;