നാടകം കാണാനെത്തിയ കാട്ടാന; ഗ്രാമീണ ഗായകനായ ഇളയരാജ

jose-vettikkuzha-book
SHARE

നാടകത്തെക്കാൾ സംഭ്രമജനകവും സസ്‌പെൻസ് നിറഞ്ഞതുമാണു ഹൈറേഞ്ച് മലനിരകളിലെ ജീവിതം. അവികസിതഘട്ടത്തിൽ കാട്ടാനയും കാട്ടുതേളുകളും വിഹരിക്കുന്ന ഭീതി പരത്തുന്ന വേദി. ഇത്തരം വെല്ലുവിളികളെ നേരിട്ടു ഹൈറേഞ്ചിൽ നാടകവും ഒരു കൂട്ടം നാടകകലാകാരന്മാരും വളർന്നു വികസിച്ച സംഭ്രമജനകമായ ചരിത്രം പുതുതലമുറയ്ക്കായി പങ്കുവയ്ക്കുകയാണു നാടക പ്രവർത്തകൻ ജോസ് വെട്ടിക്കുഴ. 

ഹൈറേഞ്ചിന്റെ ഉൾപ്രദേശമായ മുരിക്കാശേരിക്കു സമീപം പതിനാറാംകണ്ടത്തു നടന്ന ആദ്യകാല നാടക അവതരണത്തിന്റെ ചരിത്രം തന്നെ പുതുതലമുറയ്ക്കു മുൻപിൽ വിസ്മയ കർട്ടനൊരുക്കും. ജീവിതം ഒരു കൊടുങ്കാറ്റ് എന്നതായിരുന്നു നാടകത്തിന്റെ പേര്. നാടക അവതരണവും പേരുപോലെ തന്നെയായി. നാടകം തുടങ്ങി രണ്ടു രംഗം കഴിഞ്ഞപ്പോൾ കാണികൾ കാട്ടാനയുടെ ചൂര് തിരിച്ചറിഞ്ഞു. സമീപത്തെവിടയോ കാട്ടാന എത്തിക്കഴിഞ്ഞു. ആനയുടെ വരവ് തിരിച്ചറിഞ്ഞ കാണികൾ ജാഗരൂകയായി. അവർ ആനയെ ഓടിച്ചു. കാണികൾ മാത്രമല്ല, നാടകം ഇടയ്ക്കു വച്ചു അവസാനിച്ചു കഥാപാത്രങ്ങളും മേക്കപ്പോടെ ഇറങ്ങിവന്നു ആനയെ ഓടിക്കാൻ. ആനയെ ഓടിച്ചു വിട്ടശേഷം കാണികൾ സദസ്സിലിരുന്നു. അഭിനേതാക്കൾ വേദിയിൽ കയറി നാടകം തുടർന്നു. നോക്കുക ജീവിതം ഒരു കൊടുങ്കാറ്റ് തന്നെയല്ലേ.?

പുതുതലമുറയ്ക്കു അജ്ഞാതമായ ഇത്തരം കൗതുക നാടക ചരിത്രവുമായി ഇടുക്കിയുടെ നാടകവഴികൾ എന്ന പേരിൽ പുസ്തകവും ജോസ് വെട്ടിക്കുഴ പുറത്തിറക്കി കഴിഞ്ഞു. ഇന്നു പ്രസിദ്ധരും പ്രമുഖരുമായ പലരും പഴയകാലത്തു ഇടുക്കിയുടെ മണ്ണിൽ കലാപ്രവർത്തനവുമായെത്തിയതിന്റെ ചരിത്രവും നമുക്കു ഇടുക്കിയുടെ നാടകവഴികളിൽ വായിക്കാം.

ഉദാഹരണത്തിന് സുപ്രസിദ്ധ തമിഴ് സംഗീതജ്ഞൻ ഇളയരാജ. 1958 ലെ ഉപതിരഞ്ഞെടുപ്പിൽ മൂന്നാർ, ശാന്തൻപാറ,പാമ്പാടുംപാറ തുടങ്ങിയ തമിഴ് മേഖലകളിൽ സ്ഥാനാർഥി റോസമ്മ പുന്നൂസിന്റെ സ്വീകരണ പരിപാടികൾക്കു മുൻപായി വേദിയിൽ സാക്ഷാൽ ഇളയരാജ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇന്നത്തെയത്രയും പ്രശസ്തനാകുന്നതിനു മുൻപെ ഒരു ഗ്രാമീണ പാട്ടുകാരനായി ഇടുക്കിക്കാരുടെ പ്രിയകലാകാരനായിരുന്നു ഇളയരാജ. ഇളയരാജയ്ക്കു കേരളവുമായി ഈ പഴയബന്ധം അറിയാവുന്നവർ ചുരുക്കം.

കുടിയേറ്റത്തിന്റെ അരക്ഷിതാവസ്ഥയെ ഒരു വിധം മലയോരവാസികൾ നേരിട്ടു തോൽപിക്കുമ്പോഴാണു കുടിയിറക്കിന്റെ ഭീഷണി വരുന്നത്.

കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്നു ചിത്രീകരിച്ചുകൊണ്ടുള്ള ശ്രമമായിരുന്നിത്. ഇതിനെതിരെ വിവിധ സാമൂഹ്യ–മത സംഘടനകളുടെ നേതൃത്വത്തിൽ പലവിധ സമരങ്ങളുണ്ടായി. അന്നു കുടിയേറ്റക്കാർക്കൊപ്പം ഇതേ വിഷയത്തിൽ വിവിധ നാടകങ്ങളുമായി കലാകാരന്മാർ ഒരുമിച്ചു നിന്നു.

കുടിയേറ്റ കർഷകർ കാട്ടുജീവികളോടും മലമ്പാമ്പിനോടും പകർച്ചവ്യാധികളോടും ഒപ്പം അധികാരികളുടെ ഭീഷണികൾക്കും എതിരെ പോരുതിയതു നാടകത്തിൽ കൂടിയായിരുന്നു. ഇതിനു മുന്നിട്ടു നിന്ന നിരവധി കലാകാരന്മാരെയും ജോസ് വെട്ടിക്കുഴ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നു. കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ചുമതലപ്പെട്ട പൊലീസുകാരനും ഒഴിപ്പിക്കലിനെതിരെ നാടകം കളിക്കാനുളള കലാകാരനും, തകർന്ന റോഡിലൂടെ ഒരേ വാഹനത്തിൽ ഹൈറേഞ്ചിന്റെ ഗ്രാമങ്ങളിൽ പരസ്പരം അറിയാതെയും അറിഞ്ഞും വന്നിറങ്ങുന്ന സസ്‌പെൻസ് ഒന്നോർത്തു നോക്കുക. ഹൈറേഞ്ചിലെ ആദ്യകാല നാടകസമിതികളെയും കലാകാരന്മാരെയും സാധിക്കുന്നത്ര പരിചയപ്പെടുത്താനും ജോസ് വെട്ടിക്കുഴ ശ്രമിക്കുന്നു. 

പലപ്പോഴും കേരളത്തിന്റെ തന്നെ നാടകചരിത്രത്തിൽ കർട്ടനു പിന്നിലൊളിപ്പിക്കപ്പെട്ട വേദനിപ്പിക്കുന്ന സത്യങ്ങൾ അരങ്ങത്ത് വീണ്ടും എത്തുകയാണു ഈ പഴയകാല നാടകപ്രവർത്തകന്റെ ഓർമകളിലൂടെ. പഴയതലമുറയുടെ സമ്പന്നമായ ഓർമകൾ വീണ്ടെടുക്കാനാവാതെ നശിച്ചുപോകുന്നതിനു മുൻപു രേഖപ്പെടുത്തി വയ്ക്കാനുള്ളൊരു ശ്രമമാണ് തന്റേതെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ജോസ് വെട്ടിക്കുഴ പറയുന്നു. ഉപ്പുതറ മാട്ടുത്താവളത്ത് പാറേവെട്ടിക്കുഴയിൽ പീലിപ്പോസ് അന്നമ്മ ദമ്പതികളുടെ മകനായി 1955 ൽ ജനിച്ച ജോസ് 15 വയസ്സുമുതൽ നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കാഞ്ചായാർ പഞ്ചായത്തിലെ തൊപ്പിപ്പാളയിലാണ് ഇപ്പോൾ താമസം. കാലം കർട്ടനിട്ടു മറച്ച ഒരു സുവർണകാലഘട്ടത്തിന്റെ ഓർമകളെ വീണ്ടും വേദിയിൽ എത്തിക്കുകയാണു ഈ പഴയകാല നാടകപ്രവർത്തകൻ.

English Summary: Idukkiyude Nadakavazhikal book by Jose Vettikuzha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;