ADVERTISEMENT

2013 ജൂലൈ അവസാന ആഴ്ചയിലാണ്, ഗബ്രിയേൽ റോസൻ സ്റ്റോക് വിളിക്കുന്നത്; ആഗ്രഹിച്ചിരുന്നതു പോലെ കവി ഷേമസ് ഹീനിയെ കാണാൻ അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ഷേമസ് ക്ഷീണിതനാണ്, എങ്കിലും അടുത്ത പ്രാവശ്യം ഡബ്ലിനിൽ വരുമ്പോൾ കാണാമെന്നാണ് അറിയിച്ചിരിക്കുന്നത്. സുഹൃത്തും കവയിത്രിയുമായ അനിതാ തമ്പിയാണ് ഗബ്രിയേലിനെ പരിചയപ്പെടുത്തുന്നത്. അറിയപ്പെടുന്ന ഐറിഷ് എഴുത്തുകാരനും, വിവർത്തകനുമാണ് ഗബ്രിയേൽ. സച്ചിദാനന്ദൻ മാഷിന്റെ നിരവധി കവിതകൾ ഐറിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും, ഇന്ത്യയിലെ വിവിധ സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ഇഷ്ട കവികളിൽ ഒരാളുമാണ്. 

 

ഷേമസ് ഹീനിയുടെ ദ് ഡെത്ത് ഓഫ് നാച്ചുറലിസ്റ്റ്, വിന്ററിങ് ഔട്ട് തുടങ്ങിയവ വായിച്ച് കവിതകളിൽ ലഹരിപൂണ്ട കാലം. സമരത്തിന്റെയും കർഷകന്റെയും സാഹോദര്യത്തിന്റെയും തുടിപ്പുകൾ ഹൃദയം കൊണ്ട് നുണയുവാൻ ആവശ്യപ്പെടുന്നതായിരുന്നു വാക്കുകൾ. കവിയെ കാണണമെന്ന് ഉൽക്കടമായ ആഗ്രഹം. ആ ആഗ്രഹമാണ് ഗബ്രിയേൽ റോസൻ സ്റ്റോക്കിലൂടെ സാധിക്കാൻ പോകുന്നത് എന്നോർക്കുമ്പോൾ മനസ് ആഹ്ലാദം കൊണ്ടു നിറഞ്ഞു. 

lesly-withgabriel
ഡോ. ജോർജ് ലെസ്‍ലി ഗബ്രിയേൽ റോസൻ സ്റ്റോക്കിനൊപ്പം

 

പക്ഷേ!, എനിക്കു കാണാൻ നിന്നു തരാതെ പ്രിയപ്പെട്ട കവി ഷേമസ് ഹീനി ആ ആഗസ്റ്റ് 13നു വിട്ടു പോയി. ഐറിഷ് ജനതയുടെ ഹൃദയതുടിപ്പായി മാറിയിരുന്നു ഷേമസ് ഹീനി. ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കവികളിലൊരാളായി ലോകമെങ്ങും അറിയപ്പെട്ടു. 20ൽ അധികം കവിതാസമാഹാരങ്ങളും നിരവധി വിവർത്തനങ്ങളും നിരൂപണങ്ങളും അദ്ദേഹത്തിന്റതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

 

അസ്വസ്ഥത ബാധിച്ച, കലാപഭൂമിയായിരുന്ന വടക്കൻ അയർലണ്ടിലെ കാസിൽ ഡാവ്സനിൽ 1939 ഏപ്രിൽ പതിമൂന്നിനാണ് കവിയുടെ ജനനം. ഒമ്പതു മക്കളിൽ ആദ്യത്തവനായിരുന്നു ഷേമസിന്റെ പിതാവ്. ഒരു കർഷകൻ. പഠനത്തിൽ മിടുക്കനായിരുന്നു ഷേമസ് എന്നതിനാൽ പിതാവ് പഠിപ്പിക്കുന്നതിനു താൽപര്യം കാട്ടി. ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. ഇംഗ്ലീഷ് കവിയായിരുന്ന ടെഡ് ഹ്യൂഗ്സിന്റെ സ്വാധീനമാണ് തന്നെ കവിതയിലേക്ക് എത്തിച്ചതെന്ന് ഷേമസ് തന്നെ രേഖപ്പെടുത്തുന്നുണ്ട്.

 

അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷേമസ് ഹീനി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും ഓക്സ്ഫോർഡിലും പ്രഫസറായി പ്രവർത്തിച്ചിട്ടുണ്ട്. ഓക്സ്ഫോർഡിൽ കവിതാവിഭാഗത്തിന്റെ തലവനായി കുറേക്കാലം സേവനമനുഷ്ഠിച്ചു. ഷേമസിന്റെ ദ് ഡെത്ത് ഓഫ് നാച്ചുറലിസ്റ്റ്, 1966ൽ ഫേബർ ആന്റ് ഫേബർ പ്രസാധകരാണ് പ്രസിദ്ധീകരിക്കുന്നത്. പിന്നീട് നോർത്ത്, ഡോർ ടു ഡാർക് തുടങ്ങിയ സൃഷ്ടികൾ ഷേമസിന്റെ പ്രശസ്തി അതിരുകളില്ലാതെ വളർത്തി. 1995 ലാണ് നോബേൽ പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുന്നത്.

 

ദ് ഡെത്ത് ഓഫ് നാച്ചുറലിസ്റ്റ് എന്ന സമാഹാരത്തിലെ ദ് ഡിഗ്ഗിങ് എന്ന കവിത ഏറെ ആകർഷിച്ചിട്ടുണ്ട്. ഐറിഷ് പാരമ്പര്യത്തിന്റെ ഭാഗമായ കാർഷിക വൃത്തിയുടെ വിശുദ്ധി, ഷേമസിന്റെ ഈ കവിതയിൽ കാണുന്നുണ്ട്. തോക്കു പോലെ ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിലെ തൂലിക, അതിന്റെ കരുത്ത്, കർഷകന്റെ കയ്യിലെ കൈക്കോട്ടു പോലെ.. എത്ര മനോഹരമായ ബിംബങ്ങളാണ് കവി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതു മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. ദ് ഡിഗ്ഗിങ്ങിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇതോടൊപ്പം.

 

ദ് ഡിഗ്ഗിങ്

 

എന്റെ ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിൽ 

തൂലികയിരിപ്പുണ്ട്, തോക്ക് പോലെ..

ജനലിനു താഴെ ഉഴുതിട്ട മണ്ണിലേക്കു വീഴുമ്പോഴുള്ള 

കൈക്കോട്ടിന്റെ സ്വസ്ഥമല്ലാത്ത ശബ്ദം

ഞാൻ താഴേയ്ക്കു നോക്കി

എന്റെ പിതാവ്

ആഞ്ഞ് കുഴിക്കുകയാണ്,

 

തളിരിടുന്ന ഉരുളക്കിഴങ്ങുകൾക്കിടയിൽ നിന്നും

താളനിബദ്ധമായ പേശികളുടെ വലിഞ്ഞുമുറുകലോടെ

വീണ്ടും കുഴിക്കുകയാണ്..

 

പരുക്കൻ ബൂട്ടുകൾ കൊണ്ടു ചവുട്ടിത്താഴ്ത്തിയ

കൈക്കോട്ടിന്റെ,യുരുളൻ മരത്തടിയിൽ

മുറുകെ പിടിച്ചു,റപ്പിച്ച്

പറിച്ചെടുത്ത,യുരുളൻക്കിഴങ്ങുകളുടെ

സ്നേഹമസൃണമാം, തണുത്ത കാഠിന്യത്തെ

കൈകളിൽ നിറച്ച്..

 

എന്റെ ദൈവമേ,

പ്രപിതാമഹനെ പോലെ തന്നെ

ആ വൃദ്ധനും സാധിക്കുന്നുണ്ട്;

കൈക്കോട്ടുപയോഗിച്ച്

മണ്ണിലാഞ്ഞ് കുഴിക്കുവാൻ.

 

എന്റെ മുത്തച്ഛനു,മിതേ

കൃഷിഭൂമിയിൽ കിളച്ചു

ഒരിക്കൽ, ഞാനദ്ദേഹത്തിന്

കടലാസ് തിരുകിയ,യൊരു

കുപ്പി നിറയെ

പാൽ കൊണ്ടു വന്നു കൊടുത്തു,

മുത്തച്ഛനതു കുടിക്കുന്നതിനിടയിൽ

തുളുമ്പിയ പാൽ, തോളുകളിലൂടെ

യൊഴുകി വീണു

കൃഷിഭൂമി നനഞ്ഞു

മുത്തച്ഛനും മണ്ണിൽ

കുഴിക്കുകയായിരുന്നു..

 

മണ്ണിലലിഞ്ഞ് ചേർന്ന

യുരുളൻക്കിഴങ്ങിന്റെ

തണുത്ത ഗന്ധം

എന്റെ

ശിരസിലേയ്ക്കു വളരുന്ന

വേരുകളെ,യുണർത്തുന്നു.

 

എന്റെ പിതാക്കൻമാരേ,

യനുഗമിക്കുവാൻ

എനിക്ക്

അവരെ പോലെ കൈക്കോട്ട് ഇല്ലല്ലോ,

 

എന്റെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ

തൂലികയിരിപ്പുണ്ട്,

ഒരു തോക്കു പോലെ.

 

English Summary: Dr George Leslie remembering Irish poet Seamus Heaney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com