വിമതരായി മാറുന്ന സ്ത്രീകൾ, അവരുടെ ഇറങ്ങിനടപ്പുകൾ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • സ്ത്രീകളുടെ മനസ്സിലൂടെ യാത്ര ചെയ്യുന്ന എഴുത്തുകാരി- ജിസ ജോസ്
Jissa Jose
ജിസ ജോസ്
SHARE

മനസ്സിലെങ്കിലും, ഒരു നിമിഷമെങ്കിലും, ജീവിതത്തിൽ വിമതരായി മാറാത്ത സ്ത്രീകൾ ഇക്കാലത്തു ചുരുക്കമായിരിക്കും. അവർ ടാറിട്ട റോഡുകളും പേരിട്ട വഴികളും ഉപേക്ഷിച്ച് അജ്ഞാതദേശങ്ങളിലേക്ക് ഇറങ്ങിനടക്കുന്നവരാണ്. അത്തരം സ്ത്രീകളുടെ മനസ്സിലൂടെ യാത്ര ചെയ്യുന്ന എഴുത്തുകാരിയാണ് ജിസ ജോസ്. മുദ്രിത, ഡാർക് ഫാന്റസി (നോവലുകൾ), സർവ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ, ഇരുപതാം നിലയിൽ ഒരു പുഴ (കഥാസമാഹാരങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ. ജിസയുമായുള്ള സംഭാഷണത്തിൽനിന്ന്. 

മുദ്രിത ആരാണ്? ശരിക്കും അങ്ങനെയൊരാളുണ്ടോ? അതോ അത് എഴുത്തുകാരി തന്നെയാണോ? മറ്റ് ഒൻപതു സ്ത്രീകളുടെയും അനിരുദ്ധന്റെയും ഒരു തോന്നലാണോ മുദ്രിത? മുദ്രിതയ്ക്ക് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടാണല്ലോ നോവൽ അവസാനിക്കുന്നത്. എന്നെങ്കിലും മുദ്രിത പ്രത്യക്ഷപ്പെടുമോ?

മുദ്രിത ആരാണെന്ന് എനിക്കും അറിയില്ല. അങ്ങനെയൊരാളുണ്ടായിരുന്നേയില്ല എന്നു മാത്രം പക്ഷേ, പറയില്ല. എല്ലാ സ്ത്രീകളിലും ഏറിയും കുറഞ്ഞും മുദ്രിതയുടെ അംശങ്ങളുണ്ടായിരിക്കുമെന്നാണ് എന്റെ ശക്തമായ തോന്നൽ. എന്തായാലും എന്നിലുണ്ട്. വിലക്കുകൾക്കും പരിമിതികൾക്കും ഇടയിലായിരിക്കുമ്പോഴും വിദൂരദേശങ്ങളെ സ്വപ്നം കാണാനും അത്തരം സ്വപ്നങ്ങളിലേക്കു സമാനമനസ്കരെ കൂട്ടുചേർക്കാനും കഴിയുന്ന ഒരുവൾ. യാത്ര നടന്നുവെന്നൊന്നും വരില്ല, പക്ഷേ, യാത്ര ചെയ്യുന്നതിനെക്കുറിച്ചു സങ്കൽപിക്കുന്നതു തന്നെ എത്ര രസകരമായിരിക്കും. രണ്ടാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷേ, ഈ ചോദ്യം ഒരു സാധ്യതയാണ്. എന്നാലും അതിനു ശ്രമിക്കുമോ എന്നറിയില്ല. മുദ്രിതയെ എവിടെനിന്നു കണ്ടെടുക്കാനാണ്! വിളക്കണച്ചപ്പോൾ എങ്ങോട്ടു പോയെന്നറിയാത്ത വെളിച്ചമായിത്തന്നെയിരിക്കട്ടെ അവൾ.

mudritha-jissa-jose

സ്ത്രീജീവിതവുമായി ബന്ധപ്പെട്ട ഒരുപാടു മിത്തുകളും മറ്റും ഒഡീഷയുടെ പശ്ചാത്തലത്തിൽ ‘മുദ്രിത’ നോവലിൽ അവതരിപ്പിക്കുന്നുണ്ടല്ലോ. സാധാരണ വായനക്കാരന് ഇന്നും ഒഡീഷ എന്നു പറഞ്ഞാൽ പുരി ജഗന്നാഥ ക്ഷേത്രവും കൊണാർക് സൂര്യ ക്ഷേത്രവും അങ്ങേയറ്റം പോയാൽ ബിജു, നവീൻ പട്നായിക്കുമാരുമാണ്. അതിനപ്പുറത്തേക്കുള്ള ഒഡീഷയെ എങ്ങനെയാണു കണ്ടെത്തിയത്? അത്രമാത്രം ഗ്രാമീണമായ ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ നോവലിനായി എങ്ങനെയാണു തേടിപ്പിടിച്ചത്?

ചിത്രോത്പല എന്ന പേരു മാത്രമേ തുടക്കത്തിൽ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എപ്പോഴോ ഏതോ വായനയിൽ മനസ്സിൽ കുരുങ്ങിക്കിടന്ന ഒരു നദി. അവളെ പിന്തുടർന്നപ്പോഴാണു മുദ്രിതയുടെ സംഘം ഒഡീഷയിലേക്കാണു പോകേണ്ടതെന്നു തോന്നിയത്. ഒഡീഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കിട്ടാൻ പ്രയാസമായിരുന്നു. ഒഡീഷയുമായി ബന്ധപ്പെട്ട ചില കഥകളും മറ്റും കിട്ടാൻ സുഹൃത്ത് ജയരാജ് സഹായിച്ചു. രവീന്ദ്രന്റെ ‘അകലങ്ങളിലെ മനുഷ്യർ’ എന്ന യാത്രാവിവരണം കയ്യിലെത്തിയപ്പോഴാണു പല വിശദാംശങ്ങളും മനസ്സിലാക്കാനായത്. യോഗിനി ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ച ഓർമയും ഹിരാപുരിലെ യോഗിനി ക്ഷേത്രത്തെക്കുറിച്ചു വായിച്ച ഒരു ലേഖനവും മനസ്സിലുണ്ടായിരുന്നു. പിന്നെ പുതിയ കാലത്ത് എല്ലാവരെയും ഏറ്റവും ഉദാരമായി സഹായിക്കുന്ന ഗൂഗിൾ. തുടങ്ങുമ്പോൾ എനിക്കും കൊണാർക്കിനെക്കുറിച്ചു മാത്രമേ അറിയുമായിരുന്നുവെങ്കിലും ഒഡീഷയാണ് അവർക്കു പോകാനുള്ള ഇടം എന്നുറപ്പിക്കാനുള്ളതെല്ലാം വഴിയേ കണ്ടെടുക്കാനായി. അത്തരമൊരു സംഘത്തിന്, അവരുടെ മാനസികാവസ്ഥകൾക്ക് ഏറ്റവും ഇണങ്ങിയ സ്ഥലം.

ജിസയുടെ മിക്ക കഥകളിലും ‘മരണം’ ഒരു കഥാപാത്രമായി വരുന്നുണ്ട്. അതിൽ പലതും അസ്വാഭാവിക മരണങ്ങളുമാണ്. ‘ദണ്ഡവിമോചനം’, ‘പച്ച എന്ന പേരുള്ള വീട്’, ‘മരണത്തിന്റെ താക്കോൽ’, ‘സർവ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ’ തുടങ്ങിയ കഥകളിലും ‘ഡാർക് ഫാന്റസി’ നോവലിലും മരണങ്ങളും കൊലപാതകങ്ങളും തുടർച്ചയായി കടന്നുവരുന്നു. ഇതു ബോധപൂർവം സംഭവിക്കുന്നതാണോ?

എന്നെയും അദ്ഭുതപ്പെടുത്തുന്നുണ്ട് അക്കാര്യം. ബോധപൂർവം സംഭവിക്കുന്നതല്ല എന്നാണു തോന്നിയത്. മരണം എഴുത്തുകാരന്റെ/കാരിയുടെ വലിയൊരു സാധ്യതയാണ്. ഒരിക്കലും എത്ര ഒതുക്കാൻ ശ്രമിച്ചാലും വഴങ്ങിത്തരാത്ത, വന്യമായൊരു പിടച്ചിലാണത്. കഥയെ നിഗൂഢമായ ആഴങ്ങളിലേക്കു പിടിച്ചു വലിച്ചിടാൻ അതിനു കഴിയും. ആ ഇരുണ്ട ഭംഗി എന്നെ വശീകരിക്കാറുണ്ട്. സ്വന്തം കഥകളിൽ മാത്രമല്ല, മറ്റുള്ളവരുടെ കഥകളിലും. മറ്റൊന്ന്, കഥയെഴുത്തിനെ ഗൗരവമായി കണ്ടു തുടങ്ങിയ കാലത്ത് അടുപ്പിച്ചു ചില ശവസംസ്കാരങ്ങളിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. മരിച്ചവരോടു കാട്ടുന്ന ഏറ്റവും വലിയ നീതികേടാണു മരണാനന്തര ക്രിയകളും മരണവീട്ടിലെ ആൾക്കൂട്ടവും എന്നാണെനിക്കു തോന്നിയത്. എത്ര ലാഘവത്തോടെയാണു മരിക്കാത്തവർ മരണത്തെ, പ്രിയപ്പെട്ട ആളുടെ അഭാവത്തെ കാണുന്നത്. മരിച്ചയാൾക്കൊഴികെ മറ്റെല്ലാവർക്കും അത് ആഘോഷമാണ്. ദണ്ഡവിമോചനത്തിലെ മരണവീടൊക്കെ ശരിക്കും ഞാനനുഭവിച്ച ദൃശ്യങ്ങളാണ്. 

jissa-jose-books

സ്ത്രീജീവിതത്തിന്റെ പല അടരുകളാണ് ജിസയുടെ എഴുത്തിന്റെ പൊതുസ്വഭാവം. അതേസമയം, പുരുഷൻ ശത്രുവുമല്ല. എന്നാൽ സ്ത്രീഅവസ്ഥകൾ സംബന്ധിച്ചു ശക്തമായ ഒരു നിലപാട് തന്റെ എല്ലാ കൃതികളിലും കഥാകൃത്ത് എടുക്കുന്നുണ്ട്. അതേപ്പറ്റി വിശദീകരിക്കാമോ?

കൃത്യമായ വിശദീകരണം തരാൻ പറ്റുമോ എന്നറിയില്ല. സ്ത്രീ എന്ന നിലയിൽ നമ്മൾ അനുഭവിച്ചതൊക്കെ തന്നെയാവുമല്ലോ നമ്മുടെ ബോധത്തെയും നിലപാടുകളെയും സ്വാധീനിക്കുക. കേരളീയ സാഹചര്യങ്ങളിൽ ഒരു സ്ത്രീക്ക് മനസ്സിലെങ്കിലും ഫെമിനിസ്റ്റാവാതെയുള്ള ജീവിതം സാധ്യമാണെന്ന് എനിക്കു തോന്നുന്നില്ല. പുറമേക്ക് കാണിച്ചിട്ടില്ലെങ്കിലും ആന്തരികമായി മിക്കവാറും സ്ത്രീകൾ വളരെ സ്ഫോടനാത്മകമായ ആശയങ്ങൾ സൂക്ഷിക്കുന്നുണ്ട്. സ്ത്രീകൾ മാത്രമുള്ള ഇടങ്ങളിലെ സംഭാഷണങ്ങൾക്ക് ഒന്നു കാതോർത്താൽ മതി ഇതു മനസ്സിലാക്കാൻ. പുരുഷനല്ല ശത്രു, പുരുഷാധിപത്യ വ്യവസ്ഥിതിയാണെന്നു തിരിച്ചറിവുള്ളതു കൊണ്ടുതന്നെ ആണുങ്ങളെ ശത്രുവായി കാണാറില്ല. പുരുഷനെ അപേക്ഷിച്ചു കൂടുതൽ ആഴമുള്ളതാണ്, കൂടുതൽ ദുരൂഹമാണു സ്ത്രീകളുടെ മനസ്സെന്നാണ് എന്റെ നിരീക്ഷണം. 

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ, മലയാളത്തിൽ എഴുതുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഒരു തലമുറ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നു. കഥയാകട്ടെ, കവിതയാകട്ടെ, നോവലാകട്ടെ, മറ്റ് എഴുത്തുകളാകട്ടെ, സജീവമായി എഴുത്തിലുള്ള സ്ത്രീകൾ മുൻപെന്നത്തേക്കാളും കൂടുതലാണിന്ന്. അവരൊക്കെയും കാര്യമായി വായിക്കപ്പെടുന്നുമുണ്ട്. അത്തരമൊരു തരംഗത്തിന്റെ മുന്നിൽ നിൽക്കുന്നയാളെന്ന നിലയിൽ എങ്ങനെയാണ് ഇതു കാണുന്നത്?

വളരെ പോസിറ്റീവായ, സന്തോഷകരമായ കാര്യമാണത്. എഴുത്തുകാരായ സ്ത്രീകളെ കാണാതിരുന്ന, മുഖ്യധാരയിലുള്ള ഒന്നോ രണ്ടോ പേരെ മാത്രം ആഘോഷിച്ചിരുന്ന പ്രവണതയ്ക്കു മാറ്റം വന്നിരിക്കുന്നു. അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടും ശക്തമായ രാഷ്ട്രീയ ജാഗ്രത കൊണ്ടും സവിശേഷമായ രചനകൾ നടത്തുന്ന എഴുത്തുകാരികളെ അവഗണിക്കുക സാധ്യമാവാത്ത കാലാവസ്ഥയാണിപ്പോൾ. മുൻ കാലത്തു സാഹിത്യചരിത്രങ്ങളിലും വിമർശനങ്ങളിലുമൊക്കെ മുഴങ്ങിക്കേട്ട ആധികാരികമായ ആൺ ശബ്ദം വിസ്മൃതമായിക്കഴിഞ്ഞു. അവരാണു പണ്ട് എഴുത്തിന്റെ മൂല്യം നിർണയിച്ചിരുന്നത്. തമസ്കരണങ്ങൾ എളുപ്പമായിരുന്നു. പക്ഷേ, ഇപ്പോൾ വേറിട്ടതെങ്കിൽ ഓരോ ചെറിയ ഒച്ചയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. അവഗണന കൊണ്ടോ ഉദാസീനത കൊണ്ടോ അവയെ അമർത്താനും സാധിക്കില്ല. നവ മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടെന്നു കൂടി പറയട്ടെ.

നമ്മുടെ സാമൂഹികാവസ്ഥയിൽ ലഭ്യമായ സവിശേഷമായ ഒട്ടേറെ പ്രിവിലേജുകളുടെ സൗകര്യമനുഭവിച്ചാണ് ആൺ എഴുത്തുകാർ അവരുടെ സർഗസൃഷ്ടി നടത്തുന്നത്. സ്ത്രീകൾ എഴുതുമ്പോൾ ഇപ്പോഴും പുരുഷൻമാർ നേരിടേണ്ടി വരാത്ത ചോദ്യങ്ങളുണ്ടാകുന്നു, കുടുംബവ്യവസ്ഥയുടെ സമ്മർദങ്ങളുണ്ടാകുന്നു. എത്രമാത്രം തുറന്നെഴുതാൻ മലയാളത്തിലെ എഴുത്തുകാരികൾക്കു കഴിയുന്നുണ്ട്? അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെന്തെല്ലാമാണ്?

ഈ ചോദ്യം എഴുത്തുകാരികൾ തുടക്കം മുതൽ നേരിടുന്നതാണ്. മലയാളത്തിലെ ആദ്യകാല സ്ത്രീകഥകളിലൊന്നാണു സരസ്വതീബായി എഴുതിയ ‘തലച്ചോറില്ലാത്ത സ്ത്രീകൾ’. ആണിനും പെണ്ണിനും എഴുതാനുള്ള സാഹചര്യങ്ങളിലുള്ള അന്തരം 1907 ലെ ആ കഥ എത്ര വ്യക്തമായി പറഞ്ഞുവച്ചിരിക്കുന്നു. ഇപ്പോഴും അത്തരം ഭൗതിക സാഹചര്യങ്ങൾക്കൊന്നും കാര്യമായ വ്യത്യാസമില്ല. എന്നിട്ടും സ്ത്രീകൾ എഴുതുന്നു. അവരുടെ എഴുത്തിനു സഹജമായൊരു വിധ്വംസക സ്വഭാവമുണ്ടാവുകയും ചെയ്യും. മധ്യവർഗ്ഗ സ്ത്രീ എഴുതാൻ തുടങ്ങിയതു ഫ്രഞ്ച് വിപ്ലവം പോലെയുള്ള മറ്റൊരു റവലൂഷനാണ് എന്നർഥത്തിലുള്ള നിരീക്ഷണങ്ങളുണ്ടായിട്ടുള്ളത് അക്ഷരാർഥത്തിൽത്തന്നെ ശരിയാണ്. ആനുകൂല്യങ്ങളും പ്രത്യേക പരിഗണനകളുമില്ലാതെയാണു സ്ത്രീകൾ എഴുതുന്നത്. സ്ത്രീകൾ ലൈംഗികതയെക്കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചുമൊക്കെ എഴുതുമ്പോൾ അടിപ്പാവാട പൊക്കുന്ന എഴുത്ത് എന്ന രീതിയിലുള്ള വിമർശനങ്ങൾ ഈ കാലത്തുപോലും ഉണ്ടാവുന്നതും അതൊക്കെ ആഘോഷിക്കപ്പെടുന്നതും അതിശയിപ്പിച്ചിട്ടുണ്ട്. 

jissa-jose

ജീവിതത്തിൽ ഏറെ വൈകി എഴുത്തിലേക്കു വന്നയാളാണ് ജിസ. എന്താണതിനു കാരണം? കുട്ടിക്കാലത്തെ എഴുത്തനുഭവങ്ങൾ എന്തെല്ലാമായിരുന്നു? 

പഠിക്കുന്ന കാലത്തു മത്സരങ്ങൾക്കൊക്കെ എഴുതിയിരുന്നു. പക്ഷേ, മത്സരത്തിന് എഴുതിയതു പകർത്തിയെഴുതുകയോ ആർക്കും കാണിച്ചു കൊടുക്കുകയോ ചെയ്തിരുന്നില്ല. കോളജ് മാഗസിനിൽ പോലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഒന്നോ രണ്ടോ തവണ മാത്രമാണ്. അതും മത്സരത്തിനെഴുതിയ കഥ ഞാനറിയാതെ പ്രസിദ്ധീകരിക്കുന്നത്. പഠിത്തം കഴിഞ്ഞതോടെ മത്സരങ്ങളും എഴുത്തും അവസാനിച്ചു. എഴുത്തിൽ വലിയൊരു വിടവു വന്നതിന് ആദ്യത്തെ കാരണം ആത്മവിശ്വാസക്കുറവ് തന്നെയായിരുന്നു. പുതുതായും വ്യത്യസ്തമായും ഒന്നും പറയാനില്ലെന്ന തോന്നൽ‌, പറയാൻ തുടങ്ങിയതു പൂർത്തിയാവാതെ മുടങ്ങിപ്പോവൽ ഇതൊക്കെക്കൊണ്ട് എഴുത്തിൽനിന്ന് ഒളിച്ചു മാറി നടന്നു. പിന്നെ കുടുംബം, ജോലി അതിന്റെ ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ ഇതൊക്കെയായതോടെ എഴുതാതിരിക്കാൻ കൂടുതൽ കാരണങ്ങളായി. പക്ഷേ, അപ്പോഴൊക്കെ എന്നെങ്കിലും എഴുതുമെന്നും എഴുതണമെന്നും തീവ്രമായ ആഗ്രഹിക്കുന്ന ഒരുവൾ ഉള്ളിലുണ്ടായിരുന്നു താനും. ഒടുവിൽ ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലുമുണ്ടാവില്ല എന്നൊരു തോന്നലിന്റെ നിമിഷങ്ങളിലാവണം ആശങ്കയോടെയെങ്കിലും എഴുത്തിലേക്കു തിരിച്ചു വന്നത്. സമയം, സൗകര്യം ഇതൊക്കെ മിക്കവാറും എല്ലാ മധ്യവർഗ സ്ത്രീകളെയും പോലെ പ്രതിസന്ധിയാണ്. സ്വന്തമായ എഴുത്തുമുറി, എഴുതാനുള്ള ഏറ്റവും നല്ല സമയം, ഏഴുതാനാവശ്യമായ ഏകാന്തത തുടങ്ങിയ പരിഗണനകളൊക്കെയുപേക്ഷിച്ചാൽ ഒരു സ്ത്രീക്ക്, എഴുത്തുകാരിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാതെ രചന നടത്താം എന്നാണു തോന്നുന്നത്. കിട്ടുന്ന സമയം, സ്ഥലം ഒക്കെ ഉപയോഗിക്കുക. സ്മാർട് ഫോണും ഗൂഗിൾ ഹാൻഡ് റൈറ്റിങ് ഇൻപുട്ടും വന്നതാണ് എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ വിപ്ലവമെന്നു വിശ്വസിക്കുന്ന സ്ത്രീകൾ എന്നെപ്പോലെ ധാരാളമുണ്ട്. എല്ലാ എഴുത്തും ഫോണിലാണ്. 

ഒരു പത്തു വർഷം മുൻപത്തെ മലയാളി പുരുഷനും ഇപ്പോഴത്തെ മലയാളി പുരുഷനും തമ്മിൽ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെയാണത്? എന്താകും അതിനു കാരണം? ഇനിയും ‘അവൻ’ എത്രമാത്രം മാറേണ്ടതുണ്ട്?

പുരുഷന്മാർ കൂടുതൽ സന്ദിഗ്ധാവസ്ഥയിലും ഭീതിയിലുമാവുന്നു എന്നാണു തോന്നുന്നത്. അവന്റെ അധികാരം, അധീശത്വം ഒക്കെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. ഒരു പാത്രം അഴുക്കു വെള്ളം ദേഹത്തേക്കു വീശിയെറിയപ്പെടുമ്പോൾ അപമാനിതമാവുന്നത് ആണധികാര വ്യവസ്ഥ മുഴുവനാണ്. കുറച്ച് അഴുക്കുവെള്ളത്തിനു പോലും മുറിപ്പെടുത്താൻ കഴിയുന്നത്രയും ദുർബലമാവുന്ന പാട്രിയാർക്കി. അത്തരം സിനിമകളെ നമ്മുടെ പൊതുസമൂഹം എത്ര ആഘോഷമായാണു കൊണ്ടാടുന്നത് എന്നും നോക്കണം. ഫീമെയിൽ സ്പേസുകളുടെ രൂപീകരണം പുരുഷന്റെ അനിഷേധ്യമെന്നു കരുതപ്പെട്ട പ്രിവിലേജുകളെ നിരസിക്കുന്നത്, അവനെ ഭയപ്പെടുത്തുന്നത് കൗതുകകരമാണ്. അതു തിരിച്ചുപിടിക്കാൻ എല്ലാ വഴിയിലൂടെയും അവൻ ശ്രമിക്കാതെയല്ല. പക്ഷേ, പുതിയ കാലത്ത് അതെളുപ്പവുമല്ല. പൊട്ടിയ ഒരു കണ്ണാടിയിൽ കാണുന്ന ചിതറിയ മുഖം പോലെയാണു പുതിയ പുരുഷനെന്നു തോന്നിയിട്ടുണ്ട്. ഛിന്നമായ പ്രതിബിംബങ്ങൾ.

jissa-jose-1

മലയാളത്തിൽ അടുത്തകാലത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ കൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും പറയാമോ?

എന്നെ ഏറ്റവും വിസ്മയിപ്പിക്കുന്ന എഴുത്തുകാരിലൊരാൾ പി.എഫ്. മാത്യൂസാണ്. ഇരുട്ടും മഴയും തണുപ്പുമൊക്കെയുള്ള ഏതോ നിഗൂഢതയിലേക്കു താണുപോകുമ്പോഴത്തെ പ്രാണഭയം പോലൊന്ന് അനുഭവപ്പെടുത്തുന്ന കഥകൾ. അതു വീണ്ടും വീണ്ടും അനുഭവിക്കാനുള്ള പ്രേരണ അടക്കി വയ്ക്കാനുമാവില്ല. ഇപ്പോൾ വായിച്ചതിൽ ‘അടിയാളപ്രേതം’ ഇഷ്ടപ്പെട്ട നോവലാണ്. മുറിനാവ് (മനോജ് കൂറൂർ) മരിയ, വെറും മരിയ (സന്ധ്യ മേരി), ഉറുമ്പുദേശം (വിനോദ് കൃഷ്ണ), ബുദ്ധപഥം (ഷിനി ലാൽ)... പെട്ടെന്നോർമ വന്നതിൽ ചിലതു മാത്രം പറഞ്ഞതാണ്. 

ജോലി, കുടുംബം?

തലശേരി ഗവ. ബ്രണ്ണൻ കോളജിൽ മലയാള വിഭാഗം വകുപ്പു മേധാവിയാണ്. ഭർത്താവ് സ്കൂൾ അധ്യാപകനായ പ്രദീപ്കുമാർ, വിദ്യാർഥികളായ രണ്ടു മക്കൾ ഹിരണ്വതി, സ്വരൺദീപ്.

English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Jisa Jose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;