കൊണ്ടും കൊടുത്തും വളർന്നതാണു മലയാള സിനിമയും മലയാള സാഹിത്യവും തമ്മിലുള്ള ബന്ധം. തകഴിയുടെയും കേശവദേവിന്റെയും പൊൻകുന്നം വർക്കിയുടെയുമൊക്കെ മികച്ച കൃതികൾ സിനിമയായപ്പോൾ മലയാളികൾ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരുന്നു. ആ ഒരു പട്ടികയിലേക്കിതാ പുതിയൊരു സിനിമ. ജി.ആർ.ഇന്ദുഗോപൻ എഴുതിയ ‘വിലായത്ത് ബുദ്ധ’ എന്ന ചെറുകഥ സിനിമയാകുമ്പോൾ സാഹിത്യത്തിൽ നിന്നുള്ള മറ്റൊരു കടംകൊള്ളലാകും.
നവാഗത സംവിധായകനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായക കഥാപാത്രമായ ഡബ്ൾ മോഹനനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. മറയൂരിലെ ചന്ദനക്കടത്തിനെ പ്രമേയമാക്കി ഇന്ദുഗോപൻ എഴുതിയ നീണ്ടകഥയായിരുന്നു വിലായത്ത് ബുദ്ധ. കഥ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അത് സിനിമയാക്കാൻ ആദ്യം താൽപര്യം കാണിച്ചത് സംവിധായകൻ സച്ചിയായിരുന്നു. അയ്യപ്പനും കോശിക്കും ശേഷം സച്ചി ഇതു ചെയ്യാനിരിക്കെയായിരുന്നു അകാലത്തിലുള്ള വിയോഗം. സച്ചിയുടെ ശിഷ്യനായ ജയൻ ഈ പ്രൊജക്ടുമായി മുന്നോട്ടുപോകുകയായിരുന്നു. ജയനും ഇന്ദുഗോപനും ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഹരിശ്രീ അശോകനെ നായകനാക്കി ‘ഒറ്റക്കയ്യൻ’ എന്ന ചിത്രം സംവിധാനം ചെയ്താണ് ഇന്ദുഗോപൻ സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.

മലയാളത്തിൽ ഇറങ്ങുന്ന മികച്ച കഥകളും നോവലുകളുമൊക്കെ സിനിമായാക്കാൻ സംവിധായകർ പ്രത്യേകം താൽപര്യം കാണിക്കാറുണ്ട്. ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ ആണ് സാഹിത്യപ്രേമികളും സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസിയാണ് ‘ആടുജീവിതം’ സിനിമയാക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് കോവിഡ് പടരുന്നതും ചിത്രീകരണം മുടങ്ങുന്നതും. സിനിമയ്ക്കുവേണ്ടി പൃഥ്വിരാജ് തടികുറച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം ബ്ലസിയൊരുക്കുന്ന ചിത്രമാണ് ആടുജീവിതം.
ഉണ്ണി ആർ എഴുതിയ 3 കഥകളാണ് അടുത്തിടെ സിനിമയായത്. ലീല എന്ന കഥ രഞ്ജിത്തായിരുന്നു സിനിമയാക്കിയത്. ബിജുമേനോൻ നായകനായ ചിത്രം സാമ്പത്തികമായി രക്ഷപ്പെട്ടിരുന്നില്ല. പ്രതി പൂവൻ കോഴി എന്ന ബിഗ് സ്ക്രീനിലേക്കു കൊണ്ടുവന്നത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. മഞ്ജുവാരിയർ ആയിരുന്നു നായിക. ‘വാങ്ക്’ എന്ന വിവാദ കഥ സിനിമയാക്കിയത് കാവ്യ പ്രകാശ് ആയിരുന്നു. കോവിഡിനു മുൻപ് ചിത്രീകരിച്ച സിനിമ അടുത്തിടെയാണു തിയറ്ററിലെത്തിയത്. സംവിധായകൻ വി.കെ.പ്രകാശിന്റെ മകളാണ് കാവ്യ.

അശോകൻ ചരുവിൽ എഴുതിയ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചെറുകഥ കാളിദാസ് ജയറാമിനെ നായകനാക്കി സിനിമയിലേക്കു കൊണ്ടുവന്നത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. ചെറുപ്പക്കാർ അണിനിരന്ന ചിത്രം ബോക്സ് ഓഫിസിൽ വലിയ കിലുക്കമൊന്നുമുണ്ടാക്കിയിരുന്നില്ല.

എന്നാൽ ടി.പി.രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്നീ പ്രശസ്ത നോവലുകൾ രഞ്ജിത്ത് സിനിമയാക്കിയപ്പോൾ വൻ ഹിറ്റായിരുന്നു. മമ്മൂട്ടിയായിരുന്നു പാലേരി മാണിക്യത്തിലെ നായകൻ. കെടിഎൻ കോട്ടൂരിന്റെ ജീവിതം ‘ഞാൻ’ എന്ന പേരിൽ സിനിമയാക്കിയപ്പോൾ ദുൽഖർ സൽമാൻ ആയിരുന്നു നായകൻ.
English Summary: Malayalam movies adapted from short stories